Followers

റോബര്‍ട്ട് ഡിക്രൂസ് എന്ന സാധു




ഞങ്ങളുടെ നാട്ടില്‍ പുതുതായി വന്ന സബ്ബ് ഇന്‍സ്പെക്ടര്‍   സര്‍വ്വ ഈശ്വരന്‍ മാരെയും ധ്യാനിച്ചാണ് ആദ്യത്തെ പരാതി സ്വീകരിച്ചത്. 'പ്രിയദര്‍ശന്‍ സിനിമ പോലെ അനായാസേന വിഴുങ്ങാന്‍ പറ്റിയ കേസുകള്‍ തന്നു കാപ്പാത്തണേ എന്റെ മേമുണ്ട  ശിവനെ  എന്ന് ' മനസ്സില്‍ നീട്ടിയൊരു വിളിയങ്ങു വിളിച്ചുകൊണ്ട് പരാതിക്കാരന്‍ വച്ച് നീട്ടിയ   കുറുകെ മടക്കിയ രണ്ടു എ- 4  സൈസ് പേപ്പര്‍  രണ്ടു കണ്ണിലും തൊട്ടു തൊഴുതു വാങ്ങി . അന്നിട്ട്‌ പരാതിക്കാരനോട് കണ്ണുരുട്ടി ക്കൊണ്ട് പറഞ്ഞു." ഞാനോന്നന്വേഷിക്കട്ടെ". ഏമാന്റെ ഉണ്ട  ക്കണ്ണുകള്‍ കണ്ടു ഭയന്ന പരാതിക്കാരന്‍ നിലം തൊടാതെ സ്ഥലം വിട്ടു. നമ്ര ശിരസ്ക്കയായ വധു നോക്കുന്നത് പോലെ ഏമാന്‍ പരാതിയിലേക്ക് ഏറുകണ്ണിട്ടു ഒന്നു നോക്കി. അക്ഷരാര്‍ഥത്തില്‍  ഒരു മൂത്രശങ്ക അപ്പോള്‍  എവിടുന്നോ കടന്നു വന്നു." റോബര്‍ട്ട് ഡിക്രൂസ് " എന്ന പേരുകാരനെയാണ് പ്രതി ചേര്‍ത്ത് പരാതി  നല്‍കിയിരിക്കുന്നത്.  അപ്പോള്‍ പ്രതി മോശക്കാരനല്ല. തീര്‍ച്ചപ്പെടുത്തി. ആന്റോണ്‍ ലാവി, ബാഗ്സേ സൈഗാള്‍, ദാവൂദ് ഇബ്രാഹിം, ഈതല്‍ രേസന്ബര്‍ഗ്ഗ്  എന്നൊക്കെ അധോലോക നായകന്മാരെ ക്കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരാള്‍ കൂടി ' റോബര്‍ട്ട് ഡിക്രൂസ് '.

പണ്ട് ശബരിമലയ്ക്ക് പോകാന്‍ കെട്ടു നിറച്ച നേരത്ത്  നെയ്‌ തേങ്ങയ്ക്കകത്ത്‌ ,നെയ്‌ തികയാതെ വന്നപ്പോള്‍ ഇത്തിരി പാം ഓയില്‍ ഒഴിച്ച് സംഭവം ഉഷാറാക്കി. ഇനി അതിന്റെ ശിക്ഷ ഭഗവാന്‍ ഡിക്രൂസ് ന്റെ രൂപത്തില്‍ തന്നതാണോ എന്ന് ശങ്കിക്കാതിരുന്നില്ല, അതോ മേമുണ്ട ശിവനെ  തൊഴുതു നിന്ന നേരത്ത്  തൊട്ടടുത്ത്‌ കൂടി ഭൂമി കുലുക്കി കടന്നു പോയ കനകാംബാളിനെ ഏറു കണ്ണിട്ടു  നോക്കിയതിന്റെ ശിക്ഷ ഭഗവാന്‍  തന്നതാണോ , എന്തായാലും മരണം ഡിക്രൂസ് -ന്റെ കൈ കൊണ്ട് എന്ന് തീരുമാനിച്ചു. ഇനി അത് എവിടെ വച്ച് എന്ന് മാത്രം അറിഞ്ഞാല്‍ മതി.

എസ്. ഐ . ഏമാന്‍ പരാതി ഒന്ന് ഓടിച്ചു വായിച്ചു. വധ ശ്രമമാണ്. ഡിക്രൂസ് പരാതിക്കാരനെ തൊഴിച്ചുകൊല്ലുമെന്ന്  ഭീഷണി പ്പെടുത്തി എന്നാണു എഴുതിയിരിക്കുന്നത്. എന്തിനു തൊഴിക്കണം, പേര് കേട്ടാല്‍ തന്നെ ജീവന്‍ പോകുമല്ലോ  എന്നു രണ്ടാം വട്ടം മൂത്രശങ്ക യ്ക്ക് പോകുന്നതിനു മുമ്പ് ഏമാന്‍ മനസാ സ്മരിച്ചു. എന്തായാലും നേരിടാതെ വയ്യ.  രണ്ടു ദിവസം നോക്കാം ,ചിലപ്പോള്‍ ഡിക്രൂസ് പരാതിക്കാരനെ കൊല്ലുകയോ,  മറിച്ചോ, അത്ഭുതങ്ങള്‍ എന്തെങ്കിലും നടക്കുന്നോ  എന്നു നിരീക്ഷിക്കാം . അതിനു ശേഷം മതി ഒരു 'എടുത്തു ചാട്ടം'.  ഇത് കലികാലം ആണെന്നും , അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കില്ലെന്നും  ഏമാന് മനസ്സിലായത്‌, പരാതിക്കാരന്‍ പോലീസ് സ്റ്റേ ഷനില്‍ വന്നു  ,കേസ്  മുകളിലേക്ക് വിടും എന്നു ഭീക്ഷണി മുഴക്കിയപ്പോഴാണ്.



ഒടുവില്‍ , വരാനുള്ളത് വഴീല്‍ തങ്ങില്ല എന്ന പോസ്സി റ്റീവ്  ചിന്തയുടെ ബലത്തില്‍ ഏമാന്‍ റോബര്‍ട്ട് ഡി ക്രൂസിന്റെ മട തേടിയിറങ്ങി. കൂട്ടാവുന്നത്ര  പോലീസുകാരെയും കുത്തി നിറച്ചു ഒരു പോലീസ് ജീപ്പ്  ഞങ്ങളുടെ വിഹാര കേന്ദ്രമായ ഒരു കൊച്ചു ജംഗ്ഷനില്‍ വന്നു നിന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി പട്ടാളം ചാടിയിറങ്ങിയത് പോലെ ഏമാനും സംഘവും ഇറങ്ങി.
"ഇക്കൂട്ടത്തില്‍ ആരാടാ  ഡിക്രൂസ് " ..............??? 
ഏമാന്‍ ഗര്‍ജിച്ചു.
ഞങ്ങള്‍ എല്ലാവരും എഴുന്നേറ്റു തൊഴുകൈകളോടെ നിന്നു . ആരും ഉരിയാടിയില്ല.  അദ്ദേഹം ഞങ്ങളുടെ ഓരോരുത്തരുടെയും മുമ്പില്‍ വന്നു പെരുവിരലില്‍ കുത്തി നിന്നുകൊണ്ട് ,എന്നോട് ചോദിച്ചു.
'നീയാണോടാ ഡിക്രൂസ് ..........?
'അല്ല.
പിന്നെ നീയാരാ ........?
എന്റെ പേര് കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍ എന്നാണു. പേടിച്ചു വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. 
നിനക്കാരാടാ ഇത്രേം നീളമുള്ള പേരിട്ടത്...............?
കഥ എഴുതാന്‍ വേണ്ടി ഞാന്‍ തന്നെ ഇട്ട പേരാണ് സാര്‍.
ഓഹോ ... അപ്പോള്‍ നീ കഥയെഴുതും അല്ലെഡാ ..... ഞാനിപ്പോ ഡിക്രൂസ് നെ ഇടിച്ചു തവിട് പൊടിയാക്കാന്‍ പോകയാണ്. ഇതെങ്ങാനും നീ എഴുതി പിടിപ്പിച്ചാല്‍ നിന്റെ എല്ലൂരി ഞാന്‍ പാമ്പന്‍ പാലത്തിനു കൈവരി കെട്ടും --- കേട്ടോടാ ....?
ഓ .......
"ഡിക്രൂസ് ഇപ്പോള്‍ എവിടെയുണ്ട്. ........?
ഏമാന്‍ നാട്ടുകാരോട് ചോദിച്ചു.
അതാണ്‌ സാര്‍ അയാളുടെ വീട്. നാട്ടുകാര്‍ അടുത്തുള്ള ഒരു വീട്ടിലേക്കു ചൂണ്ടി.
'എടൊ, താന്‍ പോയി അവനോടു ഞാന്‍ വിളിക്കുന്നൂന്നു പറ. ഏമാന്‍ ഒരു പോലീസുകാരനോട്‌ പറഞ്ഞു .
പോലീസുകാരന്‍ ബൂമറാങ്ങ് പോലെ മടങ്ങി വന്നു .
സാര്‍, അവനു വരാന്‍ പറ്റില്ലെന്ന് പറഞ്ഞു.
ആഹ , എന്നാല്‍ ഞാന്‍ നേരിട്ട് പോകാം . ഏമാന്‍ ശരം വിട്ടത് പോലെ ഡിക്രൂസ് ന്റെ വീട്ടിലേക്കു കയറി ചെന്നു.
നീയാണ ല്ലേടാ   റോബര്‍ട്ട് ഡിക്രൂസ് .................?
അല്ല സാര്‍ , ഞാന്‍ അത്താത്തനാണ് .
അത്താത്തനോ ...?  അപ്പോള്‍ പിന്നെ  റോബര്‍ട്ട് ഡിക്രൂസ് ആരാണ് .....?
അത് ഇങ്ങേര്‍ക്ക് പള്ളീല്‍ ഇട്ട പേരാണ് സാര്‍.
അയാളുടെ ഭാര്യ നിലവിളിയോടെ ഏമാന്റെ മുമ്പില്‍ അവതരിപ്പിച്ചു. അയാള്‍ക്ക്‌ എഴുന്നേല്‍ക്കാന്‍
പറ്റില്ല സാര്‍. രണ്ടു കാലും തളര്‍വാതം വന്നു തളര്‍ന്നു പോയതാണ്.
ഏമാന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.റോബര്‍ട്ട് ഡിക്രൂസ് എന്ന സാധുവിന്റെ മുമ്പില്‍ കൂപ്പു കൈകളോടെ നിന്നിട്ട് ഏമാന്‍ പറഞ്ഞു . കലികാലമല്ലേ , കണ്ണുകളെ പോലും വിശ്വസിക്കാന്‍ പറ്റില്ല .


നേരും നുണയും







ഇത്തവണയെങ്കിലും വിവാഹ വാര്‍ഷികം ഭാര്യയോടൊപ്പം നാട്ടില്‍ കൂടാമെന്ന് വിചാരിച്ചു. വിവാഹം കഴിഞ്ഞിട്ട്  ഇരുപതു വര്‍ഷം കഴിഞ്ഞു. കടന്നു പോയ ഓരോ വിവാഹ വാര്‍ഷികത്തിനും നാട്ടില്‍ എത്തിയെക്കാമെന്നു ഭാര്യക്ക് കൊടുത്ത വാക്ക്  പാഴായി പ്പോയി. എന്ത് ചെയ്യും .................! 

ഒരു പ്രവാസിയുടെ ജീവിതം ഇങ്ങനെ വാക്കിനു പോലും വിലയില്ലാതായി പ്പോയി.  എന്നാല്‍ 'ങ്ങള് സമ്പാദിച്ചത് മതി, ങ്ങ് പോരീന്‍ ' എന്നോ മറ്റോ ഒരു ഭാര്യയും പറഞ്ഞതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകരം , 'ങ്ങള്  ഒന്നു വന്നു പോകീന്‍ ' എന്നു ഭാര്യമാര്‍  പറയാറുണ്ട്‌. അതിലെ ഗുട്ടന്‍സ് ഏതു പോലീസിനും മനസ്സിലാക്കാവുന്നതെയുള്ളൂ. ' ഹമ്പോ,  ഈ ഭാര്യമാരുടെ ഒരു ബുദ്ധി .....!

എന്തായാലും ഇക്കുറി വിവാഹ വാര്‍ഷികം നാട്ടില്‍ എന്നുറപ്പിച്ചു അത്യാവശ്യം പര്‍ച്ചേയ്സ് ഒക്കെ നടത്തുമ്പോഴാണ്  ഒരു ദുഃഖ സത്യം അറിയുന്നത്. ഒരു ദിവസം കൂടെ പാര്‍ക്കുന്നവന്‍ ചോദിച്ചു. നാട്ടില്‍ പോകാന്‍ ലീവ് കിട്ടുമോ..........? 
വൈ നോട്ട്...........?
ഞാനാണെങ്കില്‍ കമ്പനിക്ക് അഭിമതന്‍. കൃത്യ നിര്‍വഹണ തല്‍പ്പരന്‍, വിനയാന്വിതന്‍, വിശ്വസ്തന്‍, സ്ഥാപനത്തിന്റെ എല്ലാമെല്ലാമായ അറബിയുടെ ഇഷ്ടത്തിനു പാത്രീഭൂതന്‍ , അങ്ങനെയുള്ള എനിക്ക് എന്തുകൊണ്ട് അവധി കിട്ടി ക്കൂടാ .......?
എന്റെ ചോദ്യത്തിനൊന്നും കൂടെയുള്ളവന്‍ മറുപടി തന്നില്ല. തികട്ടി വന്ന വാക്കുകള്‍ മുഴുമിപ്പിക്കാതെ അവന്‍ പറഞ്ഞു , ' ഏതായാലും ലീവിന്റെ കാര്യം അറിഞ്ഞിട്ടു മതി പര്‍ച്ചേയ്സ്'. 


 എനിക്കും തോന്നി തുടങ്ങി അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു. അറബികളുടെ സ്വഭാവം നന്നായി അറിയുന്നവനാണ് അയാള്‍. നീണ്ട പ്രവാസ ജീവിതത്തിന്റെ എരിവും പുളിയും എന്നെക്കാള്‍ നന്നായി അനുഭവിച്ചിട്ടുള്ള ആളാണ്‌. അറേബ്യയുടെ കാലാവസ്ഥയും, അറബിയുടെ സ്വഭാവവും നിര്‍വചിക്കാന്‍ പറ്റാത്തതാണ്.  അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നു അനുഭവിച്ചറിയുകയെ നിവൃത്തിയുള്ളൂ. ഒരിക്കല്‍ കൂടെ ജോലി ചെയ്യുന്ന വടകരക്കാരന് പാതിരാത്രിയില്‍ ഒരു ഫോണ്‍. 'ഉപ്പ സീരിയസ്സാണ്.  ഉടനെ എത്തണം'. അയാള്‍ രാത്രിയില്‍ എഴുന്നേറ്റിരുന്നു നിലവിളിക്കാന്‍ തുടങ്ങി. എങ്ങനെയെങ്കിലും നാട്ടിലെത്തണം.പിറ്റേന്ന് ലീവ് ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ അറബിയെ സമീപിച്ചു. അയാളുടെ നിലവിളി കണ്ടു അറബി പൊട്ടി ച്ചിരിച്ചു.'ഇതാണോ ഇത്ര വലിയ കാര്യം'. ഉപ്പ മരിച്ചു .അയാള്‍ക്ക്‌ നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. സഹപ്രവര്‍ത്തകര്‍ ആവുന്നത്ര സമാധാനിപ്പിച്ചു. അപ്പോള്‍ കൂടിനിന്നവരില്‍ ഒരാള്‍ തിരുവനന്തപുരം ശൈലിയില്‍ പറഞ്ഞു.. 'അച്ഛനോ, അമ്മയോ മരിച്ചൂന്നും  പറഞ്ഞു ഇവിടുന്നു ആരും നാട്ടില്‍ പോവില്ല'.


അന്നു പുതുമുഖം ആയിരുന്ന ഞാന്‍ നിഷ്കളങ്കമായി ചോദിച്ചു , പിന്നെ എന്തു പറഞ്ഞാലാണ് ലീവ് കിട്ടുക '.......?
തനിക്കു ഭാര്യയുണ്ടോ .....?
ഉം .........
ഭാര്യയ്ക്ക്  സുഖമില്ലെന്നു ഒന്ന് പറഞ്ഞു നോക്കൂ ...... ,  അയാള്‍ ഉറപ്പിച്ചു പറഞ്ഞു.
ഒന്നു പരീക്ഷിക്കുക തന്നെ,.  എന്തു നുണ പറഞ്ഞാലും വേണ്ടില്ല, ഇത്തവണ വിവാഹ വാര്‍ഷികം നാട്ടില്‍ തന്നെയെന്നു ഞാന്‍ തീരുമാനിച്ചു.
'ഇനി ശങ്ക വേണ്ട, ലീവ് ഉറപ്പ്, ........ ഞാന്‍ സുഹൃത്തിനെ കൂട്ടി നാട്ടിലേക്കുള്ള പര്‍ച്ചേയ്സ് പൊടിപൊടിച്ചു. കാര്യങ്ങളെല്ലാം മനസ്സില്‍ വരച്ചിട്ടു. ഞാന്‍ അറബിയെ കാണുന്നു, ഭാര്യക്ക് സുഖമില്ലെന്നോ,മറ്റോ ഒരു നുണ പറയുന്നു. ചിലപ്പോള്‍ യാത്രാ ചിലവുകൂടി കിട്ടാനുള്ള വകുപ്പുണ്ട്. അങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടാണ് ഞാന്‍ അറബിയുടെ ക്യാബിനിലേക്ക്‌ കടന്നു ചെന്നത്. അയാള്‍ എന്നെ സ്വീകരിച്ചിരുത്തി. ഞാന്‍ ഒരു നുണ പറയാന്‍ പോവുകയാണ്.
'ഭാര്യക്ക് ഡെലിവറി യാണ്   '.' എനിക്ക് നാട്ടിലൊന്നു പോകണം'..........
അയാള്‍ ഒന്നു ഇളകിയിരുന്നു, എന്നിട്ട്   കണ്ഠം ശുദ്ധിവരുത്തിക്കൊണ്ട് പറഞ്ഞു, 
"ഉമ്മയോ ,ഉപ്പയോ വയ്യാന്നു കേട്ടാല്‍ തീര്‍ച്ചയായും പോണം, ഇതിപ്പോ ഭാര്യ , ഡെലിവറി എന്നൊക്കെ പറഞ്ഞാല്‍ ലീവ് തരാന്‍ പറ്റില്ല."
നിരാശയോടെ ക്യാബിന്‍ വിടുമ്പോള്‍ പുറത്ത് ഇളം കാറ്റ് അടിച്ചു കൊണ്ടിരുന്നു, അത് തീക്കാറ്റാകുന്നതിനു മുമ്പ് ഞാന്‍ റൂമിലേക്ക്‌ നടന്നു.





