Followers

റോബര്‍ട്ട് ഡിക്രൂസ് എന്ന സാധു




ഞങ്ങളുടെ നാട്ടില്‍ പുതുതായി വന്ന സബ്ബ് ഇന്‍സ്പെക്ടര്‍   സര്‍വ്വ ഈശ്വരന്‍ മാരെയും ധ്യാനിച്ചാണ് ആദ്യത്തെ പരാതി സ്വീകരിച്ചത്. 'പ്രിയദര്‍ശന്‍ സിനിമ പോലെ അനായാസേന വിഴുങ്ങാന്‍ പറ്റിയ കേസുകള്‍ തന്നു കാപ്പാത്തണേ എന്റെ മേമുണ്ട  ശിവനെ  എന്ന് ' മനസ്സില്‍ നീട്ടിയൊരു വിളിയങ്ങു വിളിച്ചുകൊണ്ട് പരാതിക്കാരന്‍ വച്ച് നീട്ടിയ   കുറുകെ മടക്കിയ രണ്ടു എ- 4  സൈസ് പേപ്പര്‍  രണ്ടു കണ്ണിലും തൊട്ടു തൊഴുതു വാങ്ങി . അന്നിട്ട്‌ പരാതിക്കാരനോട് കണ്ണുരുട്ടി ക്കൊണ്ട് പറഞ്ഞു." ഞാനോന്നന്വേഷിക്കട്ടെ". ഏമാന്റെ ഉണ്ട  ക്കണ്ണുകള്‍ കണ്ടു ഭയന്ന പരാതിക്കാരന്‍ നിലം തൊടാതെ സ്ഥലം വിട്ടു. നമ്ര ശിരസ്ക്കയായ വധു നോക്കുന്നത് പോലെ ഏമാന്‍ പരാതിയിലേക്ക് ഏറുകണ്ണിട്ടു ഒന്നു നോക്കി. അക്ഷരാര്‍ഥത്തില്‍  ഒരു മൂത്രശങ്ക അപ്പോള്‍  എവിടുന്നോ കടന്നു വന്നു." റോബര്‍ട്ട് ഡിക്രൂസ് " എന്ന പേരുകാരനെയാണ് പ്രതി ചേര്‍ത്ത് പരാതി  നല്‍കിയിരിക്കുന്നത്.  അപ്പോള്‍ പ്രതി മോശക്കാരനല്ല. തീര്‍ച്ചപ്പെടുത്തി. ആന്റോണ്‍ ലാവി, ബാഗ്സേ സൈഗാള്‍, ദാവൂദ് ഇബ്രാഹിം, ഈതല്‍ രേസന്ബര്‍ഗ്ഗ്  എന്നൊക്കെ അധോലോക നായകന്മാരെ ക്കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരാള്‍ കൂടി ' റോബര്‍ട്ട് ഡിക്രൂസ് '.

പണ്ട് ശബരിമലയ്ക്ക് പോകാന്‍ കെട്ടു നിറച്ച നേരത്ത്  നെയ്‌ തേങ്ങയ്ക്കകത്ത്‌ ,നെയ്‌ തികയാതെ വന്നപ്പോള്‍ ഇത്തിരി പാം ഓയില്‍ ഒഴിച്ച് സംഭവം ഉഷാറാക്കി. ഇനി അതിന്റെ ശിക്ഷ ഭഗവാന്‍ ഡിക്രൂസ് ന്റെ രൂപത്തില്‍ തന്നതാണോ എന്ന് ശങ്കിക്കാതിരുന്നില്ല, അതോ മേമുണ്ട ശിവനെ  തൊഴുതു നിന്ന നേരത്ത്  തൊട്ടടുത്ത്‌ കൂടി ഭൂമി കുലുക്കി കടന്നു പോയ കനകാംബാളിനെ ഏറു കണ്ണിട്ടു  നോക്കിയതിന്റെ ശിക്ഷ ഭഗവാന്‍  തന്നതാണോ , എന്തായാലും മരണം ഡിക്രൂസ് -ന്റെ കൈ കൊണ്ട് എന്ന് തീരുമാനിച്ചു. ഇനി അത് എവിടെ വച്ച് എന്ന് മാത്രം അറിഞ്ഞാല്‍ മതി.

