Followers

വിശുദ്ധ ഗ്രന്ഥങ്ങളിലെ പഴം




ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വച്ചിരിക്കുന്നു. അതില്‍പഴങ്ങളും,കൂമ്പോലകളും
ഉള്ള ഈന്തപ്പനകളും ഉണ്ട്.  -            വിശുദ്ധ ഖുര്‍ ആന്‍






ഒരു സംസ്ക്കാരം ഉടലെടുക്കുമ്പോള്‍ അതില്‍ പ്രതീകാത്മകമായി നില കൊള്ളുന്ന വംശ വൃക്ഷങ്ങളെ ചരിത്ര പഠനങ്ങളുടെ വഴികാട്ടികളായി പിന്നീട് സ്വീകരിക്കാറുണ്ട്. ബോധി വൃക്ഷ ചുവട്ടിലെ   ശ്രീ ബുദ്ധ നെയും,ഒലിവു മര ച്ചില്ലകളിലൂടെ സ്നേഹത്തിന്റെ മൃദു സ്പര്‍ശം പകര്‍ന്ന യേശു ദേവനേയും,ചുട്ടു പൊള്ളുന്ന മരുഭുമിയിലെ ഈന്തപ്പന തണലില്‍ കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ്‌ നബിയേയുംനമ്മള്‍ ഓര്‍ക്കുമ്പോള്‍ അവര്‍ക്ക് ശേഷവും സ്മാരകങ്ങള്‍ ആയി നില കൊള്ളുന്ന ഇത്തരം ഹരിത ചിഹ്നങ്ങളെ നമുക്ക് എങ്ങനെ വിസ്മരിക്കനാവും.

ഈന്തപ്പനയുംഅതിന്റെസ്വാദിഷ്ടമായപഴവുംഇസ്ലാംസംസ്ക്കാരത്തിലാകെ നിറഞ്ഞു നില്‍ക്കുന്നു."ഒരുവന്റെ ഭവനത്തില്‍കുറച്ചു കാരയ്ക്ക ഉണ്ടെങ്കില്‍ അവന്‍ ഒരിക്കലും ദരിദ്രനാവില്ല"എന്ന് പ്രവാചകന്‍ അനുയായികളോട് ഉപദേശിക്കുമായിരുന്നു.പരിശുദ്ധ ഖുറാനില്‍ വിവിധ ഇടങ്ങളില്‍ ഈന്ത പ്പനയെ ക്കുറിച്ച് പരാ മര്‍ശമുണ്ട്.മരുഭൂമി യുടെ ഹരിത സ്വപ്നമാണ് ഈന്തപ്പനകള്‍.സൗദി അറേബ്യയുടെ ദേശീയ ചിഹ്നമായി അതുകൊണ്ടാവാം ഈ മധുര ക്കനി വൃക്ഷം ഇടം നേടിയത്. പിന്നീട് ഇസ്ലാം പ്രചരിച്ച നാടുകളിലും ഈ വിഭവം ഒരു സാംസ്കാരിക അടയാളമായി പിന്തുടര്‍ന്ന്.


ഉണക്കിയെടുത്ത ഈന്തപ്പഴവും,വെള്ളവും നോമ്പ് തുറക്കാന്‍ നബി നിര്‍ദേശിച്ചിരുന്നു.സൗദിഅറേബ്യയിലെങ്ങും നോമ്പ് തുറ വേളകളില്‍ കാരയ്ക്കയും(ഉണങ്ങിയ ഈന്തപ്പഴം),വെള്ളവും സജ്ജീകരിച്ചിരിക്കുന്നത് നിത്യ കാഴ്ചയാണ്. കേരളത്തിലെ മുസ്ലിം ഭവനങ്ങളിലും പള്ളികളിലും ഈ ആചാരം നില നിന്ന് പോരുന്നു.

