Followers

നേരും നുണയും







ഇത്തവണയെങ്കിലും വിവാഹ വാര്‍ഷികം ഭാര്യയോടൊപ്പം നാട്ടില്‍ കൂടാമെന്ന് വിചാരിച്ചു. വിവാഹം കഴിഞ്ഞിട്ട്  ഇരുപതു വര്‍ഷം കഴിഞ്ഞു. കടന്നു പോയ ഓരോ വിവാഹ വാര്‍ഷികത്തിനും നാട്ടില്‍ എത്തിയെക്കാമെന്നു ഭാര്യക്ക് കൊടുത്ത വാക്ക്  പാഴായി പ്പോയി. എന്ത് ചെയ്യും .................! 

ഒരു പ്രവാസിയുടെ ജീവിതം ഇങ്ങനെ വാക്കിനു പോലും വിലയില്ലാതായി പ്പോയി.  എന്നാല്‍ 'ങ്ങള് സമ്പാദിച്ചത് മതി, ങ്ങ് പോരീന്‍ ' എന്നോ മറ്റോ ഒരു ഭാര്യയും പറഞ്ഞതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകരം , 'ങ്ങള്  ഒന്നു വന്നു പോകീന്‍ ' എന്നു ഭാര്യമാര്‍  പറയാറുണ്ട്‌. അതിലെ ഗുട്ടന്‍സ് ഏതു പോലീസിനും മനസ്സിലാക്കാവുന്നതെയുള്ളൂ. ' ഹമ്പോ,  ഈ ഭാര്യമാരുടെ ഒരു ബുദ്ധി .....!

എന്തായാലും ഇക്കുറി വിവാഹ വാര്‍ഷികം നാട്ടില്‍ എന്നുറപ്പിച്ചു അത്യാവശ്യം പര്‍ച്ചേയ്സ് ഒക്കെ നടത്തുമ്പോഴാണ്  ഒരു ദുഃഖ സത്യം അറിയുന്നത്. ഒരു ദിവസം കൂടെ പാര്‍ക്കുന്നവന്‍ ചോദിച്ചു. നാട്ടില്‍ പോകാന്‍ ലീവ് കിട്ടുമോ..........? 
വൈ നോട്ട്...........?
ഞാനാണെങ്കില്‍ കമ്പനിക്ക് അഭിമതന്‍. കൃത്യ നിര്‍വഹണ തല്‍പ്പരന്‍, വിനയാന്വിതന്‍, വിശ്വസ്തന്‍, സ്ഥാപനത്തിന്റെ എല്ലാമെല്ലാമായ അറബിയുടെ ഇഷ്ടത്തിനു പാത്രീഭൂതന്‍ , അങ്ങനെയുള്ള എനിക്ക് എന്തുകൊണ്ട് അവധി കിട്ടി ക്കൂടാ .......?
എന്റെ ചോദ്യത്തിനൊന്നും കൂടെയുള്ളവന്‍ മറുപടി തന്നില്ല. തികട്ടി വന്ന വാക്കുകള്‍ മുഴുമിപ്പിക്കാതെ അവന്‍ പറഞ്ഞു , ' ഏതായാലും ലീവിന്റെ കാര്യം അറിഞ്ഞിട്ടു മതി പര്‍ച്ചേയ്സ്'. 


