Followers

പരമേശ്വരന്‍ തുണൈ ...........
സയന്‍സും ശാസ്ട്രവുമൊക്കെ എത്രത്തോളം പുരോഗതി പ്രാപിക്കുന്നുവോ, അതിനനുസരിച്ച് മനുഷ്യ രുടെ ജീവിത നിലവാരം ഉയരും. പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ വല്ല്യാപ്പ  ഞങ്ങളുടെ നാട്ടില്‍ നിന്ന് പതിനെട്ടു മുഴം കഴുക്കോലൂന്നി കൊച്ചിക്ക്‌  അരി കൊണ്ട് കൊടുക്കുമായിരുന്നു. അത് നിസ്സാര കാര്യമല്ല .  ഇരുകര മുറ്റി കിടക്കുന്ന പമ്പയാറും, അതിര് കാണാത്ത വേമ്പനാട്ടു കായലും കുത്തി വേണം കൊച്ചിയിലെത്താന്‍. ജലനിരപ്പും, വള്ളത്തിന്റെ വക്കും തമ്മില്‍ നേരിയ വ്യത്യാസമേ ഉണ്ടാകൂ.തികച്ചും സാഹസിക യാത്ര,.ഇന്ന് ടൂറിസത്തിന്റെ ഭാഗമായി കാണുന്ന 'ഹൗസ്‌ ബോട്ട് ' കളുടെ  മൂടി എടുത്താല്‍ പണ്ടത്തെ ചരക്കു വള്ളമായി അന്നൊന്നും വിദേശികളെ കളിപ്പിക്കാനുള്ള വിദ്യ ആരുടേയും മനസ്സില്‍ തോന്നീട്ടുണ്ടാവില്ല.അതുകൊണ്ട്  ചരക്കു വള്ളം എന്ന സങ്കല്‍പ്പത്തിലപ്പുറം മറ്റു ആലങ്കാരികതയൊന്നും  അതിനു ലഭിച്ചിരുന്നില്ല. ദിവസങ്ങള്‍ എടുക്കുന്ന യാത്രയാണ്. ഊണും കിടപ്പുമെല്ലാം വള്ളത്തില്‍ തന്നെ.  വള്ളച്ചോറിനു വല്ലാത്ത രുചിയാണെന്നു  ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അന്നൊക്കെ  വള്ളച്ചോറുണ്ണാന്‍ വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ വല്ലാതെ കൊതിച്ചിട്ടുണ്ട്. വാഹനങ്ങളും മറ്റു സാങ്കേതികവിദ്യകളും നിലവില്‍ വന്നതോടെ വള്ളങ്ങളുടെ പ്രാധാന്യം കുറഞ്ഞു. 