കരിനാക്ക്




സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന് പലരും പറഞ്ഞതിന്റെ പേരിലാണ്  നാട്ടിലെ ബാര്‍ ഹോട്ടലിന്റെ സമീപം ഒരു ചായ ക്കട  തുടങ്ങാമെന്ന് വച്ചത്.'നല്ല കപ്പേം കറീം ഒന്ന് വിളമ്പി നോക്ക്യേ , കാശ് കൊയ്യും', എന്നൊക്കെ എന്റെ അഭ്യുദയ കാംക്ഷികള്‍ അങ്ങു തറപ്പിച്ചു പറയുമ്പോള്‍ ഞാന്‍ എങ്ങനെ അടങ്ങി ഇരിക്കും.  ഒന്നാമത് എന്റേത് ഓട്ട ക്കൈയ്യാണ്. അഞ്ചു പൈസാ കയ്യില്‍ നില്‍ക്കില്ല. കാശു വരും, അതു  വരുന്നതു പോലെ പോകും.  അങ്ങനെ നിത്യ വൃത്തിക്ക് ബുദ്ധി മുട്ടുന്ന കാലത്താണ്, എന്റെ സുഹൃത്തല്ലെങ്കിലും പരിചിതനായ നാട്ടുകാരന്‍ 'തട്ടുകട ' എന്ന ആശയവുമായി എന്നെ സമീപിക്കുന്നത്. ഒരു കട തുടങ്ങുക  എന്നു വച്ചാല്‍ അതിനു ഒരുപാട് കടമ്പകള്‍ ഉണ്ട്. ആദ്യമേ , അതില്‍ മുടക്കാന്‍ പണം വേണം. കടമുറി വേണം. ഉപകരണങ്ങള്‍ വേണം.ആവശ്യത്തിനു ജോലിക്കാര്‍ വേണം. ബിസിനസ് അഭിവൃദ്ധിപ്പെടും വരെ സ്ഥാപനം മുടക്കമില്ലാതെ കൊണ്ട് പോകണം. എന്നെസംബന്ധിച്ചാണെങ്കില്‍ ഇന്നുവരെ ചായക്കടയുടെ മേഖലയില്‍  കൈ വച്ചിട്ടില്ല .
'ഒരു കട തുടങ്ങാനുള്ള എല്ലാ ഉപകരണങ്ങളും എന്റെ പക്കലുണ്ട്. പക്ഷെ, സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത എനിക്ക് ആരും കടമുറി തരില്ല. തന്നാല്‍ തന്നെ അതിനുള്ള പണവും എന്റെ പക്കലില്ല.' ആഗതന്‍ പറഞ്ഞു.
'എങ്കില്‍ പണത്തിന്റെ കാര്യം വിട്ടേക്കൂ..... " 
ചായക്കട നടത്തിപ്പില്‍ അയാള്‍ അഗ്രഗണ്യനും,പതിറ്റാണ്ട് കാലത്തെ പ്രവൃത്തി പരിചയം ഉള്ളവനുമാണെന്ന് ബോധ്യം വന്നപ്പോള്‍ ഞാന്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ കടമുറിഎടുത്തു.ഒരു നല്ല ദിവസം നോക്കി ഉത്ഘാടന തീയതി കുറിച്ചു.ബാറിനു ചുറ്റുവട്ടത്തുള്ളമറ്റുകടക്കാര്‍ഞങ്ങളെ  സ്നേഹപൂര്‍വ്വം ചിരിച്ചു കാണിക്കുകയും അണപ്പല്ല്  കൊണ്ട് ഞറുമ്മുകയും ചെയ്തു. ബാറിനു ചുറ്റുമായി കാലം തള്ളി നീക്കുന്ന മുഴു ക്കുടിയന്മാര്‍ കടയില്‍ കയറി വന്നു ആശംസകള്‍ നല്‍കി കടന്നു പോയി.

ഉത്ഘാടന ദിവസം ആയി. അലമാരയില്‍ നാനാ വര്‍ണ്ണങ്ങളിലുള്ള മധുര പലഹാരങ്ങള്‍ നിറച്ചു. പൊറോട്ടയ്ക്ക് ചുറ്റും ദിവ്യ വലയം പോലെ ആവി പറന്നു നടന്നു.കശാപ്പു കടയില്‍ നിന്ന് പ്രത്യേകം പറഞ്ഞു വാങ്ങിയ എല്ല്  കറിക്കൂട്ടുകളില്‍ കിടന്നു കുടിയന്മാരെ സ്വപ്നം കണ്ടു. പൊതുവേ ബാര്‍ കൂടുതല്‍ ഉശാറാകുന്ന വൈകുന്നേരം നോക്കി ഞങ്ങള്‍ കട തുറന്നു. ആദ്യം കടന്നു വരുന്ന ഭാഗ്യവാന്‍ ആരാണെന്ന ജിജ്ഞാസയോടെ  ഞങ്ങള്‍ തെരുവിലേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു. പുതിയ കട ഉത്ഘാടനം കാണാന്‍ എത്തിയവര്‍ റോഡിനു മറുവശത്ത് കൂട്ടം കൂടി നില്‍ക്കയാണ്‌. അല്‍പ്പ നേരത്തേക്ക് ഞങ്ങള്‍ ഒരു കാഴ്ച വസ്തു ആയതു പോലെ തോന്നി.  പെട്ടെന്ന് ഒരാള്‍ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നിന്ന് കടയെ ലക്ഷ്യമാക്കി നടന്നു. ആള് നല്ല ഫിറ്റാണ്. ചുവടുകളെ 'ശതഗുണീഭവിച്ചാണ് ' വരവ്. 

" അശോകന്‍ " ......

നാലാം ക്ലാസ്സില്‍ ഞങ്ങള്‍ ഒരു ബഞ്ചില്‍ ആയിരുന്നു. സ്നേഹമുള്ളവന്‍ . എവിടെ വച്ച് കണ്ടാലും ഹൃദയത്തില്‍ തറക്കുന്ന ചിരി സമ്മാനി ക്കുന്നവന്‍. നാലാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തി കൂലിവേല ചെയ്തു കുടുംബം പുലര്‍ത്തിയവന്‍ . പിന്നെ എപ്പോഴോ മദ്യം രുചിച്ചു. നാവു പറഞ്ഞു , ചവര്‍പ്പ്, വിശ്വാസം വന്നില്ല വീണ്ടും രുചിച്ചു. അപ്പോള്‍ തോന്നി, ശീത ക്കാറ്റിന്റെ നനവ്‌. തൃപ്തി വന്നില്ല. പിന്നെയും പിന്നെയും രുചി തേടി ക്കൊണ്ടിരിക്കുന്ന ഗവേഷകന്‍ .ഓരോ തവണയും രുചി അശോകനെ കളിപ്പിച്ചു,. അയാള്‍ കടയുടെ മുമ്പില്‍ വന്നു നിന്നു. ചുറ്റുപാടും വീക്ഷിച്ചു. ആകെയൊരു ഉത്സവ സന്ധ്യ.. ജനങ്ങള്‍ക്ക് രസം കയറി. അടുത്ത നിമിഷം അയാള്‍ എന്ത് ചെയ്യും എന്ന് ചിന്തിച്ചു നില്‍ക്കെ , അശോകന്‍ രണ്ടു കയ്യും തലയ്ക്കു മീതെ ഉയര്‍ത്തി ക്കൊണ്ട് അലറി.

" ഈ കട നശിച്ചു പോകും ".

റാന്തലിന്റെ തിരി താഴ്ത്തുന്നത് പോലെ ഞങ്ങളുടെ മുഖം വാടി.  ആരും ശബ്ദിച്ചില്ല .ഞങ്ങളും, നാട്ടുകാരും. അശോകന്‍ പോയി. ആരൊക്കെയോ കടയില്‍ കയറി. കുറച്ചു ദിവസം അങ്ങനെ പോയി.താമസിയാതെ ഞങ്ങള്‍ കട പൂട്ടി. ഞാന്‍ നഷ്ടം കൂട്ടി നോക്കിയില്ല. മൂക്കോളം മുങ്ങിയാല്‍ മൂന്നാലോ ,നാലാളോ എന്നു എന്തിനു നോക്കണം .........?

പരമേശ്വരന്‍ തുണൈ ...........








സയന്‍സും ശാസ്ട്രവുമൊക്കെ എത്രത്തോളം പുരോഗതി പ്രാപിക്കുന്നുവോ, അതിനനുസരിച്ച് മനുഷ്യ രുടെ ജീവിത നിലവാരം ഉയരും. പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ വല്ല്യാപ്പ  ഞങ്ങളുടെ നാട്ടില്‍ നിന്ന് പതിനെട്ടു മുഴം കഴുക്കോലൂന്നി കൊച്ചിക്ക്‌  അരി കൊണ്ട് കൊടുക്കുമായിരുന്നു. അത് നിസ്സാര കാര്യമല്ല .  ഇരുകര മുറ്റി കിടക്കുന്ന പമ്പയാറും, അതിര് കാണാത്ത വേമ്പനാട്ടു കായലും കുത്തി വേണം കൊച്ചിയിലെത്താന്‍. ജലനിരപ്പും, വള്ളത്തിന്റെ വക്കും തമ്മില്‍ നേരിയ വ്യത്യാസമേ ഉണ്ടാകൂ.തികച്ചും സാഹസിക യാത്ര,.ഇന്ന് ടൂറിസത്തിന്റെ ഭാഗമായി കാണുന്ന 'ഹൗസ്‌ ബോട്ട് ' കളുടെ  മൂടി എടുത്താല്‍ പണ്ടത്തെ ചരക്കു വള്ളമായി അന്നൊന്നും വിദേശികളെ കളിപ്പിക്കാനുള്ള വിദ്യ ആരുടേയും മനസ്സില്‍ തോന്നീട്ടുണ്ടാവില്ല.അതുകൊണ്ട്  ചരക്കു വള്ളം എന്ന സങ്കല്‍പ്പത്തിലപ്പുറം മറ്റു ആലങ്കാരികതയൊന്നും  അതിനു ലഭിച്ചിരുന്നില്ല. ദിവസങ്ങള്‍ എടുക്കുന്ന യാത്രയാണ്. ഊണും കിടപ്പുമെല്ലാം വള്ളത്തില്‍ തന്നെ.  വള്ളച്ചോറിനു വല്ലാത്ത രുചിയാണെന്നു  ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അന്നൊക്കെ  വള്ളച്ചോറുണ്ണാന്‍ വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ വല്ലാതെ കൊതിച്ചിട്ടുണ്ട്. വാഹനങ്ങളും മറ്റു സാങ്കേതികവിദ്യകളും നിലവില്‍ വന്നതോടെ വള്ളങ്ങളുടെ പ്രാധാന്യം കുറഞ്ഞു. 

എന്റെ നാട്ടില്‍ ഇന്ന് കാണുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ആശുപത്രി  തുടക്കത്തില്‍ ഒരു നഴ്സിംഗ് ഹോം ആയിരുന്നെന്നു  പ്രായമുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം എത്തുന്ന നഴ്സ്. അവരെയും പ്രതീക്ഷിച്ചു  നിരവധിഅമ്മമാര്‍ ആ ഒറ്റ മുറിയുടെമുറ്റത്തുകുഞ്ഞുങ്ങളെയും മാറത്തു ചേര്‍ത്ത് നില്‍ക്കുന്നത് ഞാന്‍ മനക്കണ്ണില്‍ സങ്കല്‍പ്പിക്കാറുണ്ട്. വലിയ രോഗികളെ അകലെയുള്ള താലൂക്ക് ആശുപത്രീലേക്ക് പറഞ്ഞയക്കും. പിന്നീട് അവിടെ ഡോക്ടര്‍ മാര്‍ വന്നു,വലിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു, രോഗങ്ങളെ തരം തിരിച്ചുള്ള ചികിത്സാ സൌകര്യങ്ങള്‍ ലഭിച്ചു തുടങ്ങി. ഇന്നിപ്പോള്‍ ഒരു  രോഗവുമായി ആശുപത്രിയില്‍ ചെന്നാല്‍ ആദ്യം ചോദിക്കുന്നത് സ്പെഷ്യലിസ്റ്റുകള്‍ ഉണ്ടോ എന്നാണ്. കണ്ണിനും, കാതിനും, ത്വക്കിനുമൊക്കെ നമുക്ക് സ്പെഷ്യലിസ്റ്റ് കളെ വേണം. നല്ലത് തന്നെ. വൈദ്യ ശാസ്ത്രത്തിന്റെ വികാസവും, കമ്പോളത്തില്‍ അതിനു തകരാത്ത മാര്‍ക്കറ്റും ഉള്ളത് കൊണ്ട്  നാട് നീളെ ആശുപത്രികള്‍ ഉയര്‍ന്നു. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഒരു ഇ.എന്‍.ടി യുടെ മരുന്ന് കഴിച്ചിട്ട് മാറാത്ത തലവേദന മുത്തശ്ശി മാരുടെ ഒറ്റ മൂലിയില്‍ സുഖ പ്പെട്ടിട്ടുണ്ട്. എന്റെ ചെറുപ്പത്തില്‍ ചെവി വേദന എന്നെ വല്ലാതെ അലട്ടിയിരുന്നു.എത്രയെത്ര രാത്രികളില്‍ എന്റെ നിലവിളിക്ക്‌ മുമ്പില്‍ ഉമ്മ നിസ്സഹായയായി ഇരുന്നിട്ടുണ്ട്. ഒന്ന് നേരം വെളുത്തു കിട്ടാന്‍ ഉമ്മ അറിയാവുന്നതും , കേട്ട് കേഴ്വി ഉള്ളതുമായ ഷെയ്ഖന്‍മാര്‍ക്കെല്ലാം നേര്‍ച്ചകള്‍ നേരുമായിരുന്നു. എന്റെ മക്കളോടൊന്നും അത്രയും സ്നേഹം കാണിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ നീണ്ട ഒരാഴ്ച ചെവി വേദന സഹിച്ചു ആശുപത്രിയില്‍ കിടന്നു. ഫലിക്കാത്ത മരുന്നുകളെ ശപിച്ചു കൊണ്ട് ഉമ്മ എന്റെ അരികില്‍ ഇരിക്കും.  

ആയിടെ ഞങ്ങളുടെ വീടിനടുത്ത് ഒഴിഞ്ഞു കിടന്ന ഒരു പീടികയുടെ പിന്നാമ്പുറത്ത് ഒരു നാടോടി വൃദ്ധന്‍  പാര്‍പ്പു തുടങ്ങി. പകല്‍ ഭിക്ഷയെടുത്തു നടക്കും. രാത്രിയില്‍ പീടികയുടെ പിന്നില്‍ അടുപ്പ് കൂട്ടി കഞ്ഞിയുണ്ടാക്കി കുടിച്ചു അവിടെ കിടന്നുറങ്ങും. രാത്രി അരി വേവുന്ന അടുപ്പിനു ചിവട്ടിലിരുന്നു ഉറക്കെ പാടുന്നത് ഞാന്‍ ജനാലയിലൂടെ കേട്ട്  നിന്നിട്ടുണ്ട്. എന്നെ ചെവി വേദന ആക്രമിച്ച ഒരു രാത്രിയില്‍ , എന്റെ നിലവിളി കേട്ട് വൃദ്ധന്‍ ,പിറ്റേന്ന് ഉമ്മയോട് അന്വേഷിച്ചു. അന്ന് വൈകിട്ട്  ഭിക്ഷാടനം കഴിഞ്ഞു വന്നപ്പോള്‍ പഴകി ദ്രവിച്ച ഒരു തുണ്ട് കടലാസില്‍ വികൃതമായ കൈപ്പടയില്‍ എന്തൊക്കെയോ കുറിച്ച്  അയാള്‍ ഉമ്മയെ ഏല്‍പ്പിച്ചു. തലയില്‍ പുരട്ടാനും, കാതില്‍ ഒഴിക്കാനുമുള്ള എണ്ണയുടെ കുറിപ്പടിയാണ്.  വേലിയില്‍ ചുറ്റി പ്പടരുന്ന ചില ചെടികള്‍, ആട്ടിന്‍ കാഷ്ഠം,  അങ്ങനെ കുറെ വസ്തുക്കള്‍ . പിറ്റേന്ന് തന്നെ ഉമ്മ എല്ലാം തയ്യാറാക്കി. അത്ഭുതമെന്നു  പറയട്ടെ, ആ വൃദ്ധന്‍ നിര്‍ദേശിച്ച എണ്ണ ഉപയോഗിച്ചതോടെ എന്റെ ചെവി വേദന എന്നന്നേക്കുമായി ഒഴിഞ്ഞു. കുറച്ചു കാലം കുറിപ്പടി ഒരു അമൂല്യ നിധി പോലെ സൂക്ഷിച്ചു. പിന്നീട് അത് എവിടെയോ നഷ്ടപ്പെട്ടു. ഒരു സുപ്രഭാതത്തില്‍ ആ നാടോടി വൃദ്ധന്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി




 എന്റെ മകള്‍ക്ക് ഒരു വയസ്സു തികയുന്നതിനു  മുമ്പാണ്.  ഒരു മോതിരം മോളുടെ വിരലില്‍ കുടുങ്ങി. എന്ന് വച്ചാല്‍  രക്ത ഓട്ടം സാധ്യമാകാത്ത വിധം മോതിരം വിരലില്‍ അമര്‍ന്നു പോയി. ആരും ശ്രദ്ധിച്ചില്ല. കുട്ടി നിര്‍ത്താതെ കരയാന്‍  തുടങ്ങിയപ്പോഴാണ്  കാര്യം പിടി കിട്ടിയത്. മോതിര വിരല്‍ ഒരു പഴുത്ത  മുളക് പോലെ തുടുത്തു പോയി. ഉമ്മയും ,ഭാര്യയും പരിഭ്രാന്തരായി ബോധം കെടാനും, നില വിളിക്കാനും ഒക്കെ തുടങ്ങി. കുട്ടിയെ ഉടനെ  ആശുപത്രിയിലെത്തിച്ചു. എല്ലാവിധ സൌകര്യങ്ങളും ഉള്ള ആശുപത്രിയാണ്. വിവിധ വകുപ്പ് തലവന്മാര്‍  കുട്ടിയെ മാറി മാറി പരിശോധിച്ചു. 

