Followers

ബോന്സായ്‌ മരങ്ങള്‍
"അച്ഛനേം, അമ്മേം ആര് കൊണ്ടുപോയാലും വേണ്ടീല, എന്നെ ക്കൊണ്ട് പറ്റില്ല.
മാളവിക മുഖത്തടിച്ച പോലെ പറഞ്ഞു.
"നീയല്ലേ,  ഇളയ കുട്ടി, ഒരുപാട് സ്നേഹം വാരിക്കോരി തന്നതും നിനക്ക്, അപ്പൊ പിന്നെ പറ്റില്ലാന്നു പറഞ്ഞാ എങ്ങനാ".......? വല്യേട്ടത്തി ചോദിച്ചു.
"ഏട്ടത്തിക്ക് എന്റെകാര്യമൊന്നുംഅറിയാന്‍മേല, രണ്ടുകുട്ട്യോളേംകൊണ്ട് ദാമ്വേട്ടന്   കിട്ടുന്ന   ചെറിയ  വരുമാനത്തില് ബോംബെ      പോലുള്ളൊരു    സ്ഥലത്ത് അരിഷ്ടിച്ച് ജീവിക്കുന്നത് ഞങ്ങള്‍ക്കെ അറിയൂ....  അതിന്റെ       കൂടെ അച്ഛനുമമ്മേം കൂടെ വന്നാല്‍ നല്ല ശേലായി". അവര്‍    അതും   പറഞ്ഞു      ജനലഴികളിലൂടെ    പുറം കാഴ്ചകളിലേക്ക് തിരിഞ്ഞു.

"ശാരദ ,എന്ത് പറയുന്നു,"      വല്യേട്ടന്‍ ചോദിച്ചു.


"മൂത്തവള്‍ സൌമ്യ ഇത്തവണ മെഡിസിന് ലാസ്റ്റാ. രാജേഷിന്റെ കാര്യം നിങ്ങള്‍ക്കും കൊറേ അറിയാവുന്നതല്ലേ. ഒരക്ഷരം പഠിക്കില്ല. അവനു പപ്പേടെ കൂടെ ബിസിനസ്സില്‍ നില്‍ക്കാനാ ഇഷ്ടം. ഇതിന്റെകൂടെ ഞാന്‍ പിള്ളേരെ നോക്കാന്‍ പോവ്വോ , അച്ഛനേം അമ്മേം ശുശ്രൂഷിക്കാന്‍ പോവ്വോ....?
വല്യേട്ടന്‍ തന്നെ പറ.......ബാംഗ്ലൂരിലെ കാലാവസ്ഥയൊട്ടു ഇവിടെ ഉള്ളോര്‍ക്ക് പിടിക്ക്യേം ഇല്ല.................അതുകൊണ്ട്..... ശാരദ മുഴുമിപ്പിക്കാതെ തല ചൊറിഞ്ഞു....അല്ല അവര്‍ക്ക് തറവാട്ടീ തന്നെ കഴിഞ്ഞാ എന്താ കുഴപ്പം. അകത്തും പുറത്തും ജോലിക്കാരെ നിര്‍ത്തീട്ടുണ്ട്‌.
"ഇവറ്റയ്ക്കൊക്കെ മാസാമാസം എത്രയാ എണ്ണിക്കൊടുക്കുന്നതെന്ന് വല്ല നിശ്ചയോമുണ്ടോ കാര്‍ന്നോമ്മാര്‍ക്ക്‌". കഷ്ടപ്പെടുന്നോര്‍ക്കെ അതിന്റെ  ദെണ്ണം അറിയൂ....  മാസത്തില്‍ പണമയക്കാന്‍ എന്റെ കെട്ട്യോനു യാതൊരു മടീമില്ല".
"ഏട്ടത്തി അങ്ങനെ പറഞ്ഞു പഠിക്കല്ലേ,.. പുറം കാഴ്ചയില്‍ നിന്ന് കണ്ണെ ടുത്തു കൊണ്ട്  മാളവിക പറഞ്ഞു.
"ഇത്തിരി യെങ്കിലും ഉള്ളത് എല്ലാ മാസോം ഞാനും എത്തിക്കുന്നുണ്ട്."

അപ്പോള്‍       ഏട്ടന്‍    പറഞ്ഞു,  നിങ്ങള്‍         ഒരിടത്തും        എത്താതെ വര്‍ത്തമാനം   പറയാനല്ല      നമ്മളിവിടെകൂടിയിരിക്കുന്നത്. തൊട്ടു കിടക്കുന്നത് നമ്മുടെ തറവാടാ. അവിടെയിരുന്നു പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടെന്നു കൂട്ടിക്കോ.....അപ്പൊ ഒരു തീരുമാനത്തില്‍ എത്തിയിട്ട് വേണം ഇവിടുന്നു പോവാന്‍.

നര      വീണു തുടങ്ങിയ    മുടിയിഴകളില്‍         വിരലോടിച്ചു           കൊണ്ട് വല്യേട്ടന്‍ പറഞ്ഞു, ടൌണില്‍ വീടിനോട് ചേര്‍ന്ന് കുറച്ചു മണ്ണ് വില്‍ക്കാന്‍ ഇട്ടിരിപ്പുണ്ട്. എന്റെ കയ്യില്‍ പണം ജാസ്ത്യ. ആലോചിച്ചപ്പോള്‍ തറവാട് കൊടുത്താല്‍ എല്ലാം നടക്കും. അല്ല,.... നിങ്ങള്‍ക്കും ഗുണമുണ്ടെന്നു കൂട്ടിക്കോ.

അയാള്‍  മുറിക്കുള്ളില്‍  കുറെനേരം നടന്നിട്ട്  ആരോടെന്നില്ലാതെ പറഞ്ഞു. 'ഇടിഞ്ഞുവീഴാറായ തറവാട്കാത്തിട്ടുവല്യ കാര്യോമില്ല'.
"നാട്ടില്‍ ധാരാളം വൃദ്ധ സദനങ്ങള്‍ ഉണ്ടല്ലോ ........... ആ വഴിക്കൊന്നു ചിന്തിച്ചാലെന്താ."........?
മാളവിക ചോദിച്ചു.
ചെറിയ ഇടവേള കൊടുത്തിട്ടു വല്യേട്ടന്‍ പറഞ്ഞു;  " അതും ശരിയാണ്".
എല്ലാവരും പുറത്തേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ ശാരദയുടെ മകന്‍ രാജേഷ്‌ പറഞ്ഞു ---
"ബോണസായി  ട്രീസ്‌  എന്ന്  കേട്ടിട്ടുണ്ടോ, എത്ര വലിയ വൃക്ഷമായാലും  ചെറുതാക്കി ഷോ കേയ്സുകളില്‍ സൂക്ഷി ക്കുന്ന ഒരു വിദ്യയുണ്ട് ". എന്ത് കൊണ്ട് ആരുമത് മനുഷ്യരില്‍ പരീക്ഷിക്കുന്നില്ല" ...........?
അപ്പോള്‍ തറവാട്ടിലെ കൂറ്റന്‍ വൃക്ഷങ്ങളെ തഴുകി വന്ന ഒരു ചെറു കാറ്റ് അവരെ പൊതിഞ്ഞു.--------------

ദുബായ് കത്തിന്റെ ഇശല്‍

അബുദാബിലുള്ളോരെഴുത്ത് പെട്ടി ........................
അന്നു തുറന്നപ്പോള്‍ കത്ത് കിട്ടി  ...........................

ഗാനം കേരളത്തിലെ മുസ്ലിം സമുദായം ഒരുപാട് നെഞ്ചേറ്റി ലാളിച്ചിട്ടുണ്ട്. പണം വാരാന്‍ (?) ഗള്‍ഫില്‍ പോയ പ്രിയപ്പെട്ടവനെ ഓര്‍ത്തു കിടപ്പറയില്‍ നെടുവീര്‍പ്പിട്ടിരുന്ന ഓരോ വീട്ടമ്മ മാരുടെയും ഖല്‍ബില്‍ ഈ പാട്ടുണ്ടായിരുന്നു.

'ദുബായ് കത്തിന്റെ' ഇശല്‍ കേട്ട് ഹൃദയം പൊട്ടിയവര്‍ ധാരാളം. കെട്ടിപ്പടുത്ത സിംഹാസനങ്ങള്‍ ഉപേക്ഷിച്ചു ലോല ഹൃദയര്‍  രായ്ക്കു രാമാനം നാട്ടിലേക്ക് കപ്പല്‍ കയറി. അതിനു കഴിയാത്തവര്‍ മരുഭൂമിയില്‍ ഇരുന്നു പൊട്ടി ക്കരഞ്ഞു. മധുവിധുവിന്റെ ഗന്ധം വിട്ടുമാറാത്ത യുവ മിഥുനങ്ങള്‍ അറബി ക്കടലിന്റെ അക്കരെയിക്കരെ ഇരുന്നു കത്തുകള്‍ കുറിച്ചു.


