Followers

മന്ത്രി സഭയ്ക്കും 'പിള്ള ദോഷം 'കേരള പ്പിറവി ദിനം കരിദിനമായി ആചരിക്കണം എന്നാണു എന്റെ വ്യക്തി പരമായ അഭിപ്രായം . ഇതില്‍ രാഷ്ട്രീയം ഒന്നുമില്ല. വായനക്കാര്‍ ആരോപിക്കയുമരുത്. ഇന്ത്യന്‍ ഭരണ ഘടനയെയും, ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയെയും, അംഗീകരിക്കുകയും ,ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പൌരന്‍ എന്ന നിലയില്‍ പറഞ്ഞു പോകുന്നതാണ്. സുപ്രീം കോടതി കുറ്റക്കാരനാ ക്കി ജയിലിലടച്ച ഒരു വ്യക്തിയെ ഓരോ കാരണങ്ങള്‍ പറഞ്ഞു സ്വതന്ത്രനാക്കാന്‍ ഭരണ കൂടം കാണിക്കുന്ന ശുഷ്ക്കാന്തി ക്കെതിരെയാണ് കരി ദിനം ആചരിക്കേണ്ടത്.  2011 ഫെബ്രുവരി 18 ജയിലിലായ ബാല കൃഷ്ണ പിള്ള ഓരോ കാരണം പറഞ്ഞു ശിക്ഷയില്‍ നിന്ന് വഴുതി മാറുന്നതാണ് നാം കണ്ടത്. ശാരീരിക അസ്വാസ്ഥ്യം മുതല്‍ നൂറു കൂട്ടം കാരണങ്ങള്‍ നിരത്തി ശിക്ഷാ കാലയളവ്‌ ആഡംബര ഹോട്ടലുകളിലും ആശുപത്രികളിലുമായി കഴിച്ചു കൂട്ടുകയാണ്  അദ്ദേഹം ചെയ്തത്. പൊതുമുതല്‍ കൊള്ളയടിക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് കടുത്ത കുറ്റം തന്നെയാണ്. ഇത് സുപ്രീം കോടതിയുടെ കണ്ടെത്തലാണ്. അതിനിടയില്‍ ശിക്ഷാ കാലത്ത് നിയമ ലംഘനം നടത്തി നാല് ദിവസം കൂടി ശിക്ഷാ കാലാവധി വര്‍ധിപ്പിച്ചു.

ഭരണ കക്ഷിയുടെ 'വാല്‍' ആയതു കൊണ്ട്  ഒളിഞ്ഞും തെളിഞ്ഞും ഉമ്മന്‍ ചാണ്ടി പിള്ളയെ സഹായിക്കുന്നുണ്ട്.  അതിവിടുത്തെ ഏതു പോലീസിനും അറിവുള്ള കാര്യമാണ്. പക്ഷെ, വളരെ ദുര്‍ബലമായ ഒരു ഭൂരി പക്ഷത്തില്‍ ഭരണം നടത്തുന്ന ഈ മന്ത്രിസഭയെ 'പിള്ള ദോഷം' എന്ന ബാലാരിഷ്ടത  കുറച്ചൊന്നു മല്ല കഷ്ട പ്പെടുത്തുന്നത്.  ബാല കൃഷ്ണ പിള്ളയ്ക്ക് സൌകര്യങ്ങള്‍ ഒരുക്കി കൊടുത്തതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ വടക്കൊരു 'പിള്ള ' പിള്ളേരുടെ നേരെ തോക്ക് ചൂണ്ടിയത്.  അങ്ങനെ വീണ്ടും വല്ലാത്തൊരു പുലിവാലില്‍ പിടിക്കേണ്ടി വന്നു മുഖ്യ മന്ത്രിക്ക്. ഒന്നോര്‍ത്താല്‍ അദ്ദേഹത്തെ സമ്മതിച്ചു കൊടുക്കണം.  ഒരു ഈര്‍ക്കിലി കനത്തിന്റെ ബലത്തില്‍ ഇത്രയും പേരെ മെരുക്കി കൊണ്ട് പോകുന്നതു ചെറിയ കാര്യമല്ല. ഈ മന്ത്രി സഭ ദീര്‍ഘായുസ്സോടെ ഇരുന്നാല്‍ പിരിഞ്ഞു പോകുമ്പോള്‍ മുഖ്യ മന്ത്രിക്ക്  ധീരതയ്ക്കോ, സമാധാനത്തിനോ ഉള്ള ഏതെങ്കിലും വിലപ്പെട്ട ബഹുമതി നല്‍കി ആദരിക്കണം.ബാല കൃഷ്ണ പിള്ള അകത്തു കിടന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ , മകന്‍ പുറത്ത്, പുതിയ തല വേദനകള്‍ വേറെ ഉണ്ടാക്കുന്നു. ഇതൊന്നും അവരുടെ കുറ്റമല്ല . മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നിക്കുമോ എന്ന് പഴമക്കാര്‍ ചോദിക്കുന്നത് പോലെ ' പിള്ള ദോഷം ' ഒഴിയാതെ  ഈ മന്ത്രി സഭ നേരെ ആവില്ല എന്നതായിരിക്കും വിഷു ഫലം . ഇനി ചില ആഭ്യന്തരം.  ഞങ്ങള്‍ അഞ്ചു വര്‍ഷവും തീര്‍ത്തു ഭരിക്കും എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ,അവര്‍ക്ക് പോലും ഉറപ്പില്ല ഈ വണ്ടി ,എത്ര കാലം ,എത്ര ദൂരം ഓടുമെന്ന കാര്യത്തില്‍. അഥവാ ഓടിയാല്‍ തന്നെ ഡ്രൈവറെ മാറ്റണം എന്ന്  ആര്‍ക്കെങ്കിലും തോന്നിയാലോ..........? തേടി എങ്ങും പോകേണ്ട കാര്യവും ഇല്ലല്ലോ. ഇരിപ്പിടം ഒന്ന് മാറണം എന്ന് മാത്രമല്ലേ ഉള്ളൂ. ഒരിക്കല്‍ രമേശ്‌ ചെന്നിത്തലയോടെ ഏഷ്യാ നെറ്റ് ചോദിച്ചു , ഒരു അഭിമുഖത്തില്‍, മുഖ്യമന്ത്രി സ്ഥാനം കിട്ടിയാല്‍ സ്വീകരിക്കുമോ എന്ന്. അദ്ദേഹം അര്‍ദ്ധ ഗര്‍ഭമായി ഒന്ന് ചിരിച്ചു. അദ്ദേഹം മുഖ്യ മന്ത്രി സ്ഥാനം അലങ്കരിച്ചാല്‍ എന്താ കുഴപ്പം എന്ന് ഞാന്‍ ആലോചിച്ചു പോയി അന്നേരം .അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ഒരു കരുണാകര യുഗം കേരളത്തില്‍ വന്നു കൂടായ്കയില്ല.ചിത്രങ്ങള്‍ക്ക്  ഗൂഗിളിനോടും, ദേശാഭിമാനിയോടും കടപ്പാട്.

