Followers

സുഭദ്ര

സുഭദ്രയുടെ ലോകം ആ തറവാടും അതിനോട് ചേര്‍ന്ന കുറെ പറമ്പും ആയിരുന്നു. ഏഴാം ക്ലാസ്സിലെ പഠിപ്പു കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു -
 'ഇനി  നിര്‍ത്യേക്വ',   ഇതന്നെ ധാരാളം.  ഭാഗവതം കൂട്ടി വായിക്കാനറിഞ്ഞൂടെ കുട്ടിക്ക്........?
 "ഉവ്വ് ".
അവള്‍ക്കു പരാതിയില്ലായിരുന്നു.  കൂടുതല്‍ പഠിച്ചിട്ട് എന്താ വിശേഷം. പത്തായപ്പുരേല് നെല്ലളക്കാന്‍ നാല് തന്നെ ധാരാളം. അന്നിട്ടും പഠിപ്പിച്ചില്ലേ ഏഴുവരെ..........വടക്കെതിലെ നാണീടെ മോള് രമണി കോളജില്‍ പഠിച്ച കുട്ട്യാണ്. എന്താരുന്നു പത്രാസ്. ഒടുവില് കഞ്ഞിക്ക് വകയില്ലാണ്ടായപ്പോ അടുക്കള  പണിയ്ക്ക് വന്നു. അത്രന്നെ പെണ്‍കുട്ട്യോളുടെ കാര്യം.അങ്ങാടീന്നു  സാധനം പൊതിഞ്ഞു വരുന്ന പത്രക്കടലാസുകള്‍ അക്ഷരം വിടാതെ രമണി വായിക്കുന്നത് കാണുമ്പോള്‍ ഇത്തിരി അസൂയ തോന്നീട്ടുണ്ട്. ഒരിക്കല്‍ അവള്‍ പറഞ്ഞു -' ഇറാക്കില്‍ യുദ്ധം വരുകാണത്രേ ..., സുഭദ്രയ്ക്ക് ഒന്നും മനസ്സിലായില്ല, അവള്‍ ചോദിച്ചു " ഇറാക്ക് ന്നു വച്ചാലെന്താ ...?
അത് കേട്ടപ്പോള്‍ രമണി പൊട്ടി പൊട്ടി ചിരിച്ചു.
"സുഭദ്ര ക്കുട്ട്യെ ഞാന്‍ കുറെ കാര്യങ്ങള്‍ പഠിപ്പിക്കണോണ്ട്," രമണി പറഞ്ഞു.-
"നിക്കിനീം ഒന്നും പഠിക്കേണ്ട".
'കല്യാണം കഴിച്ചുപോകുമ്പോ മാധവന്‍ നായരോട് എന്തെങ്കിലുമൊക്കെ മിണ്ടി പറേണങ്കിലെ തലേ വല്ലോംവേണം'. പഠിപ്പുള്ള ആളാ. അത് മറക്കണ്ടാ ....
കുട്ടിക്ക് വേറൊന്നും പറയാനില്ലേ ...? സുഭദ്ര ഈര്‍ഷ്യയോടെ ചോദിച്ചു.

മാധവന്‍ സുഭദ്രയുടെ മുറചെറുക്കനാണ്. സുഭദ്ര അയാള്‍ക്കുള്ളതാണെന്ന് അവളുടെ അമ്മ ഇടയ്ക്കിടയ്ക്ക്പണിക്കാരോട് പറഞ്ഞു കൊണ്ടിരുന്നു. ചില രാത്രികളില്‍ ഇതേ ചൊല്ലി സുഭദ്രയുടെ അച്ഛനും അമ്മയും വഴക്കടിക്കുന്നത് മറഞ്ഞു നിന്ന് കേള്‍ക്കുന്ന പണിക്കാര്‍ കുളക്കടവില്‍ പറഞ്ഞു രസിക്കാറുണ്ടായിരുന്നു.
സുഭദ്രയുടെ അച്ഛന് അവളെ പട്ടണത്തില്‍ വിവാഹം ചെയ്തു കൊടുക്കാന്‍ ആയിരുന്നു താല്പര്യം.
'മാധവനെ കുട്ടിക്ക്ഇഷ്ടമല്ലേ', രമണി ചോദിച്ചു.'ങ്ഹാ , എനിക്കറിയില്ല.
"സ്വന്തമായിട്ട് അഭിപ്രായമില്ലാത്തതാണു ഒന്നോര്‍ത്താല്‍ നല്ലത്. കണക്ക് കൂട്ടലുകള്‍ തെറ്റീന്ന് ഖേദിക്കേണ്ടി
വരില്ലല്ലോ". രമണി പറഞ്ഞു.ഒരു ദിവസം മാധവനോട് സുഭദ്രയുടെ അച്ഛന്‍ പറഞ്ഞു.  സുഭദ്രയ്ക്കുള്ള പണ്ടങ്ങളും പട്ടുസാരിയും വാങ്ങണം. അത് ഞാന്‍ മാധവനെ ഏല്‍പ്പിക്കുന്നു.സുഭദ്രയേം കൂട്ടിക്കോളൂ ...
പട്ടു സാരികള്‍ വാങ്ങുമ്പോള്‍ മാധവന്‍ പറഞ്ഞു.-"ഈ മഞ്ഞപട്ടു നിനക്ക് നന്നായി ഇണങ്ങും".അവള്‍ പറഞ്ഞു. 'എല്ലാം മാധവേട്ടന്റെ ഇഷ്ടം'.അവര്‍ പണ്ടവും,വസ്ത്രങ്ങളും വാങ്ങി മടങ്ങി വന്നപ്പോള്‍ സുഭദ്രയുടെ അച്ഛന്‍ മാധവന്റെ മുമ്പില്‍,കുറെ ഫോട്ടോകള്‍ നിരത്തിയിട്ട് പറഞ്ഞു. നിനക്കെ അറിയൂ,ഇതില്‍ ഏതാണ്  സുഭദ്രയ്ക്ക് ഏറ്റവും ചേര്‍ച്ച.മാധവന്‍ നോക്കി. അതില്‍ അയാളുടെ ഫോട്ടോ മാത്രം ഇല്ലായിരുന്നു. 

This entry was posted by Kattil Abdul Nissar. Bookmark the permalink.

2 thoughts on “സുഭദ്ര”

Leave a Reply