Followers

ബ്ലോഗെഴുതുമ്പോള്‍ .......
ക്രിയേറ്റിവിറ്റി അഥവാ സര്‍ഗാത്മകത 

ര്‍ഗാത്മകത രണ്ടു തരത്തിലുള്ള ആനന്ദമാണ് നല്‍കുന്നത്. ഒന്ന്  അവാച്യമായ നോവില്‍ നിന്ന്  പിറവിയെടുക്കുന്ന ആശയ പ്രകടനത്തില്‍, മറ്റൊന്ന്  അത് വായനക്കാര്‍ക്ക് വേണ്ടിയോ, ലോക ത്തിനു  തന്നെയോ സമര്‍പ്പിക്കപ്പെടുമ്പോള്‍.  ഒരു  കൃതി അത് വായന ക്കാര്‍ക്ക് എത്ര തന്നെ അരോചക മായിരുന്നാലും എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം മഹത്തരമാണ്.  യാതൊരു ആലസ്യവും കൂടാതെ അയാളത് നിരവധി തവണ വായിച്ചെന്നു വരും. ഇത്  ഒരു എഴുത്തു കാരനും അവന്റെ ആത്മ സത്തയും തമ്മിലുള്ള വ്യവഹാരങ്ങള്‍ . ഇതു കൂടാതെ എഴുത്തുകാരന്  സമൂഹത്തോടും ചില പ്രതിബദ്ധതകള്‍ ഉണ്ട്. എഴുത്തിലൂടെ ഒരാള്‍ സ്വന്തം ആത്മ പ്രകാശനമാണ് നിര്‍വഹിക്കുന്നത്. പാറക്കെട്ടില്‍ നിന്നുള്ള ശുദ്ധ ജലപ്രവാഹം പോലെ , ചതുപ്പു നിലത്തെ ചെളി വെള്ളം പോലെ , അതിന്റെ ഗുണദോഷങ്ങള്‍ നിര്‍ണ്ണയിക്കുന്നത്  എഴുത്തുകാരന്റെ സര്‍ഗ്ഗ ശേഷിയുടെ  അളവുകോല്‍ വച്ചായിരിക്കും. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണം സാഹിത്യ രചനാ മത്സരങ്ങളാണ്. ഒരേ ആശയം തന്നെ മത്സരാര്‍ഥികള്‍ വ്യത്യസ്ത രീതിയിലായിരിക്കും ആവിഷ്ക്കരിക്കുക. ഇനി മറ്റൊരു കാര്യം . ഒരു സര്‍ഗാത്മക കൃതിയെ വിലയിരുത്തപ്പെടുന്ന രീതിയെ ക്കുറിച്ചാണ്.


പത്രാധിപന്മാര്‍ 

ഒരു സാഹിത്യ രചനയെ ക്കുറിച്ച്  എഴുത്തുകാരനുണ്ടാവേണ്ട അവബോധത്തെക്കാള്‍ ഉയര്‍ന്ന നിലയിലായിരിക്കണം പത്രാധിപന്മാര്‍ നില്‍ക്കേണ്ടത്. പക്ഷെ അയാള്‍ക്ക്‌ എഴുതാന്‍ കഴിയണം എന്നില്ല. എഴുത്തുകാരന്  അയാളുടെ രചനയോട് സംവാദിച്ചാല്‍ മതി. എന്നാല്‍ പത്രാധിപര്‍ക്ക് അത് പോരാ, ഒരു രചന പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അതിലെ സാഹിതീയാംശം കണ്ടെത്തണം, എഴുത്തുകാരന്റെ സര്‍ഗ ശേഷിയുടെ തൂക്കം അറിയാന്‍ കഴിയണം,  അതിനെ വര്‍ഗ്ഗീകരിച്ചു അതാതിന്റെ കാറ്റഗറിയില്‍ പ്പെടുത്താനുള്ള ശേഷി ഉണ്ടാവണം. ഉദാഹരണത്തിന് , ഒരു കഥ കയ്യിലെടുക്കുമ്പോള്‍ ഇന്നോളം എഴുതപ്പെട്ട രചനകളുടെ അനുഭവങ്ങളില്‍ നിന്ന്  വ്യത്യസ്തമായ അനുഭൂതിയാണ് ലഭിക്കുന്നതെങ്കില്‍, അത് വിലയിരുത്തപ്പെടാന്‍  മാത്രമുള്ള പ്രാഗത്ഭ്യം  പത്രാധിന്മാര്‍ക്കുണ്ടാവണം.  ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാം.' ഖസാക്കിന്റെ ഇതിഹാസം ' ആദ്യം വായിച്ച പത്രാധിപര്‍ ഈ സുഖം അറിഞ്ഞിരിക്കണം എന്ന് ഞാന്‍ സങ്കല്‍പ്പിക്കുന്നു. ചുരുക്കി പ്പറഞ്ഞാല്‍ ഒരു പത്രാധിപന്‍  സര്‍ഗാത്മക  സാഹിത്യകാരനും, പണ്ഡിതനും ആയിരിക്കണം.