എസ്. ഐ . ഏമാന്‍ പരാതി ഒന്ന് ഓടിച്ചു വായിച്ചു. വധ ശ്രമമാണ്. ഡിക്രൂസ് പരാതിക്കാരനെ തൊഴിച്ചുകൊല്ലുമെന്ന്  ഭീഷണി പ്പെടുത്തി എന്നാണു എഴുതിയിരിക്കുന്നത്. എന്തിനു തൊഴിക്കണം, പേര് കേട്ടാല്‍ തന്നെ ജീവന്‍ പോകുമല്ലോ  എന്നു രണ്ടാം വട്ടം മൂത്രശങ്ക യ്ക്ക് പോകുന്നതിനു മുമ്പ് ഏമാന്‍ മനസാ സ്മരിച്ചു. എന്തായാലും നേരിടാതെ വയ്യ.  രണ്ടു ദിവസം നോക്കാം ,ചിലപ്പോള്‍ ഡിക്രൂസ് പരാതിക്കാരനെ കൊല്ലുകയോ,  മറിച്ചോ, അത്ഭുതങ്ങള്‍ എന്തെങ്കിലും നടക്കുന്നോ  എന്നു നിരീക്ഷിക്കാം . അതിനു ശേഷം മതി ഒരു 'എടുത്തു ചാട്ടം'.  ഇത് കലികാലം ആണെന്നും , അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കില്ലെന്നും  ഏമാന് മനസ്സിലായത്‌, പരാതിക്കാരന്‍ പോലീസ് സ്റ്റേ ഷനില്‍ വന്നു  ,കേസ്  മുകളിലേക്ക് വിടും എന്നു ഭീക്ഷണി മുഴക്കിയപ്പോഴാണ്.



