Followers

വേദനിപ്പിക്കുന്ന ഒരു ഓര്മ

എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് എന്നെയും കൈക്ക് പിടിച്ചു എന്റെ അമ്മ ജീവിതത്തിന്റെ അവ്യക്തകള്‍ നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങി നടന്നത്. അടുക്കള പ്പുറത്തിനപ്പുറം ലോകം
കണ്ടിട്ടില്ലാത്ത  ഒരു സ്ത്രീ ആയിരുന്നു അവര്‍. എന്ത് പണി എടുത്തും എന്റെ കുഞ്ഞിനെ വളര്‍ത്തും എന്നദൃഡ  നിശ്ച്ചയത്തിന്റെ ബലത്തില്‍ രാ പകലില്ലാതെ കഷ്ടപ്പെട്ടു. എന്റെ അമ്മയുടെ ലോകത്തില്‍ ഞാന്‍  മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവിനാല്‍ തിരസ്ക്കരിക്കപ്പെട്ടു എന്നറിഞ്ഞ നാളുകളില്‍അമ്മ പറയുമായിരുന്നു, 'ഈ നരുന്തിനെ ഓര്‍ത്തു മാത്രമാണ് ജീവിക്കുന്നത് ,അല്ലെങ്കില്‍ എവിടേലും പോയി തുലഞ്ഞെനെ'. ഇപ്പോഴും എവിടെയും തഴയപ്പെട്ട വ്യക്തി ആയിരുന്നു എന്റെ അമ്മ.കൊച്ചു കൊച്ചു സമ്പാദ്യങ്ങള്‍ കൂട്ടി വച്ച് ഒരു വീട് കെട്ടിപ്പടുത്ത്,എന്നെ കോളജില്‍ അയച്ചു പഠിപ്പിച്ചു. മകന്‍ ഒരു ജോലി സമ്പാദിച്ചു ,ഇത്തിരി നാളെങ്കിലും സ്വസ്ഥമായി ഇരിക്കാന്‍ അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.അമ്മയുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.വൈകിയാണെങ്കിലും ആശാവഹമായ ഒരു തുരുത്തില്‍ എത്തുന്നതിനു മുമ്പ് അമ്മ ഈ ലോകത്ത് നിന്നും യാത്രയായി.         

ആറു മാസത്തോളം കിടപ്പിലായിരുന്നെന്കിലും അത് മരണ ശയ്യ ആയിരിക്കുമെന്ന് ആരും വിചാരിച്ചില്ല. ഒരു ദിവസം എന്നെ കിടയ്ക്കരികില്‍ വിളിച്ചിട്ട് പറഞ്ഞു.,'മോനെ ഞാന്‍ മരിച്ചു പോകും,എങ്കിലും നിനക്കൊരു നല്ല കാലം കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ .....അപ്പോള്‍ ഞാന്‍ ക്ഷോഭിച്ചു - കാലൊടിഞ്ഞു കിടക്കുന്നവര് മരിക്കുകെ ......നല്ലത് ചിന്തിക്കൂ ..
അത് മരണ ക്കിടക്ക യാണെന്ന് അമ്മയ്ക്ക് നിശ്ചയമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ബോധ മണ്ഡലത്തില്‍ നിന്നും അമ്മ മറഞ്ഞു കൊണ്ടിരുന്നു. പ്രജ്ഞ പറന്നു പോകാന്‍ വെമ്പുന്ന നേരത്തും അമ്മ എന്റെ ശബ്ദത്തെ തിരിച്ചരിഞ്ഞിരുന്നു.

ഒരു ദിവസം അബോധാവസ്തയിലേക്ക് മറയുന്ന അമ്മയെ എന്റെ ഭാര്യയും, അയല്‍ക്കാരും കൂടിഅമ്മയെ മടക്കി കൊണ്ടുവരാന്‍ ശ്രമിക്കയാണ്. ആളുകള്‍ മാറി മാറി അമ്മയെ വിളിച്ചു കൊണ്ടിരുന്നു. അതിനൊന്നും അവര്‍ പ്രതികരിച്ചില്ല. ഇപ്പോള്‍ തന്നെ മരിയ്ക്കും എന്ന് എല്ലാവരും തീര്‍ച്ചപ്പെടുത്തി. ചുറ്റും കൂടി നിന്നവരില്‍ ആരോ അപ്പോള്‍ പറഞ്ഞു.'മകനോടോന്നു വിളിക്കാന്‍ പറ'.ഞാന്‍ അമ്മയുടെ കാതുകളിലേക്ക് മെല്ലെ വിളിച്ചു. ആദ്യം മറുപടി ഉണ്ടായില്ല. പതുക്കെ , എന്റെ വിളികള്‍ക്ക് അമ്മ മൂളിത്തുടങ്ങി.  അപ്പോള്‍ അയല്‍ക്കാര്‍ പറഞ്ഞു ,'ഇത്തിരിയുള്ളപ്പോള്‍ മുതല്‍ കൊണ്ട് നടക്കുന്നതെല്ലേ. ആ മനസ്സില്‍ ഇപ്പോഴും മോന്‍ തന്നാ' .......! ഞാന്‍ അത് കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞു പോയി. അമ്മ മരിച്ചു. കാലം കടന്നു പോയി. ഇപ്പോഴും എന്റെ വിളിക്ക് അമ്മ
ഉത്തരം നല്കിക്കൊണ്ടിരിക്കുന്നു.

This entry was posted by Kattil Abdul Nissar. Bookmark the permalink.

2 thoughts on “വേദനിപ്പിക്കുന്ന ഒരു ഓര്മ”

  1. നമ്മളെ വിട്ടു പിരിഞ്ഞു പോയവര്‍ എന്നും നമ്മുടെ ഉള്ളില്‍ ഒരു നീറ്റലായി ഉണ്ടാകും, നമ്മെ സ്നേഹിക്കുന്നവര്‍, താങ്കളുടെ വരികളില്‍ പറഞ്ഞിരിക്കുന്നത് പോലെ എപ്പോഴും നമ്മുടെ വിളിക്കുള്ള ഉത്തരം നമ്മുടെ ഉള്ളില്‍ കിട്ടികൊണ്ടിരിക്കും, പൊക്കിള്‍കൊടി ബന്ധം എന്ന് പറയുന്നതതല്ലേ? നന്നായിട്ടുണ്ട്, ഇനിയും ഇതുപോലെ ജീവനുള്ള രചനകള്‍ താങ്കളില്‍ നിന്നും ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

    സ്നേഹപൂര്‍വ്വം,

    ഷൈജു, പി. എസ്.

Leave a Reply