Followers

നേരും നുണയുംഇത്തവണയെങ്കിലും വിവാഹ വാര്‍ഷികം ഭാര്യയോടൊപ്പം നാട്ടില്‍ കൂടാമെന്ന് വിചാരിച്ചു. വിവാഹം കഴിഞ്ഞിട്ട്  ഇരുപതു വര്‍ഷം കഴിഞ്ഞു. കടന്നു പോയ ഓരോ വിവാഹ വാര്‍ഷികത്തിനും നാട്ടില്‍ എത്തിയെക്കാമെന്നു ഭാര്യക്ക് കൊടുത്ത വാക്ക്  പാഴായി പ്പോയി. എന്ത് ചെയ്യും .................! 

ഒരു പ്രവാസിയുടെ ജീവിതം ഇങ്ങനെ വാക്കിനു പോലും വിലയില്ലാതായി പ്പോയി.  എന്നാല്‍ 'ങ്ങള് സമ്പാദിച്ചത് മതി, ങ്ങ് പോരീന്‍ ' എന്നോ മറ്റോ ഒരു ഭാര്യയും പറഞ്ഞതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകരം , 'ങ്ങള്  ഒന്നു വന്നു പോകീന്‍ ' എന്നു ഭാര്യമാര്‍  പറയാറുണ്ട്‌. അതിലെ ഗുട്ടന്‍സ് ഏതു പോലീസിനും മനസ്സിലാക്കാവുന്നതെയുള്ളൂ. ' ഹമ്പോ,  ഈ ഭാര്യമാരുടെ ഒരു ബുദ്ധി .....!

എന്തായാലും ഇക്കുറി വിവാഹ വാര്‍ഷികം നാട്ടില്‍ എന്നുറപ്പിച്ചു അത്യാവശ്യം പര്‍ച്ചേയ്സ് ഒക്കെ നടത്തുമ്പോഴാണ്  ഒരു ദുഃഖ സത്യം അറിയുന്നത്. ഒരു ദിവസം കൂടെ പാര്‍ക്കുന്നവന്‍ ചോദിച്ചു. നാട്ടില്‍ പോകാന്‍ ലീവ് കിട്ടുമോ..........? 
വൈ നോട്ട്...........?
ഞാനാണെങ്കില്‍ കമ്പനിക്ക് അഭിമതന്‍. കൃത്യ നിര്‍വഹണ തല്‍പ്പരന്‍, വിനയാന്വിതന്‍, വിശ്വസ്തന്‍, സ്ഥാപനത്തിന്റെ എല്ലാമെല്ലാമായ അറബിയുടെ ഇഷ്ടത്തിനു പാത്രീഭൂതന്‍ , അങ്ങനെയുള്ള എനിക്ക് എന്തുകൊണ്ട് അവധി കിട്ടി ക്കൂടാ .......?
എന്റെ ചോദ്യത്തിനൊന്നും കൂടെയുള്ളവന്‍ മറുപടി തന്നില്ല. തികട്ടി വന്ന വാക്കുകള്‍ മുഴുമിപ്പിക്കാതെ അവന്‍ പറഞ്ഞു , ' ഏതായാലും ലീവിന്റെ കാര്യം അറിഞ്ഞിട്ടു മതി പര്‍ച്ചേയ്സ്'. 


 എനിക്കും തോന്നി തുടങ്ങി അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു. അറബികളുടെ സ്വഭാവം നന്നായി അറിയുന്നവനാണ് അയാള്‍. നീണ്ട പ്രവാസ ജീവിതത്തിന്റെ എരിവും പുളിയും എന്നെക്കാള്‍ നന്നായി അനുഭവിച്ചിട്ടുള്ള ആളാണ്‌. അറേബ്യയുടെ കാലാവസ്ഥയും, അറബിയുടെ സ്വഭാവവും നിര്‍വചിക്കാന്‍ പറ്റാത്തതാണ്.  അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നു അനുഭവിച്ചറിയുകയെ നിവൃത്തിയുള്ളൂ. ഒരിക്കല്‍ കൂടെ ജോലി ചെയ്യുന്ന വടകരക്കാരന് പാതിരാത്രിയില്‍ ഒരു ഫോണ്‍. 'ഉപ്പ സീരിയസ്സാണ്.  ഉടനെ എത്തണം'. അയാള്‍ രാത്രിയില്‍ എഴുന്നേറ്റിരുന്നു നിലവിളിക്കാന്‍ തുടങ്ങി. എങ്ങനെയെങ്കിലും നാട്ടിലെത്തണം.പിറ്റേന്ന് ലീവ് ആവശ്യപ്പെട്ടുകൊണ്ട് അയാള്‍ അറബിയെ സമീപിച്ചു. അയാളുടെ നിലവിളി കണ്ടു അറബി പൊട്ടി ച്ചിരിച്ചു.'ഇതാണോ ഇത്ര വലിയ കാര്യം'. ഉപ്പ മരിച്ചു .അയാള്‍ക്ക്‌ നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. സഹപ്രവര്‍ത്തകര്‍ ആവുന്നത്ര സമാധാനിപ്പിച്ചു. അപ്പോള്‍ കൂടിനിന്നവരില്‍ ഒരാള്‍ തിരുവനന്തപുരം ശൈലിയില്‍ പറഞ്ഞു.. 'അച്ഛനോ, അമ്മയോ മരിച്ചൂന്നും  പറഞ്ഞു ഇവിടുന്നു ആരും നാട്ടില്‍ പോവില്ല'.