ഒരു തേനും ഒരു തീയുംഒരുത്തന്‍ എന്നാല്‍ ഒരു 'തേന്‍ ', ഒരുത്തിയോ  ഒരു 'തീ' യും. ഇത് ഞാന്‍ പറഞ്ഞതല്ല. ഇതിന്റെ പേരില്‍ ഇനി മാന്യ സ്ത്രീ പക്ഷ വാദികള്‍ പ്രക്ഷോപണം ഉണ്ടാക്കരുത്. കോളജിലെ വിരസമായ സംസ്കൃതം ക്ലാസ്സില്‍ കുട്ടികളെ ഉഷാറാക്കാന്‍ വേണ്ടി പ്രൊഫസ്സര്‍ തങ്കപ്പന്‍ സര്‍ കൊളുത്തിയ ഒരു നേരം പോക്കാണ്. ഇത് കേട്ട് ആണ്‍കുട്ടികള്‍ ആരും ഞെളിഞ്ഞുമില്ല, പെണ്‍കുട്ടികള്‍ മുഖം കുനിച്ചുമില്ല. അന്ന് അദ്ദേഹം അതൊരു തമാശയായി പറഞ്ഞതാണെങ്കിലും ജീവിതത്തിന്റെ നേര്‍ക്കാഴ്ചയില്‍ തമാശയ്ക്കപ്പുറം അതില്‍ ചില സത്യങ്ങളും ഇല്ലേ എന്ന് സംശയിക്കുന്നു.ഒരുത്തന്‍ എന്ന തേന്‍ കണം ഒഴിവാക്കാം  (മാന്യ  മഹിളകളുടെ സന്തോഷത്തിനു വേണ്ടി ), പക്ഷെ ഒരുത്തി യിലെ ' തീ' നിഷേധിക്കാന്‍ പറ്റുന്നില്ല. അത് തീ തന്നെയാണ് .തൊട്ടാല്‍ പൊള്ളുന്ന തീ.

സ്ത്രീ എന്ന പാവനമായ തീ ആദ്യം പൊള്ളിച്ചത് ഏദന്‍ തോട്ടത്തില്‍ വച്ചാണ്. ആണിന്റെ പ്രതിപുരുഷനായ ആദത്തിനെ .അതോടെ അവിടെ നിന്ന് പുറത്താക്കപ്പെട്ടു.അവിടെ മുതല്‍ ഇങ്ങോട്ട് പല രൂപത്തിലും ഭാവത്തിലും തീ തേന്‍ കണത്തിനു പൊള്ളല്‍ ഏല്‍പ്പിച്ചു കൊണ്ട്  സമസ്ത മേഖലകളിലും വിലസുന്നു. 'സീത' എന്ന തീ   പത്ത് മനുഷ്യന്റെ ബുദ്ധിയും, ആരോഗ്യവുമുള്ള സാക്ഷാല്‍  ലങ്കാ പതിയെ പൊള്ളിച്ചു കൊണ്ട് ഇതിഹാസത്തില്‍ സ്ഥാനം പിടിച്ചു. പക്ഷെ രാമന്‍ മിടുക്കനായിരുന്നു. തീ കൊണ്ട് തന്നെ തീയെ പരീക്ഷിച്ചു. അവിടെ ഇത്തിരി പുരുഷ മേധാവിത്വം കടന്നു കൂടിയില്ലേ എന്ന് സംശയമുണ്ട്‌. പക്ഷെ സ്ത്രീ വാദികള്‍ ഇതിഹാസത്തെ തൊട്ടു കളിക്കില്ല.ദൈവം, ദൈവാവതാരങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇന്നും അവര്‍ക്ക് ഭയമാണ്.
എന്നെ ക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്  കഴിഞ്ഞദിവസം നിയമസഭയില്‍ രണ്ടു എം.എല്‍.എ  മാര്‍ക്ക് പൊള്ളലേറ്റ സംഭവമാണ്.ടി.വി . രാജേഷും, ജയിംസ് മാത്യൂവും.കുറച്ചു നേരമെങ്കിലും അവര്‍ ബര്‍ നോളും പുരട്ടി പുറത്ത് നിന്ന്.  വാച്ച് ആന്‍ഡ്‌ വാര്‍ഡിലെ  തീ രത്നം  വി. എസ്.രജനി കുമാരിയെ തൊട്ടതാണ് വിഷയം. ആരെങ്കിലും അറിഞ്ഞൊണ്ട്  തീയില്‍ ചെന്ന്പിടി ക്കുമോ..... ? പൊട്ടന്മാര്‍ . ബുദ്ധിയുള്ള ആണുങ്ങളാരും തീ കൊണ്ട്  കളിക്കില്ല . ഈക്കാര്യം എം.ടി .വാസുദേവന്‍ നായര്‍ തന്നെ ഓര്‍മി പ്പിച്ചിട്ടുണ്ട്. ആരണ്യകം എന്ന സിനിമയില്‍ .അതിലെ നെടുമുടി  വേണു അവതരിപ്പിച്ച മുത്തശ്ശന്‍ കഥാപാത്രം പറയുന്നുണ്ട് " ആരും തീകൊണ്ട് കളിക്കരുത് ". ഞാന്‍ പറയുന്നത് നുണയാണെന്ന് തോന്നിയാല്‍ നിങ്ങള്‍ ചിത്രം എടുത്തു കണ്ടു നോക്ക്. പണ്ട്, ഉണ്ണിയാര്‍ച്ചയെ കിട്ടാതെ വന്നപ്പോള്‍  ചന്തുവിനെ കൊണ്ട് എം.ടി.തന്നെ തീയുടെ ഹസ്തരേഖ വായിപ്പിച്ചു. മമ്മൂട്ടിയുടെ ശബ്ദത്തില്‍. " നീയടക്കമുള്ള പെണ്‍ വര്‍ഗം മറ്റാരും  കാണാത്തത് കാണും, ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും, മോഹിച്ചു കൊണ്ട് വെറുക്കും".............. കേരള രാഷ്ട്രീയത്തില്‍ ഇമ്മാതിരി തീപ്പൊള്ളലേറ്റ രണ്ടു വ്യക്തികളാണ്, പി.ജെ.ജോസഫും, കുഞ്ഞാലി ക്കുട്ടിയും. ഒരു വൈരുദ്ധാത്മിക ഭൌതിക വാദം എന്നു പറയുന്നത് പോലാണ്‌ കുഞ്ഞാലി കുട്ടിയ്ക്ക് പൊള്ളിയത്‌.  തീ  കൊണ്ട് പൊള്ളുന്നതിനു പകരം ഐസ്ക്രീം കൊണ്ട് പൊള്ളി. പക്ഷെ ആ ഐസ്ക്രീം പിടിച്ചിരുന്ന കൈകള്‍ റജീന എന്ന തീയായിരുന്നു. മന്ത്രിക്കസേരയും പോയി, നാണക്കേടുമായി. പി.ജെ.ജോസഫിനെ സംബന്ധിച്ചിടത്തോളം , മോഹന്‍ ലാലും, ശ്രീനിവാസനും കൂടി 'കുട നന്നാക്കാനുണ്ടോ,...കുട' എന്നു വിളിച്ചു നടക്കുന്നത് പോലെ 'ആരേലും പൊള്ളിക്കാനുണ്ടോ 'എന്നന്വേഷിച്ചു നടക്കുകയാണ്. അല്ലെങ്കില്‍ പിന്നെ  മാനം മര്യാദയ്ക്ക്  ചെന്നയില്‍  നിന്ന് കൊച്ചിക്ക്‌ വന്ന ലക്ഷ്മി ഗോപകുമാര്‍ എന്ന തീയില്‍  ചെന്ന് തൊടുമോ....?(തൊട്ടു,എന്നു അപഖ്യാതി )അതും ആകാശ മാര്‍ഗെ, ഇയാളെന്താ , ലങ്കേശ്വരനോ .....?  ഒടുവില്‍ കൃഷി വകുപ്പും,മന്ത്രി പദവും ഒക്കെ പോയില്ലേ....?

