Followers

ഒരു തേനും ഒരു തീയുംഒരുത്തന്‍ എന്നാല്‍ ഒരു 'തേന്‍ ', ഒരുത്തിയോ  ഒരു 'തീ' യും. ഇത് ഞാന്‍ പറഞ്ഞതല്ല. ഇതിന്റെ പേരില്‍ ഇനി മാന്യ സ്ത്രീ പക്ഷ വാദികള്‍ പ്രക്ഷോപണം ഉണ്ടാക്കരുത്. കോളജിലെ വിരസമായ സംസ്കൃതം ക്ലാസ്സില്‍ കുട്ടികളെ ഉഷാറാക്കാന്‍ വേണ്ടി പ്രൊഫസ്സര്‍ തങ്കപ്പന്‍ സര്‍ കൊളുത്തിയ ഒരു നേരം പോക്കാണ്. ഇത് കേട്ട് ആണ്‍കുട്ടികള്‍ ആരും ഞെളിഞ്ഞുമില്ല, പെണ്‍കുട്ടികള്‍ മുഖം കുനിച്ചുമില്ല. അന്ന് അദ്ദേഹം അതൊരു തമാശയായി പറഞ്ഞതാണെങ്കിലും ജീവിതത്തിന്റെ നേര്‍ക്കാഴ്ചയില്‍ തമാശയ്ക്കപ്പുറം അതില്‍ ചില സത്യങ്ങളും ഇല്ലേ എന്ന് സംശയിക്കുന്നു.ഒരുത്തന്‍ എന്ന തേന്‍ കണം ഒഴിവാക്കാം  (മാന്യ  മഹിളകളുടെ സന്തോഷത്തിനു വേണ്ടി ), പക്ഷെ ഒരുത്തി യിലെ ' തീ' നിഷേധിക്കാന്‍ പറ്റുന്നില്ല. അത് തീ തന്നെയാണ് .തൊട്ടാല്‍ പൊള്ളുന്ന തീ.