ജീവിതത്തിലെ   എല്ലാ ബന്ധങ്ങളും   വലിച്ചെറിഞ്ഞു   പ്രവാസികള്‍  ആകാന്‍ വിധിക്കപ്പെട്ടവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും  ആകെ  ആശ്വാസം  നല്‍കിയത് വല്ലപ്പോഴും  കയ്യില്‍ കിട്ടുന്ന  കത്തുകള്‍ ആയിരുന്നു. ഗള്‍ഫില്‍ നിന്നും എത്തുന്ന അത്തറിന്റെ ഗന്ധമുള്ള ഇത്തരം കത്തുകളില്‍ പലതിലും കണ്ണുനീര്‍ വീണു അക്ഷരങ്ങള്‍ പടര്‍ന്നിട്ടുണ്ടാവണം.  അവരുടെ  നഷ്ട  സ്വപ്നങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ഉറ്റവരുടെ വേര്‍പാട് പോലും അറിയാന്‍  ആഴ്ചകള്‍   എടുത്തിരുന്നു.   ടെലഫോണ്‍ സൗകര്യം തീരെ ദുര്‍ലഭം ആയിരുന്ന കാലം. ഗള്‍ഫില്‍
നിന്നുള്ള 'വിളിയും'  കാത്തു  അയല്‍വക്കങ്ങളില്‍ മണിക്കൂറുകള്‍  കാത്തു നിന്ന  ഒരു  സമീപ കാലം. ഈ ചിത്രങ്ങള്‍ വര്‍ത്തമാന സമൂഹത്തില്‍ നിന്ന് മാഞ്ഞിട്ടു ഒരു പതിട്ടാണ്ടേ ആയിട്ടുള്ളൂ.

1990 കാലത്തെ ചില പ്രവാസികള്‍ പറയുന്നത് ഇങ്ങനെ -
വിശ്രമം ഇല്ലാത്ത ഒരു തൊഴില്‍ മേഖലയാണ് ഗള്‍ഫ്.  ആഴ്ചയില്‍ ഒരു ദിവസം ലഭിക്കുന്ന അവധി. അത് നഷ്ട പ്പെട്ട  ഉറക്കത്തിനു കടം വീട്ടാന്‍   തന്നെ തികയില്ല.  താമസ സ്ഥലങ്ങളില്‍ ഫോണ്‍  സൌകര്യങ്ങള്‍  ഒന്നും  ഉണ്ടാവില്ല.
ടൌണില്‍  ഫോണ്‍  ബൂത്തുകള്‍ വിരളം. അവധി  ദിവസങ്ങളില്‍   അതിനു   മുമ്പിലെ  അനന്തമായ  ക്യൂവില്‍ മാറ്റിയെടുത്ത ചില്ലറത്തുട്ടുകള്മായ മണിക്കൂറുകളുടെ കാത്തു നില്‍പ്പ്.ഒടുവില്‍ നമ്മുടെ ഊഴം ആവുമ്പോഴേക്കും  നാട്ടില്‍ ഫോണ്‍ കാത്തുനിന്നു മുഷിഞ്ഞു വീട്ടുകാര്‍  മടങ്ങിയിട്ടുണ്ടാവും. വീണ്ടും നീണ്ട കാത്തിരിപ്പ്, പ്രിയപ്പെട്ടവരുടെ ശബ്ദം ഒന്ന് കേള്‍ക്കാന്‍. മുമ്പ്, നാട്ടിലേക്ക് വിളിക്കണമെങ്കില്‍ ഒരു ദിവസത്തെ പ്രയത്നം വേണ്ടിയിരുന്നു.കാലത്തിന്റെ മാറ്റം പെട്ടെന്നായിരുന്നു.ഐ ടി മേഖലയില്‍ ഉണ്ടായ വളര്‍ച്ച ലോകത്തിന്റെ മുഖച്ഛായ തന്നെ തിരുത്തി. നൂതന സംവിധാനങ്ങള്‍ മനുഷ്യരുടെ ജീവിത നിലവാരം ഉയര്‍ത്തി. ഇത് പ്രവാസികളുടെ ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തി. മൊബൈല്‍ ഫോണ്‍ പ്രചരിച്ചതോടെ ആശയ വിനിമയം   കൂടുതല്‍ സുഗമമായി. ഗള്‍ഫു തെരുവുകളുടെ പഴയ ചിത്രം ഇന്ന് ഒരു  വിസ്മയ ക്കാഴ്ചയാണ്.


വിസ്തൃതമായ  മൊബൈല്‍  മാര്‍ക്കറ്റുകള്‍,  തെരുവുകളില്‍ കൂറ്റന്‍ പരസ്യങ്ങള്‍,   ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 
വന്‍ പ്രലോഭനങ്ങള്‍  അങ്ങനെ  ഗള്‍ഫു  രാജ്യങ്ങളില്‍  ഐ ടി ബിസിനസ്  ഇന്ന്  പൊടിപൊടിക്കുന്നു. അറേബ്യന്‍ തെരുവുകളില്‍ ഏറ്റവും കൂടുതല്‍ അടിഞ്ഞു കൂടുന്ന ചവറുകള്‍, ഉപയോഗിച്ച് ഉപേക്ഷിച്ച റീ -ചാര്‍ജു കൂപ്പണുകള്‍ ആണ്. എല്ലാവരിലും എല്ലാ നേരത്തും മൊബൈലുകള്‍ ഉണര്‍ന്നിരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള 20 ലക്ഷം ജനങ്ങള്‍ ഇന്ന് സൗദി അറേബ്യയില്‍ ഉണ്ട്, അതില്‍ 8 ലക്ഷം മലയാളികള്‍.

മനുഷ്യര്‍ ഏറ്റവും കുറച്ചു സംസാരിക്കുന്ന  മാസം ഏതെന്ന  കുസൃതി ചോദ്യത്തിനു ഫെബ്രുവരി എന്ന്      ഉത്തരം. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഏറ്റവും കൂടുതല്‍  ഉപയോഗിക്കുന്ന പ്രവാസികള്‍ ആരെന്നു ചോദിച്ചാല്‍ മടിക്കാതെ ഉത്തരം പറയാം മലയാളികള്‍ എന്ന്. സൗദി അറേബ്യയില്‍ നല്ലൊരു ശതമാനം ഇന്റര്‍ നെറ്റ് കഫേകളും മലയാളി കളുടെതാണ്.'നീ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണം' എന്നത് പഴയ മൊഴി, "നീ ഉണ്ടില്ലെങ്കിലും അവളെ
വിളിച്ചിരിക്കണം" എന്നത് പുതുമൊഴി. കാരണം മുമ്പ് പറഞ്ഞത് തന്നെ . ഏറ്റവും കൂടുതല്‍ "വിളിക്കുന്നത്‌" മലയാളികള്‍ തന്നെ.മുമ്പ് കേരളത്തില്‍ ഒന്ന് വിളിക്കണമെങ്കില്‍ മിനിട്ടിനു ഏഴു റിയാല്‍ വേണ്ടിയിരുന്നു. ഇന്നത്‌ ഒരു റിയാല്‍ (സൗദി നാണയം) പോലും വേണ്ടി വരുന്നില്ല. കേരളീയരുടെ ഫോണോ മാനിയ മനസ്സിലാക്കിയ വന്‍ കമ്പനികള്‍ ഓഫറുകള്‍ നല്‍കുമ്പോള്‍ മലയാളിക്ക് പ്രഥമ സ്ഥാനം കൊടുക്കുന്നു. അങ്ങനെ കീശ കാലിയാകുന്നത് അറിയാതെ മലയാളി വിളിച്ചുകൊണ്ടിരിക്കുന്നു .അനൌദ്യോഗിക കണക്കു പ്രകാരം ഒരു മലയാളി ശരാശരി 5 റിയാലിന് (യാഥാര്‍ത്ഥ്യം ഇതിലും വളരെ മുകളില്‍ ആണ്) ഒരു ദിവസം ഫോണ്‍ ചെയ്യുമ്പോള്‍ 8 ലക്ഷം മലയാളികളില്‍ നിന്ന് 40 ലക്ഷം റിയാലാണ് മാറിക്കിട്ടുന്നത്. ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് 4 ,8000000 രൂപയ്ക്ക് കുശലാന്വേ ഷണം നടത്തുന്നു. അന്നേരവും ഫോണില്‍ പറഞ്ഞു വയ്ക്കുന്നത് "പിന്നെ വിളിക്കാം എന്നാണു".