 എനിക്കും തോന്നി തുടങ്ങി അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു. അറബികളുടെ സ്വഭാവം നന്നായി അറിയുന്നവനാണ് അയാള്‍. നീണ്ട പ്രവാസ ജീവിതത്തിന്റെ എരിവും പുളിയും എന്നെക്കാള്‍ നന്നായി അനുഭവിച്ചിട്ടുള്ള ആളാണ്‌. അറേബ്യയുടെ കാലാവസ്ഥയും, അറബിയുടെ സ്വഭാവവും നിര്‍വചിക്കാന്‍ പറ്റാത്തതാണ്.  അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നു അനുഭവിച്ചറിയുകയെ നിവൃത്തിയുള്ളൂ. ഒരിക്കല്‍ കൂടെ ജോലി ചെയ്യുന്ന വടകരക്കാരന് പാതിരാത്രിയില്‍ ഒരു ഫോണ്‍. 'ഉപ്പ സീരിയസ്സാണ്.  ഉടനെ എത്തണം'. അയാള്‍ രാത്രിയില്‍ എഴുന്നേറ്റിരുന്നു നിലവിളിക്കാന്‍ തുടങ്ങി. എങ്ങനെയെങ്കിലും നാട്ടിലെത്തണം.പിറ്റേന്ന് ലീവ് ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ അറബിയെ സമീപിച്ചു. അയാളുടെ നിലവിളി കണ്ടു അറബി പൊട്ടി ച്ചിരിച്ചു.'ഇതാണോ ഇത്ര വലിയ കാര്യം'. ഉപ്പ മരിച്ചു .അയാള്‍ക്ക്‌ നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. സഹപ്രവര്‍ത്തകര്‍ ആവുന്നത്ര സമാധാനിപ്പിച്ചു. അപ്പോള്‍ കൂടിനിന്നവരില്‍ ഒരാള്‍ തിരുവനന്തപുരം ശൈലിയില്‍ പറഞ്ഞു.. 'അച്ഛനോ, അമ്മയോ മരിച്ചൂന്നും  പറഞ്ഞു ഇവിടുന്നു ആരും നാട്ടില്‍ പോവില്ല'.


അന്നു പുതുമുഖം ആയിരുന്ന ഞാന്‍ നിഷ്കളങ്കമായി ചോദിച്ചു , പിന്നെ എന്തു പറഞ്ഞാലാണ് ലീവ് കിട്ടുക '.......?
തനിക്കു ഭാര്യയുണ്ടോ .....?
ഉം .........
ഭാര്യയ്ക്ക്  സുഖമില്ലെന്നു ഒന്ന് പറഞ്ഞു നോക്കൂ ...... ,  അയാള്‍ ഉറപ്പിച്ചു പറഞ്ഞു.
ഒന്നു പരീക്ഷിക്കുക തന്നെ,.  എന്തു നുണ പറഞ്ഞാലും വേണ്ടില്ല, ഇത്തവണ വിവാഹ വാര്‍ഷികം നാട്ടില്‍ തന്നെയെന്നു ഞാന്‍ തീരുമാനിച്ചു.
'ഇനി ശങ്ക വേണ്ട, ലീവ് ഉറപ്പ്, ........ ഞാന്‍ സുഹൃത്തിനെ കൂട്ടി നാട്ടിലേക്കുള്ള പര്‍ച്ചേയ്സ് പൊടിപൊടിച്ചു. കാര്യങ്ങളെല്ലാം മനസ്സില്‍ വരച്ചിട്ടു. ഞാന്‍ അറബിയെ കാണുന്നു, ഭാര്യക്ക് സുഖമില്ലെന്നോ,മറ്റോ ഒരു നുണ പറയുന്നു. ചിലപ്പോള്‍ യാത്രാ ചിലവുകൂടി കിട്ടാനുള്ള വകുപ്പുണ്ട്. അങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടാണ് ഞാന്‍ അറബിയുടെ ക്യാബിനിലേക്ക്‌ കടന്നു ചെന്നത്. അയാള്‍ എന്നെ സ്വീകരിച്ചിരുത്തി. ഞാന്‍ ഒരു നുണ പറയാന്‍ പോവുകയാണ്.
'ഭാര്യക്ക് ഡെലിവറി യാണ്   '.' എനിക്ക് നാട്ടിലൊന്നു പോകണം'..........
അയാള്‍ ഒന്നു ഇളകിയിരുന്നു, എന്നിട്ട്   കണ്ഠം ശുദ്ധിവരുത്തിക്കൊണ്ട് പറഞ്ഞു, 
"ഉമ്മയോ ,ഉപ്പയോ വയ്യാന്നു കേട്ടാല്‍ തീര്‍ച്ചയായും പോണം, ഇതിപ്പോ ഭാര്യ , ഡെലിവറി എന്നൊക്കെ പറഞ്ഞാല്‍ ലീവ് തരാന്‍ പറ്റില്ല."
നിരാശയോടെ ക്യാബിന്‍ വിടുമ്പോള്‍ പുറത്ത് ഇളം കാറ്റ് അടിച്ചു കൊണ്ടിരുന്നു, അത് തീക്കാറ്റാകുന്നതിനു മുമ്പ് ഞാന്‍ റൂമിലേക്ക്‌ നടന്നു.