എന്റെ നാട്ടില്‍ ഇന്ന് കാണുന്ന എല്ലാ സൌകര്യങ്ങളോടും കൂടിയ ആശുപത്രി  തുടക്കത്തില്‍ ഒരു നഴ്സിംഗ് ഹോം ആയിരുന്നെന്നു  പ്രായമുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം എത്തുന്ന നഴ്സ്. അവരെയും പ്രതീക്ഷിച്ചു  നിരവധിഅമ്മമാര്‍ ആ ഒറ്റ മുറിയുടെമുറ്റത്തുകുഞ്ഞുങ്ങളെയും മാറത്തു ചേര്‍ത്ത് നില്‍ക്കുന്നത് ഞാന്‍ മനക്കണ്ണില്‍ സങ്കല്‍പ്പിക്കാറുണ്ട്. വലിയ രോഗികളെ അകലെയുള്ള താലൂക്ക് ആശുപത്രീലേക്ക് പറഞ്ഞയക്കും. പിന്നീട് അവിടെ ഡോക്ടര്‍ മാര്‍ വന്നു,വലിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു, രോഗങ്ങളെ തരം തിരിച്ചുള്ള ചികിത്സാ സൌകര്യങ്ങള്‍ ലഭിച്ചു തുടങ്ങി. ഇന്നിപ്പോള്‍ ഒരു  രോഗവുമായി ആശുപത്രിയില്‍ ചെന്നാല്‍ ആദ്യം ചോദിക്കുന്നത് സ്പെഷ്യലിസ്റ്റുകള്‍ ഉണ്ടോ എന്നാണ്. കണ്ണിനും, കാതിനും, ത്വക്കിനുമൊക്കെ നമുക്ക് സ്പെഷ്യലിസ്റ്റ് കളെ വേണം. നല്ലത് തന്നെ. വൈദ്യ ശാസ്ത്രത്തിന്റെ വികാസവും, കമ്പോളത്തില്‍ അതിനു തകരാത്ത മാര്‍ക്കറ്റും ഉള്ളത് കൊണ്ട്  നാട് നീളെ ആശുപത്രികള്‍ ഉയര്‍ന്നു. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഒരു ഇ.എന്‍.ടി യുടെ മരുന്ന് കഴിച്ചിട്ട് മാറാത്ത തലവേദന മുത്തശ്ശി മാരുടെ ഒറ്റ മൂലിയില്‍ സുഖ പ്പെട്ടിട്ടുണ്ട്. എന്റെ ചെറുപ്പത്തില്‍ ചെവി വേദന എന്നെ വല്ലാതെ അലട്ടിയിരുന്നു.എത്രയെത്ര രാത്രികളില്‍ എന്റെ നിലവിളിക്ക്‌ മുമ്പില്‍ ഉമ്മ നിസ്സഹായയായി ഇരുന്നിട്ടുണ്ട്. ഒന്ന് നേരം വെളുത്തു കിട്ടാന്‍ ഉമ്മ അറിയാവുന്നതും , കേട്ട് കേഴ്വി ഉള്ളതുമായ ഷെയ്ഖന്‍മാര്‍ക്കെല്ലാം നേര്‍ച്ചകള്‍ നേരുമായിരുന്നു. എന്റെ മക്കളോടൊന്നും അത്രയും സ്നേഹം കാണിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ നീണ്ട ഒരാഴ്ച ചെവി വേദന സഹിച്ചു ആശുപത്രിയില്‍ കിടന്നു. ഫലിക്കാത്ത മരുന്നുകളെ ശപിച്ചു കൊണ്ട് ഉമ്മ എന്റെ അരികില്‍ ഇരിക്കും.  