  'ഒരു മൈനര്‍ ഓപ്പറേഷന്‍ വേണ്ടി വരും' ...........

ഒരു ഡോക്ടര്‍ പറഞ്ഞു. - അത് കൂടി കേട്ടപ്പോള്‍ ആശുപത്രിയാണെന്ന് ചിന്തിക്കാതെ ഭാര്യ വലിയ ശബ്ദത്തില്‍ കരയാന്‍ തുടങ്ങി. ഡോക്ടര്‍മാര്‍  ഓപ്പറേഷനെ ക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ആദ്യം വിരലിന്റെ എക്സ്റേ എടുക്കണം. ബോണ്‍ -നു എന്തെങ്കിലും ചതവുണ്ടോ എന്ന് നോക്കണം .  ആരൊക്കെയോ എക്സ്റേ റൂം സജ്ജമാക്കാന്‍ ഓടി. രക്ത ഗ്രൂപ്പ് നോക്കണം. ചിലപ്പോള്‍ രക്തം വേണ്ടി വന്നെങ്കിലോ ....? ഓപ്പ റേഷന് മുമ്പ്  അനസ്തേഷ്യ കൊടുക്കണം. ഒരു പ്രശ്നം അവിടെ ഉദിക്കുന്നു............! അനസ്തേഷ്യ കൊടുക്കേണ്ട യാള്‍ അവധിയിലാണ്. എന്ത് ചെയ്യും ...........?

'സാരമില്ല , നമുക്കയാളെ വിളിച്ചു കൊണ്ട് വരാം  -  

മാനേജര്‍ എന്നെ മാറ്റി നിര്‍ത്തി സ്വകാര്യമായി പറഞ്ഞു , 'ഒരു കാറു വിളിക്കൂ, അനസ്തേഷ്യ ക്കാരനെ ,വിളിക്കാതെ ഒന്നും നടക്കില്ല. ഞാന്‍ ആകെ ധര്‍മ്മ സങ്കടത്തിലായി. ഒരു വശത്ത് മോളുടെ ദയനീയ മുഖം. നീണ്ട കരച്ചിലിനൊടുവില്‍ അവള്‍ മയക്കത്തിലേക്ക് വീണു പോയേക്കുമോ എന്ന് ഞാന്‍ ഭയന്നു. ഞാനൊരു തീരുമാനം  എടുക്കുന്നതിനു  മുമ്പ് ഇതെല്ലാം കേട്ടു കൊണ്ടിരുന്ന ഉമ്മ ചാടിയെഴുന്നേറ്റു. നഴ്സിന്റെ കയ്യില്‍ നിന്ന്  മകളെയും   തട്ടിയെടുത്തു പുറത്തേക്ക് നടന്നു. ആശുപത്രിക്കാര്‍ അന്ധാളിച്ചു നില്‍ക്കെ  ഞാനും ഉമ്മയെ അനുഗമിച്ചു. 

ഉമ്മയോടൊപ്പം നടന്നെത്താന്‍ ഞാനും,ഭാര്യയും നന്നേ പാടുപെട്ടു. പൊതു നിരത്തില്‍ നിന്ന്  ഇടതു വശത്തെ നൂല്പ്പാലവും കടന്നു അടുത്തുള്ള ഒരു കോളനിയിലെ തട്ടാന്‍ പരമേശ്വരന്റെ വീട്ടിലേക്കാണ്  ഉമ്മ ഓടിയത്. ഞങ്ങളുടെ നാട്ടിലെ ആകെയൊരു തട്ടാനാണ് പരമേശ്വരന്‍. ഒട്ടിയ കവിളും  ദിശ തെറ്റിയ ദൃഷ്ടിയുമുള്ള പരമേശ്വരന്‍ ഞങ്ങള്‍ക്കെല്ലാം സുപരിചിതനാണ്. മാത്രമല്ല അയാളുടെ ഒരു മകള്‍ , ഒരു ഇരു നിറക്കാരി ആട് മേയ്ക്കാന്‍ തോട്ടത്തില്‍ വരുമ്പോള്‍ എന്നെ നോക്കി കൊതിപ്പിച്ചിട്ടുള്ളതാണ്. ഒരു ദിവസം അവള്‍ എന്റെ മുഖത്ത് നോക്കി, "ഇങ്ങനെ നോക്കാതെ എന്നെയങ്ങ് തിന്നൂടെ"  എന്ന് ചോദിച്ച ദിവസം ഞാന്‍ സ്വയം ദഹിച്ചു പോയതുമാണ്. അന്നെല്ലാം ഈ വഴി ഒന്ന് നടക്കാന്‍ ആഗ്രഹിച്ചിട്ടുമുണ്ട്. പക്ഷെ ഇന്ന് അതല്ലല്ലോ അവസ്ഥ. മോള്‍ കരച്ചിലിനിടയ്ക്കു എന്നെ ദയനീയമായി നോക്കുന്നു. ചെന്ന പാടെ ഉമ്മ പരമേശ്വരനോട് കഥകള്‍ എല്ലാം പറഞ്ഞു. അയാള്‍ പാട്ട വിളക്കിന്റെ വെളിച്ചത്തില്‍ മോളുടെ വിരല്‍ പരിശോധിച്ച ശേഷം പെട്ടി തുറന്നു ഒരു ചവണ എടുത്തു, മെല്ലെ മോതിരം മുറിച്ചു മാറ്റി. മോള്‍ കരച്ചില്‍ നിര്‍ത്തി , ശാന്തമായി , മയക്കത്തിലേക്ക് വീണു. ഉമ്മ കൊടുത്ത എന്തോ ഉപഹാരം അയാള്‍ സ്നേഹപൂര്‍വ്വം നിരസിക്കുകയും ചെയ്തു.

മടക്കത്തില്‍,  ആശുപത്രിയുടെ മുമ്പില്‍ എത്തിയപ്പോള്‍ ഭാര്യ പറഞ്ഞു, 'അനസ്തേഷ്യ ക്കാരന്‍ അവധിയെടുത്തത്  എന്തായാലും നന്നായി'. ആ പറഞ്ഞതില്‍ ഇത്തിരിയല്ല, മുഴുവനായും പരിഹാസം ഉണ്ടായിരുന്നു.






മന്ത്രി സഭയ്ക്കും 'പിള്ള ദോഷം '







കേരള പ്പിറവി ദിനം കരിദിനമായി ആചരിക്കണം എന്നാണു എന്റെ വ്യക്തി പരമായ അഭിപ്രായം . ഇതില്‍ രാഷ്ട്രീയം ഒന്നുമില്ല. വായനക്കാര്‍ ആരോപിക്കയുമരുത്. ഇന്ത്യന്‍ ഭരണ ഘടനയെയും, ഇവിടുത്തെ നീതി ന്യായ വ്യവസ്ഥയെയും, അംഗീകരിക്കുകയും ,ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പൌരന്‍ എന്ന നിലയില്‍ പറഞ്ഞു പോകുന്നതാണ്. സുപ്രീം കോടതി കുറ്റക്കാരനാ ക്കി ജയിലിലടച്ച ഒരു വ്യക്തിയെ ഓരോ കാരണങ്ങള്‍ പറഞ്ഞു സ്വതന്ത്രനാക്കാന്‍ ഭരണ കൂടം കാണിക്കുന്ന ശുഷ്ക്കാന്തി ക്കെതിരെയാണ് കരി ദിനം ആചരിക്കേണ്ടത്.  2011 ഫെബ്രുവരി 18 ജയിലിലായ ബാല കൃഷ്ണ പിള്ള ഓരോ കാരണം പറഞ്ഞു ശിക്ഷയില്‍ നിന്ന് വഴുതി മാറുന്നതാണ് നാം കണ്ടത്. ശാരീരിക അസ്വാസ്ഥ്യം മുതല്‍ നൂറു കൂട്ടം കാരണങ്ങള്‍ നിരത്തി ശിക്ഷാ കാലയളവ്‌ ആഡംബര ഹോട്ടലുകളിലും ആശുപത്രികളിലുമായി കഴിച്ചു കൂട്ടുകയാണ്  അദ്ദേഹം ചെയ്തത്. പൊതുമുതല്‍ കൊള്ളയടിക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് കടുത്ത കുറ്റം തന്നെയാണ്. ഇത് സുപ്രീം കോടതിയുടെ കണ്ടെത്തലാണ്. അതിനിടയില്‍ ശിക്ഷാ കാലത്ത് നിയമ ലംഘനം നടത്തി നാല് ദിവസം കൂടി ശിക്ഷാ കാലാവധി വര്‍ധിപ്പിച്ചു.

ഭരണ കക്ഷിയുടെ 'വാല്‍' ആയതു കൊണ്ട്  ഒളിഞ്ഞും തെളിഞ്ഞും ഉമ്മന്‍ ചാണ്ടി പിള്ളയെ സഹായിക്കുന്നുണ്ട്.  അതിവിടുത്തെ ഏതു പോലീസിനും അറിവുള്ള കാര്യമാണ്. പക്ഷെ, വളരെ ദുര്‍ബലമായ ഒരു ഭൂരി പക്ഷത്തില്‍ ഭരണം നടത്തുന്ന ഈ മന്ത്രിസഭയെ 'പിള്ള ദോഷം' എന്ന ബാലാരിഷ്ടത  കുറച്ചൊന്നു മല്ല കഷ്ട പ്പെടുത്തുന്നത്.  ബാല കൃഷ്ണ പിള്ളയ്ക്ക് സൌകര്യങ്ങള്‍ ഒരുക്കി കൊടുത്തതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി വെള്ളം കുടിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ വടക്കൊരു 'പിള്ള ' പിള്ളേരുടെ നേരെ തോക്ക് ചൂണ്ടിയത്.  അങ്ങനെ വീണ്ടും വല്ലാത്തൊരു പുലിവാലില്‍ പിടിക്കേണ്ടി വന്നു മുഖ്യ മന്ത്രിക്ക്. ഒന്നോര്‍ത്താല്‍ അദ്ദേഹത്തെ സമ്മതിച്ചു കൊടുക്കണം.  ഒരു ഈര്‍ക്കിലി കനത്തിന്റെ ബലത്തില്‍ ഇത്രയും പേരെ മെരുക്കി കൊണ്ട് പോകുന്നതു ചെറിയ കാര്യമല്ല. ഈ മന്ത്രി സഭ ദീര്‍ഘായുസ്സോടെ ഇരുന്നാല്‍ പിരിഞ്ഞു പോകുമ്പോള്‍ മുഖ്യ മന്ത്രിക്ക്  ധീരതയ്ക്കോ, സമാധാനത്തിനോ ഉള്ള ഏതെങ്കിലും വിലപ്പെട്ട ബഹുമതി നല്‍കി ആദരിക്കണം.



ബാല കൃഷ്ണ പിള്ള അകത്തു കിടന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ , മകന്‍ പുറത്ത്, പുതിയ തല വേദനകള്‍ വേറെ ഉണ്ടാക്കുന്നു. ഇതൊന്നും അവരുടെ കുറ്റമല്ല . മുടിയാന്‍ നേരത്ത് മുട്ടിട്ടാല്‍ നിക്കുമോ എന്ന് പഴമക്കാര്‍ ചോദിക്കുന്നത് പോലെ ' പിള്ള ദോഷം ' ഒഴിയാതെ  ഈ മന്ത്രി സഭ നേരെ ആവില്ല എന്നതായിരിക്കും വിഷു ഫലം . ഇനി ചില ആഭ്യന്തരം.  ഞങ്ങള്‍ അഞ്ചു വര്‍ഷവും തീര്‍ത്തു ഭരിക്കും എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ,അവര്‍ക്ക് പോലും ഉറപ്പില്ല ഈ വണ്ടി ,എത്ര കാലം ,എത്ര ദൂരം ഓടുമെന്ന കാര്യത്തില്‍. അഥവാ ഓടിയാല്‍ തന്നെ ഡ്രൈവറെ മാറ്റണം എന്ന്  ആര്‍ക്കെങ്കിലും തോന്നിയാലോ..........? തേടി എങ്ങും പോകേണ്ട കാര്യവും ഇല്ലല്ലോ. ഇരിപ്പിടം ഒന്ന് മാറണം എന്ന് മാത്രമല്ലേ ഉള്ളൂ. ഒരിക്കല്‍ രമേശ്‌ ചെന്നിത്തലയോടെ ഏഷ്യാ നെറ്റ് ചോദിച്ചു , ഒരു അഭിമുഖത്തില്‍, മുഖ്യമന്ത്രി സ്ഥാനം കിട്ടിയാല്‍ സ്വീകരിക്കുമോ എന്ന്. അദ്ദേഹം അര്‍ദ്ധ ഗര്‍ഭമായി ഒന്ന് ചിരിച്ചു. അദ്ദേഹം മുഖ്യ മന്ത്രി സ്ഥാനം അലങ്കരിച്ചാല്‍ എന്താ കുഴപ്പം എന്ന് ഞാന്‍ ആലോചിച്ചു പോയി അന്നേരം .അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ഒരു കരുണാകര യുഗം കേരളത്തില്‍ വന്നു കൂടായ്കയില്ല.



ചിത്രങ്ങള്‍ക്ക്  ഗൂഗിളിനോടും, ദേശാഭിമാനിയോടും കടപ്പാട്.

ഒരു തേനും ഒരു തീയും







ഒരുത്തന്‍ എന്നാല്‍ ഒരു 'തേന്‍ ', ഒരുത്തിയോ  ഒരു 'തീ' യും. ഇത് ഞാന്‍ പറഞ്ഞതല്ല. ഇതിന്റെ പേരില്‍ ഇനി മാന്യ സ്ത്രീ പക്ഷ വാദികള്‍ പ്രക്ഷോപണം ഉണ്ടാക്കരുത്. കോളജിലെ വിരസമായ സംസ്കൃതം ക്ലാസ്സില്‍ കുട്ടികളെ ഉഷാറാക്കാന്‍ വേണ്ടി പ്രൊഫസ്സര്‍ തങ്കപ്പന്‍ സര്‍ കൊളുത്തിയ ഒരു നേരം പോക്കാണ്. ഇത് കേട്ട് ആണ്‍കുട്ടികള്‍ ആരും ഞെളിഞ്ഞുമില്ല, പെണ്‍കുട്ടികള്‍ മുഖം കുനിച്ചുമില്ല. അന്ന് അദ്ദേഹം അതൊരു തമാശയായി പറഞ്ഞതാണെങ്കിലും ജീവിതത്തിന്റെ നേര്‍ക്കാഴ്ചയില്‍ തമാശയ്ക്കപ്പുറം അതില്‍ ചില സത്യങ്ങളും ഇല്ലേ എന്ന് സംശയിക്കുന്നു.ഒരുത്തന്‍ എന്ന തേന്‍ കണം ഒഴിവാക്കാം  (മാന്യ  മഹിളകളുടെ സന്തോഷത്തിനു വേണ്ടി ), പക്ഷെ ഒരുത്തി യിലെ ' തീ' നിഷേധിക്കാന്‍ പറ്റുന്നില്ല. അത് തീ തന്നെയാണ് .തൊട്ടാല്‍ പൊള്ളുന്ന തീ.