കരിനാക്ക്




സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന് പലരും പറഞ്ഞതിന്റെ പേരിലാണ്  നാട്ടിലെ ബാര്‍ ഹോട്ടലിന്റെ സമീപം ഒരു ചായ ക്കട  തുടങ്ങാമെന്ന് വച്ചത്.'നല്ല കപ്പേം കറീം ഒന്ന് വിളമ്പി നോക്ക്യേ , കാശ് കൊയ്യും', എന്നൊക്കെ എന്റെ അഭ്യുദയ കാംക്ഷികള്‍ അങ്ങു തറപ്പിച്ചു പറയുമ്പോള്‍ ഞാന്‍ എങ്ങനെ അടങ്ങി ഇരിക്കും.  ഒന്നാമത് എന്റേത് ഓട്ട ക്കൈയ്യാണ്. അഞ്ചു പൈസാ കയ്യില്‍ നില്‍ക്കില്ല. കാശു വരും, അതു  വരുന്നതു പോലെ പോകും.  അങ്ങനെ നിത്യ വൃത്തിക്ക് ബുദ്ധി മുട്ടുന്ന കാലത്താണ്, എന്റെ സുഹൃത്തല്ലെങ്കിലും പരിചിതനായ നാട്ടുകാരന്‍ 'തട്ടുകട ' എന്ന ആശയവുമായി എന്നെ സമീപിക്കുന്നത്. ഒരു കട തുടങ്ങുക  എന്നു വച്ചാല്‍ അതിനു ഒരുപാട് കടമ്പകള്‍ ഉണ്ട്. ആദ്യമേ , അതില്‍ മുടക്കാന്‍ പണം വേണം. കടമുറി വേണം. ഉപകരണങ്ങള്‍ വേണം.ആവശ്യത്തിനു ജോലിക്കാര്‍ വേണം. ബിസിനസ് അഭിവൃദ്ധിപ്പെടും വരെ സ്ഥാപനം മുടക്കമില്ലാതെ കൊണ്ട് പോകണം. എന്നെസംബന്ധിച്ചാണെങ്കില്‍ ഇന്നുവരെ ചായക്കടയുടെ മേഖലയില്‍  കൈ വച്ചിട്ടില്ല .
'ഒരു കട തുടങ്ങാനുള്ള എല്ലാ ഉപകരണങ്ങളും എന്റെ പക്കലുണ്ട്. പക്ഷെ, സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത എനിക്ക് ആരും കടമുറി തരില്ല. തന്നാല്‍ തന്നെ അതിനുള്ള പണവും എന്റെ പക്കലില്ല.' ആഗതന്‍ പറഞ്ഞു.
'എങ്കില്‍ പണത്തിന്റെ കാര്യം വിട്ടേക്കൂ..... " 
ചായക്കട നടത്തിപ്പില്‍ അയാള്‍ അഗ്രഗണ്യനും,പതിറ്റാണ്ട് കാലത്തെ പ്രവൃത്തി പരിചയം ഉള്ളവനുമാണെന്ന് ബോധ്യം വന്നപ്പോള്‍ ഞാന്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ കടമുറിഎടുത്തു.ഒരു നല്ല ദിവസം നോക്കി ഉത്ഘാടന തീയതി കുറിച്ചു.ബാറിനു ചുറ്റുവട്ടത്തുള്ളമറ്റുകടക്കാര്‍ഞങ്ങളെ  സ്നേഹപൂര്‍വ്വം ചിരിച്ചു കാണിക്കുകയും അണപ്പല്ല്  കൊണ്ട് ഞറുമ്മുകയും ചെയ്തു. ബാറിനു ചുറ്റുമായി കാലം തള്ളി നീക്കുന്ന മുഴു ക്കുടിയന്മാര്‍ കടയില്‍ കയറി വന്നു ആശംസകള്‍ നല്‍കി കടന്നു പോയി.

