Followers

നിങ്ങളെന്തിനാണ് അയാളെ പ്രസിദ്ധനാക്കിയത് .....?



രാധയും കൃഷ്ണനും എന്ന ശരാശരി നിലവാരം പോലുമില്ലാത്ത ഒരു സിനിമയുമായി  വന്ന സന്തോഷ്‌പണ്ഡിറ്റിനെ മലയാളി യുവാക്കള്‍ പരിഹസിച്ചു പ്രസിദ്ധനാക്കി. യൂറ്റൂബില്‍ ആരും ലജ്ജിക്കുന്ന തരത്തിലുള്ള കമന്റ്റുകള്‍ ഇട്ടു. ഫെയ്സ് ബുക്കില്‍ വ്യാജ അക്കൌണ്ടുകള്‍ ഉണ്ടാക്കി , എന്തിനു അയാള്‍ക്ക്‌ വേണ്ടി ഒരു ബ്ലോഗ്‌ വരെ ക്രിയേറ്റ് ചെയ്തു. എന്നിട്ട് അതിലൂടെ അയാളെ തെറി വിളിച്ചു. ചാനലുകാര്‍ ക്യാമറയ്ക്ക്  മുമ്പില്‍ നിര്‍ത്തി വ്യംഗ്യ ഭാഷയില്‍ തൊലിയുരിച്ചു. ആരാധകരെന്നു തെറ്റി ധരിപ്പിച്ചു ഫോണില്‍ വിളിച്ചു അധിക്ഷേപിച്ചു. അയാളുടെ മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി. ഒരുപിടി വിട്ട വണ്ടി ആണെന്ന് അറിഞ്ഞുകൊണ്ട് മാധ്യമങ്ങള്‍  ഇന്റര്‍വ്യൂ ചെയ്തു. സര്‍, സര്‍, എന്ന് പിറകെ നടന്നു വിളിച്ചു.  എന്തിനായിരുന്നു ഇതൊക്കെ. ഒടുവില്‍ അയാള്‍ അനര്‍ഹമായ പ്രസിദ്ധി കൈവരിച്ചപ്പോള്‍ നിങ്ങള്ക്ക് തോന്നുന്നില്ലേ ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന്.

  ഇന്ന് സന്തോഷ്‌ പണ്ഡിറ്റ് എന്ന് പറഞ്ഞാല്‍ കേരളക്കര അറിയും. വികൃതം  ആണെങ്കിലും രാത്രി ശുഭരാത്രി എന്ന ഗാനം മലയാളികളുടെ നാവിന്‍തുമ്പില്‍ അറിയാതെ വന്നു പോകുന്നു.ഭീമമായ പണം മുടക്കി , തീവ്രമായ കഠിനാധ്വാനം ചെയ്തു നിര്‍മ്മിക്കുന്ന ഒരു സിനിമയേക്കാള്‍ പോപ്പുലാരിട്ടി കൃഷ്ണനും രാധയും നേടിയെടുത്തു. യൂ ട്യൂബുകാര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. കുറഞ്ഞ സമയം കൊണ്ട് ഇരുപത്തി യഞ്ചു ലക്ഷം കമന്റു നേടിയ വ്യക്ത്തിയെ ക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.ഓരോ അഞ്ചു മിനിട്ടിലും അറുപതോളം മിസ്സ്ഡ് കോള്‍ അയാളുടെ ഫോണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇതൊന്നും നില നില്‍ക്കുന്നതല്ലെങ്കിലും ഇത്തരം ഒരു പ്രളയം ഉണ്ടാക്കി എടുത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നമ്മുടെ " യൂത്ത് " നു തന്നെ.

 ഇനി സന്തോഷ്‌ പണ്ഡിറ്റ് പറയുന്നത് ശ്രദ്ധിക്കാം. "പലരും,വിഡ്ഢിവേഷം കെട്ടിക്കുന്നതും, അസഭ്യം പറയുന്നതും,നിറ ചിരിയോടെയാണ്‌ ഞാന്‍ കേട്ട് നിന്നത്. അതായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും വലിയ പബ്ലിസിറ്റി" . ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ പരസ്പ്പര വിരുദ്ധമായി പറയുന്ന കാര്യങ്ങള്‍  ആവര്‍ത്തിച്ചു കേള്‍പ്പിക്കുക ,മഹത് വചനങ്ങള്‍ക്ക് " എക്കോ " കൊടുക്കുക,എന്ന് വേണ്ട നല്‍കാവുന്ന പബ്ലിസിറ്റി മുഴുവനും മീഡിയ നല്‍കി.അങ്ങനെ ഒരു മോശം സിനിമയെ വിജയിപ്പിക്കുന്ന ദൌത്യം ചെറുപ്പക്കാരും ,മീഡിയയും കൂടി ഏറ്റെടുത്തു.