നുള്ളി ക്കൊട്, ചൊല്ലി ക്കൊട് ,തള്ളിക്കള " എന്നൊരു പഴമൊഴി മലയാളത്തില്‍ ഉണ്ട്. പി.ജെ.ജോസെഫിനെ സംബന്ധിച്ച് ഇത് കിറുകൃത്യം. ഒരിക്കല്‍ തീയെ തൊട്ടു കൈ പൊള്ളിയ ആള്‍ പിന്നെയും പിന്നെയും തൊടാന്‍ ചെന്നാല്‍ എന്താ അവസ്ഥ.....? അനുഭവിക്കുക. ഈ മന്ത്രിസഭാ അധികാരത്തില്‍ വരുന്ന സമയം. ദേ, പിന്നേം പി.ജെ , തീയില്‍ തൊട്ടൂന്നു കേരളത്തിലെ 'നല്ലവരായവര്‍ ' വിളിച്ചു പറയുന്നു. നേരിട്ട് തൊട്ടാല്‍ പൊള്ളും എന്നറിയാവുന്നതു കൊണ്ട് ഇത്തവണ എസ്.എം.എസ് കൊണ്ട് തൊടാന്‍ ശ്രമിച്ചൂന്നാണ്  പലരും പറഞ്ഞത്. തൊടുപുഴയിലുള്ള സുരഭി ദാസ് ആണ് ഇത്തവണ തീ രൂപമെടുത്തത്. പി. ജെ .ജോസഫ്‌   അവരുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്ന് പറഞ്ഞു കോടതിയെ സമീപിച്ചു. അശ്ലീലം എന്നു പറയുന്നത് , തീയ്ക്കു - പുക പോലെയാണല്ലോ. അദ്ദേഹത്തെ വീണ്ടും വെള്ളത്തില്‍ മുക്കിച്ചു. കൈപൊള്ളി യാല്‍ അതല്ലേ ചെയ്യേണ്ടത്. പക്ഷെ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ആരൊക്കെയോ ചേര്‍ന്ന് അങ്ങേരുടെ ദേഹത്തേക്ക് തീക്കനലുകള്‍ വാരി ഇടുന്നൂന്നാണ് .

ഇതൊന്നു ഉപസംഹരിക്കണമല്ലോ. അപ്പോള്‍ പറഞ്ഞു വരുന്നത്  അന്ന് അദ്ധ്യാപകന്‍ പറഞ്ഞത് പോലെ  ' ഒരുത്തീ'  എന്നാല്‍ ഒരു തീ എന്നു തന്നെയാണ് വിവക്ഷ. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യം കേരളത്തില്‍ കുറിയേടത്ത് താത്രി  എന്ന" തീ " ഒട്ടനവധി പുരുഷ കേസരികളുടെ ദേഹത്തേക്ക് പടര്‍ന്നു. വിചാരണ സമയത്ത്  അറുപത്തിയഞ്ചു പേരുകള്‍ വരെ വിളിച്ചു പറഞ്ഞപ്പോള്‍ കേട്ട് നിന്ന നാവുകള്‍ " മതീ, .....മതീ .... എന്നു  കെഞ്ചി യത്രേ. എങ്ങനുണ്ട്  ഒരു തീ യുടെ ആളല്‍ . കൌമാര നാളുകളില്‍ എന്റെ മനസ്സില്‍ വന്നു വീണ ഒരു തീ ഇന്നും പുകഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ ഒരു തേനും ,ഒരു തീയും സത്യമായി തീരുന്നു.