ബ്ലോഗും , പത്ര മാസികകളും   

നമ്മുടെ മിക്ക സാഹിത്യ കൃതികളും ഏതെങ്കിലുമൊരു പ്രസിദ്ധീകരങ്ങളിലൂടെ കടന്നു വന്നവയാണ്. ഒട്ടേറെ പ്രഗത്ഭരായ പത്രാധിപന്മാര്‍ നമുക്കുണ്ടായിരുന്നു. അവരുടെ ധിഷണയില്‍ ശുദ്ധി ചെയ്യപ്പെട്ട തിനു ശേഷമാണ്  അതൊക്കെ വായനക്കാരില്‍ എത്തിയത്.  എഴുത്തുകാരെ രൂപപ്പെടുത്തുന്നതില്‍ പത്രാധിപന്മാര്‍ക്കുള്ള പങ്കു വലുതാണ്‌.  തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അനായാസം മറി കടക്കാനാവാത്ത ഒരു പ്രതിസന്ധിയാണ് പത്രാധിപര്‍. ഇക്കാര്യം എം. ടി. വാസുദേവന്‍ നായര്‍ പലേടത്തും കുറിച്ചിട്ടുണ്ട്. ആദ്യ കാല രചനകള്‍ മടങ്ങുമ്പോള്‍ , വീണ്ടും വീണ്ടും എഴുതാനൊരു വാശി യുണ്ടാവുക സ്വാഭാവികം . കൂടുതല്‍ ശ്രദ്ധയോടെ , കരുതലോടെ പുതിയ കഥകളിലേക്കും, കവിതകളിലേക്കും എഴുത്തുകാരന്‍ പ്രവേശിക്കുന്നു. അത് സര്‍ഗ പ്രക്രിയയിലേക്കുള്ള യാത്ര കൂടി യാണ്.  എഴുതി തെളിഞ്ഞവരാകട്ടെ , വായനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന വിശ്വാസത്തെ തകര്‍ക്കാ തിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുകയും ചെയ്യുന്നു. ബ്ലോഗുകളുടെ ആവിര്‍ഭാവത്തോടെ പത്രാധിപര്‍  എന്ന തസ്തിക ഒഴിവാക്കപ്പെട്ടു. എഴുത്തുകാരന്‍ തന്നെ പത്രാധിപരായി. അതുകൊണ്ട് എഴുതുന്നവരുടെ എണ്ണം വര്‍ധിച്ചു ,എന്നല്ലാതെ സാഹിത്യ ലോകത്തിനു വലിയ ഗുണമൊന്നും ഉണ്ടായില്ല. അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന ജനക്കൂട്ടത്തെ പ്പോലെയായി ബ്ലോഗ്‌ എഴുത്തുകാര്‍. സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്ത ചവറുകള്‍ എഴുതിക്കൂട്ടി.  അതിനെയെല്ലാം എവിടെയൊക്കെയോ നിന്ന് ആളുകള്‍ 'കൊള്ളാം ,കൊള്ളാം ' എന്ന് പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് സ്ത്രീ ബ്ലോഗര്‍ മാര്‍ക്കാണ് ഈ സൌജന്യം കൂടുതല്‍ ലഭിക്കുന്നത്. പലപ്പോഴും പ്രൊഫൈല്‍ ഫോട്ടോയും,പേരും നോക്കിയാണ് സ്ത്രീകള്‍ വാഴ്ത്തപ്പെടുന്നത്.
 ബ്ലോഗിന്റെ പ്രസക്തി 