സ്ത്രീ എന്ന പാവനമായ തീ ആദ്യം പൊള്ളിച്ചത് ഏദന്‍ തോട്ടത്തില്‍ വച്ചാണ്. ആണിന്റെ പ്രതിപുരുഷനായ ആദത്തിനെ .അതോടെ അവിടെ നിന്ന് പുറത്താക്കപ്പെട്ടു.അവിടെ മുതല്‍ ഇങ്ങോട്ട് പല രൂപത്തിലും ഭാവത്തിലും തീ തേന്‍ കണത്തിനു പൊള്ളല്‍ ഏല്‍പ്പിച്ചു കൊണ്ട്  സമസ്ത മേഖലകളിലും വിലസുന്നു. 'സീത' എന്ന തീ   പത്ത് മനുഷ്യന്റെ ബുദ്ധിയും, ആരോഗ്യവുമുള്ള സാക്ഷാല്‍  ലങ്കാ പതിയെ പൊള്ളിച്ചു കൊണ്ട് ഇതിഹാസത്തില്‍ സ്ഥാനം പിടിച്ചു. പക്ഷെ രാമന്‍ മിടുക്കനായിരുന്നു. തീ കൊണ്ട് തന്നെ തീയെ പരീക്ഷിച്ചു. അവിടെ ഇത്തിരി പുരുഷ മേധാവിത്വം കടന്നു കൂടിയില്ലേ എന്ന് സംശയമുണ്ട്‌. പക്ഷെ സ്ത്രീ വാദികള്‍ ഇതിഹാസത്തെ തൊട്ടു കളിക്കില്ല.ദൈവം, ദൈവാവതാരങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇന്നും അവര്‍ക്ക് ഭയമാണ്.
എന്നെ ക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്  കഴിഞ്ഞദിവസം നിയമസഭയില്‍ രണ്ടു എം.എല്‍.എ  മാര്‍ക്ക് പൊള്ളലേറ്റ സംഭവമാണ്.ടി.വി . രാജേഷും, ജയിംസ് മാത്യൂവും.കുറച്ചു നേരമെങ്കിലും അവര്‍ ബര്‍ നോളും പുരട്ടി പുറത്ത് നിന്ന്.  വാച്ച് ആന്‍ഡ്‌ വാര്‍ഡിലെ  തീ രത്നം  വി. എസ്.രജനി കുമാരിയെ തൊട്ടതാണ് വിഷയം. ആരെങ്കിലും അറിഞ്ഞൊണ്ട്  തീയില്‍ ചെന്ന്പിടി ക്കുമോ..... ? പൊട്ടന്മാര്‍ . ബുദ്ധിയുള്ള ആണുങ്ങളാരും തീ കൊണ്ട്  കളിക്കില്ല . ഈക്കാര്യം എം.ടി .വാസുദേവന്‍ നായര്‍ തന്നെ ഓര്‍മി പ്പിച്ചിട്ടുണ്ട്. ആരണ്യകം എന്ന സിനിമയില്‍ .അതിലെ നെടുമുടി  വേണു അവതരിപ്പിച്ച മുത്തശ്ശന്‍ കഥാപാത്രം പറയുന്നുണ്ട് " ആരും തീകൊണ്ട് കളിക്കരുത് ". ഞാന്‍ പറയുന്നത് നുണയാണെന്ന് തോന്നിയാല്‍ നിങ്ങള്‍ ചിത്രം എടുത്തു കണ്ടു നോക്ക്. പണ്ട്, ഉണ്ണിയാര്‍ച്ചയെ കിട്ടാതെ വന്നപ്പോള്‍  ചന്തുവിനെ കൊണ്ട് എം.ടി.തന്നെ തീയുടെ ഹസ്തരേഖ വായിപ്പിച്ചു. മമ്മൂട്ടിയുടെ ശബ്ദത്തില്‍. " നീയടക്കമുള്ള പെണ്‍ വര്‍ഗം മറ്റാരും  കാണാത്തത് കാണും, ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും, മോഹിച്ചു കൊണ്ട് വെറുക്കും".............. കേരള രാഷ്ട്രീയത്തില്‍ ഇമ്മാതിരി തീപ്പൊള്ളലേറ്റ രണ്ടു വ്യക്തികളാണ്, പി.ജെ.ജോസഫും, കുഞ്ഞാലി ക്കുട്ടിയും. ഒരു വൈരുദ്ധാത്മിക ഭൌതിക വാദം എന്നു പറയുന്നത് പോലാണ്‌ കുഞ്ഞാലി കുട്ടിയ്ക്ക് പൊള്ളിയത്‌.  തീ  കൊണ്ട് പൊള്ളുന്നതിനു പകരം ഐസ്ക്രീം കൊണ്ട് പൊള്ളി. പക്ഷെ ആ ഐസ്ക്രീം പിടിച്ചിരുന്ന കൈകള്‍ റജീന എന്ന തീയായിരുന്നു. മന്ത്രിക്കസേരയും പോയി, നാണക്കേടുമായി. പി.ജെ.ജോസഫിനെ സംബന്ധിച്ചിടത്തോളം , മോഹന്‍ ലാലും, ശ്രീനിവാസനും കൂടി 'കുട നന്നാക്കാനുണ്ടോ,...കുട' എന്നു വിളിച്ചു നടക്കുന്നത് പോലെ 'ആരേലും പൊള്ളിക്കാനുണ്ടോ 'എന്നന്വേഷിച്ചു നടക്കുകയാണ്. അല്ലെങ്കില്‍ പിന്നെ  മാനം മര്യാദയ്ക്ക്  ചെന്നയില്‍  നിന്ന് കൊച്ചിക്ക്‌ വന്ന ലക്ഷ്മി ഗോപകുമാര്‍ എന്ന തീയില്‍  ചെന്ന് തൊടുമോ....?(തൊട്ടു,എന്നു അപഖ്യാതി )അതും ആകാശ മാര്‍ഗെ, ഇയാളെന്താ , ലങ്കേശ്വരനോ .....?  ഒടുവില്‍ കൃഷി വകുപ്പും,മന്ത്രി പദവും ഒക്കെ പോയില്ലേ....?

നുള്ളി ക്കൊട്, ചൊല്ലി ക്കൊട് ,തള്ളിക്കള " എന്നൊരു പഴമൊഴി മലയാളത്തില്‍ ഉണ്ട്. പി.ജെ.ജോസെഫിനെ സംബന്ധിച്ച് ഇത് കിറുകൃത്യം. ഒരിക്കല്‍ തീയെ തൊട്ടു കൈ പൊള്ളിയ ആള്‍ പിന്നെയും പിന്നെയും തൊടാന്‍ ചെന്നാല്‍ എന്താ അവസ്ഥ.....? അനുഭവിക്കുക. ഈ മന്ത്രിസഭാ അധികാരത്തില്‍ വരുന്ന സമയം. ദേ, പിന്നേം പി.ജെ , തീയില്‍ തൊട്ടൂന്നു കേരളത്തിലെ 'നല്ലവരായവര്‍ ' വിളിച്ചു പറയുന്നു. നേരിട്ട് തൊട്ടാല്‍ പൊള്ളും എന്നറിയാവുന്നതു കൊണ്ട് ഇത്തവണ എസ്.എം.എസ് കൊണ്ട് തൊടാന്‍ ശ്രമിച്ചൂന്നാണ്  പലരും പറഞ്ഞത്. തൊടുപുഴയിലുള്ള സുരഭി ദാസ് ആണ് ഇത്തവണ തീ രൂപമെടുത്തത്. പി. ജെ .ജോസഫ്‌   അവരുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്ന് പറഞ്ഞു കോടതിയെ സമീപിച്ചു. അശ്ലീലം എന്നു പറയുന്നത് , തീയ്ക്കു - പുക പോലെയാണല്ലോ. അദ്ദേഹത്തെ വീണ്ടും വെള്ളത്തില്‍ മുക്കിച്ചു. കൈപൊള്ളി യാല്‍ അതല്ലേ ചെയ്യേണ്ടത്. പക്ഷെ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ആരൊക്കെയോ ചേര്‍ന്ന് അങ്ങേരുടെ ദേഹത്തേക്ക് തീക്കനലുകള്‍ വാരി ഇടുന്നൂന്നാണ് .

