Followers

കരിനാക്ക്
സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന് പലരും പറഞ്ഞതിന്റെ പേരിലാണ്  നാട്ടിലെ ബാര്‍ ഹോട്ടലിന്റെ സമീപം ഒരു ചായ ക്കട  തുടങ്ങാമെന്ന് വച്ചത്.'നല്ല കപ്പേം കറീം ഒന്ന് വിളമ്പി നോക്ക്യേ , കാശ് കൊയ്യും', എന്നൊക്കെ എന്റെ അഭ്യുദയ കാംക്ഷികള്‍ അങ്ങു തറപ്പിച്ചു പറയുമ്പോള്‍ ഞാന്‍ എങ്ങനെ അടങ്ങി ഇരിക്കും.  ഒന്നാമത് എന്റേത് ഓട്ട ക്കൈയ്യാണ്. അഞ്ചു പൈസാ കയ്യില്‍ നില്‍ക്കില്ല. കാശു വരും, അതു  വരുന്നതു പോലെ പോകും.  അങ്ങനെ നിത്യ വൃത്തിക്ക് ബുദ്ധി മുട്ടുന്ന കാലത്താണ്, എന്റെ സുഹൃത്തല്ലെങ്കിലും പരിചിതനായ നാട്ടുകാരന്‍ 'തട്ടുകട ' എന്ന ആശയവുമായി എന്നെ സമീപിക്കുന്നത്. ഒരു കട തുടങ്ങുക  എന്നു വച്ചാല്‍ അതിനു ഒരുപാട് കടമ്പകള്‍ ഉണ്ട്. ആദ്യമേ , അതില്‍ മുടക്കാന്‍ പണം വേണം. കടമുറി വേണം. ഉപകരണങ്ങള്‍ വേണം.ആവശ്യത്തിനു ജോലിക്കാര്‍ വേണം. ബിസിനസ് അഭിവൃദ്ധിപ്പെടും വരെ സ്ഥാപനം മുടക്കമില്ലാതെ കൊണ്ട് പോകണം. എന്നെസംബന്ധിച്ചാണെങ്കില്‍ ഇന്നുവരെ ചായക്കടയുടെ മേഖലയില്‍  കൈ വച്ചിട്ടില്ല .
'ഒരു കട തുടങ്ങാനുള്ള എല്ലാ ഉപകരണങ്ങളും എന്റെ പക്കലുണ്ട്. പക്ഷെ, സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത എനിക്ക് ആരും കടമുറി തരില്ല. തന്നാല്‍ തന്നെ അതിനുള്ള പണവും എന്റെ പക്കലില്ല.' ആഗതന്‍ പറഞ്ഞു.
'എങ്കില്‍ പണത്തിന്റെ കാര്യം വിട്ടേക്കൂ..... " 
ചായക്കട നടത്തിപ്പില്‍ അയാള്‍ അഗ്രഗണ്യനും,പതിറ്റാണ്ട് കാലത്തെ പ്രവൃത്തി പരിചയം ഉള്ളവനുമാണെന്ന് ബോധ്യം വന്നപ്പോള്‍ ഞാന്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ കടമുറിഎടുത്തു.ഒരു നല്ല ദിവസം നോക്കി ഉത്ഘാടന തീയതി കുറിച്ചു.ബാറിനു ചുറ്റുവട്ടത്തുള്ളമറ്റുകടക്കാര്‍ഞങ്ങളെ  സ്നേഹപൂര്‍വ്വം ചിരിച്ചു കാണിക്കുകയും അണപ്പല്ല്  കൊണ്ട് ഞറുമ്മുകയും ചെയ്തു. ബാറിനു ചുറ്റുമായി കാലം തള്ളി നീക്കുന്ന മുഴു ക്കുടിയന്മാര്‍ കടയില്‍ കയറി വന്നു ആശംസകള്‍ നല്‍കി കടന്നു പോയി.

ഉത്ഘാടന ദിവസം ആയി. അലമാരയില്‍ നാനാ വര്‍ണ്ണങ്ങളിലുള്ള മധുര പലഹാരങ്ങള്‍ നിറച്ചു. പൊറോട്ടയ്ക്ക് ചുറ്റും ദിവ്യ വലയം പോലെ ആവി പറന്നു നടന്നു.കശാപ്പു കടയില്‍ നിന്ന് പ്രത്യേകം പറഞ്ഞു വാങ്ങിയ എല്ല്  കറിക്കൂട്ടുകളില്‍ കിടന്നു കുടിയന്മാരെ സ്വപ്നം കണ്ടു. പൊതുവേ ബാര്‍ കൂടുതല്‍ ഉശാറാകുന്ന വൈകുന്നേരം നോക്കി ഞങ്ങള്‍ കട തുറന്നു. ആദ്യം കടന്നു വരുന്ന ഭാഗ്യവാന്‍ ആരാണെന്ന ജിജ്ഞാസയോടെ  ഞങ്ങള്‍ തെരുവിലേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു. പുതിയ കട ഉത്ഘാടനം കാണാന്‍ എത്തിയവര്‍ റോഡിനു മറുവശത്ത് കൂട്ടം കൂടി നില്‍ക്കയാണ്‌. അല്‍പ്പ നേരത്തേക്ക് ഞങ്ങള്‍ ഒരു കാഴ്ച വസ്തു ആയതു പോലെ തോന്നി.  പെട്ടെന്ന് ഒരാള്‍ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നിന്ന് കടയെ ലക്ഷ്യമാക്കി നടന്നു. ആള് നല്ല ഫിറ്റാണ്. ചുവടുകളെ 'ശതഗുണീഭവിച്ചാണ് ' വരവ്. 

