Followers

നാട്ടു വഴികളിലൂടെ ........









നാട്ടു വഴികളിലൂടെ           
കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍ 



സ്വന്തം നാട്ടില്‍ നിന്ന് ആരുമറിയാതെ ഒരു പാതി രാത്രിയില്‍ നാട് വിടുകയും ,ഒന്നര വര്‍ഷത്തിനു ശേഷം ദരിദ്രനായി മടങ്ങി എത്തുകയും ചെയ്തതാണ് എന്റെ ജീവിതത്തില്‍ ഉണ്ടായ ആദ്യത്തെ തകര്‍ച്ച.എനിക്കന്നു എട്ടു വയസ്സ്.ഉണ്ടായിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ടു. എന്നെയും ഉമ്മയേം തിരികെ നാട്ടിലെത്തിച്ചിട്ടു ബാപ്പ സ്ഥലം വിട്ടു. കയറി കിടക്കാന്‍ ഒരു വീടില്ല, കഴിക്കാന്‍ ഭക്ഷണ മില്ല.കുറച്ചു മാസങ്ങള്‍ അലഞ്ഞു തിരിഞ്ഞു നടന്നതിനു ശേഷം വല്ല്യമ്മയുടെ വീട്ടില്‍ ഞങ്ങള്‍ക്ക് അഭയം തന്നു. ഓരോ ബന്ധു വീടുകളിലുമായി മാറി മാറി താമസിച്ചപ്പോഴും എന്റെ പഠനം മുടങ്ങരുതെന്നു ഉമ്മയ്ക്ക് നിര്‍ ബന്ധമുണ്ടായിരുന്നു. വല്ല്യമ്മയുടെ വീട് സ്കൂളില്‍ നിന്ന് വളരെ അകലെ ആയിരുന്നു. ഞാന്‍ മാത്രമാണ് അത്രയും ദൂരത്ത്‌ നിന്ന് സ്കൂളില്‍ എത്തിയിരുന്നത്. മറ്റുള്ളവരെല്ലാം സ്കൂളിനു ചുറ്റുപാടുകളില്‍ നിന്ന് വരുന്നവര്‍ ആയിരുന്നു. ഇന്നത്തെ പോലെ വാഹന സൌകര്യങ്ങള്‍ ഒന്നുമില്ല. കുറഞ്ഞത്‌ രണ്ടു മണിക്കൂര്‍ എങ്കിലും നടക്കണം .കാലത്ത് പ്രാതല്‍ എന്തെങ്കിലും തന്നു എന്നെ യാത്രയാക്കിയാല്‍ സ്കൂള്‍ വിട്ടു വരുന്നത് വരെ ഉമ്മയ്ക്ക് നെഞ്ചില്‍ തീയാണ്.  ഉച്ച ഭക്ഷണം തന്നു വിടാനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ലായിരുന്നു വല്ല്യമ്മയുടെ കുടുംബം. അതുകൊണ്ട് മിക്ക ദിവസവും ഞാന്‍ ഉച്ച ഭക്ഷണം കഴിക്കാറില്ല. വീട്ടില്‍ നിന്ന് സ്കൂള് വരെയുള്ള വഴി വിജനമാണ്. ധാരാളം , കാവും ക്ഷേത്രങ്ങളും ഉള്ള ഒരു നാടാണ് എന്റേത്. ഇടവഴികളും, കാവുകളും താണ്ടി വേണം സ്കൂളില്‍ എത്താന്‍. പോരാത്തതിന് നായ്ക്കളുടെ ശല്യവും. രാത്രി കാലങ്ങളില്‍ ഞങ്ങളുടെ നാട്ടില്‍ വഴി നടക്കാന്‍ നായ്ക്കളെ ഭയന്ന് ആളുകള്‍ മടിച്ചിരുന്നു. എന്നാല്‍ ഉമ്മ ഭയക്കുന്നത് പോലെ ഒരു തീവ്രമായ ഭയം എന്നെ ബാധിച്ചില്ല. വീട്ടില്‍ നിന്ന് സ്കൂളിലേക്കുള്ള യാത്രയില്‍ ഞാന്‍ ഏതെങ്കിലും മനോ ലോകത്തായിരിക്കും. അന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നത്‌ വിശപ്പടക്കാന്‍ ഒരു നാളികേരം , അല്ലെങ്കില്‍  തൊടിയില്‍ പൊഴിഞ്ഞു വീഴുന്ന മാമ്പഴം, പറങ്കി പ്പഴം , ഇതൊക്കെയാണ്. ഒരു ചെറിയ പുസ്തക സഞ്ചിയും പിടിച്ചു, തനിച്ചു വര്‍ത്തമാനവും പറഞ്ഞു ഞാന്‍ നടക്കും. പലപ്പോഴും നായ്ക്കള്‍ എന്നെ  കുരച്ചു ഭീഷണി പ്പെടുത്തിയിട്ടുള്ള തല്ലാതെ ഉപദ്രവിച്ചിട്ടില്ല.


