Followers

ദുബായ് കത്തിന്റെ ഇശല്‍

അബുദാബിലുള്ളോരെഴുത്ത് പെട്ടി ........................
അന്നു തുറന്നപ്പോള്‍ കത്ത് കിട്ടി  ...........................

ഗാനം കേരളത്തിലെ മുസ്ലിം സമുദായം ഒരുപാട് നെഞ്ചേറ്റി ലാളിച്ചിട്ടുണ്ട്. പണം വാരാന്‍ (?) ഗള്‍ഫില്‍ പോയ പ്രിയപ്പെട്ടവനെ ഓര്‍ത്തു കിടപ്പറയില്‍ നെടുവീര്‍പ്പിട്ടിരുന്ന ഓരോ വീട്ടമ്മ മാരുടെയും ഖല്‍ബില്‍ ഈ പാട്ടുണ്ടായിരുന്നു.

'ദുബായ് കത്തിന്റെ' ഇശല്‍ കേട്ട് ഹൃദയം പൊട്ടിയവര്‍ ധാരാളം. കെട്ടിപ്പടുത്ത സിംഹാസനങ്ങള്‍ ഉപേക്ഷിച്ചു ലോല ഹൃദയര്‍  രായ്ക്കു രാമാനം നാട്ടിലേക്ക് കപ്പല്‍ കയറി. അതിനു കഴിയാത്തവര്‍ മരുഭൂമിയില്‍ ഇരുന്നു പൊട്ടി ക്കരഞ്ഞു. മധുവിധുവിന്റെ ഗന്ധം വിട്ടുമാറാത്ത യുവ മിഥുനങ്ങള്‍ അറബി ക്കടലിന്റെ അക്കരെയിക്കരെ ഇരുന്നു കത്തുകള്‍ കുറിച്ചു.


ജീവിതത്തിലെ   എല്ലാ ബന്ധങ്ങളും   വലിച്ചെറിഞ്ഞു   പ്രവാസികള്‍  ആകാന്‍ വിധിക്കപ്പെട്ടവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും  ആകെ  ആശ്വാസം  നല്‍കിയത് വല്ലപ്പോഴും  കയ്യില്‍ കിട്ടുന്ന  കത്തുകള്‍ ആയിരുന്നു. ഗള്‍ഫില്‍ നിന്നും എത്തുന്ന അത്തറിന്റെ ഗന്ധമുള്ള ഇത്തരം കത്തുകളില്‍ പലതിലും കണ്ണുനീര്‍ വീണു അക്ഷരങ്ങള്‍ പടര്‍ന്നിട്ടുണ്ടാവണം.  അവരുടെ  നഷ്ട  സ്വപ്നങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് അലങ്കരിച്ചു. ഉറ്റവരുടെ വേര്‍പാട് പോലും അറിയാന്‍  ആഴ്ചകള്‍   എടുത്തിരുന്നു.   ടെലഫോണ്‍ സൗകര്യം തീരെ ദുര്‍ലഭം ആയിരുന്ന കാലം. ഗള്‍ഫില്‍
നിന്നുള്ള 'വിളിയും'  കാത്തു  അയല്‍വക്കങ്ങളില്‍ മണിക്കൂറുകള്‍  കാത്തു നിന്ന  ഒരു  സമീപ കാലം. ഈ ചിത്രങ്ങള്‍ വര്‍ത്തമാന സമൂഹത്തില്‍ നിന്ന് മാഞ്ഞിട്ടു ഒരു പതിട്ടാണ്ടേ ആയിട്ടുള്ളൂ.

1990 കാലത്തെ ചില പ്രവാസികള്‍ പറയുന്നത് ഇങ്ങനെ -
വിശ്രമം ഇല്ലാത്ത ഒരു തൊഴില്‍ മേഖലയാണ് ഗള്‍ഫ്.  ആഴ്ചയില്‍ ഒരു ദിവസം ലഭിക്കുന്ന അവധി. അത് നഷ്ട പ്പെട്ട  ഉറക്കത്തിനു കടം വീട്ടാന്‍   തന്നെ തികയില്ല.  താമസ സ്ഥലങ്ങളില്‍ ഫോണ്‍  സൌകര്യങ്ങള്‍  ഒന്നും  ഉണ്ടാവില്ല.
ടൌണില്‍  ഫോണ്‍  ബൂത്തുകള്‍ വിരളം. അവധി  ദിവസങ്ങളില്‍   അതിനു   മുമ്പിലെ  അനന്തമായ  ക്യൂവില്‍ മാറ്റിയെടുത്ത ചില്ലറത്തുട്ടുകള്മായ മണിക്കൂറുകളുടെ കാത്തു നില്‍പ്പ്.ഒടുവില്‍ നമ്മുടെ ഊഴം ആവുമ്പോഴേക്കും  നാട്ടില്‍ ഫോണ്‍ കാത്തുനിന്നു മുഷിഞ്ഞു വീട്ടുകാര്‍  മടങ്ങിയിട്ടുണ്ടാവും. വീണ്ടും നീണ്ട കാത്തിരിപ്പ്, പ്രിയപ്പെട്ടവരുടെ ശബ്ദം ഒന്ന് കേള്‍ക്കാന്‍. മുമ്പ്, നാട്ടിലേക്ക് വിളിക്കണമെങ്കില്‍ ഒരു ദിവസത്തെ പ്രയത്നം വേണ്ടിയിരുന്നു.കാലത്തിന്റെ മാറ്റം പെട്ടെന്നായിരുന്നു.ഐ ടി മേഖലയില്‍ ഉണ്ടായ വളര്‍ച്ച ലോകത്തിന്റെ മുഖച്ഛായ തന്നെ തിരുത്തി. നൂതന സംവിധാനങ്ങള്‍ മനുഷ്യരുടെ ജീവിത നിലവാരം ഉയര്‍ത്തി. ഇത് പ്രവാസികളുടെ ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തി. മൊബൈല്‍ ഫോണ്‍ പ്രചരിച്ചതോടെ ആശയ വിനിമയം   കൂടുതല്‍ സുഗമമായി. ഗള്‍ഫു തെരുവുകളുടെ പഴയ ചിത്രം ഇന്ന് ഒരു  വിസ്മയ ക്കാഴ്ചയാണ്.