" അശോകന്‍ " ......

നാലാം ക്ലാസ്സില്‍ ഞങ്ങള്‍ ഒരു ബഞ്ചില്‍ ആയിരുന്നു. സ്നേഹമുള്ളവന്‍ . എവിടെ വച്ച് കണ്ടാലും ഹൃദയത്തില്‍ തറക്കുന്ന ചിരി സമ്മാനി ക്കുന്നവന്‍. നാലാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തി കൂലിവേല ചെയ്തു കുടുംബം പുലര്‍ത്തിയവന്‍ . പിന്നെ എപ്പോഴോ മദ്യം രുചിച്ചു. നാവു പറഞ്ഞു , ചവര്‍പ്പ്, വിശ്വാസം വന്നില്ല വീണ്ടും രുചിച്ചു. അപ്പോള്‍ തോന്നി, ശീത ക്കാറ്റിന്റെ നനവ്‌. തൃപ്തി വന്നില്ല. പിന്നെയും പിന്നെയും രുചി തേടി ക്കൊണ്ടിരിക്കുന്ന ഗവേഷകന്‍ .ഓരോ തവണയും രുചി അശോകനെ കളിപ്പിച്ചു,. അയാള്‍ കടയുടെ മുമ്പില്‍ വന്നു നിന്നു. ചുറ്റുപാടും വീക്ഷിച്ചു. ആകെയൊരു ഉത്സവ സന്ധ്യ.. ജനങ്ങള്‍ക്ക് രസം കയറി. അടുത്ത നിമിഷം അയാള്‍ എന്ത് ചെയ്യും എന്ന് ചിന്തിച്ചു നില്‍ക്കെ , അശോകന്‍ രണ്ടു കയ്യും തലയ്ക്കു മീതെ ഉയര്‍ത്തി ക്കൊണ്ട് അലറി.

" ഈ കട നശിച്ചു പോകും ".

റാന്തലിന്റെ തിരി താഴ്ത്തുന്നത് പോലെ ഞങ്ങളുടെ മുഖം വാടി.  ആരും ശബ്ദിച്ചില്ല .ഞങ്ങളും, നാട്ടുകാരും. അശോകന്‍ പോയി. ആരൊക്കെയോ കടയില്‍ കയറി. കുറച്ചു ദിവസം അങ്ങനെ പോയി.താമസിയാതെ ഞങ്ങള്‍ കട പൂട്ടി. ഞാന്‍ നഷ്ടം കൂട്ടി നോക്കിയില്ല. മൂക്കോളം മുങ്ങിയാല്‍ മൂന്നാലോ ,നാലാളോ എന്നു എന്തിനു നോക്കണം .........?

6 thoughts on “കരിനാക്ക്”

  1. ശ്ശോ എന്നാലും കഷ്ടായി...അറിയാൻ വയ്യാത്ത പണിക്ക് പോകേണ്ടാരുന്നു...മനോജ് പറഞ്ഞ സംശയം നിക്കും ഉണ്ട്... അശോകൻ എന്താ അങ്ങനെ പറഞ്ഞെ? ഈ കട അയാളുടെ മദ്യപാനത്തിനു തടസ്സമായോ???

  2. നിസാര്‍ ...
    ഈ അശോകന് പണ്ട് പണി വല്ലതും കൊടുത്തിട്ടുണ്ടോ ?
    അതോ കള്ളിന്റെ പുറത്തു ശപിച്ചതോ ?
    എന്തായാലും ബല്ലാത്ത നാക്ക് !!!!!

  3. നാലാം ക്ലാസില്‍ വെച്ച് പഠിത്തം ഉപേക്ഷിച്ചു പോയതല്ലേ ?തന്നെയുമല്ല നല്ല ഫിറ്റും ആണല്ലോ ?അതുകൊണ്ട് ആളെ മനസിലായി കാണില്ല അല്ലേല്‍ അശോകന്‍ ആ അവസ്ഥയില്‍ ആകാന്‍കാരണം നിങ്ങള്‍ ആകും അല്ലാതെ അങ്ങനെ വരാന്‍ വഴിയില്ല .ആശംസകള്‍ ......

Leave a Reply