ഒടുവില്‍ , വരാനുള്ളത് വഴീല്‍ തങ്ങില്ല എന്ന പോസ്സി റ്റീവ്  ചിന്തയുടെ ബലത്തില്‍ ഏമാന്‍ റോബര്‍ട്ട് ഡി ക്രൂസിന്റെ മട തേടിയിറങ്ങി. കൂട്ടാവുന്നത്ര  പോലീസുകാരെയും കുത്തി നിറച്ചു ഒരു പോലീസ് ജീപ്പ്  ഞങ്ങളുടെ വിഹാര കേന്ദ്രമായ ഒരു കൊച്ചു ജംഗ്ഷനില്‍ വന്നു നിന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി പട്ടാളം ചാടിയിറങ്ങിയത് പോലെ ഏമാനും സംഘവും ഇറങ്ങി.
"ഇക്കൂട്ടത്തില്‍ ആരാടാ  ഡിക്രൂസ് " ..............??? 
ഏമാന്‍ ഗര്‍ജിച്ചു.
ഞങ്ങള്‍ എല്ലാവരും എഴുന്നേറ്റു തൊഴുകൈകളോടെ നിന്നു . ആരും ഉരിയാടിയില്ല.  അദ്ദേഹം ഞങ്ങളുടെ ഓരോരുത്തരുടെയും മുമ്പില്‍ വന്നു പെരുവിരലില്‍ കുത്തി നിന്നുകൊണ്ട് ,എന്നോട് ചോദിച്ചു.
'നീയാണോടാ ഡിക്രൂസ് ..........?
'അല്ല.
പിന്നെ നീയാരാ ........?
എന്റെ പേര് കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍ എന്നാണു. പേടിച്ചു വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. 
നിനക്കാരാടാ ഇത്രേം നീളമുള്ള പേരിട്ടത്...............?
കഥ എഴുതാന്‍ വേണ്ടി ഞാന്‍ തന്നെ ഇട്ട പേരാണ് സാര്‍.
ഓഹോ ... അപ്പോള്‍ നീ കഥയെഴുതും അല്ലെഡാ ..... ഞാനിപ്പോ ഡിക്രൂസ് നെ ഇടിച്ചു തവിട് പൊടിയാക്കാന്‍ പോകയാണ്. ഇതെങ്ങാനും നീ എഴുതി പിടിപ്പിച്ചാല്‍ നിന്റെ എല്ലൂരി ഞാന്‍ പാമ്പന്‍ പാലത്തിനു കൈവരി കെട്ടും --- കേട്ടോടാ ....?
ഓ .......
"ഡിക്രൂസ് ഇപ്പോള്‍ എവിടെയുണ്ട്. ........?
ഏമാന്‍ നാട്ടുകാരോട് ചോദിച്ചു.
അതാണ്‌ സാര്‍ അയാളുടെ വീട്. നാട്ടുകാര്‍ അടുത്തുള്ള ഒരു വീട്ടിലേക്കു ചൂണ്ടി.
'എടൊ, താന്‍ പോയി അവനോടു ഞാന്‍ വിളിക്കുന്നൂന്നു പറ. ഏമാന്‍ ഒരു പോലീസുകാരനോട്‌ പറഞ്ഞു .
പോലീസുകാരന്‍ ബൂമറാങ്ങ് പോലെ മടങ്ങി വന്നു .
സാര്‍, അവനു വരാന്‍ പറ്റില്ലെന്ന് പറഞ്ഞു.
ആഹ , എന്നാല്‍ ഞാന്‍ നേരിട്ട് പോകാം . ഏമാന്‍ ശരം വിട്ടത് പോലെ ഡിക്രൂസ് ന്റെ വീട്ടിലേക്കു കയറി ചെന്നു.
നീയാണ ല്ലേടാ   റോബര്‍ട്ട് ഡിക്രൂസ് .................?
അല്ല സാര്‍ , ഞാന്‍ അത്താത്തനാണ് .
അത്താത്തനോ ...?  അപ്പോള്‍ പിന്നെ  റോബര്‍ട്ട് ഡിക്രൂസ് ആരാണ് .....?
അത് ഇങ്ങേര്‍ക്ക് പള്ളീല്‍ ഇട്ട പേരാണ് സാര്‍.
അയാളുടെ ഭാര്യ നിലവിളിയോടെ ഏമാന്റെ മുമ്പില്‍ അവതരിപ്പിച്ചു. അയാള്‍ക്ക്‌ എഴുന്നേല്‍ക്കാന്‍
പറ്റില്ല സാര്‍. രണ്ടു കാലും തളര്‍വാതം വന്നു തളര്‍ന്നു പോയതാണ്.
ഏമാന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.റോബര്‍ട്ട് ഡിക്രൂസ് എന്ന സാധുവിന്റെ മുമ്പില്‍ കൂപ്പു കൈകളോടെ നിന്നിട്ട് ഏമാന്‍ പറഞ്ഞു . കലികാലമല്ലേ , കണ്ണുകളെ പോലും വിശ്വസിക്കാന്‍ പറ്റില്ല .


നേരും നുണയും







ഇത്തവണയെങ്കിലും വിവാഹ വാര്‍ഷികം ഭാര്യയോടൊപ്പം നാട്ടില്‍ കൂടാമെന്ന് വിചാരിച്ചു. വിവാഹം കഴിഞ്ഞിട്ട്  ഇരുപതു വര്‍ഷം കഴിഞ്ഞു. കടന്നു പോയ ഓരോ വിവാഹ വാര്‍ഷികത്തിനും നാട്ടില്‍ എത്തിയെക്കാമെന്നു ഭാര്യക്ക് കൊടുത്ത വാക്ക്  പാഴായി പ്പോയി. എന്ത് ചെയ്യും .................! 