നിങ്ങളെന്തിനാണ് അയാളെ പ്രസിദ്ധനാക്കിയത് .....?രാധയും കൃഷ്ണനും എന്ന ശരാശരി നിലവാരം പോലുമില്ലാത്ത ഒരു സിനിമയുമായി  വന്ന സന്തോഷ്‌പണ്ഡിറ്റിനെ മലയാളി യുവാക്കള്‍ പരിഹസിച്ചു പ്രസിദ്ധനാക്കി. യൂറ്റൂബില്‍ ആരും ലജ്ജിക്കുന്ന തരത്തിലുള്ള കമന്റ്റുകള്‍ ഇട്ടു. ഫെയ്സ് ബുക്കില്‍ വ്യാജ അക്കൌണ്ടുകള്‍ ഉണ്ടാക്കി , എന്തിനു അയാള്‍ക്ക്‌ വേണ്ടി ഒരു ബ്ലോഗ്‌ വരെ ക്രിയേറ്റ് ചെയ്തു. എന്നിട്ട് അതിലൂടെ അയാളെ തെറി വിളിച്ചു. ചാനലുകാര്‍ ക്യാമറയ്ക്ക്  മുമ്പില്‍ നിര്‍ത്തി വ്യംഗ്യ ഭാഷയില്‍ തൊലിയുരിച്ചു. ആരാധകരെന്നു തെറ്റി ധരിപ്പിച്ചു ഫോണില്‍ വിളിച്ചു അധിക്ഷേപിച്ചു. അയാളുടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി. ഒരുപിടി വിട്ട വണ്ടി ആണെന്ന് അറിഞ്ഞുകൊണ്ട് മാധ്യമങ്ങള്‍  ഇന്റര്‍വ്യൂ ചെയ്തു. സര്‍, സര്‍, എന്ന് പിറകെ നടന്നു വിളിച്ചു.  എന്തിനായിരുന്നു ഇതൊക്കെ. ഒടുവില്‍ അയാള്‍ അനര്‍ഹമായ പ്രസിദ്ധി കൈവരിച്ചപ്പോള്‍ നിങ്ങള്ക്ക് തോന്നുന്നില്ലേ ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന്.

  ഇന്ന് സന്തോഷ്‌ പണ്ഡിറ്റ് എന്ന് പറഞ്ഞാല്‍ കേരളക്കര അറിയും. വികൃതം  ആണെങ്കിലും രാത്രി ശുഭരാത്രി എന്ന ഗാനം മലയാളികളുടെ നാവിന്‍തുമ്പില്‍ അറിയാതെ വന്നു പോകുന്നു.ഭീമമായ പണം മുടക്കി , തീവ്രമായ കഠിനാധ്വാനം ചെയ്തു നിര്‍മ്മിക്കുന്ന ഒരു സിനിമയേക്കാള്‍ പോപ്പുലാരിട്ടി കൃഷ്ണനും രാധയും നേടിയെടുത്തു. യൂ ട്യൂബുകാര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. കുറഞ്ഞ സമയം കൊണ്ട് ഇരുപത്തി യഞ്ചു ലക്ഷം കമന്റു നേടിയ വ്യക്ത്തിയെ ക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.ഓരോ അഞ്ചു മിനിട്ടിലും അറുപതോളം മിസ്സ്ഡ് കോള്‍ അയാളുടെ ഫോണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇതൊന്നും നില നില്‍ക്കുന്നതല്ലെങ്കിലും ഇത്തരം ഒരു പ്രളയം ഉണ്ടാക്കി എടുത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നമ്മുടെ " യൂത്ത് " നു തന്നെ.

 ഇനി സന്തോഷ്‌ പണ്ഡിറ്റ് പറയുന്നത് ശ്രദ്ധിക്കാം. "പലരും,വിഡ്ഢിവേഷം കെട്ടിക്കുന്നതും, അസഭ്യം പറയുന്നതും,നിറ ചിരിയോടെയാണ്‌ ഞാന്‍ കേട്ട് നിന്നത്. അതായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ പബ്ലിസിറ്റി" . ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ പരസ്പ്പര വിരുദ്ധമായി പറയുന്ന കാര്യങ്ങള്‍  ആവര്‍ത്തിച്ചു കേള്‍പ്പിക്കുക ,മഹത് വചനങ്ങള്‍ക്ക് " എക്കോ " കൊടുക്കുക,എന്ന് വേണ്ട നല്‍കാവുന്ന പബ്ലിസിറ്റി മുഴുവനും മീഡിയ നല്‍കി.അങ്ങനെ ഒരു മോശം സിനിമയെ വിജയിപ്പിക്കുന്ന ദൌത്യം ചെറുപ്പക്കാരും ,മീഡിയയും കൂടി ഏറ്റെടുത്തു.


യുവാക്കളെ ഹരം കൊള്ളിച്ച ഘടകങ്ങള്‍  
സന്തോഷ്‌ പണ്ഡിറ്റിന്റെ ബോഡി ലാന്ഗുവേജ് ഒരിക്കലും നായക വേഷം ചെയ്യാന്‍ പറ്റുന്നതല്ല. ഗ്ലാമറോ , ആകാര സൌഷ്ഠതയോ ഇല്ല. അങ്ങനെയുള്ള ഒരാള്‍ ഒരു സുപ്രഭാതത്തില്‍ നായകന്‍ ചമഞ്ഞു കുറെ പെണ്‍കുട്ടികളുമായി , ഒരു ഓടക്കുഴലും പിടിച്ചു വന്നാല്‍ ചെറുപ്പക്കാര്‍ പിള്ളേര്‍ എങ്ങനെ സഹിക്കും.ഇവിടെ ഗ്ലാമറുള്ള പൃഥിരാജ്  ആള് കളിക്കാന്‍ നോക്കീട്ടു സമ്മതിച്ചു കൊടുത്തിട്ടില്ല . പിന്നല്ലേ ഒന്നുമില്ലാത്ത ഈ പുതുമുഖം. വന്ന പാടെ 'ധീരോധാത്തന്‍' എല്ലാ മേഖലകളും അങ്ങ് ഏറ്റെടുത്തു. 'പണ്ടേ ദുര്‍ബല , ഇപ്പൊ ഗര്‍ഭിണീം' എന്നു പറഞ്ഞ പോലെ തൊട്ട തെല്ലാം വികൃതമാക്കുകയും ചെയ്തു. യൌവ്വന യുക്തകളായ പെണ്‍കുട്ടികളെ പൊക്കിയെടുത്ത് കാണിക്കുന്ന കസര്‍ത്ത് നമ്മുടെ യുവ ജനതയ്ക്ക് സഹിക്കുമോ. അതും  പെണ്‍കുട്ടികളുടെ മുഖത്ത് നോക്കിയാല്‍ കണ്ണില്‍ കുത്തുന്ന ഈ കാലത്ത്. യുവാക്കള്‍ ഇളകി. ഇത് ശുദ്ധ ആഭാസം ആണെന്നങ്ങു വച്ച് കാച്ചി. ( കിന്നാരത്തുമ്പികള്‍ കണ്ടിട്ട് സദാചാര ബോധം നഷ്ടപ്പെടാത്തവര്‍ ആണെന്നോര്‍ക്കണം ). തന്റെ പോരായ്മകളെ ക്കുറിച്ച് ചിന്തിക്കാതെ പണ്ഡിറ്റ്‌ കാണിച്ചു കൂട്ടിയ കോപ്രായ ത്തരങ്ങളാണ് ചെറുപ്പക്കാരെ   വെറളി  പിടിപ്പിച്ചത്.അരോചകങ്ങളായ ഗാനാലാപനം ജനങ്ങള്‍ ഏറ്റെടുത്തു. ഗായകരല്ലാത്തവര്‍ ഇതിനു മുമ്പും സിനിമയില്‍ പാടിയിട്ടുണ്ട്. ഒരു പൈങ്കിളിക്കഥ യില്‍ ബാലചന്ദ്ര മേനോന്‍ പാടിയിട്ടുണ്ട്. മോഹന്‍ ലാല്‍ പാടിയിട്ടുണ്ട്. അതിനെല്ലാം ഒരു പരിഗണന ഉണ്ടായിരുന്നു. എവിടെ നിന്നോ വന്ന ഒരാള്‍ കാണിക്കുന്ന വണ്മാന്‍ ഷോ ചെറുപ്പക്കാരുടെ സഹന ശക്തിയെ തകര്‍ത്തു. അവര്‍ പ്രതികരിച്ചു.