ഖുറാനില്‍ മാത്രമല്ല,ബൈബിളിലും ഈന്തപ്പനയെ ക്കുറിച്ച് നിരവധി പരാമര്‍ശം ഉണ്ട്.ഈ വൃക്ഷത്തിന്റെ ആകാരവും,പഴത്തിന്റെ സ്വാദും,പ്രത്യുല്പാദന ശേഷിയും കണക്കിലെടുത്ത്,ജൂത സമൂഹം തങ്ങളുടെ പെണ്മക്കളെ ഈന്ത പ്പനയോടു ഉപമിചിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തലുകള്‍ ഉണ്ട്. മുഹമ്മദ്‌ നബിയുടെ കാലത്ത് ഖുറാന്‍ സൂക്തങ്ങള്‍ ഈന്ത പ്പനയോലകളില്‍ എഴുത്ത് സൂക്ഷിച്ചിരുന്നു.മദീന പള്ളിയുടെ നിര്‍മാണ ഘട്ടത്തില്‍ ഈന്തപ്പന യോലയും തടിയും ഉപയോഗിച്ചിരുന്നു.മരുഭൂമിയിലെ ഈ കല്പ വൃക്ഷത്തിന്‌ പതിനായിരം വര്‍ഷത്തെ പഴക്കം കല്പ്പിക്കുന്നവരുണ്ട്.എണ്ണായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയില്‍ ഈന്തപ്പന വളര്‍ന്നിരു ന്നതിനു തെളിവുകള്‍ ഉണ്ട്.



എന്നാല്‍ കാര്‍ഷികവിദഗ്ധര്‍ ഇതിനുആറായിരം വര്‍ഷത്തെ പാരമ്പര്യം ആണ് കല്‍പ്പിക്കുന്നത്. യൂഫ്രട്ടീസ്,നൈല്‍തടങ്ങളില്‍ ആണ് ഈന്തപ്പന ജന്മം കൊണ്ടത്‌. അനുപമമായ ഭംഗിയും രുചിയും ,അന്യ നാടുകളിലേക്ക് ഇതിന്റെ പ്രചരണം സുഗമമാക്കി.ആദ്യകാലങ്ങളില്‍ നാടോടികള്‍ ആയിരുന്നു ഇതിന്റെ പ്രചാരകര്‍.മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി പടയോട്ടകാലത്ത് ഈവൃക്ഷം പാകിസ്ഥാനില്‍ പ്രച്ചരിപ്പിച്ചതായി പറയപ്പെടുന്നു. ഇറാന്‍ ഉള്‍പ്പെടെയുള്ള മദ്ധ്യ പൌരസ്ത്യ ദേശത്തെ  പ്രധാനകാര്‍ഷിക വിളയാണ് ഈന്തപ്പഴം.സൗദിഅറേബ്യയില്‍ 300 ല്‍പരം ഇനങ്ങളിലുള്ള ഈന്തപ്പനകള്‍ ഉണ്ട്.16000 ടണ്‍ ഈന്തപ്പഴത്തില്‍ നിന്നും 50000 ടണ്ണോളം ഭകഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ചുലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗദി അറേബ്യ വിതരണം നടത്തുന്നു.എണ്ണയുടെ ഖനനം ആരംഭിക്കുന്നതിനു മുമ്പ് സൌദിയുടെഏക വരുമാന മാര്‍ഗമായിരുന്നു ഈന്തപ്പഴം.

ഇന്ന് ഇറാഖ് 22മില്യന്‍ മരത്തില്‍ നിന്ന് 6ലക്ഷം ടണ്‍പഴങ്ങള്‍ ഉത്പാദിപ്പിച്ചു ലോകത്ത് മുന്നിട്ട നില്‍ക്കുന്നു. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവില്‍ മാത്രം വളരുന്ന സസ്യമാണ് ഈന്തപ്പന.സൂര്യപ്രകാശം നേരിട്ട് ആവശ്യമുള്ള ചെടി ആയതിനാല്‍ ഇതിന്റെ വളര്‍ച്ചയ്ക്ക് ഏറെ യോജിച്ചത് മരുഭൂമിയാണ്.പോര്‍ട്ടുഗീസുകാര്‍ക്ക് മെക്സിക്കോയില്‍ ഈന്തപ്പനകള്‍ നട്ടുപിടിപ്പിക്കാന്‍ കഠിനമായി യത്നിക്കേണ്ടി വന്നു.