ഒരു പ്രവാസിയുടെ ജീവിതം ഇങ്ങനെ വാക്കിനു പോലും വിലയില്ലാതായി പ്പോയി.  എന്നാല്‍ 'ങ്ങള് സമ്പാദിച്ചത് മതി, ങ്ങ് പോരീന്‍ ' എന്നോ മറ്റോ ഒരു ഭാര്യയും പറഞ്ഞതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകരം , 'ങ്ങള്  ഒന്നു വന്നു പോകീന്‍ ' എന്നു ഭാര്യമാര്‍  പറയാറുണ്ട്‌. അതിലെ ഗുട്ടന്‍സ് ഏതു പോലീസിനും മനസ്സിലാക്കാവുന്നതെയുള്ളൂ. ' ഹമ്പോ,  ഈ ഭാര്യമാരുടെ ഒരു ബുദ്ധി .....!

എന്തായാലും ഇക്കുറി വിവാഹ വാര്‍ഷികം നാട്ടില്‍ എന്നുറപ്പിച്ചു അത്യാവശ്യം പര്‍ച്ചേയ്സ് ഒക്കെ നടത്തുമ്പോഴാണ്  ഒരു ദുഃഖ സത്യം അറിയുന്നത്. ഒരു ദിവസം കൂടെ പാര്‍ക്കുന്നവന്‍ ചോദിച്ചു. നാട്ടില്‍ പോകാന്‍ ലീവ് കിട്ടുമോ..........? 
വൈ നോട്ട്...........?
ഞാനാണെങ്കില്‍ കമ്പനിക്ക് അഭിമതന്‍. കൃത്യ നിര്‍വഹണ തല്‍പ്പരന്‍, വിനയാന്വിതന്‍, വിശ്വസ്തന്‍, സ്ഥാപനത്തിന്റെ എല്ലാമെല്ലാമായ അറബിയുടെ ഇഷ്ടത്തിനു പാത്രീഭൂതന്‍ , അങ്ങനെയുള്ള എനിക്ക് എന്തുകൊണ്ട് അവധി കിട്ടി ക്കൂടാ .......?
എന്റെ ചോദ്യത്തിനൊന്നും കൂടെയുള്ളവന്‍ മറുപടി തന്നില്ല. തികട്ടി വന്ന വാക്കുകള്‍ മുഴുമിപ്പിക്കാതെ അവന്‍ പറഞ്ഞു , ' ഏതായാലും ലീവിന്റെ കാര്യം അറിഞ്ഞിട്ടു മതി പര്‍ച്ചേയ്സ്'. 


 എനിക്കും തോന്നി തുടങ്ങി അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു. അറബികളുടെ സ്വഭാവം നന്നായി അറിയുന്നവനാണ് അയാള്‍. നീണ്ട പ്രവാസ ജീവിതത്തിന്റെ എരിവും പുളിയും എന്നെക്കാള്‍ നന്നായി അനുഭവിച്ചിട്ടുള്ള ആളാണ്‌. അറേബ്യയുടെ കാലാവസ്ഥയും, അറബിയുടെ സ്വഭാവവും നിര്‍വചിക്കാന്‍ പറ്റാത്തതാണ്.  അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നു അനുഭവിച്ചറിയുകയെ നിവൃത്തിയുള്ളൂ. ഒരിക്കല്‍ കൂടെ ജോലി ചെയ്യുന്ന വടകരക്കാരന് പാതിരാത്രിയില്‍ ഒരു ഫോണ്‍. 'ഉപ്പ സീരിയസ്സാണ്.  ഉടനെ എത്തണം'. അയാള്‍ രാത്രിയില്‍ എഴുന്നേറ്റിരുന്നു നിലവിളിക്കാന്‍ തുടങ്ങി. എങ്ങനെയെങ്കിലും നാട്ടിലെത്തണം.പിറ്റേന്ന് ലീവ് ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ അറബിയെ സമീപിച്ചു. അയാളുടെ നിലവിളി കണ്ടു അറബി പൊട്ടി ച്ചിരിച്ചു.'ഇതാണോ ഇത്ര വലിയ കാര്യം'. ഉപ്പ മരിച്ചു .അയാള്‍ക്ക്‌ നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. സഹപ്രവര്‍ത്തകര്‍ ആവുന്നത്ര സമാധാനിപ്പിച്ചു. അപ്പോള്‍ കൂടിനിന്നവരില്‍ ഒരാള്‍ തിരുവനന്തപുരം ശൈലിയില്‍ പറഞ്ഞു.. 'അച്ഛനോ, അമ്മയോ മരിച്ചൂന്നും  പറഞ്ഞു ഇവിടുന്നു ആരും നാട്ടില്‍ പോവില്ല'.