യുവാക്കളെ ഹരം കൊള്ളിച്ച ഘടകങ്ങള്‍  
സന്തോഷ്‌ പണ്ഡിറ്റിന്റെ ബോഡി ലാന്ഗുവേജ് ഒരിക്കലും നായക വേഷം ചെയ്യാന്‍ പറ്റുന്നതല്ല. ഗ്ലാമറോ , ആകാര സൌഷ്ഠതയോ ഇല്ല. അങ്ങനെയുള്ള ഒരാള്‍ ഒരു സുപ്രഭാതത്തില്‍ നായകന്‍ ചമഞ്ഞു കുറെ പെണ്‍കുട്ടികളുമായി , ഒരു ഓടക്കുഴലും പിടിച്ചു വന്നാല്‍ ചെറുപ്പക്കാര്‍ പിള്ളേര്‍ എങ്ങനെ സഹിക്കും.ഇവിടെ ഗ്ലാമറുള്ള പൃഥിരാജ്  ആള് കളിക്കാന്‍ നോക്കീട്ടു സമ്മതിച്ചു കൊടുത്തിട്ടില്ല . പിന്നല്ലേ ഒന്നുമില്ലാത്ത ഈ പുതുമുഖം. വന്ന പാടെ 'ധീരോധാത്തന്‍' എല്ലാ മേഖലകളും അങ്ങ് ഏറ്റെടുത്തു. 'പണ്ടേ ദുര്‍ബല , ഇപ്പൊ ഗര്‍ഭിണീം' എന്നു പറഞ്ഞ പോലെ തൊട്ട തെല്ലാം വികൃതമാക്കുകയും ചെയ്തു. യൌവ്വന യുക്തകളായ പെണ്‍കുട്ടികളെ പൊക്കിയെടുത്ത് കാണിക്കുന്ന കസര്‍ത്ത് നമ്മുടെ യുവ ജനതയ്ക്ക് സഹിക്കുമോ. അതും  പെണ്‍കുട്ടികളുടെ മുഖത്ത് നോക്കിയാല്‍ കണ്ണില്‍ കുത്തുന്ന ഈ കാലത്ത്. യുവാക്കള്‍ ഇളകി. ഇത് ശുദ്ധ ആഭാസം ആണെന്നങ്ങു വച്ച് കാച്ചി. ( കിന്നാരത്തുമ്പികള്‍ കണ്ടിട്ട് സദാചാര ബോധം നഷ്ടപ്പെടാത്തവര്‍ ആണെന്നോര്‍ക്കണം ). തന്റെ പോരായ്മകളെ ക്കുറിച്ച് ചിന്തിക്കാതെ പണ്ഡിറ്റ്‌ കാണിച്ചു കൂട്ടിയ കോപ്രായ ത്തരങ്ങളാണ് ചെറുപ്പക്കാരെ   വെറളി  പിടിപ്പിച്ചത്.



അരോചകങ്ങളായ ഗാനാലാപനം ജനങ്ങള്‍ ഏറ്റെടുത്തു. ഗായകരല്ലാത്തവര്‍ ഇതിനു മുമ്പും സിനിമയില്‍ പാടിയിട്ടുണ്ട്. ഒരു പൈങ്കിളിക്കഥ യില്‍ ബാലചന്ദ്ര മേനോന്‍ പാടിയിട്ടുണ്ട്. മോഹന്‍ ലാല്‍ പാടിയിട്ടുണ്ട്. അതിനെല്ലാം ഒരു പരിഗണന ഉണ്ടായിരുന്നു. എവിടെ നിന്നോ വന്ന ഒരാള്‍ കാണിക്കുന്ന വണ്മാന്‍ ഷോ ചെറുപ്പക്കാരുടെ സഹന ശക്തിയെ തകര്‍ത്തു. അവര്‍ പ്രതികരിച്ചു.