ഇത്തരം യാത്രകള്‍ കൊണ്ട് പ്രകൃതിയില്‍ നിന്ന് എനിക്ക് ഒരുപാട് ചിത്രങ്ങള്‍  മനസ്സില്‍ പകര്‍ത്താനും, പിന്നീട് എഴുതാനും പ്രചോദനം നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്നിറങ്ങി രണ്ടു നാഴിക നടന്നു വേണം പ്രധാന വഴിയിലെത്താന്‍.അത്രയും ദൂരം പൂഴി മണ്ണ് നിറഞ്ഞ , വികസിച്ചു കൊണ്ടിരിക്കുന്ന ഇടവഴികളാണ്.  ഇന്ന് ആ വഴികളൊക്കെ വലിയ ടാര്‍ റോഡുകളായി രൂപപ്പെട്ടു. പ്രധാന വഴി വിട്ടു വീണ്ടും നാട്ടു വഴിയില്‍ കടക്കണം . ചെമ്മണ്‍ പാതയാണ്. കാര്യമായ വീടുകള്‍ ഒന്നുമില്ല. പിന്നെയുള്ളത് ആളൊഴിഞ്ഞ ഇല്ല പ്പറമ്പ്കളാണ് . ഞാന്‍ പോണ വഴിക്കുള്ള ഒരു ഇല്ലത്തിന്റെ അതിരിനോട് ചേര്‍ന്ന് വലിയൊരു കുളമുണ്ട്. ഏതു കാലത്തും കരിം പച്ച നിറത്തില്‍ സമൃദ്ധമായ ജലം അതിലുണ്ടാവും.കുളത്തിലേക്ക് വീണു കിടക്കുന്ന കൈതക്കൂട്ടത്തിനിടയില്‍ നിന്ന് കേള്‍ക്കുന്ന കുറുകലുകള്‍ എന്നെ ഭയപ്പെടുത്തിയിരുന്നു.  ഒരിക്കല്‍ പോലും ഇല്ലത്തിനു പുറത്തു ഒരു മനുഷ്യജീവിയെ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല.ഞങ്ങളുടെ നാട്ടില്‍  മിക്ക പറമ്പുകളിലും ധാരാളം മാവുകള്‍ ഉണ്ടായിരുന്നു. അവധിക്കാലങ്ങളില്‍ ഉടമസ്ഥരുടെ കണ്ണ് വെട്ടിച്ചു മാങ്ങ പെറുക്കാന്‍ പറമ്പില്‍ നുഴഞ്ഞു കയറാറുണ്ട്. വീട്ടുകാരുടെ ഉച്ചത്തിലുള്ള ആക്രോശ ത്തിനു 'തറുതല ' പറഞ്ഞു കൊണ്ടാണു ഞങ്ങള്‍ മാങ്ങയുമായി പറമ്പില്‍ നിന്ന് ചാടുന്നത്.
ചെമ്മണ്‍ വഴിയുടെ ഇരു വഴവും,  മുക്കുത്തിയും, കോളാമ്പിയും ആണ്. വാഹനങ്ങള്‍ ദുര്‍ലഭമായ  കാലമായതിനാല്‍ റോഡിലേക്കുള്ള അതിന്റെ വളര്‍ച്ചയെ ആരും തടസ്സ പ്പെടുത്തിയില്ല. പാട്ടമ്പല ത്തിന്റെ മുന്നിലൂടെ വലിയ മൈതാനവും , അമ്പലക്കുളവും, യക്ഷി ക്കാവും കടന്നു വേണം എനിക്ക് പോകേണ്ടത്. പാട്ടമ്പലത്തിലമ്മ കരക്കാരുടെ ദൈവമാണ്. പമ്പയുടെ തീരത്ത് ഇത്തിരി മണ്ണ് ഉണ്ടായിരുന്നപ്പോള്‍ മേടമാസത്തില്‍ എഴുന്നള്ളത്ത്‌ കാലത്ത് ഞങ്ങളുടെ വീട്ടില്‍ അമ്മയ്ക്ക് പറയെടുത്തിട്ടുണ്ട്.