സന്തോഷ്‌ പണ്ഡിറ്റ്‌  നല്‍കിയ ഇന്റര്‍വ്യൂ പോലും മീഡിയകള്‍ ആഘോഷിച്ചു. എന്തു പറയണം, എന്തു പറയരുത് എന്നൊന്നും ചിന്തിക്കാതെ വിളമ്പിയ ഡയലോഗുകള്‍  പലര്‍ക്കും കാണാപാഠം . ടിയാന് ആയിരത്തി അഞ്ഞൂറ് ഡിഗ്രി, അതില്‍ ടൈപ്പ് ലോവറും ഹയറും വരെ. അത് കേള്‍ക്കുമ്പോഴേ അറിയാം ഇത് ഒരു നടയ്ക്കു തീരില്ലെന്ന്. പ്രീ ഡിഗ്രി ഫോര്‍ത്ത് ഗ്രൂപ്പ്, ഡിഗ്രി ഇംഗ്ലീഷ് , എം.എ. ഹിന്ദി, പോരാഞ്ഞിട്ട് റിസേര്‍ച് ഫെല്ലോ.
 എം എസ് സി സൈക്കോളജി , എല്‍.എല്‍.ബി ,കമ്പ്യൂട്ടര്‍  ഹാര്‍ഡ് വെയര്‍ ആന്റ് സോഫ്റ്റ്‌ വെയര്‍, ജര്‍മ്മന്‍ ഭാഷയില്‍ ഡിപ്ലോമ , അസ്ട്രോളജിയില്‍ ഡിപ്ലോമ (കുറച്ചു കാലം മുമ്പ്  ജി - മെയില്‍ എങ്ങനെ അയക്കാം എന്ന് ഒരാളോട് ചോദിക്കുന്നതിന്റെ ഫോണ്‍ വോയ്സും  യൂ ട്യൂബില്‍ ലഭ്യമാണ് ). ഇതൊക്കെ കേട്ടാല്‍ മലയാളത്തിലെ ചെറുപ്പക്കാര്‍ നിലത്തു നില്‍ക്കുമോ ........? ഒരുപാട് ഡിഗ്രി എടുക്കുന്നത് തന്നെ മലയാളികള്‍ക്ക് ഇഷ്ടമല്ല . ഇതൊക്കെ പോരെ വലിയ മോഹവും, മോഹ ഭംഗങ്ങളും  ഇല്ലാത്ത മലയാളിയുടെ സ്വസ്ഥത കെടുത്താന്‍.


ഇനി കാര്യത്തിലേക്ക് വരാം

 ഏറ്റവും ഒടുവില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നത്, ഇതൊക്കെ ഒരു സൈക്കോളജിക്കല്‍ അപ്രോച്  ആയിരുന്നു എന്നാണു. സൌന്ദര്യവും , പേരുമില്ലാത്ത ഒരു നവാഗതന് ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ തെരഞ്ഞെടുത്ത മാര്‍ഗം ആയിരുന്നുവത്രേ ഈ വിഡ്ഢി വേഷം. പറഞ്ഞത് സത്യമാണെങ്കില്‍ ആരാണ് മണ്ടന്മാര്‍ ആയതു. നിസ്സംശയം പറയാം. മലയാളി യുവാക്കള്‍ . ഫെയ്സ് ബുക്കിലും ,യൂ ട്യൂബിലും മണ്ടത്തരങ്ങള്‍ ആഘോഷിച്ചവര്‍. പണ്ഡിറ്റ്‌- നെ തെറി വിളിക്കാന്‍ പോയ നേരത്ത് ആ രഞ്ജിനി ഹരിദാസിനെ പോലുള്ളവരെ ഒതുക്കിയിരുന്നെങ്കില്‍  മലയാളമെങ്കിലും പച്ച പിടിക്കുമായിരുന്നു .


ഈ കുരുന്നുകള്‍ എന്ത് പിഴച്ചു............?                                 "   Child  is  father  of  the  man  "
                                                                                                  William Wordsworth 


ഴിഞ്ഞ ആഗസ്റ്റ്‌ 12 നു തൊടുപുഴ ഉടുമ്പന്‍ ചോലയില്‍ ആരോമല്‍ എന്ന മൂന്നര വയസ്സ് കാരനെ മാതാപിതാക്കളുടെ മുമ്പില്‍ നിന്ന് പോലിസ് സ്വതന്ത്രമാക്കുമ്പോള്‍ അവന്റെ കാലില്‍ ചങ്ങല ഉണ്ടാ യിരുന്നു.  ആറു മാസത്തോളം ഈ പിഞ്ചു കുഞ്ഞിനെ അവര്‍ വീട്ടിലെ നായോടൊപ്പം പൂട്ടി ഇട്ടിരുന്നു.ചൂരല്‍ കൊണ്ട് ശരീരം അടിച്ചു പൊട്ടിച്ചു. സിഗരറ്റ് കുറ്റികൊണ്ട് ശരീരം പൊള്ളിച്ചു. ആരും കടന്നു ചെല്ലാതിരിക്കാന്‍ വീട്ടിലെ മറ്റൊരു നായെ മാതാപിതാക്കള്‍ അഴിച്ചു വിട്ടു. പോലിസ് എത്തുമ്പോള്‍ അവന്റെ കൈ പ്പത്തികള്‍ പൊള്ളി അടര്‍ന്നിരുന്നു. ഒടുവില്‍ മാതാപിതാക്കളെയും , മുത്തശ്ശനെയും കോടതി രണ്ടര വര്‍ഷത്തേക്ക് ജയിലിലടച്ചു .