സ്വന്തമായി പരാഗണ ശേഷിയില്ലാത്ത ഈന്തപ്പനയുടെ പെണ്‍ കുലകളില്‍ ആണ്‍ പൂമ്പൊടി തുണിയില്‍ ഒപ്പി വച്ചാണ് പരാഗണം നടത്തുന്നത്. ജൂണ്‍ മുതല്‍ ആഗസ്റ്റു വരെയുള്ള മാസങ്ങളില്‍ ആണ് വിളവെടുപ്പ്. ഈ കാലത്ത് അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രിയില്‍ മുകളില്‍ എത്തുന്നു. തിളച്ചു മറിയുന്ന അന്തരീക്ഷവും, പുഴുകലും(humidity )ഈന്തപ്പഴം പാകമാകാന്‍ പ്രകൃതി ഒരുക്കിയ ഒരു സ്വീകാര്യത ആണെങ്കിലും ഈ കാലാവസ്ഥ മനുഷ്യര്‍ക്ക്‌ ഏറെ ദുസ്സഹമാണ്.ഉയര്‍ന്ന പുഴുകലില്‍ ആണ് ഈന്തപ്പഴം പാകമാകുന്നത്.ഈന്തപ്പനയില്‍ നിന്നും നേരിട്ട് പറിച്ചെടുക്കുന്ന പഴങ്ങള്‍ വെയിലത്തും,ഉയര്‍ന്ന ഊഷ്മാവില്‍ അടച്ചു പൂട്ടിയ മുറി കളിലുമായി ഉണക്കിയെടുക്കുന്നു.





സംസ്ക്കരണത്തിനു ശേഷം മൃദു, ഇടത്തരം, കടുപ്പം, എന്നിങ്ങനെ മൂന്നുതരം പഴങ്ങളാണ് വിപണിയില്‍ എത്തുന്നത്.തോട്ടത്തില്‍ നിന്നെടുക്കുന്ന ഈന്തപ്പഴം മറ്റു പ്രക്രിയകള്‍ക്ക് വിടെയമാകാതെ ഉണക്കി എടുക്കുന്നതാണ് കാരയ്ക്ക.നോമ്പ് കാലങ്ങളില്‍ ഇതാണ് ഉപയോഗിക്കുന്നത്.ഭക്ഷണംഎന്നതിലുപരിഔഷധമായും ഈന്തപ്പഴം ഉപയോഗിക്കുന്നു.പ്രാചീന ഈജിപ്റ്റുകാര്‍ പ്രത്യുല്പാദന ശേഷി വീണ്ടെടുക്കാന്‍ ഈന്തപ്പഴം ഉപയോഗിച്ചിരുന്നു.ഇന്ന്, ലോകത്തിന്റെ നാവില്‍ രുചിയുടെ ഒന്നാമനായി ഈന്തപ്പഴം നില നില്‍ക്കുന്നു.  ഉയര്‍ന്ന പോഷക ഗുണവും, ഉപയോഗത്തിലുള്ള സൌകര്യവുമാണ് ഇതിനെ പ്രിയങ്കരമാക്കുന്നത്.



രാഷ്ട്ര ദീപികയില്‍ പ്രസിദ്ധീകരിച്ചത്

This entry was posted by Kattil Abdul Nissar. Bookmark the permalink.

One thought on “വിശുദ്ധ ഗ്രന്ഥങ്ങളിലെ പഴം”

  1. ഹായ് നിസാര്‍ ഭായി ഇതുപൊലെ ഇഡക്കു ഇടുന്നതു നല്ലതണു ഒര്‍മകള്‍ പുതുക്കാമല്ലൊ ,നന്ദി സുഹ്രത്തെ .

Leave a Reply