ഉത്ഘാടന ദിവസം ആയി. അലമാരയില്‍ നാനാ വര്‍ണ്ണങ്ങളിലുള്ള മധുര പലഹാരങ്ങള്‍ നിറച്ചു. പൊറോട്ടയ്ക്ക് ചുറ്റും ദിവ്യ വലയം പോലെ ആവി പറന്നു നടന്നു.കശാപ്പു കടയില്‍ നിന്ന് പ്രത്യേകം പറഞ്ഞു വാങ്ങിയ എല്ല്  കറിക്കൂട്ടുകളില്‍ കിടന്നു കുടിയന്മാരെ സ്വപ്നം കണ്ടു. പൊതുവേ ബാര്‍ കൂടുതല്‍ ഉശാറാകുന്ന വൈകുന്നേരം നോക്കി ഞങ്ങള്‍ കട തുറന്നു. ആദ്യം കടന്നു വരുന്ന ഭാഗ്യവാന്‍ ആരാണെന്ന ജിജ്ഞാസയോടെ  ഞങ്ങള്‍ തെരുവിലേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു. പുതിയ കട ഉത്ഘാടനം കാണാന്‍ എത്തിയവര്‍ റോഡിനു മറുവശത്ത് കൂട്ടം കൂടി നില്‍ക്കയാണ്‌. അല്‍പ്പ നേരത്തേക്ക് ഞങ്ങള്‍ ഒരു കാഴ്ച വസ്തു ആയതു പോലെ തോന്നി.  പെട്ടെന്ന് ഒരാള്‍ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നിന്ന് കടയെ ലക്ഷ്യമാക്കി നടന്നു. ആള് നല്ല ഫിറ്റാണ്. ചുവടുകളെ 'ശതഗുണീഭവിച്ചാണ് ' വരവ്. 

" അശോകന്‍ " ......

നാലാം ക്ലാസ്സില്‍ ഞങ്ങള്‍ ഒരു ബഞ്ചില്‍ ആയിരുന്നു. സ്നേഹമുള്ളവന്‍ . എവിടെ വച്ച് കണ്ടാലും ഹൃദയത്തില്‍ തറക്കുന്ന ചിരി സമ്മാനി ക്കുന്നവന്‍. നാലാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തി കൂലിവേല ചെയ്തു കുടുംബം പുലര്‍ത്തിയവന്‍ . പിന്നെ എപ്പോഴോ മദ്യം രുചിച്ചു. നാവു പറഞ്ഞു , ചവര്‍പ്പ്, വിശ്വാസം വന്നില്ല വീണ്ടും രുചിച്ചു. അപ്പോള്‍ തോന്നി, ശീത ക്കാറ്റിന്റെ നനവ്‌. തൃപ്തി വന്നില്ല. പിന്നെയും പിന്നെയും രുചി തേടി ക്കൊണ്ടിരിക്കുന്ന ഗവേഷകന്‍ .ഓരോ തവണയും രുചി അശോകനെ കളിപ്പിച്ചു,. അയാള്‍ കടയുടെ മുമ്പില്‍ വന്നു നിന്നു. ചുറ്റുപാടും വീക്ഷിച്ചു. ആകെയൊരു ഉത്സവ സന്ധ്യ.. ജനങ്ങള്‍ക്ക് രസം കയറി. അടുത്ത നിമിഷം അയാള്‍ എന്ത് ചെയ്യും എന്ന് ചിന്തിച്ചു നില്‍ക്കെ , അശോകന്‍ രണ്ടു കയ്യും തലയ്ക്കു മീതെ ഉയര്‍ത്തി ക്കൊണ്ട് അലറി.

" ഈ കട നശിച്ചു പോകും ".

റാന്തലിന്റെ തിരി താഴ്ത്തുന്നത് പോലെ ഞങ്ങളുടെ മുഖം വാടി.  ആരും ശബ്ദിച്ചില്ല .ഞങ്ങളും, നാട്ടുകാരും. അശോകന്‍ പോയി. ആരൊക്കെയോ കടയില്‍ കയറി. കുറച്ചു ദിവസം അങ്ങനെ പോയി.താമസിയാതെ ഞങ്ങള്‍ കട പൂട്ടി. ഞാന്‍ നഷ്ടം കൂട്ടി നോക്കിയില്ല. മൂക്കോളം മുങ്ങിയാല്‍ മൂന്നാലോ ,നാലാളോ എന്നു എന്തിനു നോക്കണം .........?