സ്ത്രീ എന്ന പാവനമായ തീ ആദ്യം പൊള്ളിച്ചത് ഏദന്‍ തോട്ടത്തില്‍ വച്ചാണ്. ആണിന്റെ പ്രതിപുരുഷനായ ആദത്തിനെ .അതോടെ അവിടെ നിന്ന് പുറത്താക്കപ്പെട്ടു.അവിടെ മുതല്‍ ഇങ്ങോട്ട് പല രൂപത്തിലും ഭാവത്തിലും തീ തേന്‍ കണത്തിനു പൊള്ളല്‍ ഏല്‍പ്പിച്ചു കൊണ്ട്  സമസ്ത മേഖലകളിലും വിലസുന്നു. 'സീത' എന്ന തീ   പത്ത് മനുഷ്യന്റെ ബുദ്ധിയും, ആരോഗ്യവുമുള്ള സാക്ഷാല്‍  ലങ്കാ പതിയെ പൊള്ളിച്ചു കൊണ്ട് ഇതിഹാസത്തില്‍ സ്ഥാനം പിടിച്ചു. പക്ഷെ രാമന്‍ മിടുക്കനായിരുന്നു. തീ കൊണ്ട് തന്നെ തീയെ പരീക്ഷിച്ചു. അവിടെ ഇത്തിരി പുരുഷ മേധാവിത്വം കടന്നു കൂടിയില്ലേ എന്ന് സംശയമുണ്ട്‌. പക്ഷെ സ്ത്രീ വാദികള്‍ ഇതിഹാസത്തെ തൊട്ടു കളിക്കില്ല.ദൈവം, ദൈവാവതാരങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇന്നും അവര്‍ക്ക് ഭയമാണ്.
എന്നെ ക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്  കഴിഞ്ഞദിവസം നിയമസഭയില്‍ രണ്ടു എം.എല്‍.എ  മാര്‍ക്ക് പൊള്ളലേറ്റ സംഭവമാണ്.ടി.വി . രാജേഷും, ജയിംസ് മാത്യൂവും.കുറച്ചു നേരമെങ്കിലും അവര്‍ ബര്‍ നോളും പുരട്ടി പുറത്ത് നിന്ന്.  വാച്ച് ആന്‍ഡ്‌ വാര്‍ഡിലെ  തീ രത്നം  വി. എസ്.രജനി കുമാരിയെ തൊട്ടതാണ് വിഷയം. ആരെങ്കിലും അറിഞ്ഞൊണ്ട്  തീയില്‍ ചെന്ന്പിടി ക്കുമോ..... ? പൊട്ടന്മാര്‍ . ബുദ്ധിയുള്ള ആണുങ്ങളാരും തീ കൊണ്ട്  കളിക്കില്ല . ഈക്കാര്യം എം.ടി .വാസുദേവന്‍ നായര്‍ തന്നെ ഓര്‍മി പ്പിച്ചിട്ടുണ്ട്. ആരണ്യകം എന്ന സിനിമയില്‍ .അതിലെ നെടുമുടി  വേണു അവതരിപ്പിച്ച മുത്തശ്ശന്‍ കഥാപാത്രം പറയുന്നുണ്ട് " ആരും തീകൊണ്ട് കളിക്കരുത് ". ഞാന്‍ പറയുന്നത് നുണയാണെന്ന് തോന്നിയാല്‍ നിങ്ങള്‍ ചിത്രം എടുത്തു കണ്ടു നോക്ക്. പണ്ട്, ഉണ്ണിയാര്‍ച്ചയെ കിട്ടാതെ വന്നപ്പോള്‍  ചന്തുവിനെ കൊണ്ട് എം.ടി.തന്നെ തീയുടെ ഹസ്തരേഖ വായിപ്പിച്ചു. മമ്മൂട്ടിയുടെ ശബ്ദത്തില്‍. " നീയടക്കമുള്ള പെണ്‍ വര്‍ഗം മറ്റാരും  കാണാത്തത് കാണും, ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും, മോഹിച്ചു കൊണ്ട് വെറുക്കും".............. 



കേരള രാഷ്ട്രീയത്തില്‍ ഇമ്മാതിരി തീപ്പൊള്ളലേറ്റ രണ്ടു വ്യക്തികളാണ്, പി.ജെ.ജോസഫും, കുഞ്ഞാലി ക്കുട്ടിയും. ഒരു വൈരുദ്ധാത്മിക ഭൌതിക വാദം എന്നു പറയുന്നത് പോലാണ്‌ കുഞ്ഞാലി കുട്ടിയ്ക്ക് പൊള്ളിയത്‌.  തീ  കൊണ്ട് പൊള്ളുന്നതിനു പകരം ഐസ്ക്രീം കൊണ്ട് പൊള്ളി. പക്ഷെ ആ ഐസ്ക്രീം പിടിച്ചിരുന്ന കൈകള്‍ റജീന എന്ന തീയായിരുന്നു. മന്ത്രിക്കസേരയും പോയി, നാണക്കേടുമായി. പി.ജെ.ജോസഫിനെ സംബന്ധിച്ചിടത്തോളം , മോഹന്‍ ലാലും, ശ്രീനിവാസനും കൂടി 'കുട നന്നാക്കാനുണ്ടോ,...കുട' എന്നു വിളിച്ചു നടക്കുന്നത് പോലെ 'ആരേലും പൊള്ളിക്കാനുണ്ടോ 'എന്നന്വേഷിച്ചു നടക്കുകയാണ്. അല്ലെങ്കില്‍ പിന്നെ  മാനം മര്യാദയ്ക്ക്  ചെന്നയില്‍  നിന്ന് കൊച്ചിക്ക്‌ വന്ന ലക്ഷ്മി ഗോപകുമാര്‍ എന്ന തീയില്‍  ചെന്ന് തൊടുമോ....?(തൊട്ടു,എന്നു അപഖ്യാതി )അതും ആകാശ മാര്‍ഗെ, ഇയാളെന്താ , ലങ്കേശ്വരനോ .....?  ഒടുവില്‍ കൃഷി വകുപ്പും,മന്ത്രി പദവും ഒക്കെ പോയില്ലേ....?

നുള്ളി ക്കൊട്, ചൊല്ലി ക്കൊട് ,തള്ളിക്കള " എന്നൊരു പഴമൊഴി മലയാളത്തില്‍ ഉണ്ട്. പി.ജെ.ജോസെഫിനെ സംബന്ധിച്ച് ഇത് കിറുകൃത്യം. ഒരിക്കല്‍ തീയെ തൊട്ടു കൈ പൊള്ളിയ ആള്‍ പിന്നെയും പിന്നെയും തൊടാന്‍ ചെന്നാല്‍ എന്താ അവസ്ഥ.....? അനുഭവിക്കുക. ഈ മന്ത്രിസഭാ അധികാരത്തില്‍ വരുന്ന സമയം. ദേ, പിന്നേം പി.ജെ , തീയില്‍ തൊട്ടൂന്നു കേരളത്തിലെ 'നല്ലവരായവര്‍ ' വിളിച്ചു പറയുന്നു. നേരിട്ട് തൊട്ടാല്‍ പൊള്ളും എന്നറിയാവുന്നതു കൊണ്ട് ഇത്തവണ എസ്.എം.എസ് കൊണ്ട് തൊടാന്‍ ശ്രമിച്ചൂന്നാണ്  പലരും പറഞ്ഞത്. തൊടുപുഴയിലുള്ള സുരഭി ദാസ് ആണ് ഇത്തവണ തീ രൂപമെടുത്തത്. പി. ജെ .ജോസഫ്‌   അവരുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്ന് പറഞ്ഞു കോടതിയെ സമീപിച്ചു. അശ്ലീലം എന്നു പറയുന്നത് , തീയ്ക്കു - പുക പോലെയാണല്ലോ. അദ്ദേഹത്തെ വീണ്ടും വെള്ളത്തില്‍ മുക്കിച്ചു. കൈപൊള്ളി യാല്‍ അതല്ലേ ചെയ്യേണ്ടത്. പക്ഷെ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ആരൊക്കെയോ ചേര്‍ന്ന് അങ്ങേരുടെ ദേഹത്തേക്ക് തീക്കനലുകള്‍ വാരി ഇടുന്നൂന്നാണ് .

ഇതൊന്നു ഉപസംഹരിക്കണമല്ലോ. അപ്പോള്‍ പറഞ്ഞു വരുന്നത്  അന്ന് അദ്ധ്യാപകന്‍ പറഞ്ഞത് പോലെ  ' ഒരുത്തീ'  എന്നാല്‍ ഒരു തീ എന്നു തന്നെയാണ് വിവക്ഷ. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യം കേരളത്തില്‍ കുറിയേടത്ത് താത്രി  എന്ന" തീ " ഒട്ടനവധി പുരുഷ കേസരികളുടെ ദേഹത്തേക്ക് പടര്‍ന്നു. വിചാരണ സമയത്ത്  അറുപത്തിയഞ്ചു പേരുകള്‍ വരെ വിളിച്ചു പറഞ്ഞപ്പോള്‍ കേട്ട് നിന്ന നാവുകള്‍ " മതീ, .....മതീ .... എന്നു  കെഞ്ചി യത്രേ. എങ്ങനുണ്ട്  ഒരു തീ യുടെ ആളല്‍ . കൌമാര നാളുകളില്‍ എന്റെ മനസ്സില്‍ വന്നു വീണ ഒരു തീ ഇന്നും പുകഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ ഒരു തേനും ,ഒരു തീയും സത്യമായി തീരുന്നു.

നിങ്ങളെന്തിനാണ് അയാളെ പ്രസിദ്ധനാക്കിയത് .....?



രാധയും കൃഷ്ണനും എന്ന ശരാശരി നിലവാരം പോലുമില്ലാത്ത ഒരു സിനിമയുമായി  വന്ന സന്തോഷ്‌പണ്ഡിറ്റിനെ മലയാളി യുവാക്കള്‍ പരിഹസിച്ചു പ്രസിദ്ധനാക്കി. യൂറ്റൂബില്‍ ആരും ലജ്ജിക്കുന്ന തരത്തിലുള്ള കമന്റ്റുകള്‍ ഇട്ടു. ഫെയ്സ് ബുക്കില്‍ വ്യാജ അക്കൌണ്ടുകള്‍ ഉണ്ടാക്കി , എന്തിനു അയാള്‍ക്ക്‌ വേണ്ടി ഒരു ബ്ലോഗ്‌ വരെ ക്രിയേറ്റ് ചെയ്തു. എന്നിട്ട് അതിലൂടെ അയാളെ തെറി വിളിച്ചു. ചാനലുകാര്‍ ക്യാമറയ്ക്ക്  മുമ്പില്‍ നിര്‍ത്തി വ്യംഗ്യ ഭാഷയില്‍ തൊലിയുരിച്ചു. ആരാധകരെന്നു തെറ്റി ധരിപ്പിച്ചു ഫോണില്‍ വിളിച്ചു അധിക്ഷേപിച്ചു. അയാളുടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി. ഒരുപിടി വിട്ട വണ്ടി ആണെന്ന് അറിഞ്ഞുകൊണ്ട് മാധ്യമങ്ങള്‍  ഇന്റര്‍വ്യൂ ചെയ്തു. സര്‍, സര്‍, എന്ന് പിറകെ നടന്നു വിളിച്ചു.  എന്തിനായിരുന്നു ഇതൊക്കെ. ഒടുവില്‍ അയാള്‍ അനര്‍ഹമായ പ്രസിദ്ധി കൈവരിച്ചപ്പോള്‍ നിങ്ങള്ക്ക് തോന്നുന്നില്ലേ ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന്.

  ഇന്ന് സന്തോഷ്‌ പണ്ഡിറ്റ് എന്ന് പറഞ്ഞാല്‍ കേരളക്കര അറിയും. വികൃതം  ആണെങ്കിലും രാത്രി ശുഭരാത്രി എന്ന ഗാനം മലയാളികളുടെ നാവിന്‍തുമ്പില്‍ അറിയാതെ വന്നു പോകുന്നു.ഭീമമായ പണം മുടക്കി , തീവ്രമായ കഠിനാധ്വാനം ചെയ്തു നിര്‍മ്മിക്കുന്ന ഒരു സിനിമയേക്കാള്‍ പോപ്പുലാരിട്ടി കൃഷ്ണനും രാധയും നേടിയെടുത്തു. യൂ ട്യൂബുകാര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. കുറഞ്ഞ സമയം കൊണ്ട് ഇരുപത്തി യഞ്ചു ലക്ഷം കമന്റു നേടിയ വ്യക്ത്തിയെ ക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.ഓരോ അഞ്ചു മിനിട്ടിലും അറുപതോളം മിസ്സ്ഡ് കോള്‍ അയാളുടെ ഫോണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇതൊന്നും നില നില്‍ക്കുന്നതല്ലെങ്കിലും ഇത്തരം ഒരു പ്രളയം ഉണ്ടാക്കി എടുത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നമ്മുടെ " യൂത്ത് " നു തന്നെ.

 ഇനി സന്തോഷ്‌ പണ്ഡിറ്റ് പറയുന്നത് ശ്രദ്ധിക്കാം. "പലരും,വിഡ്ഢിവേഷം കെട്ടിക്കുന്നതും, അസഭ്യം പറയുന്നതും,നിറ ചിരിയോടെയാണ്‌ ഞാന്‍ കേട്ട് നിന്നത്. അതായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ പബ്ലിസിറ്റി" . ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ പരസ്പ്പര വിരുദ്ധമായി പറയുന്ന കാര്യങ്ങള്‍  ആവര്‍ത്തിച്ചു കേള്‍പ്പിക്കുക ,മഹത് വചനങ്ങള്‍ക്ക് " എക്കോ " കൊടുക്കുക,എന്ന് വേണ്ട നല്‍കാവുന്ന പബ്ലിസിറ്റി മുഴുവനും മീഡിയ നല്‍കി.അങ്ങനെ ഒരു മോശം സിനിമയെ വിജയിപ്പിക്കുന്ന ദൌത്യം ചെറുപ്പക്കാരും ,മീഡിയയും കൂടി ഏറ്റെടുത്തു.


യുവാക്കളെ ഹരം കൊള്ളിച്ച ഘടകങ്ങള്‍  
സന്തോഷ്‌ പണ്ഡിറ്റിന്റെ ബോഡി ലാന്ഗുവേജ് ഒരിക്കലും നായക വേഷം ചെയ്യാന്‍ പറ്റുന്നതല്ല. ഗ്ലാമറോ , ആകാര സൌഷ്ഠതയോ ഇല്ല. അങ്ങനെയുള്ള ഒരാള്‍ ഒരു സുപ്രഭാതത്തില്‍ നായകന്‍ ചമഞ്ഞു കുറെ പെണ്‍കുട്ടികളുമായി , ഒരു ഓടക്കുഴലും പിടിച്ചു വന്നാല്‍ ചെറുപ്പക്കാര്‍ പിള്ളേര്‍ എങ്ങനെ സഹിക്കും.ഇവിടെ ഗ്ലാമറുള്ള പൃഥിരാജ്  ആള് കളിക്കാന്‍ നോക്കീട്ടു സമ്മതിച്ചു കൊടുത്തിട്ടില്ല . പിന്നല്ലേ ഒന്നുമില്ലാത്ത ഈ പുതുമുഖം. വന്ന പാടെ 'ധീരോധാത്തന്‍' എല്ലാ മേഖലകളും അങ്ങ് ഏറ്റെടുത്തു. 'പണ്ടേ ദുര്‍ബല , ഇപ്പൊ ഗര്‍ഭിണീം' എന്നു പറഞ്ഞ പോലെ തൊട്ട തെല്ലാം വികൃതമാക്കുകയും ചെയ്തു. യൌവ്വന യുക്തകളായ പെണ്‍കുട്ടികളെ പൊക്കിയെടുത്ത് കാണിക്കുന്ന കസര്‍ത്ത് നമ്മുടെ യുവ ജനതയ്ക്ക് സഹിക്കുമോ. അതും  പെണ്‍കുട്ടികളുടെ മുഖത്ത് നോക്കിയാല്‍ കണ്ണില്‍ കുത്തുന്ന ഈ കാലത്ത്. യുവാക്കള്‍ ഇളകി. ഇത് ശുദ്ധ ആഭാസം ആണെന്നങ്ങു വച്ച് കാച്ചി. ( കിന്നാരത്തുമ്പികള്‍ കണ്ടിട്ട് സദാചാര ബോധം നഷ്ടപ്പെടാത്തവര്‍ ആണെന്നോര്‍ക്കണം ). തന്റെ പോരായ്മകളെ ക്കുറിച്ച് ചിന്തിക്കാതെ പണ്ഡിറ്റ്‌ കാണിച്ചു കൂട്ടിയ കോപ്രായ ത്തരങ്ങളാണ് ചെറുപ്പക്കാരെ   വെറളി  പിടിപ്പിച്ചത്.



അരോചകങ്ങളായ ഗാനാലാപനം ജനങ്ങള്‍ ഏറ്റെടുത്തു. ഗായകരല്ലാത്തവര്‍ ഇതിനു മുമ്പും സിനിമയില്‍ പാടിയിട്ടുണ്ട്. ഒരു പൈങ്കിളിക്കഥ യില്‍ ബാലചന്ദ്ര മേനോന്‍ പാടിയിട്ടുണ്ട്. മോഹന്‍ ലാല്‍ പാടിയിട്ടുണ്ട്. അതിനെല്ലാം ഒരു പരിഗണന ഉണ്ടായിരുന്നു. എവിടെ നിന്നോ വന്ന ഒരാള്‍ കാണിക്കുന്ന വണ്മാന്‍ ഷോ ചെറുപ്പക്കാരുടെ സഹന ശക്തിയെ തകര്‍ത്തു. അവര്‍ പ്രതികരിച്ചു.