വിശുദ്ധ ഗ്രന്ഥങ്ങളിലെ പഴം
ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വച്ചിരിക്കുന്നു. അതില്‍പഴങ്ങളും,കൂമ്പോലകളും
ഉള്ള ഈന്തപ്പനകളും ഉണ്ട്.  -            വിശുദ്ധ ഖുര്‍ ആന്‍


ഒരു സംസ്ക്കാരം ഉടലെടുക്കുമ്പോള്‍ അതില്‍ പ്രതീകാത്മകമായി നില കൊള്ളുന്ന വംശ വൃക്ഷങ്ങളെ ചരിത്ര പഠനങ്ങളുടെ വഴികാട്ടികളായി പിന്നീട് സ്വീകരിക്കാറുണ്ട്. ബോധി വൃക്ഷ ചുവട്ടിലെ   ശ്രീ ബുദ്ധ നെയും,ഒലിവു മര ച്ചില്ലകളിലൂടെ സ്നേഹത്തിന്റെ മൃദു സ്പര്‍ശം പകര്‍ന്ന യേശു ദേവനേയും,ചുട്ടു പൊള്ളുന്ന മരുഭുമിയിലെ ഈന്തപ്പന തണലില്‍ കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ്‌ നബിയേയുംനമ്മള്‍ ഓര്‍ക്കുമ്പോള്‍ അവര്‍ക്ക് ശേഷവും സ്മാരകങ്ങള്‍ ആയി നില കൊള്ളുന്ന ഇത്തരം ഹരിത ചിഹ്നങ്ങളെ നമുക്ക് എങ്ങനെ വിസ്മരിക്കനാവും.

ഈന്തപ്പനയുംഅതിന്റെസ്വാദിഷ്ടമായപഴവുംഇസ്ലാംസംസ്ക്കാരത്തിലാകെ നിറഞ്ഞു നില്‍ക്കുന്നു."ഒരുവന്റെ ഭവനത്തില്‍കുറച്ചു കാരയ്ക്ക ഉണ്ടെങ്കില്‍ അവന്‍ ഒരിക്കലും ദരിദ്രനാവില്ല"എന്ന് പ്രവാചകന്‍ അനുയായികളോട് ഉപദേശിക്കുമായിരുന്നു.പരിശുദ്ധ ഖുറാനില്‍ വിവിധ ഇടങ്ങളില്‍ ഈന്ത പ്പനയെ ക്കുറിച്ച് പരാ മര്‍ശമുണ്ട്.മരുഭൂമി യുടെ ഹരിത സ്വപ്നമാണ് ഈന്തപ്പനകള്‍.സൗദി അറേബ്യയുടെ ദേശീയ ചിഹ്നമായി അതുകൊണ്ടാവാം ഈ മധുര ക്കനി വൃക്ഷം ഇടം നേടിയത്. പിന്നീട് ഇസ്ലാം പ്രചരിച്ച നാടുകളിലും ഈ വിഭവം ഒരു സാംസ്കാരിക അടയാളമായി പിന്തുടര്‍ന്ന്.


ഉണക്കിയെടുത്ത ഈന്തപ്പഴവും,വെള്ളവും നോമ്പ് തുറക്കാന്‍ നബി നിര്‍ദേശിച്ചിരുന്നു.സൗദിഅറേബ്യയിലെങ്ങും നോമ്പ് തുറ വേളകളില്‍ കാരയ്ക്കയും(ഉണങ്ങിയ ഈന്തപ്പഴം),വെള്ളവും സജ്ജീകരിച്ചിരിക്കുന്നത് നിത്യ കാഴ്ചയാണ്. കേരളത്തിലെ മുസ്ലിം ഭവനങ്ങളിലും പള്ളികളിലും ഈ ആചാരം നില നിന്ന് പോരുന്നു.

ഖുറാനില്‍ മാത്രമല്ല,ബൈബിളിലും ഈന്തപ്പനയെ ക്കുറിച്ച് നിരവധി പരാമര്‍ശം ഉണ്ട്.ഈ വൃക്ഷത്തിന്റെ ആകാരവും,പഴത്തിന്റെ സ്വാദും,പ്രത്യുല്പാദന ശേഷിയും കണക്കിലെടുത്ത്,ജൂത സമൂഹം തങ്ങളുടെ പെണ്മക്കളെ ഈന്ത പ്പനയോടു ഉപമിചിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തലുകള്‍ ഉണ്ട്. മുഹമ്മദ്‌ നബിയുടെ കാലത്ത് ഖുറാന്‍ സൂക്തങ്ങള്‍ ഈന്ത പ്പനയോലകളില്‍ എഴുത്ത് സൂക്ഷിച്ചിരുന്നു.മദീന പള്ളിയുടെ നിര്‍മാണ ഘട്ടത്തില്‍ ഈന്തപ്പന യോലയും തടിയും ഉപയോഗിച്ചിരുന്നു.മരുഭൂമിയിലെ ഈ കല്പ വൃക്ഷത്തിന്‌ പതിനായിരം വര്‍ഷത്തെ പഴക്കം കല്പ്പിക്കുന്നവരുണ്ട്.എണ്ണായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയില്‍ ഈന്തപ്പന വളര്‍ന്നിരു ന്നതിനു തെളിവുകള്‍ ഉണ്ട്.എന്നാല്‍ കാര്‍ഷികവിദഗ്ധര്‍ ഇതിനുആറായിരം വര്‍ഷത്തെ പാരമ്പര്യം ആണ് കല്‍പ്പിക്കുന്നത്. യൂഫ്രട്ടീസ്,നൈല്‍തടങ്ങളില്‍ ആണ് ഈന്തപ്പന ജന്മം കൊണ്ടത്‌. അനുപമമായ ഭംഗിയും രുചിയും ,അന്യ നാടുകളിലേക്ക് ഇതിന്റെ പ്രചരണം സുഗമമാക്കി.ആദ്യകാലങ്ങളില്‍ നാടോടികള്‍ ആയിരുന്നു ഇതിന്റെ പ്രചാരകര്‍.മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി പടയോട്ടകാലത്ത് ഈവൃക്ഷം പാകിസ്ഥാനില്‍ പ്രച്ചരിപ്പിച്ചതായി പറയപ്പെടുന്നു. ഇറാന്‍ ഉള്‍പ്പെടെയുള്ള മദ്ധ്യ പൌരസ്ത്യ ദേശത്തെ  പ്രധാനകാര്‍ഷിക വിളയാണ് ഈന്തപ്പഴം.സൗദിഅറേബ്യയില്‍ 300 ല്‍പരം ഇനങ്ങളിലുള്ള ഈന്തപ്പനകള്‍ ഉണ്ട്.16000 ടണ്‍ ഈന്തപ്പഴത്തില്‍ നിന്നും 50000 ടണ്ണോളം ഭകഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ചുലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗദി അറേബ്യ വിതരണം നടത്തുന്നു.എണ്ണയുടെ ഖനനം ആരംഭിക്കുന്നതിനു മുമ്പ് സൌദിയുടെഏക വരുമാന മാര്‍ഗമായിരുന്നു ഈന്തപ്പഴം.

ഇന്ന് ഇറാഖ് 22മില്യന്‍ മരത്തില്‍ നിന്ന് 6ലക്ഷം ടണ്‍പഴങ്ങള്‍ ഉത്പാദിപ്പിച്ചു ലോകത്ത് മുന്നിട്ട നില്‍ക്കുന്നു. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവില്‍ മാത്രം വളരുന്ന സസ്യമാണ് ഈന്തപ്പന.സൂര്യപ്രകാശം നേരിട്ട് ആവശ്യമുള്ള ചെടി ആയതിനാല്‍ ഇതിന്റെ വളര്‍ച്ചയ്ക്ക് ഏറെ യോജിച്ചത് മരുഭൂമിയാണ്.പോര്‍ട്ടുഗീസുകാര്‍ക്ക് മെക്സിക്കോയില്‍ ഈന്തപ്പനകള്‍ നട്ടുപിടിപ്പിക്കാന്‍ കഠിനമായി യത്നിക്കേണ്ടി വന്നു.