പരമേശ്വരന്‍ തുണൈ ...........








സയന്‍സും ശാസ്ട്രവുമൊക്കെ എത്രത്തോളം പുരോഗതി പ്രാപിക്കുന്നുവോ, അതിനനുസരിച്ച് മനുഷ്യ രുടെ ജീവിത നിലവാരം ഉയരും. പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ വല്ല്യാപ്പ  ഞങ്ങളുടെ നാട്ടില്‍ നിന്ന് പതിനെട്ടു മുഴം കഴുക്കോലൂന്നി കൊച്ചിക്ക്‌  അരി കൊണ്ട് കൊടുക്കുമായിരുന്നു. അത് നിസ്സാര കാര്യമല്ല .  ഇരുകര മുറ്റി കിടക്കുന്ന പമ്പയാറും, അതിര് കാണാത്ത വേമ്പനാട്ടു കായലും കുത്തി വേണം കൊച്ചിയിലെത്താന്‍. ജലനിരപ്പും, വള്ളത്തിന്റെ വക്കും തമ്മില്‍ നേരിയ വ്യത്യാസമേ ഉണ്ടാകൂ.തികച്ചും സാഹസിക യാത്ര,.ഇന്ന് ടൂറിസത്തിന്റെ ഭാഗമായി കാണുന്ന 'ഹൗസ്‌ ബോട്ട് ' കളുടെ  മൂടി എടുത്താല്‍ പണ്ടത്തെ ചരക്കു വള്ളമായി അന്നൊന്നും വിദേശികളെ കളിപ്പിക്കാനുള്ള വിദ്യ ആരുടേയും മനസ്സില്‍ തോന്നീട്ടുണ്ടാവില്ല.അതുകൊണ്ട്  ചരക്കു വള്ളം എന്ന സങ്കല്‍പ്പത്തിലപ്പുറം മറ്റു ആലങ്കാരികതയൊന്നും  അതിനു ലഭിച്ചിരുന്നില്ല. ദിവസങ്ങള്‍ എടുക്കുന്ന യാത്രയാണ്. ഊണും കിടപ്പുമെല്ലാം വള്ളത്തില്‍ തന്നെ.  വള്ളച്ചോറിനു വല്ലാത്ത രുചിയാണെന്നു  ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അന്നൊക്കെ  വള്ളച്ചോറുണ്ണാന്‍ വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ വല്ലാതെ കൊതിച്ചിട്ടുണ്ട്. വാഹനങ്ങളും മറ്റു സാങ്കേതികവിദ്യകളും നിലവില്‍ വന്നതോടെ വള്ളങ്ങളുടെ പ്രാധാന്യം കുറഞ്ഞു. 

