Followers

ബോന്സായ്‌ മരങ്ങള്‍








"അച്ഛനേം, അമ്മേം ആര് കൊണ്ടുപോയാലും വേണ്ടീല, എന്നെ ക്കൊണ്ട് പറ്റില്ല.
മാളവിക മുഖത്തടിച്ച പോലെ പറഞ്ഞു.
"നീയല്ലേ,  ഇളയ കുട്ടി, ഒരുപാട് സ്നേഹം വാരിക്കോരി തന്നതും നിനക്ക്, അപ്പൊ പിന്നെ പറ്റില്ലാന്നു പറഞ്ഞാ എങ്ങനാ".......? വല്യേട്ടത്തി ചോദിച്ചു.
"ഏട്ടത്തിക്ക് എന്റെകാര്യമൊന്നുംഅറിയാന്‍മേല, രണ്ടുകുട്ട്യോളേംകൊണ്ട് ദാമ്വേട്ടന്   കിട്ടുന്ന   ചെറിയ  വരുമാനത്തില് ബോംബെ      പോലുള്ളൊരു    സ്ഥലത്ത് അരിഷ്ടിച്ച് ജീവിക്കുന്നത് ഞങ്ങള്‍ക്കെ അറിയൂ....  അതിന്റെ       കൂടെ അച്ഛനുമമ്മേം കൂടെ വന്നാല്‍ നല്ല ശേലായി". അവര്‍    അതും   പറഞ്ഞു      ജനലഴികളിലൂടെ    പുറം കാഴ്ചകളിലേക്ക് തിരിഞ്ഞു.

"ശാരദ ,എന്ത് പറയുന്നു,"      വല്യേട്ടന്‍ ചോദിച്ചു.


"മൂത്തവള്‍ സൌമ്യ ഇത്തവണ മെഡിസിന് ലാസ്റ്റാ. രാജേഷിന്റെ കാര്യം നിങ്ങള്‍ക്കും കൊറേ അറിയാവുന്നതല്ലേ. ഒരക്ഷരം പഠിക്കില്ല. അവനു പപ്പേടെ കൂടെ ബിസിനസ്സില്‍ നില്‍ക്കാനാ ഇഷ്ടം. ഇതിന്റെകൂടെ ഞാന്‍ പിള്ളേരെ നോക്കാന്‍ പോവ്വോ , അച്ഛനേം അമ്മേം ശുശ്രൂഷിക്കാന്‍ പോവ്വോ....?
വല്യേട്ടന്‍ തന്നെ പറ.......ബാംഗ്ലൂരിലെ കാലാവസ്ഥയൊട്ടു ഇവിടെ ഉള്ളോര്‍ക്ക് പിടിക്ക്യേം ഇല്ല.................അതുകൊണ്ട്..... ശാരദ മുഴുമിപ്പിക്കാതെ തല ചൊറിഞ്ഞു....അല്ല അവര്‍ക്ക് തറവാട്ടീ തന്നെ കഴിഞ്ഞാ എന്താ കുഴപ്പം. അകത്തും പുറത്തും ജോലിക്കാരെ നിര്‍ത്തീട്ടുണ്ട്‌.
"ഇവറ്റയ്ക്കൊക്കെ മാസാമാസം എത്രയാ എണ്ണിക്കൊടുക്കുന്നതെന്ന് വല്ല നിശ്ചയോമുണ്ടോ കാര്‍ന്നോമ്മാര്‍ക്ക്‌". കഷ്ടപ്പെടുന്നോര്‍ക്കെ അതിന്റെ  ദെണ്ണം അറിയൂ....  മാസത്തില്‍ പണമയക്കാന്‍ എന്റെ കെട്ട്യോനു യാതൊരു മടീമില്ല".
"ഏട്ടത്തി അങ്ങനെ പറഞ്ഞു പഠിക്കല്ലേ,.. പുറം കാഴ്ചയില്‍ നിന്ന് കണ്ണെ ടുത്തു കൊണ്ട്  മാളവിക പറഞ്ഞു.
"ഇത്തിരി യെങ്കിലും ഉള്ളത് എല്ലാ മാസോം ഞാനും എത്തിക്കുന്നുണ്ട്."