സന്തോഷ്‌ പണ്ഡിറ്റ്‌  നല്‍കിയ ഇന്റര്‍വ്യൂ പോലും മീഡിയകള്‍ ആഘോഷിച്ചു. എന്തു പറയണം, എന്തു പറയരുത് എന്നൊന്നും ചിന്തിക്കാതെ വിളമ്പിയ ഡയലോഗുകള്‍  പലര്‍ക്കും കാണാപാഠം . ടിയാന് ആയിരത്തി അഞ്ഞൂറ് ഡിഗ്രി, അതില്‍ ടൈപ്പ് ലോവറും ഹയറും വരെ. അത് കേള്‍ക്കുമ്പോഴേ അറിയാം ഇത് ഒരു നടയ്ക്കു തീരില്ലെന്ന്. പ്രീ ഡിഗ്രി ഫോര്‍ത്ത് ഗ്രൂപ്പ്, ഡിഗ്രി ഇംഗ്ലീഷ് , എം.എ. ഹിന്ദി, പോരാഞ്ഞിട്ട് റിസേര്‍ച് ഫെല്ലോ.
 എം എസ് സി സൈക്കോളജി , എല്‍.എല്‍.ബി ,കമ്പ്യൂട്ടര്‍  ഹാര്‍ഡ് വെയര്‍ ആന്റ് സോഫ്റ്റ്‌ വെയര്‍, ജര്‍മ്മന്‍ ഭാഷയില്‍ ഡിപ്ലോമ , അസ്ട്രോളജിയില്‍ ഡിപ്ലോമ (കുറച്ചു കാലം മുമ്പ്  ജി - മെയില്‍ എങ്ങനെ അയക്കാം എന്ന് ഒരാളോട് ചോദിക്കുന്നതിന്റെ ഫോണ്‍ വോയ്സും  യൂ ട്യൂബില്‍ ലഭ്യമാണ് ). ഇതൊക്കെ കേട്ടാല്‍ മലയാളത്തിലെ ചെറുപ്പക്കാര്‍ നിലത്തു നില്‍ക്കുമോ ........? ഒരുപാട് ഡിഗ്രി എടുക്കുന്നത് തന്നെ മലയാളികള്‍ക്ക് ഇഷ്ടമല്ല . ഇതൊക്കെ പോരെ വലിയ മോഹവും, മോഹ ഭംഗങ്ങളും  ഇല്ലാത്ത മലയാളിയുടെ സ്വസ്ഥത കെടുത്താന്‍.


ഇനി കാര്യത്തിലേക്ക് വരാം

 ഏറ്റവും ഒടുവില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നത്, ഇതൊക്കെ ഒരു സൈക്കോളജിക്കല്‍ അപ്രോച്  ആയിരുന്നു എന്നാണു. സൌന്ദര്യവും , പേരുമില്ലാത്ത ഒരു നവാഗതന് ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ തെരഞ്ഞെടുത്ത മാര്‍ഗം ആയിരുന്നുവത്രേ ഈ വിഡ്ഢി വേഷം. പറഞ്ഞത് സത്യമാണെങ്കില്‍ ആരാണ് മണ്ടന്മാര്‍ ആയതു. നിസ്സംശയം പറയാം. മലയാളി യുവാക്കള്‍ . ഫെയ്സ് ബുക്കിലും ,യൂ ട്യൂബിലും മണ്ടത്തരങ്ങള്‍ ആഘോഷിച്ചവര്‍. പണ്ഡിറ്റ്‌- നെ തെറി വിളിക്കാന്‍ പോയ നേരത്ത് ആ രഞ്ജിനി ഹരിദാസിനെ പോലുള്ളവരെ ഒതുക്കിയിരുന്നെങ്കില്‍  മലയാളമെങ്കിലും പച്ച പിടിക്കുമായിരുന്നു .


ഈ കുരുന്നുകള്‍ എന്ത് പിഴച്ചു............?



                                 "   Child  is  father  of  the  man  "
                                                                                                  William Wordsworth 










ഴിഞ്ഞ ആഗസ്റ്റ്‌ 12 നു തൊടുപുഴ ഉടുമ്പന്‍ ചോലയില്‍ ആരോമല്‍ എന്ന മൂന്നര വയസ്സ് കാരനെ മാതാപിതാക്കളുടെ മുമ്പില്‍ നിന്ന് പോലിസ് സ്വതന്ത്രമാക്കുമ്പോള്‍ അവന്റെ കാലില്‍ ചങ്ങല ഉണ്ടാ യിരുന്നു.  ആറു മാസത്തോളം ഈ പിഞ്ചു കുഞ്ഞിനെ അവര്‍ വീട്ടിലെ നായോടൊപ്പം പൂട്ടി ഇട്ടിരുന്നു.ചൂരല്‍ കൊണ്ട് ശരീരം അടിച്ചു പൊട്ടിച്ചു. സിഗരറ്റ് കുറ്റികൊണ്ട് ശരീരം പൊള്ളിച്ചു. ആരും കടന്നു ചെല്ലാതിരിക്കാന്‍ വീട്ടിലെ മറ്റൊരു നായെ മാതാപിതാക്കള്‍ അഴിച്ചു വിട്ടു. പോലിസ് എത്തുമ്പോള്‍ അവന്റെ കൈ പ്പത്തികള്‍ പൊള്ളി അടര്‍ന്നിരുന്നു. ഒടുവില്‍ മാതാപിതാക്കളെയും , മുത്തശ്ശനെയും കോടതി രണ്ടര വര്‍ഷത്തേക്ക് ജയിലിലടച്ചു .

2011  ജൂണില്‍ കൊല്ലം ജില്ലയില്‍ , മൂന്നര വയസ്സുകാരന്‍  അന്‍ഷാദിനെ പിതാവ്  ഷാജി വീട്ടില്‍ പൂട്ടിയിട്ടു ബെല്‍റ്റിനു അടിച്ചു പുറം പൊട്ടിച്ചു.അതിനു കാരണം കുട്ടി ' ആ 'എഴുതാന്‍ പഠിച്ചില്ലത്രേ....!ഷാജിയുടെ മദ്യ പാനവും, പരസ്ത്രീ ഗമനവും ചോദ്യം ചെയ്തതിനു അന്‍ ഷാദിന്റെ മാതാവും പീഡന ത്തിനു ഇരയായിരുന്നു. കൊല്ലം ,കൊട്ടിയം പുതുച്ചിറയിലാണ് ഈ സംഭവം അരങ്ങേറിയത്. ഒടുവില്‍ നാട്ടുകാരും, പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ബെല്‍റ്റിന്റെ  ബക്കിള്‍ കൊണ്ട് ആ കുരുന്നിന്റെ മാംസം അടര്‍ന്നിരുന്നു.

ആരോമല്‍ 




റാഫി എന്ന പതിമൂന്നു കാരനെ കമ്പിയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവവും കൊല്ലം ജില്ലയിലാണ്. ഇവിടെ  മര്‍ദ്ദനങ്ങള്‍ അഴിച്ചു വിട്ടത്  രണ്ടാന മ്മയാണ്‌.   ബാഗില്‍ ഒരു പേന  കണ്ടെ ത്തിയ  തിനെതുടര്‍ന്ന്  റാഫിയെ രണ്ടാനമ്മ മുഖം പൊള്ളിക്കുകയും ,കമ്പി കൊണ്ടടിച്ചു പരിക്കേല്‍പ്പിക്കയും ചെയ്തു.കുട്ടി ഇക്കാര്യംരഹസ്യമായി വച്ചു. മദ്രസയില്‍ വച്ചു ഉസ്താദന്മാര്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ റാഫി പുറത്ത് വിട്ടത്.

നാലര വയസ്സുകാരി ശ്രീജയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു മരപ്പൊത്തില്‍ ഒളിപ്പിച്ചു വച്ചത് കുമളിയില്‍. തോട്ടം തൊഴിലാളികളായ ശശി കുമാര്‍,മാലതി ദമ്പതി മാരുടെ മകളായിരുന്നു ശ്രീജ. അഞ്ചു വയസ്സു കാരി  വാണി യെ കൊണ്ട് സ്വന്തം പിതാവ് ഭിക്ഷ യെടുപ്പിച്ച സംഭവം ഇടുക്കി ജില്ലയില്‍ കാഞ്ഞാറില്‍ ആണ് നടന്നത് .പിതാവ് സഹദേവന്‍  ഇപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ ആണ്. ഇനിയുമുണ്ട് കഥകള്‍ . ആറുമാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ആത്മ ഹത്യ ചെയ്തു. മറ്റൊരു വീട്ടമ്മ ചെയ്തത് തന്റെ രണ്ടു പെണ്‍ മക്കളെ കെട്ടി ത്തൂക്കി.ആയുസ്സിന്റെ വലിപ്പം കൊണ്ട് ഇളയ കുട്ടി സുമയ്യ കയറില്‍ നിന്ന് രക്ഷപ്പെട്ടു.

ഇനി മാന ഭംഗത്തിന്റെ കഥ പറയാം. പത്താം ക്ലാസ്സുകാരി മകളെ നാടുനീളെ കൊണ്ട് നടന്നു വിറ്റത് സ്വന്തം പിതാവ്, കോതമംഗലം സ്വദേശി മുഹമ്മദലി. സുധീര്‍ എന്ന മറ്റൊരു പിതാവ് മകളെ രണ്ടായിരം രൂപമുതല്‍ പതിനായിരം വരെ വാങ്ങി മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചു. ഇതില്‍ നാല്പതോളം പ്രതികള്‍ ഇപ്പോള്‍ പോലിസ് കസ്റ്റ ഡിയില്‍ ഉണ്ട്. ഇതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ .പണത്തിനു വേണ്ടി സ്വന്തം കുഞ്ഞിന്റെ  തുണി  അഴിച്ചു കൊടുക്കാന്‍ മാത്രം കേരളം അധപതിച്ചു പോയി.

പോലിസ് റിപ്പോര്‍ട്ട്  


2011 ജൂണ്‍ വരെ കേരളത്തില്‍ കുട്ടികള്‍ക്ക് നേരെ 377  വധ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണിത്. 2010 ല്‍ ഇരുന്നൂറ്റി പതിനൊന്നും,2009  ല്‍ ഇരുന്നൂറ്റി ആറും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ മാസം വരെ 11  കുട്ടികള്‍ പല രീതിയില്‍ കൊല ചെയ്യപ്പെട്ടു. തൊട്ടു മുന്‍ വര്‍ഷം ആകെ കൊല ചെയ്യപ്പെട്ടതു പത്ത് കുട്ടികളാണ്. അതായത് ഈ വര്‍ഷം കണക്കുകള്‍ നേരെ ഇരട്ടിച്ചു. തട്ടിക്കൊണ്ടു പോകല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതലാണ്.ജൂണിലെ കണക്കുകള്‍ വച്ചു 96  കുട്ടികള്‍ അപ്രത്യക്ഷമായിട്ടുണ്ട്. പെണ്‍ മക്കളെ കൂട്ടി ക്കൊടുത്തത്തിനു പിടിയിലായവരുടെ എണ്ണവും ഈ വര്‍ഷം വര്‍ദ്ധിച്ചു. 2010 വര്‍ഷത്തില്‍ ആറും , ഈ വര്‍ഷം ജൂണ്‍ വരെ 5 ഉം  ആണ് കണക്കുകള്‍. ഇതൊക്കെ കേസ് രജിസ്ടര്‍ ചെയ്യപ്പെട്ട കണക്കുകള്‍ ആണ്. അറിയപ്പെടാത്തതു വേറെയും.

 ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്. ജന സംഖ്യയുടെ 40 % വരും കുട്ടികള്‍. ഇതില്‍69%കുട്ടികള്‍ഓരോതരത്തില്‍ ഹീന പ്രവൃത്തി കള്‍ക്ക്  ഇരയാവുന്നുണ്ട്.അനാശാസ്യ പ്രവര്‍ത്തങ്ങള്‍ക്ക്  ഇരയാകുന്നതില്‍  75 % സ്വന്തം കുടുംബങ്ങളില്‍ വച്ചാണ്. കര്‍ണ്ണാടകത്തിലെ ചില മുന്‍ കാല കണക്കുകള്‍ സൂചിപ്പിക്കുന്നത്  15 - 20  പ്രായത്തിനിട യില്‍ പെണ്‍കുട്ടികള്‍ മാന ഭംഗ ത്തിനു ഇരയാവുന്നുണ്ട് എന്നാണു.



ശ്രീജ യുടെ മാതാപിതാക്കള്‍
അന്ധ വിശ്വാസം , ദാരിദ്ര്യം 


ദൈവ പ്രീതിയ്ക്കു വേണ്ടിയും , സാമ്പത്തിക ഉയര്‍ച്ചയ്ക്ക് വേണ്ടിയുമാണ് കുട്ടികള്‍ ബലി നല്‍കപ്പെടുന്നത്. ശിഥിലമായ കുടുംബാന്തരീക്ഷവും, മദ്യപാനവും മാതാപിതാക്കളെ ഇതിനു പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ആത്മീയ ജീവിതം ദുര്‍ബല പ്പെടുകയും ,അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് ആളുകള്‍ ഇത്തരം നീച്ച വൃത്തിയില്‍ ഏര്‍പ്പെടാന്‍ തയ്യാറാവുന്നത്.കുട്ടികള്‍ ദൈവത്തിന്റെ പ്രതി പുരുഷന്മാരാണെന്ന് വാഴ്ത്ത പ്പെട്ട മണ്ണില്‍ ഇന്ന് കുട്ടികളുടെ ജീവനും, മാംസത്തിനും വില പറയുകയാണ്‌. 2050 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തെ വന്‍ ശക്തിയാകും എന്ന് ദേശിയ സര്‍വേകള്‍ സൂചിപ്പിക്കുന്നത്   ജനസംഖ്യയിലെ കുട്ടികളുടെ അനുപാതം കണക്കിലെടുത്താണ്. കുട്ടികളോടുള്ള ക്രൂരത അവസാനിയ്ക്കാതെ ഒരു തരത്തിലുമുള്ള വളര്‍ച്ചയെ സ്വപ്നം കാണേണ്ടതില്ല.

ബ്ലോഗെഴുതുമ്പോള്‍ .......








ക്രിയേറ്റിവിറ്റി അഥവാ സര്‍ഗാത്മകത 

ര്‍ഗാത്മകത രണ്ടു തരത്തിലുള്ള ആനന്ദമാണ് നല്‍കുന്നത്. ഒന്ന്  അവാച്യമായ നോവില്‍ നിന്ന്  പിറവിയെടുക്കുന്ന ആശയ പ്രകടനത്തില്‍, മറ്റൊന്ന്  അത് വായനക്കാര്‍ക്ക് വേണ്ടിയോ, ലോക ത്തിനു  തന്നെയോ സമര്‍പ്പിക്കപ്പെടുമ്പോള്‍.  ഒരു  കൃതി അത് വായന ക്കാര്‍ക്ക് എത്ര തന്നെ അരോചക മായിരുന്നാലും എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം മഹത്തരമാണ്.  യാതൊരു ആലസ്യവും കൂടാതെ അയാളത് നിരവധി തവണ വായിച്ചെന്നു വരും. ഇത്  ഒരു എഴുത്തു കാരനും അവന്റെ ആത്മ സത്തയും തമ്മിലുള്ള വ്യവഹാരങ്ങള്‍ . ഇതു കൂടാതെ എഴുത്തുകാരന്  സമൂഹത്തോടും ചില പ്രതിബദ്ധതകള്‍ ഉണ്ട്. എഴുത്തിലൂടെ ഒരാള്‍ സ്വന്തം ആത്മ പ്രകാശനമാണ് നിര്‍വഹിക്കുന്നത്. പാറക്കെട്ടില്‍ നിന്നുള്ള ശുദ്ധ ജലപ്രവാഹം പോലെ , ചതുപ്പു നിലത്തെ ചെളി വെള്ളം പോലെ , അതിന്റെ ഗുണദോഷങ്ങള്‍ നിര്‍ണ്ണയിക്കുന്നത്  എഴുത്തുകാരന്റെ സര്‍ഗ്ഗ ശേഷിയുടെ  അളവുകോല്‍ വച്ചായിരിക്കും. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം സാഹിത്യ രചനാ മത്സരങ്ങളാണ്. ഒരേ ആശയം തന്നെ മത്സരാര്‍ഥികള്‍ വ്യത്യസ്ത രീതിയിലായിരിക്കും ആവിഷ്ക്കരിക്കുക. ഇനി മറ്റൊരു കാര്യം . ഒരു സര്‍ഗാത്മക കൃതിയെ വിലയിരുത്തപ്പെടുന്ന രീതിയെ ക്കുറിച്ചാണ്.


പത്രാധിപന്മാര്‍ 

ഒരു സാഹിത്യ രചനയെ ക്കുറിച്ച്  എഴുത്തുകാരനുണ്ടാവേണ്ട അവബോധത്തെക്കാള്‍ ഉയര്‍ന്ന നിലയിലായിരിക്കണം പത്രാധിപന്മാര്‍ നില്‍ക്കേണ്ടത്. പക്ഷെ അയാള്‍ക്ക്‌ എഴുതാന്‍ കഴിയണം എന്നില്ല. എഴുത്തുകാരന്  അയാളുടെ രചനയോട് സംവാദിച്ചാല്‍ മതി. എന്നാല്‍ പത്രാധിപര്‍ക്ക് അത് പോരാ, ഒരു രചന പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അതിലെ സാഹിതീയാംശം കണ്ടെത്തണം, എഴുത്തുകാരന്റെ സര്‍ഗ ശേഷിയുടെ തൂക്കം അറിയാന്‍ കഴിയണം,  അതിനെ വര്‍ഗ്ഗീകരിച്ചു അതാതിന്റെ കാറ്റഗറിയില്‍ പ്പെടുത്താനുള്ള ശേഷി ഉണ്ടാവണം. ഉദാഹരണത്തിന് , ഒരു കഥ കയ്യിലെടുക്കുമ്പോള്‍ ഇന്നോളം എഴുതപ്പെട്ട രചനകളുടെ അനുഭവങ്ങളില്‍ നിന്ന്  വ്യത്യസ്തമായ അനുഭൂതിയാണ് ലഭിക്കുന്നതെങ്കില്‍, അത് വിലയിരുത്തപ്പെടാന്‍  മാത്രമുള്ള പ്രാഗത്ഭ്യം  പത്രാധിന്മാര്‍ക്കുണ്ടാവണം.  ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാം.' ഖസാക്കിന്റെ ഇതിഹാസം ' ആദ്യം വായിച്ച പത്രാധിപര്‍ ഈ സുഖം അറിഞ്ഞിരിക്കണം എന്ന് ഞാന്‍ സങ്കല്‍പ്പിക്കുന്നു. ചുരുക്കി പ്പറഞ്ഞാല്‍ ഒരു പത്രാധിപന്‍  സര്‍ഗാത്മക  സാഹിത്യകാരനും, പണ്ഡിതനും ആയിരിക്കണം.