ആയിടെ ഞങ്ങളുടെ വീടിനടുത്ത് ഒഴിഞ്ഞു കിടന്ന ഒരു പീടികയുടെ പിന്നാമ്പുറത്ത് ഒരു നാടോടി വൃദ്ധന്‍  പാര്‍പ്പു തുടങ്ങി. പകല്‍ ഭിക്ഷയെടുത്തു നടക്കും. രാത്രിയില്‍ പീടികയുടെ പിന്നില്‍ അടുപ്പ് കൂട്ടി കഞ്ഞിയുണ്ടാക്കി കുടിച്ചു അവിടെ കിടന്നുറങ്ങും. രാത്രി അരി വേവുന്ന അടുപ്പിനു ചിവട്ടിലിരുന്നു ഉറക്കെ പാടുന്നത് ഞാന്‍ ജനാലയിലൂടെ കേട്ട്  നിന്നിട്ടുണ്ട്. എന്നെ ചെവി വേദന ആക്രമിച്ച ഒരു രാത്രിയില്‍ , എന്റെ നിലവിളി കേട്ട് വൃദ്ധന്‍ ,പിറ്റേന്ന് ഉമ്മയോട് അന്വേഷിച്ചു. അന്ന് വൈകിട്ട്  ഭിക്ഷാടനം കഴിഞ്ഞു വന്നപ്പോള്‍ പഴകി ദ്രവിച്ച ഒരു തുണ്ട് കടലാസില്‍ വികൃതമായ കൈപ്പടയില്‍ എന്തൊക്കെയോ കുറിച്ച്  അയാള്‍ ഉമ്മയെ ഏല്‍പ്പിച്ചു. തലയില്‍ പുരട്ടാനും, കാതില്‍ ഒഴിക്കാനുമുള്ള എണ്ണയുടെ കുറിപ്പടിയാണ്.  വേലിയില്‍ ചുറ്റി പ്പടരുന്ന ചില ചെടികള്‍, ആട്ടിന്‍ കാഷ്ഠം,  അങ്ങനെ കുറെ വസ്തുക്കള്‍ . പിറ്റേന്ന് തന്നെ ഉമ്മ എല്ലാം തയ്യാറാക്കി. അത്ഭുതമെന്നു  പറയട്ടെ, ആ വൃദ്ധന്‍ നിര്‍ദേശിച്ച എണ്ണ ഉപയോഗിച്ചതോടെ എന്റെ ചെവി വേദന എന്നന്നേക്കുമായി ഒഴിഞ്ഞു. കുറച്ചു കാലം കുറിപ്പടി ഒരു അമൂല്യ നിധി പോലെ സൂക്ഷിച്ചു. പിന്നീട് അത് എവിടെയോ നഷ്ടപ്പെട്ടു. ഒരു സുപ്രഭാതത്തില്‍ ആ നാടോടി വൃദ്ധന്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി
 എന്റെ മകള്‍ക്ക് ഒരു വയസ്സു തികയുന്നതിനു  മുമ്പാണ്.  ഒരു മോതിരം മോളുടെ വിരലില്‍ കുടുങ്ങി. എന്ന് വച്ചാല്‍  രക്ത ഓട്ടം സാധ്യമാകാത്ത വിധം മോതിരം വിരലില്‍ അമര്‍ന്നു പോയി. ആരും ശ്രദ്ധിച്ചില്ല. കുട്ടി നിര്‍ത്താതെ കരയാന്‍  തുടങ്ങിയപ്പോഴാണ്  കാര്യം പിടി കിട്ടിയത്. മോതിര വിരല്‍ ഒരു പഴുത്ത  മുളക് പോലെ തുടുത്തു പോയി. ഉമ്മയും ,ഭാര്യയും പരിഭ്രാന്തരായി ബോധം കെടാനും, നില വിളിക്കാനും ഒക്കെ തുടങ്ങി. കുട്ടിയെ ഉടനെ  ആശുപത്രിയിലെത്തിച്ചു. എല്ലാവിധ സൌകര്യങ്ങളും ഉള്ള ആശുപത്രിയാണ്. വിവിധ വകുപ്പ് തലവന്മാര്‍  കുട്ടിയെ മാറി മാറി പരിശോധിച്ചു. 

  'ഒരു മൈനര്‍ ഓപ്പറേഷന്‍ വേണ്ടി വരും' ...........

ഒരു ഡോക്ടര്‍ പറഞ്ഞു. - അത് കൂടി കേട്ടപ്പോള്‍ ആശുപത്രിയാണെന്ന് ചിന്തിക്കാതെ ഭാര്യ വലിയ ശബ്ദത്തില്‍ കരയാന്‍ തുടങ്ങി. ഡോക്ടര്‍മാര്‍  ഓപ്പറേഷനെ ക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ആദ്യം വിരലിന്റെ എക്സ്റേ എടുക്കണം. ബോണ്‍ -നു എന്തെങ്കിലും ചതവുണ്ടോ എന്ന് നോക്കണം .  ആരൊക്കെയോ എക്സ്റേ റൂം സജ്ജമാക്കാന്‍ ഓടി. രക്ത ഗ്രൂപ്പ് നോക്കണം. ചിലപ്പോള്‍ രക്തം വേണ്ടി വന്നെങ്കിലോ ....? ഓപ്പ റേഷന് മുമ്പ്  അനസ്തേഷ്യ കൊടുക്കണം. ഒരു പ്രശ്നം അവിടെ ഉദിക്കുന്നു............! അനസ്തേഷ്യ കൊടുക്കേണ്ട യാള്‍ അവധിയിലാണ്. എന്ത് ചെയ്യും ...........?