സ്വന്തമായി പരാഗണ ശേഷിയില്ലാത്ത ഈന്തപ്പനയുടെ പെണ്‍ കുലകളില്‍ ആണ്‍ പൂമ്പൊടി തുണിയില്‍ ഒപ്പി വച്ചാണ് പരാഗണം നടത്തുന്നത്. ജൂണ്‍ മുതല്‍ ആഗസ്റ്റു വരെയുള്ള മാസങ്ങളില്‍ ആണ് വിളവെടുപ്പ്. ഈ കാലത്ത് അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രിയില്‍ മുകളില്‍ എത്തുന്നു. തിളച്ചു മറിയുന്ന അന്തരീക്ഷവും, പുഴുകലും(humidity )ഈന്തപ്പഴം പാകമാകാന്‍ പ്രകൃതി ഒരുക്കിയ ഒരു സ്വീകാര്യത ആണെങ്കിലും ഈ കാലാവസ്ഥ മനുഷ്യര്‍ക്ക്‌ ഏറെ ദുസ്സഹമാണ്.ഉയര്‍ന്ന പുഴുകലില്‍ ആണ് ഈന്തപ്പഴം പാകമാകുന്നത്.ഈന്തപ്പനയില്‍ നിന്നും നേരിട്ട് പറിച്ചെടുക്കുന്ന പഴങ്ങള്‍ വെയിലത്തും,ഉയര്‍ന്ന ഊഷ്മാവില്‍ അടച്ചു പൂട്ടിയ മുറി കളിലുമായി ഉണക്കിയെടുക്കുന്നു.

സംസ്ക്കരണത്തിനു ശേഷം മൃദു, ഇടത്തരം, കടുപ്പം, എന്നിങ്ങനെ മൂന്നുതരം പഴങ്ങളാണ് വിപണിയില്‍ എത്തുന്നത്.തോട്ടത്തില്‍ നിന്നെടുക്കുന്ന ഈന്തപ്പഴം മറ്റു പ്രക്രിയകള്‍ക്ക് വിടെയമാകാതെ ഉണക്കി എടുക്കുന്നതാണ് കാരയ്ക്ക.നോമ്പ് കാലങ്ങളില്‍ ഇതാണ് ഉപയോഗിക്കുന്നത്.ഭക്ഷണംഎന്നതിലുപരിഔഷധമായും ഈന്തപ്പഴം ഉപയോഗിക്കുന്നു.പ്രാചീന ഈജിപ്റ്റുകാര്‍ പ്രത്യുല്പാദന ശേഷി വീണ്ടെടുക്കാന്‍ ഈന്തപ്പഴം ഉപയോഗിച്ചിരുന്നു.ഇന്ന്, ലോകത്തിന്റെ നാവില്‍ രുചിയുടെ ഒന്നാമനായി ഈന്തപ്പഴം നില നില്‍ക്കുന്നു.  ഉയര്‍ന്ന പോഷക ഗുണവും, ഉപയോഗത്തിലുള്ള സൌകര്യവുമാണ് ഇതിനെ പ്രിയങ്കരമാക്കുന്നത്.രാഷ്ട്ര ദീപികയില്‍ പ്രസിദ്ധീകരിച്ചത്

എന്റെ ദേശം

മുഖാമുഖം

ശബരിമലയുടെ പ്രവേശനകവാടമായ എരുമേലി പ്രസിദ്ധിനേടിയത് 'മതമൈത്രിയുടെ നാട്' എന്ന പേരിലാണ്.  കോട്ടയം , പത്തനംതിട്ട ജില്ലകള്‍ അതിരിടുന്ന മലയോരപ്രദേശമായ എരുമേലി വിസ്തൃതമായ പ്രദേശമാണ് .ഭരണസൌകര്യത്തിനായി എരുമേലിതെക്ക്-വടക്ക് വില്ലെജുകളായി വിഭജിച്ചിരിക്കുന്നു.2011ലെ കാനേഷുമാരിയില്‍ജനസംഖ്യ 88207.പ്രധാന കാര്‍ഷിക വിള റബ്ബര് ‍. നാണ്യവിളകളും ധാരാളമായികൃഷി ചെയ്യുന്നു .
  

ക്ഷേത്രവും പള്ളിയും മുഖം നോക്കുമ്പോള്‍

വനമേഖലയാല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ സദാ പ്രസരിപ്പുള്ള അന്തരീക്ഷം.മുഖ്യധാരാ സമൂഹത്തോട്സമരസ പ്പെടാത്ത നിരവധി ആദിവാസി ഗോത്രങ്ങള്‍ ഇപ്പോഴും ഈ  വനമേഖലയില്‍ പാര്‍ക്കുന്നു. ഇതിനെല്ലാം ഉപരി ജാതി ചോദിക്കാതെ,പറയാതെ, മാനുഷികത
എന്ന സഹജവാസനയില്‍ വ്യത്യസ്ത മത വിഭാഗങ്ങള്‍ഇവിടെ പുലരുന്നു. ഇത് എരുമേലിയുടെ ഭൂമിശാസ്ത്രം.ശരിയായ അര്‍ത്ഥത്തില്‍ ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നത് എരുമേലിയില്‍ നിന്നാണ്. വാവരെയും വണങ്ങി, പേട്ടതുള്ളി, ഇരുമുടിയും താങ്ങി സഹ്യന്റെ  ഹൃദയത്തിലേക്ക്  പ്രവേശിക്കുന്നത് എരുമേലിയില്‍ നിന്നാണ്. ശരണ മന്ത്രങ്ങള്‍ ഏറ്റുപാടുന്ന കൊടും മലകള്‍ കയറി, മഹാ വൃക്ഷങ്ങളുടെ തണലില്‍ വിരിവച്ചു,അഴുതയിലും,പമ്പയിലും പാപങ്ങള്‍ കഴുകി , അയ്യപ്പന്മാര്‍ ദിവ്യ ദര്‍ശനത്തിനു മിഴി തുറക്കുന്നു.പാരമ്പര്യത്തെ നിഷേധിക്കുന്ന യുക്തി ചിന്തകള്‍ക്കും മനസ്സ് മുരടിപ്പിക്കുന്ന ആധുനികപ്രത്യയ ശാസ്ത്രങ്ങള്‍ക്കും തകര്‍ക്കാനാവാതെ എരുമേലിയുടെ വിശുദ്ധി ഇന്നും നിലനില്‍ക്കുന്നു.
കാട്ടുകൊള്ളക്കാരനായിരുന്ന വാവരുമായുണ്ടായ ഇടപെടലുകളും,മഹിഷീനിഗ്രഹവുമാണ് എരുമേലി യെ അയ്യപ്പനുമായി ബന്ധിപ്പിക്കുന്നത്.ഇതിഹാസങ്ങള്‍ എല്ലാം  രാഷ്ട്രീയ പ്രേരിതമാണ് .പ്രവാച കന്മാരും രാഷ്ട്രീയമാണ് പറഞ്ഞത്. ചവുട്ടി നില്‍ക്കുന്ന മണ്ണിനെ ക്കുറിച്ച് പറയുന്നതാണ് രാഷ്ട്രീയം . ലക്‌ഷ്യം നേടാനുള്ള ത്വര ആത്മീയവും. മഹിഷിയെ വധിക്കുക എന്നത് അയ്യപ്പന്‍റെ ആത്മീയ അന്വേഷണം ആയിരുന്നു. വാവരുമായുള്ള സൗഹൃദം രാഷ്ട്രീയ ലയനവും. ഈ രാഷ്ട്രീയമാണ് എരുമേലിയിലെ മത സൌഹാര്‍ദതയുടെ ആണിക്കല്ല്.


ആത്മീയതയുടെ രാഷ്ട്രീയം

എരുമേലിയുടെവിശ്വാസ രാഷ്ട്രീയത്തെ ക്കുറിച്ച് ഇന്നുവരെ ആധികാരിക പഠനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.വര്‍ണ്ണ ക്കാഴ്ച്ചകളില്‍ മാത്രം ഒതുങ്ങുന്ന ഐതീഹ്യം പുരട്ടിയ കുറിപ്പുകള്‍ ആണ് എല്ലാവരും എഴുതി ക്കൂട്ടുന്നത്. തീയതി കുറിച്ച് വയ്ക്കപ്പെടുന്ന ചരിത്ര സംഭവങ്ങള്‍ ഇല്ലാത്തതും,അയ്യപ്പ സാന്നിധ്യത്തിനു ഇതിഹാസങ്ങളില്‍ ദുര്‍ബലമായ സൂചനകള്‍ മാത്രം ഉള്ളതു കൊണ്ടും ആവാം ആരും ഇതിന്റെ രാഷ്ട്രീയം കൂടുതല്‍ അന്വേഷിക്കപ്പെടാത്തത്.അത് അറിയണമെങ്കില്‍ അയ്യപ്പനെയും വാവരെയും എരുമേലി യുമായി ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. 