അപ്പോള്‍       ഏട്ടന്‍    പറഞ്ഞു,  നിങ്ങള്‍         ഒരിടത്തും        എത്താതെ വര്‍ത്തമാനം   പറയാനല്ല      നമ്മളിവിടെകൂടിയിരിക്കുന്നത്. തൊട്ടു കിടക്കുന്നത് നമ്മുടെ തറവാടാ. അവിടെയിരുന്നു പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടെന്നു കൂട്ടിക്കോ.....അപ്പൊ ഒരു തീരുമാനത്തില്‍ എത്തിയിട്ട് വേണം ഇവിടുന്നു പോവാന്‍.

നര      വീണു തുടങ്ങിയ    മുടിയിഴകളില്‍         വിരലോടിച്ചു           കൊണ്ട് വല്യേട്ടന്‍ പറഞ്ഞു, ടൌണില്‍ വീടിനോട് ചേര്‍ന്ന് കുറച്ചു മണ്ണ് വില്‍ക്കാന്‍ ഇട്ടിരിപ്പുണ്ട്. എന്റെ കയ്യില്‍ പണം ജാസ്ത്യ. ആലോചിച്ചപ്പോള്‍ തറവാട് കൊടുത്താല്‍ എല്ലാം നടക്കും. അല്ല,.... നിങ്ങള്‍ക്കും ഗുണമുണ്ടെന്നു കൂട്ടിക്കോ.

അയാള്‍  മുറിക്കുള്ളില്‍  കുറെനേരം നടന്നിട്ട്  ആരോടെന്നില്ലാതെ പറഞ്ഞു. 'ഇടിഞ്ഞുവീഴാറായ തറവാട്കാത്തിട്ടുവല്യ കാര്യോമില്ല'.
"നാട്ടില്‍ ധാരാളം വൃദ്ധ സദനങ്ങള്‍ ഉണ്ടല്ലോ ........... ആ വഴിക്കൊന്നു ചിന്തിച്ചാലെന്താ."........?
മാളവിക ചോദിച്ചു.
ചെറിയ ഇടവേള കൊടുത്തിട്ടു വല്യേട്ടന്‍ പറഞ്ഞു;  " അതും ശരിയാണ്".
എല്ലാവരും പുറത്തേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ ശാരദയുടെ മകന്‍ രാജേഷ്‌ പറഞ്ഞു ---
"ബോണസായി  ട്രീസ്‌  എന്ന്  കേട്ടിട്ടുണ്ടോ, എത്ര വലിയ വൃക്ഷമായാലും  ചെറുതാക്കി ഷോ കേയ്സുകളില്‍ സൂക്ഷി ക്കുന്ന ഒരു വിദ്യയുണ്ട് ". എന്ത് കൊണ്ട് ആരുമത് മനുഷ്യരില്‍ പരീക്ഷിക്കുന്നില്ല" ...........?
അപ്പോള്‍ തറവാട്ടിലെ കൂറ്റന്‍ വൃക്ഷങ്ങളെ തഴുകി വന്ന ഒരു ചെറു കാറ്റ് അവരെ പൊതിഞ്ഞു.--------------

This entry was posted by Kattil Abdul Nissar. Bookmark the permalink.

2 thoughts on “ബോന്സായ്‌ മരങ്ങള്‍”

  1. ഹായ് നിസാര്‍ ഭായ്, നന്നായിട്ട്ണ്ട് ഇപ്പൊള്‍ വൃദ്ധ സദനങളുഡെ എണ്ണം കൂടിയിട്ടുണ്ടു

  2. നല്ലൊരു ചിത്രം മനസ്സില്‍ വന്നിരുന്നു. അവതരണത്തിന്‍‍റെ മികവ്!
    അവസാനിപ്പിക്കാന്‍ അല്പം തിടുക്കം കൂടിയോ എന്നൊരു സംശയം.

    വീണ്ടും കാണാം ഭായ്
    ആശംസകള്‍

Leave a Reply