'സാരമില്ല , നമുക്കയാളെ വിളിച്ചു കൊണ്ട് വരാം  -  

മാനേജര്‍ എന്നെ മാറ്റി നിര്‍ത്തി സ്വകാര്യമായി പറഞ്ഞു , 'ഒരു കാറു വിളിക്കൂ, അനസ്തേഷ്യ ക്കാരനെ ,വിളിക്കാതെ ഒന്നും നടക്കില്ല. ഞാന്‍ ആകെ ധര്‍മ്മ സങ്കടത്തിലായി. ഒരു വശത്ത് മോളുടെ ദയനീയ മുഖം. നീണ്ട കരച്ചിലിനൊടുവില്‍ അവള്‍ മയക്കത്തിലേക്ക് വീണു പോയേക്കുമോ എന്ന് ഞാന്‍ ഭയന്നു. ഞാനൊരു തീരുമാനം  എടുക്കുന്നതിനു  മുമ്പ് ഇതെല്ലാം കേട്ടു കൊണ്ടിരുന്ന ഉമ്മ ചാടിയെഴുന്നേറ്റു. നഴ്സിന്റെ കയ്യില്‍ നിന്ന്  മകളെയും   തട്ടിയെടുത്തു പുറത്തേക്ക് നടന്നു. ആശുപത്രിക്കാര്‍ അന്ധാളിച്ചു നില്‍ക്കെ  ഞാനും ഉമ്മയെ അനുഗമിച്ചു. 

ഉമ്മയോടൊപ്പം നടന്നെത്താന്‍ ഞാനും,ഭാര്യയും നന്നേ പാടുപെട്ടു. പൊതു നിരത്തില്‍ നിന്ന്  ഇടതു വശത്തെ നൂല്പ്പാലവും കടന്നു അടുത്തുള്ള ഒരു കോളനിയിലെ തട്ടാന്‍ പരമേശ്വരന്റെ വീട്ടിലേക്കാണ്  ഉമ്മ ഓടിയത്. ഞങ്ങളുടെ നാട്ടിലെ ആകെയൊരു തട്ടാനാണ് പരമേശ്വരന്‍. ഒട്ടിയ കവിളും  ദിശ തെറ്റിയ ദൃഷ്ടിയുമുള്ള പരമേശ്വരന്‍ ഞങ്ങള്‍ക്കെല്ലാം സുപരിചിതനാണ്. മാത്രമല്ല അയാളുടെ ഒരു മകള്‍ , ഒരു ഇരു നിറക്കാരി ആട് മേയ്ക്കാന്‍ തോട്ടത്തില്‍ വരുമ്പോള്‍ എന്നെ നോക്കി കൊതിപ്പിച്ചിട്ടുള്ളതാണ്. ഒരു ദിവസം അവള്‍ എന്റെ മുഖത്ത് നോക്കി, "ഇങ്ങനെ നോക്കാതെ എന്നെയങ്ങ് തിന്നൂടെ"  എന്ന് ചോദിച്ച ദിവസം ഞാന്‍ സ്വയം ദഹിച്ചു പോയതുമാണ്. അന്നെല്ലാം ഈ വഴി ഒന്ന് നടക്കാന്‍ ആഗ്രഹിച്ചിട്ടുമുണ്ട്. പക്ഷെ ഇന്ന് അതല്ലല്ലോ അവസ്ഥ. മോള്‍ കരച്ചിലിനിടയ്ക്കു എന്നെ ദയനീയമായി നോക്കുന്നു. ചെന്ന പാടെ ഉമ്മ പരമേശ്വരനോട് കഥകള്‍ എല്ലാം പറഞ്ഞു. അയാള്‍ പാട്ട വിളക്കിന്റെ വെളിച്ചത്തില്‍ മോളുടെ വിരല്‍ പരിശോധിച്ച ശേഷം പെട്ടി തുറന്നു ഒരു ചവണ എടുത്തു, മെല്ലെ മോതിരം മുറിച്ചു മാറ്റി. മോള്‍ കരച്ചില്‍ നിര്‍ത്തി , ശാന്തമായി , മയക്കത്തിലേക്ക് വീണു. ഉമ്മ കൊടുത്ത എന്തോ ഉപഹാരം അയാള്‍ സ്നേഹപൂര്‍വ്വം നിരസിക്കുകയും ചെയ്തു.

മടക്കത്തില്‍,  ആശുപത്രിയുടെ മുമ്പില്‍ എത്തിയപ്പോള്‍ ഭാര്യ പറഞ്ഞു, 'അനസ്തേഷ്യ ക്കാരന്‍ അവധിയെടുത്തത്  എന്തായാലും നന്നായി'. ആ പറഞ്ഞതില്‍ ഇത്തിരിയല്ല, മുഴുവനായും പരിഹാസം ഉണ്ടായിരുന്നു.


12 thoughts on “പരമേശ്വരന്‍ തുണൈ ...........”