ബ്ലോഗും , പത്ര മാസികകളും   

നമ്മുടെ മിക്ക സാഹിത്യ കൃതികളും ഏതെങ്കിലുമൊരു പ്രസിദ്ധീകരങ്ങളിലൂടെ കടന്നു വന്നവയാണ്. ഒട്ടേറെ പ്രഗത്ഭരായ പത്രാധിപന്മാര്‍ നമുക്കുണ്ടായിരുന്നു. അവരുടെ ധിഷണയില്‍ ശുദ്ധി ചെയ്യപ്പെട്ട തിനു ശേഷമാണ്  അതൊക്കെ വായനക്കാരില്‍ എത്തിയത്.  എഴുത്തുകാരെ രൂപപ്പെടുത്തുന്നതില്‍ പത്രാധിപന്മാര്‍ക്കുള്ള പങ്കു വലുതാണ്‌.  തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അനായാസം മറി കടക്കാനാവാത്ത ഒരു പ്രതിസന്ധിയാണ് പത്രാധിപര്‍. ഇക്കാര്യം എം. ടി. വാസുദേവന്‍ നായര്‍ പലേടത്തും കുറിച്ചിട്ടുണ്ട്. ആദ്യ കാല രചനകള്‍ മടങ്ങുമ്പോള്‍ , വീണ്ടും വീണ്ടും എഴുതാനൊരു വാശി യുണ്ടാവുക സ്വാഭാവികം . കൂടുതല്‍ ശ്രദ്ധയോടെ , കരുതലോടെ പുതിയ കഥകളിലേക്കും, കവിതകളിലേക്കും എഴുത്തുകാരന്‍ പ്രവേശിക്കുന്നു. അത് സര്‍ഗ പ്രക്രിയയിലേക്കുള്ള യാത്ര കൂടി യാണ്.  എഴുതി തെളിഞ്ഞവരാകട്ടെ , വായനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന വിശ്വാസത്തെ തകര്‍ക്കാ തിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുകയും ചെയ്യുന്നു. ബ്ലോഗുകളുടെ ആവിര്‍ഭാവത്തോടെ പത്രാധിപര്‍  എന്ന തസ്തിക ഒഴിവാക്കപ്പെട്ടു. എഴുത്തുകാരന്‍ തന്നെ പത്രാധിപരായി. അതുകൊണ്ട് എഴുതുന്നവരുടെ എണ്ണം വര്‍ധിച്ചു ,എന്നല്ലാതെ സാഹിത്യ ലോകത്തിനു വലിയ ഗുണമൊന്നും ഉണ്ടായില്ല. അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന ജനക്കൂട്ടത്തെ പ്പോലെയായി ബ്ലോഗ്‌ എഴുത്തുകാര്‍. സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്ത ചവറുകള്‍ എഴുതിക്കൂട്ടി.  അതിനെയെല്ലാം എവിടെയൊക്കെയോ നിന്ന് ആളുകള്‍ 'കൊള്ളാം ,കൊള്ളാം ' എന്ന് പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് സ്ത്രീ ബ്ലോഗര്‍ മാര്‍ക്കാണ് ഈ സൌജന്യം കൂടുതല്‍ ലഭിക്കുന്നത്. പലപ്പോഴും പ്രൊഫൈല്‍ ഫോട്ടോയും,പേരും നോക്കിയാണ് സ്ത്രീകള്‍ വാഴ്ത്തപ്പെടുന്നത്.




 ബ്ലോഗിന്റെ പ്രസക്തി 


ബ്ലോഗ്‌ കൂടുതല്‍ പ്രസക്തമാകുന്നത് വാര്‍ത്താ മാധ്യമ രംഗത്താണ്. രാഷ്ട്രീയ , സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ , അഭിപ്രായ സമന്വയങ്ങളില്‍ ഒക്കെ ബ്ലോഗ്‌ മികവു കാണിക്കാറുണ്ട്. പ്ര ത്യേകിച്ചു രാഷ്ട്രീയ വിമര്‍ശനങ്ങളില്‍.  ബഷീര്‍ വള്ളിക്കുന്ന് ഇക്കാര്യത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. അദ്ദേഹം എന്ത് പറഞ്ഞു എന്ന് ചിലരെങ്കിലും ആരായാറുണ്ട്. ഇത്തരത്തിലുള്ള നിരവധി ബ്ലോഗുകള്‍ വേറെയുമുണ്ട്.  ദിനം പ്രതി കണ്ടു പോകുന്നതോ വളരെ തുച്ഛവും.സുസ്മേഷ് ചന്ത്രോത്ത് , ബാലചന്ദ്രന്‍ ചുള്ളിക്കാട് , കെ. പി. രാമനുണ്ണി തുടങ്ങി പ്രശസ്ത രായ എഴുത്തുകാര്‍ ബ്ലോഗ്‌ ലോകത്തുണ്ട്. അവര്‍ പേനയും ,കീ ബോര്‍ഡും  സാഹിത്യത്തിനു സമര്‍പ്പിച്ചവരാണ്.എങ്കിലും സന്തോഷ്‌ ഏച്ചിക്കാനം പറഞ്ഞത് പോലെ സാഹിത്യത്തിന്റെ വിശുദ്ധി തൂലിക ത്തുമ്പില്‍ നിന്ന് ഇപ്പോഴും കീബോര്‍ഡില്‍ എത്തിയിട്ടില്ല.

കുട്ടികള്‍ രണ്ടോ മൂന്നോ മതി









ജനപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി കുട്ടികളുടെ എണ്ണത്തില്‍ നിയമപരമായ കൃത്യത ഉണ്ടാക്കി യെടുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. കുട്ടികള്‍ രണ്ടു മതി എന്ന കര്‍ശന നിയമം വന്നാല്‍ ജനസംഖ്യാ വര്‍ധനവ്‌ നിയന്ത്രണ വിധേയമാകും. പക്ഷെ, അത്തരമൊരു നിയമത്തെ സമൂഹം , പ്രത്യേകിച്ച് സന്താന നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കാത്ത ഇസ്ലാം സമൂഹം എങ്ങനെ കാണും എന്നതിനെ ക്കുറിച്ച് വ്യക്തമായ ധാരണ സര്‍ക്കാരിനുണ്ടാവണം. ജനപ്പെരുപ്പംതടയേണ്ടത് രാജ്യത്തിന്റെയും, ജനങ്ങളുടെയും ആവശ്യമാണ്‌. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 1952 ല്‍ നടപ്പിലാക്കിയ കുടുംബാസൂത്രണ പദ്ധതി കൊണ്ട് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. 1949 കാലത്ത് രാജ്യത്ത് വെറും 350 മില്ല്യന്‍  ജനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇന്നത്‌ 1 . 21  ബില്ല്യന്‍ - ലേക്ക് ഉയര്‍ന്നു. ഇത് കുടുംബാസൂത്രണ പദ്ധതിയുടെ പരാജയമാണെന്ന് വിലയിരുത്താം.





സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 2035  ആകുമ്പോഴേക്കും ഇന്ത്യ  യു . എസ്. നോടും, ചൈനയോടും കിട പിടിക്കാന്‍ മാത്രം സമ്പന്ന മാകുമെന്ന് ' ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌ മെന്റ് സര്‍വേയില്‍ പറയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ജന പ്പെരുപ്പം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രതികൂലമാണ്. വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം ഇതൊക്കെ നിയന്ത്രണ വിധേയമാകണമെങ്കില്‍ ജനപ്പെരുപ്പം തടഞ്ഞേ പറ്റൂ.

 2011 സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ  1 ,210 , 193422 (1 .21 ബില്ല്യന്‍ )ആണ്. അതില്‍ പുരുഷന്മാര്‍ 623 ,700 000 (623 .7 മില്ല്യന്‍ ), സ്ത്രീകള്‍ 586 ,500 ,000 (586 .5 മില്ല്യന്‍ ) . രാജ്യത്തെ മൊത്തം ജനസംഖ്യ പരിഗണിക്കുമ്പോള്‍ സ്ത്രീ - പുരുഷാനുപാതം 940 / 1000 ആണ്.എന്നാല്‍ ഈ അനുപാതം കേരളത്തില്‍ വരുമ്പോള്‍ ആയിരം പുരുഷന്മാര്‍ക്ക് 1054 സ്ത്രീകള്‍ എന്നുവരും. ഒരു മിനിറ്റില്‍ ഇന്ത്യയില്‍ 51  കുട്ടികള്‍ ജനിക്കുന്നുണ്ട്.  ലോക ജന സംഖ്യയുടെ 17 .31 % ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. 2030  ആകുമ്പോഴേക്കും ജന സംഖ്യ 1 .53 ബില്ല്യന്‍ കവിയുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനു പ്രധാന കാരണം  ഇപ്പോഴത്തെ ജന സംഖ്യയുടെ 50 % ആളുകള്‍ ഇരുപത്തഞ്ചു വയസ്സില്‍ താഴെയുള്ളവരും,  65 % ആളുകള്‍ 35  വയസ്സില്‍ താഴെയുള്ളവരും ആണെന്നതാണ്‌.   ജനന നിരക്ക് 22 .22 ആയി വര്‍ദ്ധിച്ചപ്പോള്‍ മരണ നിരക്ക് വെറും 6 .4 % ആയി താഴ്ന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത് ഒരു ജനസംഖ്യാ വിസ്ഫോടനത്തെ യാണ്. ഉയര്‍ന്ന വിദ്യാഭാസവും ,ജീവിത സാഹചര്യങ്ങളുമായി നഗരങ്ങളില്‍ പാര്‍ക്കുന്നത് ആകെ ജനസംഖ്യയുടെ 27 .8 % മാത്രം. ബാക്കിയുള്ള 72 .2 % ആളുകള്‍ ഗ്രാമ വാസികള്‍ ആണ്. താഴ്ന്ന നിരക്ഷരതയും , ദാരിദ്ര്യവും അനുഭവിക്കുന്നവര്‍ ഇതില്‍ നല്ലൊരു ശതമാനം ഉണ്ട്. ഇവിടെയാണ്‌ ജന സംഖ്യാ ഗ്രാഫുകള്‍ ഉയരുന്നത്. ലോകത്തെ ഏറ്റവും നിരക്ഷര രാജ്യം ഇന്ത്യയാണ്.2001 ലെ കണക്കു പ്രകാരം 65 .38 % ആയിരുന്നു ഇത്. കേരളത്തിലെ സ്ഥിതി മറിച്ചാണ്. 90 . 86 % സാക്ഷരത യോടെ സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. തൊട്ടടുത്ത സംസ്ഥാനം മിസ്സോറാം ആണ്.



കേരളത്തിലെ ജനസംഖ്യ 2011 സെന്‍സസ് പ്രകാരം 3 , 33 ,87 ,677 ആണ്. ( 16 ,021 ,290 പുരുഷന്മാര്‍) -(17 ,366 387 സ്ത്രീകള്‍). ഉയര്‍ന്ന ജന സാന്ദ്രതയാണ് കേരളത്തിന്റെതു. 859 / ച . കീ . മി..ഉയര്‍ന്ന ജനസംഖ്യ ജില്ല അടിസ്ഥാനത്തില്‍ മലപ്പുറത്താണ്. രണ്ടാം സ്ഥാനം തിരുവനന്ത പുരത്തിനും. ജന സാന്ദ്രതയില്‍ തലസ്ഥാന ജില്ല മുമ്പില്‍ . ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് ഇടുക്കിയും.

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജന സംഖ്യാ നിരക്കുകള്‍ നോക്കുക. ഉത്തര്‍ പ്രദേശ്‌ സംസ്ഥാനത്തെ ജന സംഖ്യ  ,ബ്രസീലിലെ ജനസംഖ്യയ്ക്ക്  തുല്യമാണ്. മഹാ രാഷ്ട്രയും ,മെക്സിക്കോയും ഒരേ അനുപാതത്തില്‍ പോകുന്നു. ജര്‍മ്മനിയില്‍ ഉള്ളത്ര ജനങ്ങള്‍ ബീഹാര്‍ സംസ്ഥാനത്തുണ്ട്. രണ്ടായിര ത്തി ഒന്നിലെ സെന്‍സസ് റിപ്പോര്‍ട്ടാണിത്.

ജന സംഖ്യാ നിയന്ത്രണ കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിയണം.ചിലപ്പോള്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായെന്നു വരും. യാഥാസ്ഥിതികര്‍ ഇതൊന്നും അംഗീകരി ച്ചില്ലെന്നു വരും. സമൂഹത്തിലെ ചെറിയൊരു ശതമാനം അണുകുടുംബ ത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. അത് വിദ്യാ സമ്പന്നരും, നഗര വാസികളും ആണ്. ജനപ്പെരുപ്പം ഉണ്ടാകുന്നത് ന്യൂന പക്ഷ സമൂഹങ്ങളിലും,നിരക്ഷര ദാരിദ്ര്യ മേഖലകളിലുമാണ്. മത വിശ്വാസങ്ങളെ ആരോഗ്യ കരമായി സമീപിച്ചു കൊണ്ട് രാജ്യത്തിന്റെ പുരോഗതിയെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പരിഷ്ക്കാരങ്ങളെ നാം സ്വീകരിക്കയാണ് ചെയ്യേണ്ടത്.




നാട്ടു വഴികളിലൂടെ ........









നാട്ടു വഴികളിലൂടെ           
കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍ 



സ്വന്തം നാട്ടില്‍ നിന്ന് ആരുമറിയാതെ ഒരു പാതി രാത്രിയില്‍ നാട് വിടുകയും ,ഒന്നര വര്‍ഷത്തിനു ശേഷം ദരിദ്രനായി മടങ്ങി എത്തുകയും ചെയ്തതാണ് എന്റെ ജീവിതത്തില്‍ ഉണ്ടായ ആദ്യത്തെ തകര്‍ച്ച.എനിക്കന്നു എട്ടു വയസ്സ്.ഉണ്ടായിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ടു. എന്നെയും ഉമ്മയേം തിരികെ നാട്ടിലെത്തിച്ചിട്ടു ബാപ്പ സ്ഥലം വിട്ടു. കയറി കിടക്കാന്‍ ഒരു വീടില്ല, കഴിക്കാന്‍ ഭക്ഷണ മില്ല.കുറച്ചു മാസങ്ങള്‍ അലഞ്ഞു തിരിഞ്ഞു നടന്നതിനു ശേഷം വല്ല്യമ്മയുടെ വീട്ടില്‍ ഞങ്ങള്‍ക്ക് അഭയം തന്നു. ഓരോ ബന്ധു വീടുകളിലുമായി മാറി മാറി താമസിച്ചപ്പോഴും എന്റെ പഠനം മുടങ്ങരുതെന്നു ഉമ്മയ്ക്ക് നിര്‍ ബന്ധമുണ്ടായിരുന്നു. വല്ല്യമ്മയുടെ വീട് സ്കൂളില്‍ നിന്ന് വളരെ അകലെ ആയിരുന്നു. ഞാന്‍ മാത്രമാണ് അത്രയും ദൂരത്ത്‌ നിന്ന് സ്കൂളില്‍ എത്തിയിരുന്നത്. മറ്റുള്ളവരെല്ലാം സ്കൂളിനു ചുറ്റുപാടുകളില്‍ നിന്ന് വരുന്നവര്‍ ആയിരുന്നു. ഇന്നത്തെ പോലെ വാഹന സൌകര്യങ്ങള്‍ ഒന്നുമില്ല. കുറഞ്ഞത്‌ രണ്ടു മണിക്കൂര്‍ എങ്കിലും നടക്കണം .കാലത്ത് പ്രാതല്‍ എന്തെങ്കിലും തന്നു എന്നെ യാത്രയാക്കിയാല്‍ സ്കൂള്‍ വിട്ടു വരുന്നത് വരെ ഉമ്മയ്ക്ക് നെഞ്ചില്‍ തീയാണ്.  ഉച്ച ഭക്ഷണം തന്നു വിടാനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ലായിരുന്നു വല്ല്യമ്മയുടെ കുടുംബം. അതുകൊണ്ട് മിക്ക ദിവസവും ഞാന്‍ ഉച്ച ഭക്ഷണം കഴിക്കാറില്ല. വീട്ടില്‍ നിന്ന് സ്കൂള് വരെയുള്ള വഴി വിജനമാണ്. ധാരാളം , കാവും ക്ഷേത്രങ്ങളും ഉള്ള ഒരു നാടാണ് എന്റേത്. ഇടവഴികളും, കാവുകളും താണ്ടി വേണം സ്കൂളില്‍ എത്താന്‍. പോരാത്തതിന് നായ്ക്കളുടെ ശല്യവും. രാത്രി കാലങ്ങളില്‍ ഞങ്ങളുടെ നാട്ടില്‍ വഴി നടക്കാന്‍ നായ്ക്കളെ ഭയന്ന് ആളുകള്‍ മടിച്ചിരുന്നു. എന്നാല്‍ ഉമ്മ ഭയക്കുന്നത് പോലെ ഒരു തീവ്രമായ ഭയം എന്നെ ബാധിച്ചില്ല. വീട്ടില്‍ നിന്ന് സ്കൂളിലേക്കുള്ള യാത്രയില്‍ ഞാന്‍ ഏതെങ്കിലും മനോ ലോകത്തായിരിക്കും. അന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നത്‌ വിശപ്പടക്കാന്‍ ഒരു നാളികേരം , അല്ലെങ്കില്‍  തൊടിയില്‍ പൊഴിഞ്ഞു വീഴുന്ന മാമ്പഴം, പറങ്കി പ്പഴം , ഇതൊക്കെയാണ്. ഒരു ചെറിയ പുസ്തക സഞ്ചിയും പിടിച്ചു, തനിച്ചു വര്‍ത്തമാനവും പറഞ്ഞു ഞാന്‍ നടക്കും. പലപ്പോഴും നായ്ക്കള്‍ എന്നെ  കുരച്ചു ഭീഷണി പ്പെടുത്തിയിട്ടുള്ള തല്ലാതെ ഉപദ്രവിച്ചിട്ടില്ല.