2011  ജൂണില്‍ കൊല്ലം ജില്ലയില്‍ , മൂന്നര വയസ്സുകാരന്‍  അന്‍ഷാദിനെ പിതാവ്  ഷാജി വീട്ടില്‍ പൂട്ടിയിട്ടു ബെല്‍റ്റിനു അടിച്ചു പുറം പൊട്ടിച്ചു.അതിനു കാരണം കുട്ടി ' ആ 'എഴുതാന്‍ പഠിച്ചില്ലത്രേ....!ഷാജിയുടെ മദ്യ പാനവും, പരസ്ത്രീ ഗമനവും ചോദ്യം ചെയ്തതിനു അന്‍ ഷാദിന്റെ മാതാവും പീഡന ത്തിനു ഇരയായിരുന്നു. കൊല്ലം ,കൊട്ടിയം പുതുച്ചിറയിലാണ് ഈ സംഭവം അരങ്ങേറിയത്. ഒടുവില്‍ നാട്ടുകാരും, പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ബെല്‍റ്റിന്റെ  ബക്കിള്‍ കൊണ്ട് ആ കുരുന്നിന്റെ മാംസം അടര്‍ന്നിരുന്നു.

ആരോമല്‍ 
റാഫി എന്ന പതിമൂന്നു കാരനെ കമ്പിയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവവും കൊല്ലം ജില്ലയിലാണ്. ഇവിടെ  മര്‍ദ്ദനങ്ങള്‍ അഴിച്ചു വിട്ടത്  രണ്ടാന മ്മയാണ്‌.   ബാഗില്‍ ഒരു പേന  കണ്ടെ ത്തിയ  തിനെതുടര്‍ന്ന്  റാഫിയെ രണ്ടാനമ്മ മുഖം പൊള്ളിക്കുകയും ,കമ്പി കൊണ്ടടിച്ചു പരിക്കേല്‍പ്പിക്കയും ചെയ്തു.കുട്ടി ഇക്കാര്യംരഹസ്യമായി വച്ചു. മദ്രസയില്‍ വച്ചു ഉസ്താദന്മാര്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ റാഫി പുറത്ത് വിട്ടത്.

നാലര വയസ്സുകാരി ശ്രീജയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു മരപ്പൊത്തില്‍ ഒളിപ്പിച്ചു വച്ചത് കുമളിയില്‍. തോട്ടം തൊഴിലാളികളായ ശശി കുമാര്‍,മാലതി ദമ്പതി മാരുടെ മകളായിരുന്നു ശ്രീജ. അഞ്ചു വയസ്സു കാരി  വാണി യെ കൊണ്ട് സ്വന്തം പിതാവ് ഭിക്ഷ യെടുപ്പിച്ച സംഭവം ഇടുക്കി ജില്ലയില്‍ കാഞ്ഞാറില്‍ ആണ് നടന്നത് .പിതാവ് സഹദേവന്‍  ഇപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ ആണ്. ഇനിയുമുണ്ട് കഥകള്‍ . ആറുമാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മ ഹത്യ ചെയ്തു. മറ്റൊരു വീട്ടമ്മ ചെയ്തത് തന്റെ രണ്ടു പെണ്‍ മക്കളെ കെട്ടി ത്തൂക്കി.ആയുസ്സിന്റെ വലിപ്പം കൊണ്ട് ഇളയ കുട്ടി സുമയ്യ കയറില്‍ നിന്ന് രക്ഷപ്പെട്ടു.

ഇനി മാന ഭംഗത്തിന്റെ കഥ പറയാം. പത്താം ക്ലാസ്സുകാരി മകളെ നാടുനീളെ കൊണ്ട് നടന്നു വിറ്റത് സ്വന്തം പിതാവ്, കോതമംഗലം സ്വദേശി മുഹമ്മദലി. സുധീര്‍ എന്ന മറ്റൊരു പിതാവ് മകളെ രണ്ടായിരം രൂപമുതല്‍ പതിനായിരം വരെ വാങ്ങി മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചു. ഇതില്‍ നാല്പതോളം പ്രതികള്‍ ഇപ്പോള്‍ പോലിസ് കസ്റ്റ ഡിയില്‍ ഉണ്ട്. ഇതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ .പണത്തിനു വേണ്ടി സ്വന്തം കുഞ്ഞിന്റെ  തുണി  അഴിച്ചു കൊടുക്കാന്‍ മാത്രം കേരളം അധപതിച്ചു പോയി.

പോലിസ് റിപ്പോര്‍ട്ട്  


2011 ജൂണ്‍ വരെ കേരളത്തില്‍ കുട്ടികള്‍ക്ക് നേരെ 377  വധ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണിത്. 2010 ല്‍ ഇരുന്നൂറ്റി പതിനൊന്നും,2009  ല്‍ ഇരുന്നൂറ്റി ആറും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ മാസം വരെ 11  കുട്ടികള്‍ പല രീതിയില്‍ കൊല ചെയ്യപ്പെട്ടു. തൊട്ടു മുന്‍ വര്‍ഷം ആകെ കൊല ചെയ്യപ്പെട്ടതു പത്ത് കുട്ടികളാണ്. അതായത് ഈ വര്‍ഷം കണക്കുകള്‍ നേരെ ഇരട്ടിച്ചു. തട്ടിക്കൊണ്ടു പോകല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതലാണ്.ജൂണിലെ കണക്കുകള്‍ വച്ചു 96  കുട്ടികള്‍ അപ്രത്യക്ഷമായിട്ടുണ്ട്. പെണ്‍ മക്കളെ കൂട്ടി ക്കൊടുത്തത്തിനു പിടിയിലായവരുടെ എണ്ണവും ഈ വര്‍ഷം വര്‍ദ്ധിച്ചു. 2010 വര്‍ഷത്തില്‍ ആറും , ഈ വര്‍ഷം ജൂണ്‍ വരെ 5 ഉം  ആണ് കണക്കുകള്‍. ഇതൊക്കെ കേസ് രജിസ്ടര്‍ ചെയ്യപ്പെട്ട കണക്കുകള്‍ ആണ്. അറിയപ്പെടാത്തതു വേറെയും.

 ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്. ജന സംഖ്യയുടെ 40 % വരും കുട്ടികള്‍. ഇതില്‍69%കുട്ടികള്‍ഓരോതരത്തില്‍ ഹീന പ്രവൃത്തി കള്‍ക്ക്  ഇരയാവുന്നുണ്ട്.അനാശാസ്യ പ്രവര്‍ത്തങ്ങള്‍ക്ക്  ഇരയാകുന്നതില്‍  75 % സ്വന്തം കുടുംബങ്ങളില്‍ വച്ചാണ്. കര്‍ണ്ണാടകത്തിലെ ചില മുന്‍ കാല കണക്കുകള്‍ സൂചിപ്പിക്കുന്നത്  15 - 20  പ്രായത്തിനിട യില്‍ പെണ്‍കുട്ടികള്‍ മാന ഭംഗ ത്തിനു ഇരയാവുന്നുണ്ട് എന്നാണു.ശ്രീജ യുടെ മാതാപിതാക്കള്‍
അന്ധ വിശ്വാസം , ദാരിദ്ര്യം 


ദൈവ പ്രീതിയ്ക്കു വേണ്ടിയും , സാമ്പത്തിക ഉയര്‍ച്ചയ്ക്ക് വേണ്ടിയുമാണ് കുട്ടികള്‍ ബലി നല്‍കപ്പെടുന്നത്. ശിഥിലമായ കുടുംബാന്തരീക്ഷവും, മദ്യപാനവും മാതാപിതാക്കളെ ഇതിനു പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ആത്മീയ ജീവിതം ദുര്‍ബല പ്പെടുകയും ,അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് ആളുകള്‍ ഇത്തരം നീച്ച വൃത്തിയില്‍ ഏര്‍പ്പെടാന്‍ തയ്യാറാവുന്നത്.കുട്ടികള്‍ ദൈവത്തിന്റെ പ്രതി പുരുഷന്മാരാണെന്ന് വാഴ്ത്ത പ്പെട്ട മണ്ണില്‍ ഇന്ന് കുട്ടികളുടെ ജീവനും, മാംസത്തിനും വില പറയുകയാണ്‌. 2050 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തെ വന്‍ ശക്തിയാകും എന്ന് ദേശിയ സര്‍വേകള്‍ സൂചിപ്പിക്കുന്നത്   ജനസംഖ്യയിലെ കുട്ടികളുടെ അനുപാതം കണക്കിലെടുത്താണ്. കുട്ടികളോടുള്ള ക്രൂരത അവസാനിയ്ക്കാതെ ഒരു തരത്തിലുമുള്ള വളര്‍ച്ചയെ സ്വപ്നം കാണേണ്ടതില്ല.

ബ്ലോഗെഴുതുമ്പോള്‍ .......
ക്രിയേറ്റിവിറ്റി അഥവാ സര്‍ഗാത്മകത 

ര്‍ഗാത്മകത രണ്ടു തരത്തിലുള്ള ആനന്ദമാണ് നല്‍കുന്നത്. ഒന്ന്  അവാച്യമായ നോവില്‍ നിന്ന്  പിറവിയെടുക്കുന്ന ആശയ പ്രകടനത്തില്‍, മറ്റൊന്ന്  അത് വായനക്കാര്‍ക്ക് വേണ്ടിയോ, ലോക ത്തിനു  തന്നെയോ സമര്‍പ്പിക്കപ്പെടുമ്പോള്‍.  ഒരു  കൃതി അത് വായന ക്കാര്‍ക്ക് എത്ര തന്നെ അരോചക മായിരുന്നാലും എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം മഹത്തരമാണ്.  യാതൊരു ആലസ്യവും കൂടാതെ അയാളത് നിരവധി തവണ വായിച്ചെന്നു വരും. ഇത്  ഒരു എഴുത്തു കാരനും അവന്റെ ആത്മ സത്തയും തമ്മിലുള്ള വ്യവഹാരങ്ങള്‍ . ഇതു കൂടാതെ എഴുത്തുകാരന്  സമൂഹത്തോടും ചില പ്രതിബദ്ധതകള്‍ ഉണ്ട്. എഴുത്തിലൂടെ ഒരാള്‍ സ്വന്തം ആത്മ പ്രകാശനമാണ് നിര്‍വഹിക്കുന്നത്. പാറക്കെട്ടില്‍ നിന്നുള്ള ശുദ്ധ ജലപ്രവാഹം പോലെ , ചതുപ്പു നിലത്തെ ചെളി വെള്ളം പോലെ , അതിന്റെ ഗുണദോഷങ്ങള്‍ നിര്‍ണ്ണയിക്കുന്നത്  എഴുത്തുകാരന്റെ സര്‍ഗ്ഗ ശേഷിയുടെ  അളവുകോല്‍ വച്ചായിരിക്കും. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം സാഹിത്യ രചനാ മത്സരങ്ങളാണ്. ഒരേ ആശയം തന്നെ മത്സരാര്‍ഥികള്‍ വ്യത്യസ്ത രീതിയിലായിരിക്കും ആവിഷ്ക്കരിക്കുക. ഇനി മറ്റൊരു കാര്യം . ഒരു സര്‍ഗാത്മക കൃതിയെ വിലയിരുത്തപ്പെടുന്ന രീതിയെ ക്കുറിച്ചാണ്.


പത്രാധിപന്മാര്‍ 

ഒരു സാഹിത്യ രചനയെ ക്കുറിച്ച്  എഴുത്തുകാരനുണ്ടാവേണ്ട അവബോധത്തെക്കാള്‍ ഉയര്‍ന്ന നിലയിലായിരിക്കണം പത്രാധിപന്മാര്‍ നില്‍ക്കേണ്ടത്. പക്ഷെ അയാള്‍ക്ക്‌ എഴുതാന്‍ കഴിയണം എന്നില്ല. എഴുത്തുകാരന്  അയാളുടെ രചനയോട് സംവാദിച്ചാല്‍ മതി. എന്നാല്‍ പത്രാധിപര്‍ക്ക് അത് പോരാ, ഒരു രചന പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അതിലെ സാഹിതീയാംശം കണ്ടെത്തണം, എഴുത്തുകാരന്റെ സര്‍ഗ ശേഷിയുടെ തൂക്കം അറിയാന്‍ കഴിയണം,  അതിനെ വര്‍ഗ്ഗീകരിച്ചു അതാതിന്റെ കാറ്റഗറിയില്‍ പ്പെടുത്താനുള്ള ശേഷി ഉണ്ടാവണം. ഉദാഹരണത്തിന് , ഒരു കഥ കയ്യിലെടുക്കുമ്പോള്‍ ഇന്നോളം എഴുതപ്പെട്ട രചനകളുടെ അനുഭവങ്ങളില്‍ നിന്ന്  വ്യത്യസ്തമായ അനുഭൂതിയാണ് ലഭിക്കുന്നതെങ്കില്‍, അത് വിലയിരുത്തപ്പെടാന്‍  മാത്രമുള്ള പ്രാഗത്ഭ്യം  പത്രാധിന്മാര്‍ക്കുണ്ടാവണം.  ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാം.' ഖസാക്കിന്റെ ഇതിഹാസം ' ആദ്യം വായിച്ച പത്രാധിപര്‍ ഈ സുഖം അറിഞ്ഞിരിക്കണം എന്ന് ഞാന്‍ സങ്കല്‍പ്പിക്കുന്നു. ചുരുക്കി പ്പറഞ്ഞാല്‍ ഒരു പത്രാധിപന്‍  സര്‍ഗാത്മക  സാഹിത്യകാരനും, പണ്ഡിതനും ആയിരിക്കണം.