ബ്ലോഗ്‌ കൂടുതല്‍ പ്രസക്തമാകുന്നത് വാര്‍ത്താ മാധ്യമ രംഗത്താണ്. രാഷ്ട്രീയ , സാമൂഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ , അഭിപ്രായ സമന്വയങ്ങളില്‍ ഒക്കെ ബ്ലോഗ്‌ മികവു കാണിക്കാറുണ്ട്. പ്ര ത്യേകിച്ചു രാഷ്ട്രീയ വിമര്‍ശനങ്ങളില്‍.  ബഷീര്‍ വള്ളിക്കുന്ന് ഇക്കാര്യത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. അദ്ദേഹം എന്ത് പറഞ്ഞു എന്ന് ചിലരെങ്കിലും ആരായാറുണ്ട്. ഇത്തരത്തിലുള്ള നിരവധി ബ്ലോഗുകള്‍ വേറെയുമുണ്ട്.  ദിനം പ്രതി കണ്ടു പോകുന്നതോ വളരെ തുച്ഛവും.സുസ്മേഷ് ചന്ത്രോത്ത് , ബാലചന്ദ്രന്‍ ചുള്ളിക്കാട് , കെ. പി. രാമനുണ്ണി തുടങ്ങി പ്രശസ്ത രായ എഴുത്തുകാര്‍ ബ്ലോഗ്‌ ലോകത്തുണ്ട്. അവര്‍ പേനയും ,കീ ബോര്‍ഡും  സാഹിത്യത്തിനു സമര്‍പ്പിച്ചവരാണ്.എങ്കിലും സന്തോഷ്‌ ഏച്ചിക്കാനം പറഞ്ഞത് പോലെ സാഹിത്യത്തിന്റെ വിശുദ്ധി തൂലിക ത്തുമ്പില്‍ നിന്ന് ഇപ്പോഴും കീബോര്‍ഡില്‍ എത്തിയിട്ടില്ല.

11 thoughts on “ബ്ലോഗെഴുതുമ്പോള്‍ .......”

 1. ലേഖനമൊക്കെ കൊള്ളാം. പക്ഷെ എന്തിനുമേതിനും വെറുതേ സ്ത്രീബ്ബ്ലോഗര്‍മാരുടെ മേക്കിട്ട് കേറുന്നതെന്തിനു..? പുരുഷബ്ലൊഗര്‍മാരുടെ പോസ്റ്റുകളില്‍ കാണുന്ന കമന്റുകള്‍ മുഴുവന്‍ സത്യസന്ധമായ അഭിപ്രായങ്ങളാണെന്ന് ഉറപ്പുണ്ടോ..?ഈ പറയുന്ന സുഖിപ്പിക്കല്‍ അവിടേയും നടക്കുന്നില്ലേ..? നിങ്ങള്‍ പുരുഷബ്ലോഗര്‍മാരുടെ ഈ സുഖിപ്പിക്കല്‍ കൊണ്ട് ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനുമില്ല. ബാക്കി വഴിയെ വരുന്ന സ്ത്രീകള്‍ പറയുമായിരിക്കും.

  ആശംസകളോടേ...

 2. സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്ത ചവറുകള്‍ എഴുതിക്കൂട്ടി. അതിനെയെല്ലാം എവിടെയൊക്കെയോ നിന്ന് ആളുകള്‍ 'കൊള്ളാം ,കൊള്ളാം ' എന്ന് പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് സ്ത്രീ ബ്ലോഗര്‍ മാര്‍ക്കാണ് ഈ സൌജന്യം കൂടുതല്‍ ലഭിക്കുന്നത്. പലപ്പോഴും പ്രൊഫൈല്‍ ഫോട്ടോയും,പേരും നോക്കിയാണ് സ്ത്രീകള്‍ വാഴ്ത്തപ്പെടുന്നത്.
  ****************************************************************
  മേൽ‌പ്പറഞ്ഞതാണ് ശ്രീമതി മുല്ലയെ ദേഷ്യം പിടിപ്പിച്ചതെന്നത് ചിരിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു.കാരണം,ഈ പറഞ്ഞതിൽ സ്ത്രീകളെയല്ല, മറിച്ച് സ്ത്രീകളെഴുതുന്ന അറുബോറൻ,തല്ലിപ്പൊളി,പൊട്ട,ചവറ്,വികല സൃഷ്ടികൾക്ക് പ്രൊഫൈൽ ഫോട്ടോയും,പേരും നോക്കി അവരെ വാഴ്ത്തുന്ന ആളുകളെയാണ് ലേഖകൻ ആക്രമിച്ചിരിക്കുന്നത് എന്നത് തന്നെ. സത്യത്തിൽ മുല്ലയ്ക്ക് പകരം ഒരു വാഴ്ത്തുവീരൻ പുരുഷ പ്രജയായിരുന്നില്ലേ ഇത്തരം പ്രതികരണം നടത്തേണ്ടിയിരുന്നത് എന്ന് തോന്നിപ്പോകുന്നു. നല്ല സൃഷ്ടികൾ നടത്തുന്നത് ആരായാലും വാഴ്ത്തപ്പെടേണ്ടതു തന്നെ.പക്ഷേ കവിയും അനുവാചകനും ഒരു പോലെ അഴുക്കിൽ കിടന്ന്,പറുദീസയിലാണെന്ന് ഭാവിക്കുന്നത് കാണുമ്പോൾ കരച്ചിൽ വരുന്നു.
  ലേഖകനും,മുല്ലക്കും ആശംസകൾ നേരുന്നു
  സ്നേഹ പൂർവ്വം വിധു