ഇത്തരം യാത്രകള്‍ കൊണ്ട് പ്രകൃതിയില്‍ നിന്ന് എനിക്ക് ഒരുപാട് ചിത്രങ്ങള്‍  മനസ്സില്‍ പകര്‍ത്താനും, പിന്നീട് എഴുതാനും പ്രചോദനം നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്നിറങ്ങി രണ്ടു നാഴിക നടന്നു വേണം പ്രധാന വഴിയിലെത്താന്‍.അത്രയും ദൂരം പൂഴി മണ്ണ് നിറഞ്ഞ , വികസിച്ചു കൊണ്ടിരിക്കുന്ന ഇടവഴികളാണ്.  ഇന്ന് ആ വഴികളൊക്കെ വലിയ ടാര്‍ റോഡുകളായി രൂപപ്പെട്ടു. പ്രധാന വഴി വിട്ടു വീണ്ടും നാട്ടു വഴിയില്‍ കടക്കണം . ചെമ്മണ്‍ പാതയാണ്. കാര്യമായ വീടുകള്‍ ഒന്നുമില്ല. പിന്നെയുള്ളത് ആളൊഴിഞ്ഞ ഇല്ല പ്പറമ്പ്കളാണ് . ഞാന്‍ പോണ വഴിക്കുള്ള ഒരു ഇല്ലത്തിന്റെ അതിരിനോട് ചേര്‍ന്ന് വലിയൊരു കുളമുണ്ട്. ഏതു കാലത്തും കരിം പച്ച നിറത്തില്‍ സമൃദ്ധമായ ജലം അതിലുണ്ടാവും.കുളത്തിലേക്ക് വീണു കിടക്കുന്ന കൈതക്കൂട്ടത്തിനിടയില്‍ നിന്ന് കേള്‍ക്കുന്ന കുറുകലുകള്‍ എന്നെ ഭയപ്പെടുത്തിയിരുന്നു.  ഒരിക്കല്‍ പോലും ഇല്ലത്തിനു പുറത്തു ഒരു മനുഷ്യജീവിയെ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല.ഞങ്ങളുടെ നാട്ടില്‍  മിക്ക പറമ്പുകളിലും ധാരാളം മാവുകള്‍ ഉണ്ടായിരുന്നു. അവധിക്കാലങ്ങളില്‍ ഉടമസ്ഥരുടെ കണ്ണ് വെട്ടിച്ചു മാങ്ങ പെറുക്കാന്‍ പറമ്പില്‍ നുഴഞ്ഞു കയറാറുണ്ട്. വീട്ടുകാരുടെ ഉച്ചത്തിലുള്ള ആക്രോശ ത്തിനു 'തറുതല ' പറഞ്ഞു കൊണ്ടാണു ഞങ്ങള്‍ മാങ്ങയുമായി പറമ്പില്‍ നിന്ന് ചാടുന്നത്.
ചെമ്മണ്‍ വഴിയുടെ ഇരു വഴവും,  മുക്കുത്തിയും, കോളാമ്പിയും ആണ്. വാഹനങ്ങള്‍ ദുര്‍ലഭമായ  കാലമായതിനാല്‍ റോഡിലേക്കുള്ള അതിന്റെ വളര്‍ച്ചയെ ആരും തടസ്സ പ്പെടുത്തിയില്ല. പാട്ടമ്പല ത്തിന്റെ മുന്നിലൂടെ വലിയ മൈതാനവും , അമ്പലക്കുളവും, യക്ഷി ക്കാവും കടന്നു വേണം എനിക്ക് പോകേണ്ടത്. പാട്ടമ്പലത്തിലമ്മ കരക്കാരുടെ ദൈവമാണ്. പമ്പയുടെ തീരത്ത് ഇത്തിരി മണ്ണ് ഉണ്ടായിരുന്നപ്പോള്‍ മേടമാസത്തില്‍ എഴുന്നള്ളത്ത്‌ കാലത്ത് ഞങ്ങളുടെ വീട്ടില്‍ അമ്മയ്ക്ക് പറയെടുത്തിട്ടുണ്ട്.


പാട്ട മ്പ ല ത്തിലമ്മ 


മാന്നാറിലെ നിരത്തുകളെല്ലാം ഒരു കാലത്ത്  പൂഴി മണ്ണ് കൊണ്ട് നിറഞ്ഞിരുന്നു. അറബിക്കടല്‍ മാന്നാര്‍ വരെ വ്യാപിച്ചു കിടന്നിരുന്നതായി ചരിത്രങ്ങളില്‍ കാണുന്നുണ്ട്. കടപ്പുറത്ത് കൂടി നടക്കുന്ന പ്രതീതിയാണ്  അന്നൊക്കെ റോഡില്‍ അനുഭവപ്പെട്ടിരുന്നത്‌. കാല്‍ നടക്കാരും, സൈക്കിള്‍ സവാരിക്കാരും വളരെ കഷ്ടപ്പെട്ടിരുന്നു.  പാട്ടമ്പലം കഴിഞ്ഞാല്‍ കുറെ ദൂരം പാടമാണ്. അവിടെ ആകെ ഉണ്ടായിരുന്നത് ഒരു  പുലയ ക്കുടുംബമാണ്. പാട വരമ്പത്തെ  ഓല ക്കുടിലും, അതിന്റെ മുറ്റത്തെ , ചെറിയ പശു ത്തൊഴുത്തും എന്റെ ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോവില്ല. കഴുത്തില്‍ മണി കെട്ടിയ പശു ക്കുട്ടിയെയും കൊണ്ട് നടക്കുന്ന കറുത്ത കുട്ടന്മാര്‍ എന്നും എന്നോട് അപരിചിതത്ത്വം കാണിച്ചു. ലളിതാംബിക അന്തര്‍ജനത്തിന്റെ 'മാണിക്കന്‍' വായിക്കുമ്പോഴെല്ലാം ഈ കുടുംബത്തെ ഞാന്‍ ഓര്‍ക്കാറുണ്ട്.


പാടത്തിന്റെ  അതി രില്‍ ഒരു  കാവുണ്ടാ യിരുന്നു.അത് കഴിഞ്ഞാല്‍ വീണ്ടും പാടം. ഇടയ്ക്ക് കൊച്ചു നീര്‍ ചാലുകള്‍. കുഞ്ഞു മത്സ്യങ്ങള്‍ നീന്തി നടക്കുന്നത് നോക്കിനില്‍ക്കുന്നത്എന്റെ ശീലമായിരുന്നു. പ്രദേശത്തെ ചില താഴ്ന്ന ജാതിക്കാര്‍ വിളക്കു വയ്ക്കുകയും ആരാധിക്കുകയും ചെയ്തിരുന്നതിനാല്‍ ആഡ്യന്‍മാരായ ഉയര്‍ന്ന ജാതിക്കാര്‍ ഈ കാവിലേക്കു തിരിഞ്ഞു നോക്കിയില്ല. ഒരിക്കല്‍ കാവില്‍ നിന്ന് ഒരു യുവാവിന്റെ മൃത ശരീരം കിട്ടി. അത് ' മാടന്‍ ' തല്ലിയതാണെന്നു മിക്കവാറും അന്ന് വിശ്വസിച്ചു.  അക്കാലത്ത് ഹാര്‍ട്ട്‌ അറ്റായ്ക്ക്  എന്താണെന്ന് ആര്‍ക്കും തന്നെ അറിവില്ലായിരുന്നു. മാടനെ ഞാനും ഭയന്നിരുന്നു. കാവിന്റെ അടുത്ത് വരുമ്പോള്‍ പാട്ടമ്പലത്തിലമ്മയെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് ഓടുമായിരുന്നു. കാവിലൊന്നും കയറരുതെന്ന് വീട്ടില്‍ നിന്ന് പ്രത്യേകം താക്കീതുണ്ടായിരുന്നു.


നീര്‍ച്ചാലും പാടവും കഴിഞ്ഞു ജന സഞ്ചയ ത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് എന്റെ നഷ്ടങ്ങളെ ക്കുറിച്ച് ചിന്ത കടന്നു വരുന്നത്. ഞാന്‍ നട്ടു നനച്ച തൈ തെങ്ങുകള്‍ പീലി വിടര്‍ത്തി ആടുന്നതും, ഞാന്‍ നടക്കാന്‍ പഠിച്ച മണ്ണും എന്റെ നിത്യ കല്യാണി ച്ചെടികളും എല്ലാം വേദനയുടെ ഘോഷയാത്ര പോലെ മനസ്സിലേക്ക് അപ്പോള്‍ കടന്നു വരും. മൂന്നു പതിറ്റാണ്ടിനു ശേഷം പൂഴി വിരിച്ച ഇടവഴികള്‍ തേടി ഞാന്‍ പോയി. പാടങ്ങള്‍ വെള്ള ക്കെട്ടുകളായി , ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്നു, കാവ് അപ്രത്യക്ഷമായി, പഴയ ഇടവഴികള്‍ റോഡുകളായി , ഇരു വശവും വലിയ കോണ്‍ ക്രീറ്റ് വീടുകള്‍ വന്നു. പാട വരമ്പത്തെ  കുടിലിന്റെ  സ്ഥാനത്ത് ഒരു തൂവെള്ള കെട്ടിടം , വലിയ       ഗെയ്റ്റ്,    മാണിക്കനെയും   കൊണ്ട് നടന്ന കറുമ്പന്‍ മാരെ ക്കുറിച്ച് ചോദിക്കാന്‍ എന്റെ കയ്യില്‍ ഒരു വിലാസവും ഇല്ല. എന്റെ വിലാസം തന്നെ മുപ്പതു കൊല്ലം കൊണ്ട് പലരും വിസ്മരിക്കപ്പെട്ടു. പാട്ടമ്പലത്തിലമ്മയ്ക്ക്  മാത്രം മാറ്റങ്ങളില്ല. അമ്മ  നാടിന്റെ ഐശ്വര്യമായി  നില നില്‍ക്കുന്നു.

ചാലക്കുടി പട്ടണത്തില്‍ ...........














 ചാലക്കുടി പട്ടണത്തില്‍____________
 കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍




"ചാലക്കുടി പട്ടണത്തില്‍ അതിമധുരം വിളമ്പി യോരെ" എന്നു പാടിയത് അന്നാട്ടിലെ ഏതോ    സഹൃദയനായ  കുടിയനാണ്‌.മുന്‍വര്‍ഷങ്ങളില്‍ ഓണ നാളുകളില്‍ ഏറ്റവും കൂടുതല്‍ കുടിയന്മാര്‍ സര്‍  ക്കാരിന്റെ കണക്കില്‍ ചാലക്കുടിക്കാരായിരുന്നു. ഇത്തവണയെങ്കിലും ആ ശീര്‍ഷകം കരുനാഗ പ്പള്ളി ക്കാര്‍ക്ക് നല്‍കണം എന്ന നല്ല ഉദ്ദേശ്യത്തോടെ ഒരു പറ്റം മദ്യ വിരുദ്ധര്‍ ബിവറേജിനു മുമ്പില്‍ പായസ വിതരണം നടത്തി . മദ്യം വാങ്ങാന്‍ വരുന്നവരെ പായസം കുടിപ്പിച്ചു മദ്യാസക്തി യില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു പരിപാടി. സംഭവം ഏറ്റോ,ഇല്ലയോ എന്നറിയണമെങ്കില്‍ ഓണം കഴിഞ്ഞുള്ള പത്രം കാണണം. പായസ വിതരണം കണ്ടപ്പോള്‍ ബിവറേജസ്സിന്റെ ക്യൂവില്‍ നിന്ന ചില പഹയന്മാര്‍ക്ക് മനസ്സിലൊരു ലഡ്ഡു പൊട്ടി. അവര്‍ മദ്യവും,കൂടെ പായസവും വാങ്ങി പോയി .  രണ്ടെണ്ണം വിട്ടു,  പായസം തൊട്ടു നാക്കേല്‍ വച്ചിട്ട് പാടിയ പാട്ടാണ് മുമ്പ് കണ്ടത്.വെള്ളമടിച്ചിട്ട്‌ മധുരം കഴിച്ചാല്‍ ഒന്ന് , രണ്ടെണ്ണത്തിന്റെ ഫലം ചെയ്യും എന്നൊരു കമന്റു കൂടി തട്ടിവിട്ടു ചില മഹത്തുക്കള്‍ .




ചാലക്കുടി ക്കാര്‍ക്ക്  ഇപ്പോഴെങ്കിലും നന്നാവാന്‍ തോന്നിയല്ലോ .....!  എന്തോന്ന് കുടിയാ യിരുന്നു അവര് കുടിച്ചു തീര്‍ത്തത്. കഴിഞ്ഞ ഓണക്കാലത്ത്  ഒറ്റ ആഴ്ചകൊണ്ട് ,അതായത് അത്തം മുതലിങ്ങോട്ട്‌  53 .09 ലക്ഷം രൂപയുടെ മദ്യം കുടിച്ചു തീര്‍ത്തു. തിരുവോണത്തിന്റെയന്നു മാത്രം 13 .89 ലക്ഷം രൂപയുടെ മദ്യം അകത്താക്കി. ഓണക്കാലത്തെ മൊത്തം കച്ചവടം നോക്കി യാല്‍ ചാലക്കുടിക്കാര്‍ മുമ്പിലാണ്. എന്നാല്‍   ഓണത്തിനു  ഇവര്  കുടിച്ചതിനേക്കാള്‍  ഇത്തിരി  കൂടുതല്‍ കരു നാഗ   പ്പള്ളി ക്കാര്‍ കുടിച്ചു. 
    2011 ലെ ഓണ ക്കുടിയന്മാരുടെ കണക്കു ഈ ലിങ്കില്‍ ഉണ്ട്.

രക്തം കുടിക്കുന്ന ബ്യൂറോക്രാറ്റുകള്‍



രക്തം കുടിക്കുന്ന ബ്യൂറോ ക്രാറ്റുകള്‍
കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍


പെന്‍ഷന്‍ പ്രായം മുപ്പത്തിയഞ്ചായി കുറച്ചു ,  ശിഷ്ടമുള്ള  കായികവും,
ബൌദ്ധികവുമായ കഴിവുകള്‍   രാജ്യത്തിന്റെ പുരോ ഗതിയ്ക്ക്   വേണ്ടി 
ചിലവഴിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ട നേരത്ത് കിഴവന്മാര്‍ക്ക്‌ 
ചെലവിനു കൊടുക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കുന്ന മണ്ടന്മാരാവരുത്
ഭരണ കര്‍ത്താക്കള്‍.






കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അന്‍പത്തിയഞ്ചില്‍ നിന്ന് അറുപ തായി ഉയര്‍ത്തണമെന്ന ആവശ്യവുമായി അറുപത്തി നാലോളം സര്‍വീസ് സംഘടനകളാണ് രംഗ  ത്ത് വന്നിരിക്കുന്നത്. അതിനെന്താ കൂട്ടിയേക്കാം എന്ന് ഭരണ കര്‍ത്താക്കളും ഓശാന പാടുന്നു. അതി  ലൂടെ സര്‍ക്കാരിന് 3200  കോടി  രൂപ ലാഭാമുണ്ടാകുമെന്നു മുഖ്യമന്ത്രി യങ്ങു കൂട്ടി ക്കിഴിക്കലും നടത്തി.

കാര്യങ്ങള്‍ക്ക് എത്ര പെട്ടെന്നാണ് തീരുമാനം ഉണ്ടാകുന്നത്. അതില്‍ കാര്യമുണ്ട്. ഈ അറുപത്തി നാലോളം വരുന്ന സംഘടനകളെ തൃപ്തിപ്പെടുത്തി നിര്‍ത്തിയില്ലെങ്കില്‍ ഇലക്ഷന്‍ വരുമ്പോള്‍ വോട്ട്  അതിന്റെ പാട്ടിനു പോകും .നമ്മുടെ രാഷ്ട്രീയ ബുദ്ധിജീവികള്‍ക്ക് അതറിയാം. ഡി .വൈ എഫ് ഐ   അതിന്റെ തനതു ശൈലിയുമായി  രംഗത്ത് വന്നത് ഏതായാലും  ആശ്വാസ്സമായി.  ഒറ്റയടിക്ക് വിഴുങ്ങാം എന്ന പലരുടെയും ധാരണയ്ക്ക്  അത് വിഘ്നം ഉണ്ടാക്കും എന്ന് വേണം    പ്രത്യാശിക്കാന്‍.
 പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുകൊണ്ട് രാജ്യത്തിനോ, പൊതു ജനങ്ങള്‍ക്കോ യാതൊരു പ്രയോജ നവുമില്ല. എല്ലാ ആനുകൂല്യങ്ങളും  അനുഭവിച്ചു ജീവിക്കുന്ന ഒരു വിഭാഗത്തിനു സൌകര്യങ്ങള്‍ അഞ്ചു വര്‍ഷം കൂടി നീട്ടി ക്കിട്ടും. ഉയര്‍ന്ന ശമ്പള സ്കെയില്‍, മറ്റാനുകൂല്യങ്ങള്‍ ,തോന്നുന്ന പോലെ പണി യെടുക്കാം. രജിസ്റ്ററില്‍ ഒപ്പ് വച്ചിട്ട് സ്വന്തം കാര്യത്തിനു പോണ(സ്വന്തംബിസ്സിനസ്സ് വരെ ചെയ്യുന്ന ) മഹാന്മാരുള്ള നാടാണ് കേരളം.  ഇതിനിടയ്ക്ക് മരണപ്പെട്ടു പോയാല്‍ ആശ്രിതര്‍ക്ക് ജോലി.  സര്‍വീസില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ മരണം വരെ പെന്‍ഷന്‍. രാജ്യത്തിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ഇക്കൂട്ടര്‍ക്ക് ശമ്പളം നല്‍കാന്‍ ചെലവഴിക്കുന്നു.പുറത്ത് പണിയെടുക്കുന്ന അസംഘടിത  തൊഴിലാളികളുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ.