എന്റെ നാട്ടില്‍ ഇന്ന് കാണുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ആശുപത്രി  തുടക്കത്തില്‍ ഒരു നഴ്സിംഗ് ഹോം ആയിരുന്നെന്നു  പ്രായമുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം എത്തുന്ന നഴ്സ്. അവരെയും പ്രതീക്ഷിച്ചു  നിരവധിഅമ്മമാര്‍ ആ ഒറ്റ മുറിയുടെമുറ്റത്തുകുഞ്ഞുങ്ങളെയും മാറത്തു ചേര്‍ത്ത് നില്‍ക്കുന്നത് ഞാന്‍ മനക്കണ്ണില്‍ സങ്കല്‍പ്പിക്കാറുണ്ട്. വലിയ രോഗികളെ അകലെയുള്ള താലൂക്ക് ആശുപത്രീലേക്ക് പറഞ്ഞയക്കും. പിന്നീട് അവിടെ ഡോക്ടര്‍ മാര്‍ വന്നു,വലിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു, രോഗങ്ങളെ തരം തിരിച്ചുള്ള ചികിത്സാ സൌകര്യങ്ങള്‍ ലഭിച്ചു തുടങ്ങി. ഇന്നിപ്പോള്‍ ഒരു  രോഗവുമായി ആശുപത്രിയില്‍ ചെന്നാല്‍ ആദ്യം ചോദിക്കുന്നത് സ്പെഷ്യലിസ്റ്റുകള്‍ ഉണ്ടോ എന്നാണ്. കണ്ണിനും, കാതിനും, ത്വക്കിനുമൊക്കെ നമുക്ക് സ്പെഷ്യലിസ്റ്റ് കളെ വേണം. നല്ലത് തന്നെ. വൈദ്യ ശാസ്ത്രത്തിന്റെ വികാസവും, കമ്പോളത്തില്‍ അതിനു തകരാത്ത മാര്‍ക്കറ്റും ഉള്ളത് കൊണ്ട്  നാട് നീളെ ആശുപത്രികള്‍ ഉയര്‍ന്നു. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഒരു ഇ.എന്‍.ടി യുടെ മരുന്ന് കഴിച്ചിട്ട് മാറാത്ത തലവേദന മുത്തശ്ശി മാരുടെ ഒറ്റ മൂലിയില്‍ സുഖ പ്പെട്ടിട്ടുണ്ട്. എന്റെ ചെറുപ്പത്തില്‍ ചെവി വേദന എന്നെ വല്ലാതെ അലട്ടിയിരുന്നു.എത്രയെത്ര രാത്രികളില്‍ എന്റെ നിലവിളിക്ക്‌ മുമ്പില്‍ ഉമ്മ നിസ്സഹായയായി ഇരുന്നിട്ടുണ്ട്. ഒന്ന് നേരം വെളുത്തു കിട്ടാന്‍ ഉമ്മ അറിയാവുന്നതും , കേട്ട് കേഴ്വി ഉള്ളതുമായ ഷെയ്ഖന്‍മാര്‍ക്കെല്ലാം നേര്‍ച്ചകള്‍ നേരുമായിരുന്നു. എന്റെ മക്കളോടൊന്നും അത്രയും സ്നേഹം കാണിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ നീണ്ട ഒരാഴ്ച ചെവി വേദന സഹിച്ചു ആശുപത്രിയില്‍ കിടന്നു. ഫലിക്കാത്ത മരുന്നുകളെ ശപിച്ചു കൊണ്ട് ഉമ്മ എന്റെ അരികില്‍ ഇരിക്കും.  

ആയിടെ ഞങ്ങളുടെ വീടിനടുത്ത് ഒഴിഞ്ഞു കിടന്ന ഒരു പീടികയുടെ പിന്നാമ്പുറത്ത് ഒരു നാടോടി വൃദ്ധന്‍  പാര്‍പ്പു തുടങ്ങി. പകല്‍ ഭിക്ഷയെടുത്തു നടക്കും. രാത്രിയില്‍ പീടികയുടെ പിന്നില്‍ അടുപ്പ് കൂട്ടി കഞ്ഞിയുണ്ടാക്കി കുടിച്ചു അവിടെ കിടന്നുറങ്ങും. രാത്രി അരി വേവുന്ന അടുപ്പിനു ചിവട്ടിലിരുന്നു ഉറക്കെ പാടുന്നത് ഞാന്‍ ജനാലയിലൂടെ കേട്ട്  നിന്നിട്ടുണ്ട്. എന്നെ ചെവി വേദന ആക്രമിച്ച ഒരു രാത്രിയില്‍ , എന്റെ നിലവിളി കേട്ട് വൃദ്ധന്‍ ,പിറ്റേന്ന് ഉമ്മയോട് അന്വേഷിച്ചു. അന്ന് വൈകിട്ട്  ഭിക്ഷാടനം കഴിഞ്ഞു വന്നപ്പോള്‍ പഴകി ദ്രവിച്ച ഒരു തുണ്ട് കടലാസില്‍ വികൃതമായ കൈപ്പടയില്‍ എന്തൊക്കെയോ കുറിച്ച്  അയാള്‍ ഉമ്മയെ ഏല്‍പ്പിച്ചു. തലയില്‍ പുരട്ടാനും, കാതില്‍ ഒഴിക്കാനുമുള്ള എണ്ണയുടെ കുറിപ്പടിയാണ്.  വേലിയില്‍ ചുറ്റി പ്പടരുന്ന ചില ചെടികള്‍, ആട്ടിന്‍ കാഷ്ഠം,  അങ്ങനെ കുറെ വസ്തുക്കള്‍ . പിറ്റേന്ന് തന്നെ ഉമ്മ എല്ലാം തയ്യാറാക്കി. അത്ഭുതമെന്നു  പറയട്ടെ, ആ വൃദ്ധന്‍ നിര്‍ദേശിച്ച എണ്ണ ഉപയോഗിച്ചതോടെ എന്റെ ചെവി വേദന എന്നന്നേക്കുമായി ഒഴിഞ്ഞു. കുറച്ചു കാലം കുറിപ്പടി ഒരു അമൂല്യ നിധി പോലെ സൂക്ഷിച്ചു. പിന്നീട് അത് എവിടെയോ നഷ്ടപ്പെട്ടു. ഒരു സുപ്രഭാതത്തില്‍ ആ നാടോടി വൃദ്ധന്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി




 എന്റെ മകള്‍ക്ക് ഒരു വയസ്സു തികയുന്നതിനു  മുമ്പാണ്.  ഒരു മോതിരം മോളുടെ വിരലില്‍ കുടുങ്ങി. എന്ന് വച്ചാല്‍  രക്ത ഓട്ടം സാധ്യമാകാത്ത വിധം മോതിരം വിരലില്‍ അമര്‍ന്നു പോയി. ആരും ശ്രദ്ധിച്ചില്ല. കുട്ടി നിര്‍ത്താതെ കരയാന്‍  തുടങ്ങിയപ്പോഴാണ്  കാര്യം പിടി കിട്ടിയത്. മോതിര വിരല്‍ ഒരു പഴുത്ത  മുളക് പോലെ തുടുത്തു പോയി. ഉമ്മയും ,ഭാര്യയും പരിഭ്രാന്തരായി ബോധം കെടാനും, നില വിളിക്കാനും ഒക്കെ തുടങ്ങി. കുട്ടിയെ ഉടനെ  ആശുപത്രിയിലെത്തിച്ചു. എല്ലാവിധ സൌകര്യങ്ങളും ഉള്ള ആശുപത്രിയാണ്. വിവിധ വകുപ്പ് തലവന്മാര്‍  കുട്ടിയെ മാറി മാറി പരിശോധിച്ചു. 

  'ഒരു മൈനര്‍ ഓപ്പറേഷന്‍ വേണ്ടി വരും' ...........

ഒരു ഡോക്ടര്‍ പറഞ്ഞു. - അത് കൂടി കേട്ടപ്പോള്‍ ആശുപത്രിയാണെന്ന് ചിന്തിക്കാതെ ഭാര്യ വലിയ ശബ്ദത്തില്‍ കരയാന്‍ തുടങ്ങി. ഡോക്ടര്‍മാര്‍  ഓപ്പറേഷനെ ക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ആദ്യം വിരലിന്റെ എക്സ്റേ എടുക്കണം. ബോണ്‍ -നു എന്തെങ്കിലും ചതവുണ്ടോ എന്ന് നോക്കണം .  ആരൊക്കെയോ എക്സ്റേ റൂം സജ്ജമാക്കാന്‍ ഓടി. രക്ത ഗ്രൂപ്പ് നോക്കണം. ചിലപ്പോള്‍ രക്തം വേണ്ടി വന്നെങ്കിലോ ....? ഓപ്പ റേഷന് മുമ്പ്  അനസ്തേഷ്യ കൊടുക്കണം. ഒരു പ്രശ്നം അവിടെ ഉദിക്കുന്നു............! അനസ്തേഷ്യ കൊടുക്കേണ്ട യാള്‍ അവധിയിലാണ്. എന്ത് ചെയ്യും ...........?