 3. വിധു ചോപ്ര, സാർ തെറ്റിദ്ധരിച്ചൂന്ന് തോന്നുന്നു. നിസാർ അങ്ങനെ എഴുതി എന്നത് കൊണ്ടല്ല ഞാൻ ആ പറഞ്ഞത്. ഇതിപ്പൊ ബൂലോഗത്തെ മൊത്തം ട്രെൻഡാണു .സ്ത്രീകൾക്ക് കമന്റ് കിട്ടുന്നത് അവരുടെ പേരും ഫോട്ടോയും കണ്ടാണെന്ന് പലരും റെപീറ്റ് ചെയ്യുന്നു. അത് കാണുമ്പോൾ ഞങ്ങൾക്ക് ബ്ലോഗ് നിർത്തി പോകാനല്ലേ തോന്നൂ.വെറുതെ എന്തിനു മിനക്കെടുന്നു. ഈ പറയുന്ന സുഖിപ്പിക്ക്അൽ കമന്റുകൾ പുരുഷ ബ്ലോഗുകൾ എടുത്ത് നോക്കിയാലും കാണാം. ഇനി അതൊക്കെ ഇട്ടത് പെണ്ണുങ്ങളാകുമോ..?

 4. കുറെ പേര്‍ ബോഗ് എഴുതുന്നു എന്നത് നല്ല കാര്യം അല്ലെ ...
  നല്ലതും ചീത്തയും ഒക്കെ ഇനി വായനക്കാരന്‍ തീരുമാനിക്ക്യട്ടെ...
  അവനവനു ആവശ്യമുള്ളത് അവര്‍ തിരഞ്ഞെടുത്തു വായിക്കട്ടെ ...
  നല്ലതാണ് എന്ന് തോന്നുന്നത് നല്ലതാണ് എന്ന് പറയട്ടെ...
  അവനവന്‍ എഴുതുന്നത്‌ നല്ലതാണ് എന്ന് വിശ്വസിക്കുന്നവര്‍ അങ്ങിനെ വിശ്വസിക്കട്ടെ...
  സുഖിപ്പിക്കാനുള്ള അഭിപ്രായങ്ങള്‍ കേട്ടു അവര്‍ സന്തോഷിക്ക്യട്ടെ....
  വിമര്‍ശനങ്ങള്‍ അവര്‍ വരുമ്പോള്‍ വാളെടുക്കട്ടെ....
  കടഞ്ഞെടുക്കലിനിടയില്‍ അവസാനം വെണ്ണ തെളിയുക തന്നെ ചെയ്യും !
  ലേഖനം നന്നായി ...പക്ഷേ ഒന്നൂടെ നന്നാക്കി എഴുതാനുള്ള കഴിവുണ്ട് നിസ്സര്‍ക്കക്ക്
  എന്ന് തോന്നി ...വായനക്കൂട്ടം ഇനിയും ഇനിയും ഉഷാറാവട്ടെ!!

 5. നിസ്സാര്‍ ...ഭൂലോകത്തെ ഒരു പൊതുവായ ട്രെന്‍ഡ് പറഞ്ഞതാ ... മുല്ലക്ക് തന്നെ വീക്ഷിക്കാന്‍ കഴിയും ,,, ചില പോസ്റ്റുകളുടെ പിറകെ വിധു പറഞ്ഞ പോലെ കമന്റുകളുടെ ഘോക്ഷയാത്ര ... അതിനകത്ത് എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന് പോലും കമെന്റുന്നവന്‍ നോക്കി കാണില്ല ,, ആ ട്രെണ്ടിനെയാണ് നിസ്സാര്‍ സൂചിപ്പിച്ചത് .... മുല്ലയുടെ എഴുത്തില്‍ ആരും എതിരഭിപ്രായം പറഞ്ഞിട്ടില്ല .... നിസാറിന്റെ നല്ല എഴുത്തിനും വിധുവിന്റെയും ,മുല്ലയുടെയും ആരോഗ്യപരമായ കമ്മെന്റുകള്‍ക്കും നന്ദി .....

Leave a Reply