          എരുമേലി വാവര് പള്ളി 
 കാട്ടുകൊള്ളക്കാരനായിരുന്ന വാവരുമായുണ്ടായ ഇടപെടലുകളും,മഹിഷീനിഗ്രഹവുമാണ് എരുമേലിയെ അയ്യപ്പനുമായി ബന്ധിപ്പിക്കുന്നത്.ഇതിഹാസങ്ങള്‍ എല്ലാം  രാഷ്ട്രീയ പ്രേരിതമാണ്.പ്രവാചകന്മാരും രാഷ്ട്രീയമാണ് പറഞ്ഞത്. ചവുട്ടി നില്‍ക്കുന്ന മണ്ണിനെ ക്കുറിച്ച് പറയുന്നതാണ് രാഷ്ട്രീയം.ലക്‌ഷ്യം നേടാനുള്ള ത്വര ആത്മീയവും. മഹിഷിയെ വധിക്കുക എന്നത് അയ്യപ്പന്‍റെ ആത്മീയ അന്വേഷണം ആയിരുന്നു. വാവരുമായുള്ള സൗഹൃദം രാഷ്ട്രീയ ലയനവും. ഈ രാഷ്ട്രീയമാണ് എരുമേലിയിലെ മത സൌഹാര്‍ദതയുടെ ആണിക്കല്ല്.


ഐതീഹ്യങ്ങളിലെ വെട്ടിത്തിരുത്തലുകള്‍
പുലിപ്പാല് തേടിയുള്ള യാത്രയ്ക്കിടയിലാണ് അയ്യപ്പന്‍ ആത്മീയ ദൌത്യം പൂര്‍ത്തീകരിക്കുന്നത്.ഘോര വനത്തില്‍അന്തിയുറങ്ങാന്‍ ഒരു വീടിനെ സമീപിച്ചു. അതൊരു വൃദ്ധയുടെ വീടായിരുന്നു. ആ നാട്ടിലെ ആണുങ്ങള്‍ എല്ലാം 'എരുമകൊല്ലി' എന്ന എരുമയുടെ തലയും,മനുഷ്യ ശരീരവുമുള്ള (മഹിഷി)  എന്ന ഭീകരസത്വത്തെ ഭയന്നു വൈകുന്നേരങ്ങളില്‍ അടുത്തുള്ള പുഴയ്ക്കക്കരെ അഭയം തേടിയിരുന്നു.ആണുങ്ങള്‍ ആയിരുന്നു മഹിഷിയുടെ ഇരകള്‍. പക്ഷെ, അയ്യപ്പന്‍ആ വീട്ടില്‍തന്നെ രാത്രി കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചു. സംഹാരമാടി എത്തിയ മഹിഷിയുമായി അയ്യപ്പന്‍ ഏറ്റുമുട്ടുന്നു. നേരം പുലര്‍ന്നു, തിരിച്ചെത്തിയ ആണുങ്ങള്‍ കണ്ടത് മരിച്ചു കിടക്കുന്ന മഹിഷിയെ ആണ്.അവര്‍ അത് ആഘോഷമാക്കി.
അയ്യപ്പന്‍
മഹിഷിയെ കൊല്ലാന്‍ ഉപയോഗിച്ച വാള്‍

കാട്ടുചെടികളും,പൂക്കളും എടുത്തണിഞ്ഞു,പാട്ടും മേളവുമായി മഹിഷിയുടെ മൃത ശരീരം ഒരു കമ്പില്‍ കെട്ടി ആഘോഷപൂര്‍വ്വം അടുത്തുള്ള ഒരു കുളത്തില്‍ ഉപേക്ഷിച്ചു.പിന്നീട് ഈ ഉത്സവം 'പേട്ടതുള്ളല്‍' ആയി പരിണമിച്ചു.എരുമ കൊല്ലിയുടെ തട്ടകം 'എരുമേലി 'എന്ന് നാമകരണം ചെയ്യപ്പെട്ടു. 'എരുവക്കൊല്ലി' യാണ് എരുമേലി ആയത് എന്ന് ചില ശാസ്ത്രീയ വീക്ഷണവും നില നില്‍ക്കുന്നു.മതത്തെ വ്യവസായവല്ക്കരിച്ചപ്പോള്‍ ഐതീഹ്യങ്ങളില്‍ നിന്ന് ചിലതെല്ലാം എടുത്തു മാറ്റപ്പെട്ടു.അങ്ങനെ അയ്യപ്പന്‍ അന്തിയുറങ്ങിയ വീടും,മഹിഷിയെ ഉപേക്ഷിച്ച കുളവും തമസ്ക്കരിക്കപ്പെട്ടു.അയ്യപ്പന്മാര്‍പേട്ടതുള്ളി പോകുന്ന വഴിയോരത്താണ് ഇത് രണ്ടും ഇപ്പോഴും നിലകൊള്ളുന്നത്.കാടുകള്‍ വെട്ടി പൂങ്കാ വനങ്ങള്‍ തീര്‍ക്കുന്ന ദേവസ്വവും,അയ്യപ്പ സേവാ സമിതികളും എന്തുകൊണ്ട് ഐതീഹ്യത്ത്തിന്റെ ഈ അവശിഷ്ടങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നില്ല ...............?
മതം, വ്യവസായം 

  
വൃശ്ചികം ഒന്നിന് മാലയിടുന്നതോടെ മണ്ഡലകാലം ആരംഭിക്കുന്നു.തുടര്‍ന്നുള്ള രണ്ടു മാസം എരുമേലിയെ സംബന്ധിച്ചിടത്തോളം 'കച്ചവടക്കാലം'ആണ്.തീര്‍ഥാടകര്‍ക്ക് വേണ്ടി ഹോട്ടല്‍, സ്റ്റുഡിയോ, പാര്‍ ക്കിംഗ്,താമസം, തുടങ്ങി എല്ലാ സൌകര്യങ്ങളും സജ്ജീവമാകുന്നു.പുതിയ കാലത്ത് പല റബ്ബര്‍ എസ്റ്റേറ്റ്കളും പാര്‍ക്കിംഗ് ഗ്രൂണ്ടുകള്‍ക്ക് വേണ്ടിവെട്ടിമാറ്റപ്പെട്ടു. രണ്ടുമാസത്തെവരു മാനം,റബ്ബര്‍കൃഷിയേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് അവര്‍ വിലയിരുത്തുന്നുണ്ടാവാം. എരുമേലി യുടെ കുടില്‍ വ്യവസായമായി ശരം,ഗദ,വാള്‍,കച്ച തുടങ്ങി പേട്ടതുള്ളലിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു.കമ്യൂണിസ്റ്റു ചെടിയുടെ തണ്ട്  ചീകി ഉണക്കി, അതില്‍ ചായവും,തൂവലും കൊണ്ട് അലങ്കരിക്കുന്ന താണ് ശരം.ആദ്യമായി ശബരിമലയ്ക്കെത്തുന്ന അയ്യപ്പന്മാര്‍ക്ക് (കന്നിഅയ്യപ്പന്‍) വേണ്ടിയാണ് ശരം. ഗദ,വാള്‍ തുടങ്ങിയവ ഭാരം കുറഞ്ഞ തടികള്‍ കൊണ്ട് നിര്‍മ്മിക്കുന്നു. കുടില്‍ വ്യവസായം പാരമ്പര്യമായി നില നിര്‍ത്തിപ്പോരുന്ന കുടുംബങ്ങള്‍ഉണ്ട്. കിരീടവും, ചായവും തമിഴ്നാട്ടില്‍ നിന്നാണ് എത്തുന്നത്. ഒരു വ്യാഴവട്ടക്കാലം മുമ്പ് വരെ പെട്ടതുള്ളാന്‍ കിരീടമായി ബലൂണ്‍ ഉപയോഗിച്ചിരുന്നു,പിന്നീട്ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത്,അത്
നിരോധിച്ചപ്പോള്‍ അതിന്റെ സ്ഥാനം കടലാസു കിരീടങ്ങള്‍ ഏറ്റെടുത്തു. 
ദ്രാവിഡ താളം


 എരുമേലിയില്‍രണ്ടു ക്ഷേത്രങ്ങള്‍ഉണ്ട്. കൊച്ചമ്പലവും,വലിയ മ്പലവും.പേട്ടകെട്ടു ആരംഭിക്കുന്നത് കൊച്ചമ്പലത്തില്‍ നിന്നാണ്.ഓരോ പേട്ടതുള്ളല്‍ സംഘത്തോടൊപ്പം മേളക്കാരും ഉണ്ടാകും.മേളവും വില്‍പ്പന  ചരക്കാണ് ഇവിടെ.മേളക്കാരെ വേണമെങ്കില്‍ പണംകൊടുക്കണം. ചെണ്ടകൊട്ടിയും,നാദസരംവായിച്ചും പേട്ടതുള്ളല്‍ കൊഴുപ്പിക്കുന്നതിനാണ് പണം.മേളക്കാര്‍ അധികവും തമിഴ് നാട്ടില്‍ നിന്നുള്ളവര്‍ ആണ്.രണ്ടു മാസത്തെ കൊയ്ത്തിനു ശേഷം നല്ലൊരു
തുകയുമായിട്ടു അവര്‍ മടങ്ങുന്നു.ജോലിയുടെ ഇടവേളകളില്‍ മേളക്കാര്‍ കൂട്ടമായി വാവര്‍ പള്ളിക്ക്
മുമ്പില്‍ 'മേളം'നടത്താറുണ്ട്. അത് തികച്ചും സൌജന്യമാണ്.