പാട്ട മ്പ ല ത്തിലമ്മ 


മാന്നാറിലെ നിരത്തുകളെല്ലാം ഒരു കാലത്ത്  പൂഴി മണ്ണ് കൊണ്ട് നിറഞ്ഞിരുന്നു. അറബിക്കടല്‍ മാന്നാര്‍ വരെ വ്യാപിച്ചു കിടന്നിരുന്നതായി ചരിത്രങ്ങളില്‍ കാണുന്നുണ്ട്. കടപ്പുറത്ത് കൂടി നടക്കുന്ന പ്രതീതിയാണ്  അന്നൊക്കെ റോഡില്‍ അനുഭവപ്പെട്ടിരുന്നത്‌. കാല്‍ നടക്കാരും, സൈക്കിള്‍ സവാരിക്കാരും വളരെ കഷ്ടപ്പെട്ടിരുന്നു.  പാട്ടമ്പലം കഴിഞ്ഞാല്‍ കുറെ ദൂരം പാടമാണ്. അവിടെ ആകെ ഉണ്ടായിരുന്നത് ഒരു  പുലയ ക്കുടുംബമാണ്. പാട വരമ്പത്തെ  ഓല ക്കുടിലും, അതിന്റെ മുറ്റത്തെ , ചെറിയ പശു ത്തൊഴുത്തും എന്റെ ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോവില്ല. കഴുത്തില്‍ മണി കെട്ടിയ പശു ക്കുട്ടിയെയും കൊണ്ട് നടക്കുന്ന കറുത്ത കുട്ടന്മാര്‍ എന്നും എന്നോട് അപരിചിതത്ത്വം കാണിച്ചു. ലളിതാംബിക അന്തര്‍ജനത്തിന്റെ 'മാണിക്കന്‍' വായിക്കുമ്പോഴെല്ലാം ഈ കുടുംബത്തെ ഞാന്‍ ഓര്‍ക്കാറുണ്ട്.


പാടത്തിന്റെ  അതി രില്‍ ഒരു  കാവുണ്ടാ യിരുന്നു.അത് കഴിഞ്ഞാല്‍ വീണ്ടും പാടം. ഇടയ്ക്ക് കൊച്ചു നീര്‍ ചാലുകള്‍. കുഞ്ഞു മത്സ്യങ്ങള്‍ നീന്തി നടക്കുന്നത് നോക്കിനില്‍ക്കുന്നത്എന്റെ ശീലമായിരുന്നു. പ്രദേശത്തെ ചില താഴ്ന്ന ജാതിക്കാര്‍ വിളക്കു വയ്ക്കുകയും ആരാധിക്കുകയും ചെയ്തിരുന്നതിനാല്‍ ആഡ്യന്‍മാരായ ഉയര്‍ന്ന ജാതിക്കാര്‍ ഈ കാവിലേക്കു തിരിഞ്ഞു നോക്കിയില്ല. ഒരിക്കല്‍ കാവില്‍ നിന്ന് ഒരു യുവാവിന്റെ മൃത ശരീരം കിട്ടി. അത് ' മാടന്‍ ' തല്ലിയതാണെന്നു മിക്കവാറും അന്ന് വിശ്വസിച്ചു.  അക്കാലത്ത് ഹാര്‍ട്ട്‌ അറ്റായ്ക്ക്  എന്താണെന്ന് ആര്‍ക്കും തന്നെ അറിവില്ലായിരുന്നു. മാടനെ ഞാനും ഭയന്നിരുന്നു. കാവിന്റെ അടുത്ത് വരുമ്പോള്‍ പാട്ടമ്പലത്തിലമ്മയെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് ഓടുമായിരുന്നു. കാവിലൊന്നും കയറരുതെന്ന് വീട്ടില്‍ നിന്ന് പ്രത്യേകം താക്കീതുണ്ടായിരുന്നു.