വിസ്തൃതമായ  മൊബൈല്‍  മാര്‍ക്കറ്റുകള്‍,  തെരുവുകളില്‍ കൂറ്റന്‍ പരസ്യങ്ങള്‍,   ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 
വന്‍ പ്രലോഭനങ്ങള്‍  അങ്ങനെ  ഗള്‍ഫു  രാജ്യങ്ങളില്‍  ഐ ടി ബിസിനസ്  ഇന്ന്  പൊടിപൊടിക്കുന്നു. അറേബ്യന്‍ തെരുവുകളില്‍ ഏറ്റവും കൂടുതല്‍ അടിഞ്ഞു കൂടുന്ന ചവറുകള്‍, ഉപയോഗിച്ച് ഉപേക്ഷിച്ച റീ -ചാര്‍ജു കൂപ്പണുകള്‍ ആണ്. എല്ലാവരിലും എല്ലാ നേരത്തും മൊബൈലുകള്‍ ഉണര്‍ന്നിരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള 20 ലക്ഷം ജനങ്ങള്‍ ഇന്ന് സൗദി അറേബ്യയില്‍ ഉണ്ട്, അതില്‍ 8 ലക്ഷം മലയാളികള്‍.

മനുഷ്യര്‍ ഏറ്റവും കുറച്ചു സംസാരിക്കുന്ന  മാസം ഏതെന്ന  കുസൃതി ചോദ്യത്തിനു ഫെബ്രുവരി എന്ന്      ഉത്തരം. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഏറ്റവും കൂടുതല്‍  ഉപയോഗിക്കുന്ന പ്രവാസികള്‍ ആരെന്നു ചോദിച്ചാല്‍ മടിക്കാതെ ഉത്തരം പറയാം മലയാളികള്‍ എന്ന്. സൗദി അറേബ്യയില്‍ നല്ലൊരു ശതമാനം ഇന്റര്‍ നെറ്റ് കഫേകളും മലയാളി കളുടെതാണ്.'നീ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണം' എന്നത് പഴയ മൊഴി, "നീ ഉണ്ടില്ലെങ്കിലും അവളെ
വിളിച്ചിരിക്കണം" എന്നത് പുതുമൊഴി. കാരണം മുമ്പ് പറഞ്ഞത് തന്നെ . ഏറ്റവും കൂടുതല്‍ "വിളിക്കുന്നത്‌" മലയാളികള്‍ തന്നെ.മുമ്പ് കേരളത്തില്‍ ഒന്ന് വിളിക്കണമെങ്കില്‍ മിനിട്ടിനു ഏഴു റിയാല്‍ വേണ്ടിയിരുന്നു. ഇന്നത്‌ ഒരു റിയാല്‍ (സൗദി നാണയം) പോലും വേണ്ടി വരുന്നില്ല. കേരളീയരുടെ ഫോണോ മാനിയ മനസ്സിലാക്കിയ വന്‍ കമ്പനികള്‍ ഓഫറുകള്‍ നല്‍കുമ്പോള്‍ മലയാളിക്ക് പ്രഥമ സ്ഥാനം കൊടുക്കുന്നു. അങ്ങനെ കീശ കാലിയാകുന്നത് അറിയാതെ മലയാളി വിളിച്ചുകൊണ്ടിരിക്കുന്നു .അനൌദ്യോഗിക കണക്കു പ്രകാരം ഒരു മലയാളി ശരാശരി 5 റിയാലിന് (യാഥാര്‍ത്ഥ്യം ഇതിലും വളരെ മുകളില്‍ ആണ്) ഒരു ദിവസം ഫോണ്‍ ചെയ്യുമ്പോള്‍ 8 ലക്ഷം മലയാളികളില്‍ നിന്ന് 40 ലക്ഷം റിയാലാണ് മാറിക്കിട്ടുന്നത്. ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് 4 ,8000000 രൂപയ്ക്ക് കുശലാന്വേ ഷണം നടത്തുന്നു. അന്നേരവും ഫോണില്‍ പറഞ്ഞു വയ്ക്കുന്നത് "പിന്നെ വിളിക്കാം എന്നാണു".

This entry was posted by Kattil Abdul Nissar. Bookmark the permalink.

3 thoughts on “ദുബായ് കത്തിന്റെ ഇശല്‍”

  1. നിസ്സാര്‍ സര്‍...
    എല്ലാം കോടികളുടെ കണക്കുകള്‍. എന്നാലും പണ്ടത്തെ പോലെ ആരും ഒറ്റപ്പെടലിന്റെ വേദന അറിയുന്നില്ലല്ലോ. അതൊരു സന്തോഷമല്ലേ.
    കടലുകള്‍ക്കപ്പുറം കാത്തിരിക്കുന്ന പ്രിയപ്പെട്ടവരേ സ്വപ്നത്തില്‍ മാത്രം കണ്ട്, അവര്‍ക്ക് സുഖമാണ് എന്ന് അറിയാന്‍ പോലും കഴിയാതെ... അത് വേണ്ട.
    പത്ര പ്രവര്‍ത്തനത്തിന്റെ ശേഷിപ്പുകള്‍ വാക്കില്‍, ചിന്തയിലും.

Leave a Reply