ചന്ദനക്കുടവും, വലിയ പേട്ടകെട്ടും

ധനുമാസം 26നു നടത്താറുള്ള വാവര്‍ പള്ളി ചന്ദനക്കുടവും,തൊട്ടടുത്ത ദിവസത്തെ അമ്പലപ്പുഴ
- ആലങ്ങാട്ട് പേട്ടകെട്ടുകള് പ്രസിദ്ധമാണ്. ജന ലക്ഷങ്ങള്‍ ആണ്  ഈ ആഘോഷത്തില്‍ പങ്കു
ചേരാന്‍ എത്തിചേരുന്നത്.കൊച്ചമ്പലത്തില്‍ നിന്ന് ആരംഭിക്കുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ട 'ആകാശത്ത് കൃഷ്ണ പ്പരുന്തു' പ്രത്യക്ഷപ്പെടുന്നതോടെ , വാവര്‍ പള്ളിയില്‍ പ്രവേശിക്കുന്നു.തുടര്‍ന്നുള്ള ആലങ്ങാട്ട് പേട്ടപള്ളിയില്‍കയറാറില്ല. ഇതിനു കാരണം, അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും അയ്യപ്പനെ കാണാന്‍ പുറപ്പെട്ടു എന്ന വിശ്വാസമാണ്. വലിയ പേട്ടകള്‍ കഴിയുന്നതോടെ  എരുമേലിയിലെ  മകര വിളക്കുത്സവം അവസാനിക്കയാണ്.

എരുമേലി  ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം

ടൂറിസം സാധ്യതകള്‍

വിനോദസഞ്ചാരികളുടെ പറുദീസയാണ് കേരളം. വൈവിധ്യം നിറഞ്ഞ സംസ്ക്കാരം, ഭൂമി ശാസ്ത്ര പര
മായ വൈജാത്യം, ആകര്‍ഷകമായ ആചാര മര്യാദകള്‍ എല്ലാം വിദേശികളെ കേരളത്തിലേക്ക് വരാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്ന ഘടകങ്ങള്‍ ആണ്. കുറച്ചുകാലം മുമ്പ് വരെ കേവലം വിനോദ സഞ്ചാ ര കേന്ദ്രങ്ങളെ മാത്രം ആശ്രയിച്ചാണ് ടൂറിസം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ "ആത്മീയ യാത്ര "(pilgrimers tourism) എന്ന ആശയം കരുത്താര്‍ജിച്ചതോടെ, അതിന്റെ അനന്ത സാധ്യതകളെ വിപുലപ്പെടുത്താനും തദ്വാര ഇന്ത്യന്‍ ടൂറിസം കൂടുതല്‍ ലാഭകരം ആകാനും തുടങ്ങി. ആത്മീയ യാത്ര എന്ന ടൂറിസം പാക്കേജ്‌ പദ്ധതി വടക്കേ ഇന്ത്യയില്‍ സജ്ജീവമാണ്. അവര്‍ പ്രധാനമായും കൈലാസം, കാശീനാഥ്‌,ഋഷികേഷ്,തുടങ്ങി ഹിമാലയ യാത്രകള്‍ കൊണ്ട് അധിക
വരുമാനം നേടുന്നു.
കൃഷ്ണപ്പരുന്തിനെ
കണ്ടു ശരണം വിളിക്കുന്നവര്‍

കേരളത്തില്‍ ആത്മീയയാത്രാ പാക്കേജിനു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. 'മനുഷ്യമനസ്സിനെയും,ആത്മാവിനെയും ഒരുപോലെ ശുദ്ധീകരിക്ക പ്പെടുന്ന ഇത്തരം പദ്ധതികള്‍നടപ്പിലാക്കിയാല്‍ ശബരിമല,എരുമേലി പോലുള്ള പ്രകൃതയുടെ മടിത്തട്ടിലേക്ക് വിദേശ സഞ്ചാരികളുടെ ഹൃദയം കവരാന്‍ സാധിക്കും.ഒപ്പം എരുമേലി യോട് ചേര്‍ന്ന് കിടക്കുന്ന 'പെരുന്തേനരുവി 'പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോകത്തിനു മുമ്പില്‍ എത്തിക്കാന്‍ സാധിക്കും

പെരുന്തേനരുവി

രണ്ടു വ്യത്യസ്ത മത സ്ഥാപനങ്ങള്‍ മുഖാമുഖം നില്‍ക്കുന്നു. അതിലൂടെ ജനസഹസ്രങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ മുമ്പും, ഇന്നും ഇതൊരു അപൂര്‍വമായ കാഴ്ചയാണ്. സ്വന്തം പുറം തോടുകള്‍ ഭേദിച്ച് പുറത്ത് കടക്കാനാവാത്ത മത സമൂഹങ്ങളുടെ ഉഷ്ണ മേഖലയില്‍ കഴിയുന്നവര്‍ക്ക്
മനസ്സിലാകുമോ, ഇവിടുത്തെ വിലക്കുകളില്ലാത്ത വിശ്വാസങ്ങളുടെ കുളിര്‍മ. ബാങ്ക് വിളിക്കൊപ്പം ,ശരണ മന്ത്രങ്ങള്‍ ഉയരുന്ന ഈശ്വര സന്നിധിയുടെ വിശുദ്ധി.മത രാഷ്ട്രീയങ്ങള്‍ വളരാത്ത ഭൂമികയാണ് എരുമേലി.പലപ്പോഴായി ഇന്ത്യ വര്‍ഗീയ കലാപങ്ങള്‍ ആഘോഷിച്ചപ്പോള്‍ അതിന്റെ പേരില്‍ ഒരു ജാഥ പോലും സംഘടിപ്പിച്ചിട്ടില്ല ഈ ജനങ്ങള്‍.ഭരണഘടന യിലെ 'മതേതരത്വം'എന്ന ഗ്രന്ഥ വരികളെ ചൈതന്യമുള്ള ഫ്രൈമുകള്‍ ആക്കുകയാണ് എരുമേലി യിലെ ജന സമൂഹം.സുഭദ്ര

സുഭദ്രയുടെ ലോകം ആ തറവാടും അതിനോട് ചേര്‍ന്ന കുറെ പറമ്പും ആയിരുന്നു. ഏഴാം ക്ലാസ്സിലെ പഠിപ്പു കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു -
 'ഇനി  നിര്‍ത്യേക്വ',   ഇതന്നെ ധാരാളം.  ഭാഗവതം കൂട്ടി വായിക്കാനറിഞ്ഞൂടെ കുട്ടിക്ക്........?
 "ഉവ്വ് ".
അവള്‍ക്കു പരാതിയില്ലായിരുന്നു.  കൂടുതല്‍ പഠിച്ചിട്ട് എന്താ വിശേഷം. പത്തായപ്പുരേല് നെല്ലളക്കാന്‍ നാല് തന്നെ ധാരാളം. അന്നിട്ടും പഠിപ്പിച്ചില്ലേ ഏഴുവരെ..........വടക്കെതിലെ നാണീടെ മോള് രമണി കോളജില്‍ പഠിച്ച കുട്ട്യാണ്. എന്താരുന്നു പത്രാസ്. ഒടുവില് കഞ്ഞിക്ക് വകയില്ലാണ്ടായപ്പോ അടുക്കള  പണിയ്ക്ക് വന്നു. അത്രന്നെ പെണ്‍കുട്ട്യോളുടെ കാര്യം.അങ്ങാടീന്നു  സാധനം പൊതിഞ്ഞു വരുന്ന പത്രക്കടലാസുകള്‍ അക്ഷരം വിടാതെ രമണി വായിക്കുന്നത് കാണുമ്പോള്‍ ഇത്തിരി അസൂയ തോന്നീട്ടുണ്ട്. ഒരിക്കല്‍ അവള്‍ പറഞ്ഞു -' ഇറാക്കില്‍ യുദ്ധം വരുകാണത്രേ ..., സുഭദ്രയ്ക്ക് ഒന്നും മനസ്സിലായില്ല, അവള്‍ ചോദിച്ചു " ഇറാക്ക് ന്നു വച്ചാലെന്താ ...?
അത് കേട്ടപ്പോള്‍ രമണി പൊട്ടി പൊട്ടി ചിരിച്ചു.
"സുഭദ്ര ക്കുട്ട്യെ ഞാന്‍ കുറെ കാര്യങ്ങള്‍ പഠിപ്പിക്കണോണ്ട്," രമണി പറഞ്ഞു.-
"നിക്കിനീം ഒന്നും പഠിക്കേണ്ട".
'കല്യാണം കഴിച്ചുപോകുമ്പോ മാധവന്‍ നായരോട് എന്തെങ്കിലുമൊക്കെ മിണ്ടി പറേണങ്കിലെ തലേ വല്ലോംവേണം'. പഠിപ്പുള്ള ആളാ. അത് മറക്കണ്ടാ ....
കുട്ടിക്ക് വേറൊന്നും പറയാനില്ലേ ...? സുഭദ്ര ഈര്‍ഷ്യയോടെ ചോദിച്ചു.