ബ്ലോഗും , പത്ര മാസികകളും   

നമ്മുടെ മിക്ക സാഹിത്യ കൃതികളും ഏതെങ്കിലുമൊരു പ്രസിദ്ധീകരങ്ങളിലൂടെ കടന്നു വന്നവയാണ്. ഒട്ടേറെ പ്രഗത്ഭരായ പത്രാധിപന്മാര്‍ നമുക്കുണ്ടായിരുന്നു. അവരുടെ ധിഷണയില്‍ ശുദ്ധി ചെയ്യപ്പെട്ട തിനു ശേഷമാണ്  അതൊക്കെ വായനക്കാരില്‍ എത്തിയത്.  എഴുത്തുകാരെ രൂപപ്പെടുത്തുന്നതില്‍ പത്രാധിപന്മാര്‍ക്കുള്ള പങ്കു വലുതാണ്‌.  തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അനായാസം മറി കടക്കാനാവാത്ത ഒരു പ്രതിസന്ധിയാണ് പത്രാധിപര്‍. ഇക്കാര്യം എം. ടി. വാസുദേവന്‍ നായര്‍ പലേടത്തും കുറിച്ചിട്ടുണ്ട്. ആദ്യ കാല രചനകള്‍ മടങ്ങുമ്പോള്‍ , വീണ്ടും വീണ്ടും എഴുതാനൊരു വാശി യുണ്ടാവുക സ്വാഭാവികം . കൂടുതല്‍ ശ്രദ്ധയോടെ , കരുതലോടെ പുതിയ കഥകളിലേക്കും, കവിതകളിലേക്കും എഴുത്തുകാരന്‍ പ്രവേശിക്കുന്നു. അത് സര്‍ഗ പ്രക്രിയയിലേക്കുള്ള യാത്ര കൂടി യാണ്.  എഴുതി തെളിഞ്ഞവരാകട്ടെ , വായനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന വിശ്വാസത്തെ തകര്‍ക്കാ തിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുകയും ചെയ്യുന്നു. ബ്ലോഗുകളുടെ ആവിര്‍ഭാവത്തോടെ പത്രാധിപര്‍  എന്ന തസ്തിക ഒഴിവാക്കപ്പെട്ടു. എഴുത്തുകാരന്‍ തന്നെ പത്രാധിപരായി. അതുകൊണ്ട് എഴുതുന്നവരുടെ എണ്ണം വര്‍ധിച്ചു ,എന്നല്ലാതെ സാഹിത്യ ലോകത്തിനു വലിയ ഗുണമൊന്നും ഉണ്ടായില്ല. അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന ജനക്കൂട്ടത്തെ പ്പോലെയായി ബ്ലോഗ്‌ എഴുത്തുകാര്‍. സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്ത ചവറുകള്‍ എഴുതിക്കൂട്ടി.  അതിനെയെല്ലാം എവിടെയൊക്കെയോ നിന്ന് ആളുകള്‍ 'കൊള്ളാം ,കൊള്ളാം ' എന്ന് പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് സ്ത്രീ ബ്ലോഗര്‍ മാര്‍ക്കാണ് ഈ സൌജന്യം കൂടുതല്‍ ലഭിക്കുന്നത്. പലപ്പോഴും പ്രൊഫൈല്‍ ഫോട്ടോയും,പേരും നോക്കിയാണ് സ്ത്രീകള്‍ വാഴ്ത്തപ്പെടുന്നത്.
 ബ്ലോഗിന്റെ പ്രസക്തി 


ബ്ലോഗ്‌ കൂടുതല്‍ പ്രസക്തമാകുന്നത് വാര്‍ത്താ മാധ്യമ രംഗത്താണ്. രാഷ്ട്രീയ , സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ , അഭിപ്രായ സമന്വയങ്ങളില്‍ ഒക്കെ ബ്ലോഗ്‌ മികവു കാണിക്കാറുണ്ട്. പ്ര ത്യേകിച്ചു രാഷ്ട്രീയ വിമര്‍ശനങ്ങളില്‍.  ബഷീര്‍ വള്ളിക്കുന്ന് ഇക്കാര്യത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. അദ്ദേഹം എന്ത് പറഞ്ഞു എന്ന് ചിലരെങ്കിലും ആരായാറുണ്ട്. ഇത്തരത്തിലുള്ള നിരവധി ബ്ലോഗുകള്‍ വേറെയുമുണ്ട്.  ദിനം പ്രതി കണ്ടു പോകുന്നതോ വളരെ തുച്ഛവും.സുസ്മേഷ് ചന്ത്രോത്ത് , ബാലചന്ദ്രന്‍ ചുള്ളിക്കാട് , കെ. പി. രാമനുണ്ണി തുടങ്ങി പ്രശസ്ത രായ എഴുത്തുകാര്‍ ബ്ലോഗ്‌ ലോകത്തുണ്ട്. അവര്‍ പേനയും ,കീ ബോര്‍ഡും  സാഹിത്യത്തിനു സമര്‍പ്പിച്ചവരാണ്.എങ്കിലും സന്തോഷ്‌ ഏച്ചിക്കാനം പറഞ്ഞത് പോലെ സാഹിത്യത്തിന്റെ വിശുദ്ധി തൂലിക ത്തുമ്പില്‍ നിന്ന് ഇപ്പോഴും കീബോര്‍ഡില്‍ എത്തിയിട്ടില്ല.