അന്നു പുതുമുഖം ആയിരുന്ന ഞാന്‍ നിഷ്കളങ്കമായി ചോദിച്ചു , പിന്നെ എന്തു പറഞ്ഞാലാണ് ലീവ് കിട്ടുക '.......?
തനിക്കു ഭാര്യയുണ്ടോ .....?
ഉം .........
ഭാര്യയ്ക്ക്  സുഖമില്ലെന്നു ഒന്ന് പറഞ്ഞു നോക്കൂ ...... ,  അയാള്‍ ഉറപ്പിച്ചു പറഞ്ഞു.
ഒന്നു പരീക്ഷിക്കുക തന്നെ,.  എന്തു നുണ പറഞ്ഞാലും വേണ്ടില്ല, ഇത്തവണ വിവാഹ വാര്‍ഷികം നാട്ടില്‍ തന്നെയെന്നു ഞാന്‍ തീരുമാനിച്ചു.
'ഇനി ശങ്ക വേണ്ട, ലീവ് ഉറപ്പ്, ........ ഞാന്‍ സുഹൃത്തിനെ കൂട്ടി നാട്ടിലേക്കുള്ള പര്‍ച്ചേയ്സ് പൊടിപൊടിച്ചു. കാര്യങ്ങളെല്ലാം മനസ്സില്‍ വരച്ചിട്ടു. ഞാന്‍ അറബിയെ കാണുന്നു, ഭാര്യക്ക് സുഖമില്ലെന്നോ,മറ്റോ ഒരു നുണ പറയുന്നു. ചിലപ്പോള്‍ യാത്രാ ചിലവുകൂടി കിട്ടാനുള്ള വകുപ്പുണ്ട്. അങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടാണ് ഞാന്‍ അറബിയുടെ ക്യാബിനിലേക്ക്‌ കടന്നു ചെന്നത്. അയാള്‍ എന്നെ സ്വീകരിച്ചിരുത്തി. ഞാന്‍ ഒരു നുണ പറയാന്‍ പോവുകയാണ്.
'ഭാര്യക്ക് ഡെലിവറി യാണ്   '.' എനിക്ക് നാട്ടിലൊന്നു പോകണം'..........
അയാള്‍ ഒന്നു ഇളകിയിരുന്നു, എന്നിട്ട്   കണ്ഠം ശുദ്ധിവരുത്തിക്കൊണ്ട് പറഞ്ഞു, 
"ഉമ്മയോ ,ഉപ്പയോ വയ്യാന്നു കേട്ടാല്‍ തീര്‍ച്ചയായും പോണം, ഇതിപ്പോ ഭാര്യ , ഡെലിവറി എന്നൊക്കെ പറഞ്ഞാല്‍ ലീവ് തരാന്‍ പറ്റില്ല."
നിരാശയോടെ ക്യാബിന്‍ വിടുമ്പോള്‍ പുറത്ത് ഇളം കാറ്റ് അടിച്ചു കൊണ്ടിരുന്നു, അത് തീക്കാറ്റാകുന്നതിനു മുമ്പ് ഞാന്‍ റൂമിലേക്ക്‌ നടന്നു.