മാധവന്‍ സുഭദ്രയുടെ മുറചെറുക്കനാണ്. സുഭദ്ര അയാള്‍ക്കുള്ളതാണെന്ന് അവളുടെ അമ്മ ഇടയ്ക്കിടയ്ക്ക്പണിക്കാരോട് പറഞ്ഞു കൊണ്ടിരുന്നു. ചില രാത്രികളില്‍ ഇതേ ചൊല്ലി സുഭദ്രയുടെ അച്ഛനും അമ്മയും വഴക്കടിക്കുന്നത് മറഞ്ഞു നിന്ന് കേള്‍ക്കുന്ന പണിക്കാര്‍ കുളക്കടവില്‍ പറഞ്ഞു രസിക്കാറുണ്ടായിരുന്നു.
സുഭദ്രയുടെ അച്ഛന് അവളെ പട്ടണത്തില്‍ വിവാഹം ചെയ്തു കൊടുക്കാന്‍ ആയിരുന്നു താല്പര്യം.
'മാധവനെ കുട്ടിക്ക്ഇഷ്ടമല്ലേ', രമണി ചോദിച്ചു.'ങ്ഹാ , എനിക്കറിയില്ല.
"സ്വന്തമായിട്ട് അഭിപ്രായമില്ലാത്തതാണു ഒന്നോര്‍ത്താല്‍ നല്ലത്. കണക്ക് കൂട്ടലുകള്‍ തെറ്റീന്ന് ഖേദിക്കേണ്ടി
വരില്ലല്ലോ". രമണി പറഞ്ഞു.ഒരു ദിവസം മാധവനോട് സുഭദ്രയുടെ അച്ഛന്‍ പറഞ്ഞു.  സുഭദ്രയ്ക്കുള്ള പണ്ടങ്ങളും പട്ടുസാരിയും വാങ്ങണം. അത് ഞാന്‍ മാധവനെ ഏല്‍പ്പിക്കുന്നു.സുഭദ്രയേം കൂട്ടിക്കോളൂ ...
പട്ടു സാരികള്‍ വാങ്ങുമ്പോള്‍ മാധവന്‍ പറഞ്ഞു.-"ഈ മഞ്ഞപട്ടു നിനക്ക് നന്നായി ഇണങ്ങും".അവള്‍ പറഞ്ഞു. 'എല്ലാം മാധവേട്ടന്റെ ഇഷ്ടം'.അവര്‍ പണ്ടവും,വസ്ത്രങ്ങളും വാങ്ങി മടങ്ങി വന്നപ്പോള്‍ സുഭദ്രയുടെ അച്ഛന്‍ മാധവന്റെ മുമ്പില്‍,കുറെ ഫോട്ടോകള്‍ നിരത്തിയിട്ട് പറഞ്ഞു. നിനക്കെ അറിയൂ,ഇതില്‍ ഏതാണ്  സുഭദ്രയ്ക്ക് ഏറ്റവും ചേര്‍ച്ച.മാധവന്‍ നോക്കി. അതില്‍ അയാളുടെ ഫോട്ടോ മാത്രം ഇല്ലായിരുന്നു. 

എന്റെ ഗുരുനാഥന്‍


സ്കൂളില്‍ പഠിക്കുമ്പോള്‍ കവിതകളോടായിരുന്നു ഭ്രമം. ആശാന്‍,വള്ളത്തോള്‍, ചങ്ങമ്പുഴ തുടങ്ങിയ കവികളെ അനുകരിച്ചു ഞാനുംവൃത്തനിബദ്ധമായി കവിതകള്‍ എഴുതിയിരുന്നു. അതെല്ലാം മലയാളം
അദ്ധ്യാപകനായിരുന്ന ശ്രീ എം.എസ് .വര്‍ക്കി സാറിനെ കാണിക്കും. അദ്ദേഹം തിരുത്തലുകള്‍ നടത്തി മടക്കി തരുമെന്കിലും വീണ്ടും എഴുതാനുള്ള പ്രോല്‍സാഹനം കിട്ടിയിരുന്നില്ല. എനിക്ക് അദ്ദേഹത്തോട് കടുത്ത ആരാധന തോന്നിയിരുന്നു. അത് അദ്ദേഹത്തിന്റെ നര്‍മ്മ
ബോധവും ,കെട്ടിലും മട്ടിലും നിറഞ്ഞു നിന്നിരുന്ന മലയാളിത്തം കൊണ്ടായിരിക്കണം. കോളജില്‍ വച്ചാണ് ശ്രീ,ടോണി മാത്യൂ എന്ന അധ്യാപകനെ പരിചയപ്പെട്ടത്. അത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.എഴുത്തിലും, ചിന്തയിലും അദ്ദേഹം എന്നെ അഗാധമായി സ്വാധീനിച്ചു.ആള്‍ക്കൂട്ടത്തില്‍ അദ്ദേഹം തിരിച്ചറിയപ്പെടുന്ന ഒരു വ്യക്തിആയിരുന്നു.ഹൃദയംമനനംചെയ്തെടുക്കുന്നക്രാന്ത ദര്‍ശിത്വംനിറഞ്ഞകണ്ണുകളും,വാക്കിനുംഅര്‍ത്ഥ
ത്തിനും അപ്പുറത്തെ മാലിന്യലേശമില്ലാത്ത സംഭാഷണ ചാതുര്യവും,നര്‍മത്തിന്റെ ഉച്ഛസ്ഥായിയിലെ പിടുത്തവും ,ലളിത വസ്ത്രധാരണവും,കൊണ്ട് അദ്ദേഹം മറ്റുള്ളവരുടെ ഹൃദയത്തെ കീഴടക്കിയിരുന്നു. വലിയൊരുശിഷ്യ സമ്പത്ത് അദ്ദേഹത്തിനു ഉണ്ടായിരുന്നു.ഏത് ദേശത്ത് പോയാലും ഒരു വലിയ ശിഷ്യഗണം അദ്ദേഹത്തെ ചുറ്റപ്പെട്ടിരുന്നു. ഹൈന്ദവ ദര്‍ശനങ്ങളില്‍ അഗാധ പണ്ഡിതനായിരുന്ന എന്റെ ഗുരു നാഥന്‍ക്ഷേത്രങ്ങളില്‍ പ്രഭാഷണത്തിനു എത്തി എന്നറിഞ്ഞാല്‍ ശിഷ്യന്മാരുടെ ഒരു പടതന്നെ അവിടെ സമ്മേളിച്ചിരുന്നു. ഞങ്ങളെ പരസ്പ്പരം ബന്ധിച്ചത്, ഹൈന്ദവതയോടുള്ള എന്റെ താല്പര്യം ആയിരിക്കണം .അല്ലെങ്കില്‍ 'കണ്ടുമുട്ടുക' എന്ന ജീവിത നിയോഗം ആയിരിക്കും.കൂടുതല്‍ സൌകര്യങ്ങളുള്ള ഒരു കോളേജ്‌
ഉപേക്ഷിച്ചു ഇവിടെ അദ്ദേഹം പഠിപ്പിച്ചിരുന്ന കോളജില്‍ വരാനുള്ള കാരണം ചിലപ്പോള്‍ അതായിരിക്കാം.പലപ്പോഴും മാനസിക പിരിമുറക്കം അനുഭവ പ്പെടുന്ന സമയങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ 'ഹരി ശ്രീ'എന്ന വസതിയില്‍,പക്ഷികള്‍ക്ക് വേണ്ടി വളര്‍ത്തുന്ന പേര മരത്തിന്റെ ചുവട്ടില്‍ ദീര്‍ഘ നേരം ചെലവഴിച്ചിരുന്നു. അവിടെസ്വച്ഛന്ത വിഹാരം നടത്തിയവരില്‍ ചിലര്‍ കത്തുകള്‍ എഴുതുമ്പോള്‍'ഹരിശ്രീ ആശ്രമം'എന്ന് കുറിച്ചിരുന്നു. ഞങ്ങളോടൊപ്പം അദ്ദേഹം നടത്തിയ ശബരിമല യാത്ര അവിസ്മരണീയമായിരുന്നു. ശിഷ്യന്മാരുടെ നടുവില്‍ ഒരു ആചാര്യന്‍ കാടുകള്‍ താണ്ടുന്ന കാഴ്ച  പുരാതനമായ ഏതോ പ്രവാചക ലോകത്തേക്ക് എന്നെ കൊണ്ടുപോയി. പലപ്പോഴും അദ്ദേഹത്തിന്റെ തിരു മൊഴിയില്‍ കാലം ഒഴുകി പോണത് അറിഞ്ഞിരുന്നില്ല.ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ ഞാന്‍ ഒരു സുഹൃത്തുമായി ഹരി ശ്രീയില്‍എത്തി. സംഭാഷണം അവസാനിച്ചപ്പോള്‍  ഒടുവിലത്തെ വണ്ടിയും പോയിരുന്നു.അര്‍ദ്ധ രാത്രിയില്‍ പത്തൊന്‍പതു കിലോമീറ്റര്‍ അന്ന് ഞങ്ങള്‍ക്ക് നടക്കേണ്ടി വന്നു. എഴുതുന്നതിനെ ക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു.ധാരാളംവായിക്കുക  വേണമെങ്കില്‍ മാത്രം ഒടുവില്‍ എഴുതുക.  അതാണ്‌ ഇന്നും
എനിക്ക് എഴുത്തിന്റെ കാര്യത്തില്‍ "ഹരി ശ്രീ".