'സാരമില്ല , നമുക്കയാളെ വിളിച്ചു കൊണ്ട് വരാം  -  

മാനേജര്‍ എന്നെ മാറ്റി നിര്‍ത്തി സ്വകാര്യമായി പറഞ്ഞു , 'ഒരു കാറു വിളിക്കൂ, അനസ്തേഷ്യ ക്കാരനെ ,വിളിക്കാതെ ഒന്നും നടക്കില്ല. ഞാന്‍ ആകെ ധര്‍മ്മ സങ്കടത്തിലായി. ഒരു വശത്ത് മോളുടെ ദയനീയ മുഖം. നീണ്ട കരച്ചിലിനൊടുവില്‍ അവള്‍ മയക്കത്തിലേക്ക് വീണു പോയേക്കുമോ എന്ന് ഞാന്‍ ഭയന്നു. ഞാനൊരു തീരുമാനം  എടുക്കുന്നതിനു  മുമ്പ് ഇതെല്ലാം കേട്ടു കൊണ്ടിരുന്ന ഉമ്മ ചാടിയെഴുന്നേറ്റു. നഴ്സിന്റെ കയ്യില്‍ നിന്ന്  മകളെയും   തട്ടിയെടുത്തു പുറത്തേക്ക് നടന്നു. ആശുപത്രിക്കാര്‍ അന്ധാളിച്ചു നില്‍ക്കെ  ഞാനും ഉമ്മയെ അനുഗമിച്ചു. 

ഉമ്മയോടൊപ്പം നടന്നെത്താന്‍ ഞാനും,ഭാര്യയും നന്നേ പാടുപെട്ടു. പൊതു നിരത്തില്‍ നിന്ന്  ഇടതു വശത്തെ നൂല്പ്പാലവും കടന്നു അടുത്തുള്ള ഒരു കോളനിയിലെ തട്ടാന്‍ പരമേശ്വരന്റെ വീട്ടിലേക്കാണ്  ഉമ്മ ഓടിയത്. ഞങ്ങളുടെ നാട്ടിലെ ആകെയൊരു തട്ടാനാണ് പരമേശ്വരന്‍. ഒട്ടിയ കവിളും  ദിശ തെറ്റിയ ദൃഷ്ടിയുമുള്ള പരമേശ്വരന്‍ ഞങ്ങള്‍ക്കെല്ലാം സുപരിചിതനാണ്. മാത്രമല്ല അയാളുടെ ഒരു മകള്‍ , ഒരു ഇരു നിറക്കാരി ആട് മേയ്ക്കാന്‍ തോട്ടത്തില്‍ വരുമ്പോള്‍ എന്നെ നോക്കി കൊതിപ്പിച്ചിട്ടുള്ളതാണ്. ഒരു ദിവസം അവള്‍ എന്റെ മുഖത്ത് നോക്കി, "ഇങ്ങനെ നോക്കാതെ എന്നെയങ്ങ് തിന്നൂടെ"  എന്ന് ചോദിച്ച ദിവസം ഞാന്‍ സ്വയം ദഹിച്ചു പോയതുമാണ്. അന്നെല്ലാം ഈ വഴി ഒന്ന് നടക്കാന്‍ ആഗ്രഹിച്ചിട്ടുമുണ്ട്. പക്ഷെ ഇന്ന് അതല്ലല്ലോ അവസ്ഥ. മോള്‍ കരച്ചിലിനിടയ്ക്കു എന്നെ ദയനീയമായി നോക്കുന്നു. ചെന്ന പാടെ ഉമ്മ പരമേശ്വരനോട് കഥകള്‍ എല്ലാം പറഞ്ഞു. അയാള്‍ പാട്ട വിളക്കിന്റെ വെളിച്ചത്തില്‍ മോളുടെ വിരല്‍ പരിശോധിച്ച ശേഷം പെട്ടി തുറന്നു ഒരു ചവണ എടുത്തു, മെല്ലെ മോതിരം മുറിച്ചു മാറ്റി. മോള്‍ കരച്ചില്‍ നിര്‍ത്തി , ശാന്തമായി , മയക്കത്തിലേക്ക് വീണു. ഉമ്മ കൊടുത്ത എന്തോ ഉപഹാരം അയാള്‍ സ്നേഹപൂര്‍വ്വം നിരസിക്കുകയും ചെയ്തു.

മടക്കത്തില്‍,  ആശുപത്രിയുടെ മുമ്പില്‍ എത്തിയപ്പോള്‍ ഭാര്യ പറഞ്ഞു, 'അനസ്തേഷ്യ ക്കാരന്‍ അവധിയെടുത്തത്  എന്തായാലും നന്നായി'. ആ പറഞ്ഞതില്‍ ഇത്തിരിയല്ല, മുഴുവനായും പരിഹാസം ഉണ്ടായിരുന്നു.