സന്തോഷ്‌ പണ്ഡിറ്റ്‌  നല്‍കിയ ഇന്റര്‍വ്യൂ പോലും മീഡിയകള്‍ ആഘോഷിച്ചു. എന്തു പറയണം, എന്തു പറയരുത് എന്നൊന്നും ചിന്തിക്കാതെ വിളമ്പിയ ഡയലോഗുകള്‍  പലര്‍ക്കും കാണാപാഠം . ടിയാന് ആയിരത്തി അഞ്ഞൂറ് ഡിഗ്രി, അതില്‍ ടൈപ്പ് ലോവറും ഹയറും വരെ. അത് കേള്‍ക്കുമ്പോഴേ അറിയാം ഇത് ഒരു നടയ്ക്കു തീരില്ലെന്ന്. പ്രീ ഡിഗ്രി ഫോര്‍ത്ത് ഗ്രൂപ്പ്, ഡിഗ്രി ഇംഗ്ലീഷ് , എം.എ. ഹിന്ദി, പോരാഞ്ഞിട്ട് റിസേര്‍ച് ഫെല്ലോ.
 എം എസ് സി സൈക്കോളജി , എല്‍.എല്‍.ബി ,കമ്പ്യൂട്ടര്‍  ഹാര്‍ഡ് വെയര്‍ ആന്റ് സോഫ്റ്റ്‌ വെയര്‍, ജര്‍മ്മന്‍ ഭാഷയില്‍ ഡിപ്ലോമ , അസ്ട്രോളജിയില്‍ ഡിപ്ലോമ (കുറച്ചു കാലം മുമ്പ്  ജി - മെയില്‍ എങ്ങനെ അയക്കാം എന്ന് ഒരാളോട് ചോദിക്കുന്നതിന്റെ ഫോണ്‍ വോയ്സും  യൂ ട്യൂബില്‍ ലഭ്യമാണ് ). ഇതൊക്കെ കേട്ടാല്‍ മലയാളത്തിലെ ചെറുപ്പക്കാര്‍ നിലത്തു നില്‍ക്കുമോ ........? ഒരുപാട് ഡിഗ്രി എടുക്കുന്നത് തന്നെ മലയാളികള്‍ക്ക് ഇഷ്ടമല്ല . ഇതൊക്കെ പോരെ വലിയ മോഹവും, മോഹ ഭംഗങ്ങളും  ഇല്ലാത്ത മലയാളിയുടെ സ്വസ്ഥത കെടുത്താന്‍.


ഇനി കാര്യത്തിലേക്ക് വരാം

 ഏറ്റവും ഒടുവില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നത്, ഇതൊക്കെ ഒരു സൈക്കോളജിക്കല്‍ അപ്രോച്  ആയിരുന്നു എന്നാണു. സൌന്ദര്യവും , പേരുമില്ലാത്ത ഒരു നവാഗതന് ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ തെരഞ്ഞെടുത്ത മാര്‍ഗം ആയിരുന്നുവത്രേ ഈ വിഡ്ഢി വേഷം. പറഞ്ഞത് സത്യമാണെങ്കില്‍ ആരാണ് മണ്ടന്മാര്‍ ആയതു. നിസ്സംശയം പറയാം. മലയാളി യുവാക്കള്‍ . ഫെയ്സ് ബുക്കിലും ,യൂ ട്യൂബിലും മണ്ടത്തരങ്ങള്‍ ആഘോഷിച്ചവര്‍. പണ്ഡിറ്റ്‌- നെ തെറി വിളിക്കാന്‍ പോയ നേരത്ത് ആ രഞ്ജിനി ഹരിദാസിനെ പോലുള്ളവരെ ഒതുക്കിയിരുന്നെങ്കില്‍  മലയാളമെങ്കിലും പച്ച പിടിക്കുമായിരുന്നു .


2 thoughts on “നിങ്ങളെന്തിനാണ് അയാളെ പ്രസിദ്ധനാക്കിയത് .....?”

  1. പബ്ലിസിറ്റിയുടെ പൂക്കാലം ഏകദേശം കഴിഞ്ഞു വരികയായിരുന്നു. ഇനി ഈ പോസ്റ്റ് വഴി കിടക്കട്ടെ കുറച്ച് കൂടി. തന്നാലാവുന്നത് ഓരോരുത്തരും ചെയ്യുന്നുണ്ടല്ലോ?

  2. എന്തായാലും ഒരു കാര്യം തീരുമാനിച്ചു അതിനെ എങ്ങിനെയെങ്ങിലും നേടിയെടുക്കാനുള്ള പരിശ്രമം ...
    അതിന്റെ പേരില്‍ സന്തോഷ്‌ പണ്ടിറ്റിനെ സമ്മതിച്ചു കൊടുത്തെ തീരു ...

Leave a Reply