ഒരു പ്രേത കഥ .......

ഭൂതവും, പ്രേതവും ഒക്കെ മനുഷ്യനെ പിടിച്ചു തിന്നും എന്ന് വിശ്വസിച്ചിരുന്നഒരുകാലം .എല്ലാരാത്രികളിലും പിശാചുക്കള്‍ ഇരുളിന്റെ മറവില്‍ നിന്ന് എന്നെ തുറിച്ചുനോക്കുന്നതായിഎനിക്ക് തോന്നി..അതുകൊണ്ട് ,സന്ധ്യ കഴിഞ്ഞാല്‍ ഞാന്‍ പുറത്തിറങ്ങിയിരുന്നില്ലെന്നു മാത്രമല്ല,വീടിനുള്ളില്‍ പോലും തനിച്ചിരിക്കാന്‍ഭയമായിരുന്നു. ഞങ്ങളുടെ വീടിനു തെക്ക് വശത്തുള്ള തെങ്ങിന്‍ ചുവട്ടില്‍ മുമ്പ് ഒരു ബൈക്ക് യാത്രക്കാരന്‍ വീണു മരിച്ചിട്ടുണ്ടെന്ന്  വല്യമ്മ ഇടയ്ക്ക് പറയുമായിരുന്നു,ഏതോ ബസ്സ്‌ ഇടിച്ചു തെറിപ്പിച്ചതാണത്രെ....!ചില രാത്രികളില്‍ തൊഴുത്തില്‍ പശുക്കള്‍ ശബ്ദമുണ്ടാക്കുമ്പോള്‍ ,അത് പിശാചിനെ കാണുന്നത് കൊണ്ടാണെന്ന് അവര്‍ പറഞ്ഞിരുന്നു.ഞാന്‍ ചിലപ്പോള്‍ രാത്രി കാലങ്ങളില്‍
ജനാലയിലൂടെ തെങ്ങിന്‍ ചുവട്ടിലേക്ക്‌ ഭയത്തോടെ നോക്കിയിരുന്നു. കൌമാര ത്തിലേക്ക് പ്രവേശിച്ചപ്പോഴും എന്നോടൊപ്പം പ്രേതസങ്കല്‍പ്പങ്ങളും വളര്‍ന്നു കൊണ്ടിരുന്നു.സ്കൂളില്‍ പോകുന്നത് ഒഴിച്ചാല്‍ പുറത്തേക്ക് പോകാന്‍ വീട്ടില്‍ നിന്ന് അനുവാദം ഉണ്ടായിരുന്നില്ല .വല്ലപ്പോഴും ഒരു സിനിമ കാണാന്‍ ,
ഞങ്ങളുടെ വീട്ടില്‍  ജോലിക്ക് വരുന്ന ഒരു 'പാറുവമ്മ'യോടോപ്പമാണ് എന്നെ അയച്ചിരുന്നത്..എല്ലാവെള്ളിയാഴ്ചകളിലുംസിനിമകാണല്‍അവരുടെഒരുശീലമായിമാറിയിരുന്നു.അക്കാലത്ത്ഒരുവൈകുന്നേരം,എന്റെ അയല്‍ക്കാരനും സഹപാഠിയുമായ കൂട്ടുകാരന്‍ എന്നെയും കൂട്ടി ടൌണില്‍ പോയി.അവര്‍ക്ക് ഇറച്ചി ക്കച്ചവടം ഉണ്ട്.ടൌണിലെ ചായക്കടകളില്‍ ഇറച്ചി കൊടുക്കുന്നതിന്റെ പണം പിരിക്കല്‍ അവന്റെ ജോലി ആയിരുന്നു.പതിവായി ഹോട്ടലുകളില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ വിവരണം പിറ്റേന്ന് സ്കൂളില്‍ പോകുന്ന വഴിക്കാണ് വിളമ്പുന്നത് .ഒരിക്കല്‍അവന്‍പറഞ്ഞു.'എന്റെകൂടെവന്നാല്‍ഭക്ഷണംവാങ്ങിതരാം .അങ്ങനെയാണ്ഞാനുംപുറപ്പെട്ടത്‌.പിരിവുകഴിഞ്ഞു,ഭക്ഷണവും കഴിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു 'നമുക്ക് ഒരു സിനിമ കണ്ടാലോ...?ഞങ്ങള്‍ സിനിമയ്ക്ക് കയറി. .മഴക്കാലമാണ് .കര്‍ക്കിടകത്തിലെ പെയ്തു തോരാത്ത മഴ.സിനിമ തുടങ്ങിയപ്പോഴാണ് അറിയുന്നത്, യക്ഷിക്കഥയാണ് ,'മോര്‍ച്ചറി '.ഞങ്ങളുടെ ധൈര്യം പതുക്കെ ചോര്‍ന്നു തുടങ്ങി.ഇടവേള ആയപ്പോള്‍ 'ഇപ്പൊ വരാം'എന്ന് പറഞ്ഞു അവന്‍പുറത്തേക്കു പോയി.സിനിമ തിടങ്ങിയിട്ടും അവന്‍ വന്നില്ല . എന്റെ ചങ്ക് ഇടിക്കാന്‍ തുടങ്ങി. ബന്ധുക്കരോടൊപ്പം അവന്‍ വീട്ടിലേക്കു മടങ്ങിയിരുന്നു. ഇതിനിടെ കറന്റ് പോയിരുന്നു . സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍  കുറ്റാക്കുറ്റിരുട്ട് .ടൌണില്‍ എങ്ങും ആരുമില്ല.മിക്കകടകളുംഅടച്ചു.വീട്ടിലേക്കുള്ളവഴിയില്‍കുറച്ചുദൂരംവീടുകള്‍ഉണ്ട്.അത്കഴിഞ്ഞാല്‍കാട്ടുപൊന്തയാണ് .അവിടെ ഒരുപാട് ദുര്‍ മരണങ്ങള്‍ നടന്നിട്ടുള്ളതാണ് .പല കഥകളും മനസ്സില്‍ നുരഞ്ഞു വന്നു.രണ്ടും കല്‍പ്പിച്ചു  ഞാന്‍ മഴയത്ത് ഇറങ്ങി നടന്നു.വീടുകളില്‍ ഒന്നും വെളിച്ചമില്ല.ഈ പ്രപഞ്ചത്തില്‍ ഞാന്‍ ഒറ്റപ്പെട്ട പ്രതീതി.വീടുകള്‍ അവസാനിക്കുന്ന വഴി വരെ ഞാന്‍ നടന്നു.ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു കുറച്ചു നേരം അവിടെനിന്നു.ഒടുവില്‍, ചെരുപ്പ് രണ്ടും ഊരിപ്പിടിച്ചു.ഒറ്റ ഓട്ടം.
ആ ഓട്ടത്തിന്റെ കിതപ്പ് ഇപ്പോഴും മാറിയിട്ടില്ല.