 1. ഒട്ടും അതിശയോക്തി തോന്നുന്നില്ല. ഈ രീതിയിലുള്ള ചികിത്സയാണ് പലരുടേയും. അതാണല്ലോ വല്ലത്തെ കണ്ണിനു പകരം ഇടത്തെ കണ്ണ് ഓപ്പറേറ്റ് ചെയ്തു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ ഉണ്ടാവാന്‍ ഇടയാക്കുന്നത്. നല്ല എഴുത്ത്.

 2. വാസ്തവം.ആളെപിടിക്കാന്‍ കെണിയൊരുക്കി കാത്തിരിക്കുകയാണു മിക്ക ആശുപത്രികളും.

 3. കിടിലന്‍ വിവരണം മാഷെ !

  ഇത് വെറും ഒരനുഭവ കുറിപ്പ് മാത്രമല്ല .. പലതിനെയും ഉള്ളിന്റെ ഉള്ളില്‍ നിന്നും എഴുതിയ ധൈര്യത്തെയും സമ്മതിച്ചേ പറ്റൂ..

  ആശംസകള്‍!

 4. നല്ല പോസ്റ്റ്‌ ..................
  ഇത് മറ്റൊരു കാര്യത്തിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നു
  ഇതു നിസ്സാര കാര്യത്തിനും ആശുപത്രി കയറി ഇറങ്ങുന്ന നമ്മുടെ
  പുതിയ സംസ്കാരം .. ഒരു ചെറിയ പനി വന്നാല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി
  തിരയുന്ന പുതിയ സമൂഹം ................

 5. ഇതൊക്കെയാണ്, ഇവരൊക്കെയാണ് കാലം പുരോഗമനത്തിന് പിന്നാലെ ഓടാന്‍ തുടങ്ങിയപ്പോള്‍ നമുക്ക് നഷ്ടമായത്. സൂപ്പര്‍ സ്പെഷ്യാലിട്ടി ആശുപത്രികള്‍ വന്നപ്പോള്‍ കിട്ടിയത് കുറെ മെഡിക്കല്‍ വാക്കുകള്‍ നല്‍കുന്ന മിഥ്യാഭിമാനവും നഷ്ടമായത് ഇതുപോലെയുള്ള കുറെ നന്മകളും.
  നിസ്സാര്‍ സര്‍, നന്നായി.

 6. ഇല്ലാത്ത രോഗങ്ങളെ അനാവശ്യ മരുന്നുകള്‍ നല്‍കി ഉണ്ടാക്കുകയും ചികിത്സയും മരുന്ന് വില്പനയുമായി വിപണനം കൊഴുക്കുമ്പോള്‍ നഷ്ട്ടമാകുന്നത് മാനുഷീക സ്നേഹവും പാരമ്പര്യ ചികിത്സാ രീതികളുമാണ് .ഇന്ന് മനുഷ്യ ശരീരം ഏറ്റവും നല്ല വിപണന ചന്തയാണ് .ചെറിയ ചെറിയ രോഗങ്ങള്‍ക്ക് പോലും സൂപ്പെര്‍ സ്പെഷ്യലിടി ഹോസ്പിറ്റലില്‍ പോയില്ലെങ്കില്‍ കുടുംബത്തിന്റെ അന്തസ്സ് പോകുന്ന കാര്യമായി മാറിയ കലികാലം!!!!
  നല്ല പോസ്റ്റ്‌.. ഭാവുകങ്ങള്‍ ...

 7. നാട്ടിൽ നടക്കുന്ന ഒരു സംഭവം ഒട്ടും അതിശയോക്തി ഇല്ലാതെ പറഞ്ഞതിനു അഭിനന്ദനങ്ങൾ..രോഗവും രോഗിയുമെല്ലാം ഇപ്പോ വിൽ‌പ്പനച്ചരക്കാണ്...

 8. നിസ്സാര്‍ ഇക്ക ഒരുപാടായല്ലോ കണ്ടിട്ട്. ഞാന്‍ കുറച്ചു തിരക്കയിപോയി അതാട്ടോ ? മനസു തുറന്നുള്ള എഴുത്തിനു നന്ദി ..സ്നേഹപൂര്‍വ്വം വിനയന്‍

Leave a Reply