സമയ ബന്ധിതമല്ലാത്ത ജോലി, ജീവനോ, ആരോഗ്യത്തിനോ സംരക്ഷണമില്ല,അര്‍ഹമായ വേതന നിര്‍ലഭ്യത,ജോലിയിലെ അസ്ഥിരത,പെന്‍ഷനോ, മറ്റു യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.എന്നിട്ട് പോലും ബ്യൂറോ ക്രാറ്റുകളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സേവനമാണ് ഈ തൊഴിലാളിയില്‍ നിന്ന് രാജ്യത്തിനു ലഭിക്കുന്നത്. ഉറങ്ങിയും ,സൊറ പറഞ്ഞും സമയം കളയുന്ന ഉദ്യോഗസ്ഥ വൃന്ദം ജനശത്രുക്കളാണ്  കൈക്കൂലിയുടെയും, കൃത്യ വിലോപത്തിന്റെയും കൂത്തരങ്ങാണ് ഇന്ന്  ബ്യൂറോക്രസി. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മുണ്ടും ചൊരിച്ചു കയറ്റി റോഡില്‍ ഇറങ്ങിയവരാണ്  . എന്തിനാണ് ഇവരെ കനക സിംഹാസനങ്ങളില്‍ ഇരുത്തുന്നത്‌. ഒരു നാല്‍പ്പതു കഴിയുന്നതോടെ മനുഷ്യന്റെ ക്രിയാ ശേഷി കുറഞ്ഞു തുടങ്ങുന്നു. അന്‍പ ത്തഞ്ചില്‍ അത് പാരമ്യതയില്‍ എത്തും.


ഫയല്‍  ഫോട്ടോ
പെന്‍ഷന്‍ പ്രായം മുപ്പത്തിയഞ്ചായി കുറച്ചു , ശിഷ്ടമുള്ള കായികവും,ബൌദ്ധികവുമായ കഴിവുകള്‍ രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി ചിലവഴിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ട നേരത്ത് കിഴവന്മാര്‍ക്ക്‌ ചെലവിനു കൊടുക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കുന്ന മണ്ടന്മാരാവരുത് ഭരണ കര്‍ത്താക്കള്‍. 2009 ല്‍ കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം 4 .3 മില്ല്യന്‍ ആയിരുന്നു. അത് 2010 ആയ പ്പോഴേക്ക് 4 .32 ലേക്ക് ഉയര്‍ന്നു. 161641 പ്രൊഫഷണല്‍ തൊഴിലന്വേഷകര്‍ നമ്മുടെ നാട്ടിലുണ്ട്. 2010  ലെ കണക്കുകള്‍ ശ്രദ്ധിക്കൂ. 1885 മെഡിക്കല്‍ ഗ്രാജുവേഴ്സ്, 6965 എന്ജിനിയെഴ്സ് , 34653  ഡിപ്ലോമ ക്കാര്‍ , 361 അഗ്രിക്കള്‍ച്ചറല്‍ ഗ്രാജുവേഴ്സ്,  345 വെറ്റിനറി  ഗ്രാജുവേഴ്സ്, 44976 പോസ്റ്റ്‌ ഗ്രാജുവേറ്റ്സ്. ഈ   തൊഴിലന്വേഷകര്‍ പബ്ലിക് സര്‍വീസ് കമ്മീഷനിലേക്ക് കണ്ണും നട്ടിരിപ്പാണ്. കുറഞ്ഞ മരണ നിരക്കും, ഉയര്‍ന്ന ജനസാന്ദ്രതയും ഉള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ  decadal  population growth ( പത്ത് വര്‍ഷത്തിനിടയിലെ ജനസംഖ്യാ വര്‍ധനവിന്റെ  അനുപാതം  ) 4 . 86 %  ( 1546303 ) ആണ്. ഇത് സൂചിപ്പിക്കുന്നത് വിസ്ഫോടനകരമായ ജനസംഖ്യാ വര്‍ധനവും, തൊഴിലന്വേഷകരും കേരളത്തില്‍ ഉണ്ടാവും എന്നാണ്.


 


 39 വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,122 ഓളം പൊതു മേഖല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍, സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള നിരവധി ഓഫീസുകള്‍ , ആകെ കൂടി    ആറു ലക്ഷത്തോളം ഉദ്യോഗ സ്തര്‍  കേരളത്തില്‍ ഉണ്ട്.  ഓരോ വര്‍ഷവും ഒരു നിശ്ചിത ശതമാനം ആളുകള്‍ വിരമിച്ചെങ്കില്‍ മാത്രമേ നില നില്‍ക്കുന്ന തൊഴില്‍ പ്രതിസന്ധിക്ക്  ഒരു പരിഹാരം ഉണ്ടാകൂ.2009 ല്‍ 20000 ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞു. 2010 ല്‍  ഏകദേശം 22400 റി ട്ടയര്‍മെന്റ്റ് നടന്നു. പെന്‍ഷന്‍ പ്രായ പരിധി  അന്‍പത്തിയഞ്ചു ആയിട്ട് പോലും റിട്ടയര്‍മെന്റിന്റെ കണക്കില്‍ കാര്യമായ മാറ്റം സംഭവിക്കുന്നില്ല. അപ്പോള്‍ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെടുന്ന  തുപോലെ   പ്രായ പരിധി അറുപതു എന്ന കണക്കിനെ ക്കുറിച്ച് ചിന്തിക്കാനേ പറ്റു ന്നതല്ല. ഈ സാഹചര്യത്തില്‍  മുഖ്യമന്ത്രി 32 കോടി ലാഭം പ്രതീക്ഷിക്കുന്നത്  ഏതു അര്‍ത്ഥത്തിലാണെന്നു മനസ്സിലാവുന്നില്ല.


 ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൃഗയാ വിനോദം ഇവിടെ വായിക്കുക  
http://www.neyyasserykaran.blogspot.com/

ഒരു നാട്ടു ഭാഷ






ആലപ്പുഴ ജില്ലയില്‍ , മാന്നാര്‍ പ്രദേശത്ത് കുറച്ചാളുകള്‍  ക്കിടയില്‍ വായ്മൊഴി യായി
മാത്രം വ്യവഹരി   ക്കുന്ന ഒരു  ഭാഷയുണ്ട്. പാരമ്പര്യ ഓട്ടു  പാത്ര  നിര്‍മ്മാണ വിദഗ്ധ 
രായ മൂശാരി വര്‍ഗത്തിന്റെ യും, അവരുമായി വ്യാപാര ബന്ധത്തില്‍  ഏര്‍പ്പെട്ടിരിക്കു
ന്ന കച്ചവടക്കാരുടെയും , ട്രേഡ് സീക്രട്ടായ ഒരു ഭാഷ . 





      

മനുഷ്യ രാശി കൈവരിച്ച നേട്ടങ്ങളില്‍ ഏറ്റവും മഹത്തര മാര്‍ജിച്ചതു  ഭാഷ യുടെ ആവിര്‍ ഭാവവും, വികാസവും ആണ്. ഇന്ന് ലോകം നേടിയെടുത്തിരിക്കുന്ന സര്‍വ്വ  പുരോഗതിയുടെയും അടിത്തറ ഭാഷയാണ്‌. ശാസ്ത്രവും, സാഹിത്യവും വേരൂന്നിയിരിക്കുന്നത് ഭാഷയുടെ മടിത്തട്ടിലാണ്.  ശബ്ദ ങ്ങള്‍ കൊണ്ട് ആശയ വിനിമയം നടത്തിയിരുന്ന ആദിമ വര്‍ഗത്തിന് , പിന്നീട് ശബ്ദങ്ങള്‍ക്ക്‌ സൂചക മായി ചിത്രങ്ങള്‍ ലഭിച്ചു. കലാനുസരണം  ചിത്രങ്ങളെ സൂചിപ്പിക്കുന്ന വരകളും, വര്‍ണ്ണങ്ങളും രൂപ  പ്പെടുകയും സമൂഹത്തില്‍ അത് സ്വീകരിക്കപ്പെടുകയും ചെയ്തു.


പ്രാദേശികവും , ഭൂമിശാസ്ത്ര പരവുമായ മാറ്റങ്ങള്‍ ഭാഷയിലും സംഭവിച്ചു. ഒരു ദേശത്ത് പ്രചാരത്തി ലിരിക്കുന്ന ഭാഷ മറ്റൊരു ദേശ ക്കാരന് അജ്ഞാതമായെന്നു വരാം. ലോക ഭാഷയായി അംഗീകരി ക്ക പ്പെട്ടതൊഴികെ മറ്റു ഭാഷകള്‍ ഒരു പ്രത്യേക പ്രദേശങ്ങളില്‍ മാത്രമേ നില നില്‍ക്കുന്നുള്ളൂ . ആഫ്രിക്കന്‍ ഭൂഖണ്ട ത്തിലെ ഏതെങ്കിലുമൊരു  ഗ്രാമ്യ ഭാഷ നമുക്ക് അജ്ഞാത മായിരിക്കുന്നത് പോലെ  നമ്മുടെ ഭാഷയും അവര്‍ തിരിച്ചറിയപ്പെടുന്നില്ല. ഇത് ഭൂ ഖണ്ഡങ്ങള്‍ തമ്മിലുള്ള കാര്യമാണ് എന്നാല്‍ ഒരു രാജ്യത്തെ, ഒരു പ്രത്യേക പ്രദേശത്തെ, കുറച്ചാളുകള്‍ മാത്രം ഉപയോഗിക്കുന്ന ഒരു ഭാഷ,  ആ സമൂഹത്തിലെ തന്നെ പലര്‍ക്കും അറിയില്ല എന്ന് വന്നാലോ  ...............?

 ആലപ്പുഴ ജില്ലയില്‍,  മാന്നാര്‍ പ്രദേശത്ത്, കുറച്ചാളുകള്‍ക്കിടയില്‍  വായ്മോഴിയായ് മാത്രം വ്യവഹരി ക്കുന്ന ഒരു ഭാഷയുണ്ട്. പാരമ്പര്യ ഓട്ടുപാത്ര നിര്‍മ്മാണ വിദഗ്ദ്ധരായ മൂശാരി വര്‍ഗത്തിന്റെയും, അവരുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കച്ചവടക്കാരുടെയും ട്രേഡ് സീക്രട്ടായ ഒരു ഭാഷ. നിയമപരമായിമലയാളത്തിനോട് കടപ്പാടൊന്നു മില്ലെങ്കിലും ഇത് തികച്ചും മലയാളിത്തം ഉള്ളവ തന്നെ. അറബി മലയാള ഭാഷാ ലിപി പോലെ ഇതും വേണമെങ്കില്‍ മലയാളത്തില്‍ എഴുതാം. പക്ഷെ അതിന്റെ ആവശ്യം വരുന്നില്ല. ദൈനംദിന ജീവിതത്തിലെ എന്തിനെയും പരാമര്‍ശിക്കാന്‍ പര്യാപ്തമായ ഈ ഭാഷകൊണ്ടുള്ള പ്രയോജനം പാത്ര വ്യാപാരികള്‍ ക്കാണ്.  പ്രത്യേകിച്ചും സ്ഥാപനവല്‍ ക്കരിക്കപ്പെടാത്ത വ്യാപാരികള്‍ക്ക്. ഇക്കൂട്ടര്‍ വീടുവീടാന്തരം കച്ചവടം നടത്തുന്നവരാണ്.  ക്രയ വിക്രയ ത്തിനിടയില്‍   പാത്രങ്ങളുടെ  ഗുണ നിലവാരത്തെ  ക്കുറിച്ചോ,  വില നിര്‍ണ്ണയിക്കുന്നതിനോ,  കച്ചവടക്കാര്‍ പരസ്പ്പരം ഉപയോഗിക്കുന്ന ഈ ഭാഷ കേട്ടാല്‍ ചിലപ്പോള്‍ വീട്ടുകാര്‍ വാ പൊളിച്ചു പോകും. ' വയ്യം ' എന്നാല്‍  കൊള്ളരു താത്തത്‌ എന്നും, 'കരുവടി എന്നാല്‍നല്ലത് എന്നും കച്ചവടക്കാര്‍ മാത്രമറിയുന്ന കാര്യമാണ്.

 വീട് വീടാന്തരം കച്ചവടവുമായി നടക്കുന്നവര്‍, ഉപഭോക്താക്കളെ വിചിത്ര ഭാഷ ഉപയോഗിച്ച് വളച്ചൊടിക്കുന്നു.   ഉല്പന്ന ങ്ങളുടെ ഗുണ നിലവാരത്തെ ക്കുറിച്ച് എവിടെ വച്ച് വേണമെങ്കിലും സംസാരി ക്കാം . ആര്‍ക്കും ഒരു പ്രശ്നവുമില്ല. കേള്‍ക്കുന്നവര്‍ക്ക് ഭാഷ അറി യരു തെന്നു മാത്രം. ഒരാളെ ' വയ്യ ത്താളന്‍ ' എന്ന് വിളിച്ചാല്‍,  അതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കില്‍, ചിലപ്പോള്‍ അയാള്‍ അഭിനന്ദി ച്ചെന്നു വരും. അര്‍ത്ഥം അറിഞ്ഞാലോ ,മാനഹാനി, ധന നഷ്ടം,ശത്രു ദോഷം ഒക്കെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിന്റെ അര്‍ത്ഥം കൊള്ളരുതാത്തവന്‍  എന്നാണു. നാലാള് കൂടുന്നിടത്ത്‌ വച്ച് 'നീളം വെട്ടണം' എന്ന്  പറയാം , പക്ഷെ മൂത്രം ഒഴിക്കണം എന്ന് പറയാന്‍കുറച്ചുലജ്ജിക്കേണ്ടി വരും.  ' മെളുകു ചോര്‍ത്തണം ' എന്ന്   കേട്ടാല്‍ മനസ്സിലാക്കിക്കോണം അപ്പി ഇടണം എന്ന്.പ്രചാ രത്തിലുള്ള കുറെ വാക്കുകളും, അതിന്റെ അര്‍ത്ഥവും ഒന്ന് ശ്രദ്ധിക്കുക.

കരുവടി                              =    നല്ലത്
വയ്യം                                   =    മോശം , ഗുണ നിലവാരം ഇല്ലാത്തത് 
താളന്‍                                 =    അവന്‍ , അയാള്‍
താട്ടി                                    =    അവള്‍ 
വയ്യത്താളന്‍                       =    നിര്‍ഗുണന്‍ 
വയ്യത്താട്ടി                          =    നിര്‍ഗുണ  
 നീളം വെട്ടുക                      =     മൂത്രം ഒഴിക്കുക 
 മെളുക്  ചോര്‍ത്തുക           =     അപ്പി ഇടുക
 കരയ്ക്കല്‍                             =     ഭക്ഷിക്കുക 
 തണ്ണി                                  =     വെള്ളം
കരമാനം                             =     ആഹാരം 
ചുത്തുക                               =    മോഷ്ടിക്കുക 
വെടയ്ക്കുക                             =     പറയുക
നെടുകുക                             =     നല്‍കുക, പറയുക
മച്ചം                                     =     മത്സ്യം 
ചെമ്പന്‍  കുഞ്ഞു                  =     പോത്തിറച്ചി.
വയ്യം വെടയ്ക്കരുത് എന്ന് പറഞ്ഞാല്‍ മാന്നാര്‍ കാര്‍ക്ക് മനസ്സിലാകും മണ്ടത്തരം ഒന്നും പറയരുത് എന്ന്.  ഇത് കൂടാതെ സംഖ്യകള്‍ക്കും അറേബ്യന്‍ എണ്ണല്‍ സംഖ്യകളോട് സാമ്യമുള്ള പേരുകള്‍ ഉപയോഗിക്കുന്നു. വാഹിദു വട്ടം ( പത്ത് രൂപ ),  ഹംസ വട്ടം( അമ്പതു രൂപ) ,അഷറ വട്ടം( നൂറു രൂപ),തമാശ രൂപത്തില്‍ ഇതിനു നത്ത് കണ്ണന്‍ എന്നും പറയുന്നവരുണ്ട്. കടന്നു പോയ ഒരു തലമുറയാണ് ഈ അലിഖിത ഭാഷ ഉപയോഗിച്ചിരുന്നത്. ഇപ്പോഴേ പലരുടെയും മനസ്സില്‍ നിന്ന് കൌതുകം നിറഞ്ഞ ഈ ഭാഷ മാഞ്ഞു കഴിഞ്ഞു. 


 രാഷ്ട്ര ദീപികയില്‍ പ്രസിദ്ധീകരിച്ചത്