നീര്‍ച്ചാലും പാടവും കഴിഞ്ഞു ജന സഞ്ചയ ത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് എന്റെ നഷ്ടങ്ങളെ ക്കുറിച്ച് ചിന്ത കടന്നു വരുന്നത്. ഞാന്‍ നട്ടു നനച്ച തൈ തെങ്ങുകള്‍ പീലി വിടര്‍ത്തി ആടുന്നതും, ഞാന്‍ നടക്കാന്‍ പഠിച്ച മണ്ണും എന്റെ നിത്യ കല്യാണി ച്ചെടികളും എല്ലാം വേദനയുടെ ഘോഷയാത്ര പോലെ മനസ്സിലേക്ക് അപ്പോള്‍ കടന്നു വരും. മൂന്നു പതിറ്റാണ്ടിനു ശേഷം പൂഴി വിരിച്ച ഇടവഴികള്‍ തേടി ഞാന്‍ പോയി. പാടങ്ങള്‍ വെള്ള ക്കെട്ടുകളായി , ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്നു, കാവ് അപ്രത്യക്ഷമായി, പഴയ ഇടവഴികള്‍ റോഡുകളായി , ഇരു വശവും വലിയ കോണ്‍ ക്രീറ്റ് വീടുകള്‍ വന്നു. പാട വരമ്പത്തെ  കുടിലിന്റെ  സ്ഥാനത്ത് ഒരു തൂവെള്ള കെട്ടിടം , വലിയ       ഗെയ്റ്റ്,    മാണിക്കനെയും   കൊണ്ട് നടന്ന കറുമ്പന്‍ മാരെ ക്കുറിച്ച് ചോദിക്കാന്‍ എന്റെ കയ്യില്‍ ഒരു വിലാസവും ഇല്ല. എന്റെ വിലാസം തന്നെ മുപ്പതു കൊല്ലം കൊണ്ട് പലരും വിസ്മരിക്കപ്പെട്ടു. പാട്ടമ്പലത്തിലമ്മയ്ക്ക്  മാത്രം മാറ്റങ്ങളില്ല. അമ്മ  നാടിന്റെ ഐശ്വര്യമായി  നില നില്‍ക്കുന്നു.

This entry was posted in by Kattil Abdul Nissar. Bookmark the permalink.

2 thoughts on “നാട്ടു വഴികളിലൂടെ ........”

  1. വായിച്ചു, എന്താ ഞാന്‍ പറയുക, വെറും ആശംസകള്‍ പറഞ്ഞുപോകാന്‍ പറ്റില്ലല്ലൊ ഈ എഴുത്തിനു. വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ നിറഞ്ഞ ബാല്യത്തിന്റേയും കൌമാരത്തിന്റേയും ചിത്രം വരഞ്ഞിട്ടത് വായിച്ചു പോകുമ്പോള്‍ നെഞ്ചില്‍ അറിയാതെ ഒരു നീറ്റല്‍ പടരുന്നുണ്ട്. ഒരെഴുത്തുകാരനെ സംബന്ധിച്ച് അത് ശുഭവാര്‍ത്തയാണു, കാരണം അയാളുടെ വരികള്‍ വായനക്കാരനോട് അയാള്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ സംവദിക്കുന്നുണ്ട്.

    എല്ലാ സൌഭാഗ്യങ്ങളും ഉണ്ടാകട്ടെ ജീവിതത്തില്‍...

  2. അബ്ദുൾ നിസാർ....ഗ്രാമങ്ങളിൽ ജനിച്ചുവളർന്ന ഓരോ വ്യക്തിയുടെയും മനസ്സിൽ എക്കാലവും നിറഞ്ഞുനിൽക്കുന്ന ഒരു പിടി ഓർമ്മകൾ...അതിൽ ചില ഓർമ്മകളിലേയ്ക്ക് ഈ ലേഖനം വായനക്കാരനെ എത്തിക്കുന്നു...പ്രത്യേകിച്ച് ഗ്രാമങ്ങൾ വിട്ട് നഗരത്തിരക്കിലേയ്ക്ക് ചേക്കേറിയവരെ....ആശംസകൾ

Leave a Reply