ഇതൊന്നു ഉപസംഹരിക്കണമല്ലോ. അപ്പോള്‍ പറഞ്ഞു വരുന്നത്  അന്ന് അദ്ധ്യാപകന്‍ പറഞ്ഞത് പോലെ  ' ഒരുത്തീ'  എന്നാല്‍ ഒരു തീ എന്നു തന്നെയാണ് വിവക്ഷ. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യം കേരളത്തില്‍ കുറിയേടത്ത് താത്രി  എന്ന" തീ " ഒട്ടനവധി പുരുഷ കേസരികളുടെ ദേഹത്തേക്ക് പടര്‍ന്നു. വിചാരണ സമയത്ത്  അറുപത്തിയഞ്ചു പേരുകള്‍ വരെ വിളിച്ചു പറഞ്ഞപ്പോള്‍ കേട്ട് നിന്ന നാവുകള്‍ " മതീ, .....മതീ .... എന്നു  കെഞ്ചി യത്രേ. എങ്ങനുണ്ട്  ഒരു തീ യുടെ ആളല്‍ . കൌമാര നാളുകളില്‍ എന്റെ മനസ്സില്‍ വന്നു വീണ ഒരു തീ ഇന്നും പുകഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെ ഒരു തേനും ,ഒരു തീയും സത്യമായി തീരുന്നു.

3 thoughts on “ഒരു തേനും ഒരു തീയും”

 1. ആക്ഷേപ ഹാസ്യം നന്നായി...തീ തേനിനെ പൊള്ളിക്കുമോ...അറിയില്ലാട്ടോ..പൊള്ളലേറ്റാൽ തേൻ പുരട്ടണമെന്നു കേട്ടിട്ടുണ്ട് :)
  >>>>>>>സ്ത്രീ വാദികള്‍ ഇതിഹാസത്തെ തൊട്ടു കളിക്കില്ല.ദൈവം, ദൈവാവതാരങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇന്നും അവര്‍ക്ക് ഭയമാണ്<<<<<< ഇതിനോടും നിക്ക് യോജിപ്പില്യാട്ടോ...എന്റെ ബ്ലോഗിൽ പലതും പല ഇതിഹാസങ്ങളേയും ചോദ്യം ചെയ്യുന്നതാണ് :)

  ലേഖനം ആനുകാലിക പ്രസക്തം...ശൈലിയും നന്നായി...എഴുതുക...ആശംസകൾ

 2. സ്വാനുഭവ 'തീ'പൊള്ളലില്‍ ,കുറിച്ചിട്ട വരികള്‍ അര്‍ത്ഥഗര്‍ഭമാണ്.'തേനും തീയൂം'എന്നതിനോട് എന്തോ, യോജിക്കാന്‍ കഴിയുന്നില്ല.ഒരിടത്ത് താങ്കള്‍ അത് തിരുത്തുന്നുമുണ്ട്.'മധു'-'വിധു'എന്നല്ലേ?-ആ പദങ്ങള്‍ തന്നെ പു-സ്ത്രീ സാധര്‍മ്യത്തിന്റെ അര്‍ത്ഥതലങ്ങളിലേക്ക് വെളിച്ചം വീശുമ്പോള്‍ പ്രത്യേകിച്ചും !
  ലേഖനത്തിനും ലേഖകനും അഭിനന്ദനങ്ങള്‍ !

 3. അഗ്നി പരിശുദ്ധമാണു.കേട്ടിട്ടില്ലേ അരണി കടഞ്ഞ് യാഗശാലയില്‍ തീയുണ്ടാക്കുന്നത്.
  അത് സൂക്ഷിച്ച് കൈകാര്യം ചെയ്യണം. അല്ലേല്‍ പൊള്ളും.
  ഇനി പൊള്ളിയാല്‍ അല്പം തേന്‍ പുരട്ടിയാല്‍ മതി. കുമളിക്കില്ല.
  രണ്ടും വെക്കേണ്ടിടത്ത് വെച്ചാല്‍ നന്നായി ഇരിക്കും.

  ആശംസകളോടെ...

Leave a Reply