അന്നു പുതുമുഖം ആയിരുന്ന ഞാന്‍ നിഷ്കളങ്കമായി ചോദിച്ചു , പിന്നെ എന്തു പറഞ്ഞാലാണ് ലീവ് കിട്ടുക '.......?
തനിക്കു ഭാര്യയുണ്ടോ .....?
ഉം .........
ഭാര്യയ്ക്ക്  സുഖമില്ലെന്നു ഒന്ന് പറഞ്ഞു നോക്കൂ ...... ,  അയാള്‍ ഉറപ്പിച്ചു പറഞ്ഞു.
ഒന്നു പരീക്ഷിക്കുക തന്നെ,.  എന്തു നുണ പറഞ്ഞാലും വേണ്ടില്ല, ഇത്തവണ വിവാഹ വാര്‍ഷികം നാട്ടില്‍ തന്നെയെന്നു ഞാന്‍ തീരുമാനിച്ചു.
'ഇനി ശങ്ക വേണ്ട, ലീവ് ഉറപ്പ്, ........ ഞാന്‍ സുഹൃത്തിനെ കൂട്ടി നാട്ടിലേക്കുള്ള പര്‍ച്ചേയ്സ് പൊടിപൊടിച്ചു. കാര്യങ്ങളെല്ലാം മനസ്സില്‍ വരച്ചിട്ടു. ഞാന്‍ അറബിയെ കാണുന്നു, ഭാര്യക്ക് സുഖമില്ലെന്നോ,മറ്റോ ഒരു നുണ പറയുന്നു. ചിലപ്പോള്‍ യാത്രാ ചിലവുകൂടി കിട്ടാനുള്ള വകുപ്പുണ്ട്. അങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടാണ് ഞാന്‍ അറബിയുടെ ക്യാബിനിലേക്ക്‌ കടന്നു ചെന്നത്. അയാള്‍ എന്നെ സ്വീകരിച്ചിരുത്തി. ഞാന്‍ ഒരു നുണ പറയാന്‍ പോവുകയാണ്.
'ഭാര്യക്ക് ഡെലിവറി യാണ്   '.' എനിക്ക് നാട്ടിലൊന്നു പോകണം'..........
അയാള്‍ ഒന്നു ഇളകിയിരുന്നു, എന്നിട്ട്   കണ്ഠം ശുദ്ധിവരുത്തിക്കൊണ്ട് പറഞ്ഞു, 
"ഉമ്മയോ ,ഉപ്പയോ വയ്യാന്നു കേട്ടാല്‍ തീര്‍ച്ചയായും പോണം, ഇതിപ്പോ ഭാര്യ , ഡെലിവറി എന്നൊക്കെ പറഞ്ഞാല്‍ ലീവ് തരാന്‍ പറ്റില്ല."
നിരാശയോടെ ക്യാബിന്‍ വിടുമ്പോള്‍ പുറത്ത് ഇളം കാറ്റ് അടിച്ചു കൊണ്ടിരുന്നു, അത് തീക്കാറ്റാകുന്നതിനു മുമ്പ് ഞാന്‍ റൂമിലേക്ക്‌ നടന്നു.

9 thoughts on “നേരും നുണയും”

  1. എല്ല്ലാ ആഴ്ചയിലും 'തിങ്കള്‍' ഉണ്ടല്ലോ എന്ന് പറഞ്ഞതുപോലെ... എല്ലാ വര്‍ഷവും വിവാഹ വാര്‍ഷികം ഉണ്ടല്ലോ....!!!!

  2. ഇതു തന്നെയാണ് ആളെ കാണാത്തത് എന്ന് ഇപ്പോഴല്ലേ തിരിഞ്ഞത്.കുറേ ആയല്ലോ കണ്ടിട്ട്?ഇപ്പോള്‍ ആരോടെക്കെയോ ഉള്ള പരിഭവത്തിലാകുമല്ലേ.സാരമില്ലാന്നെയെന്നു പറയാനും കഴിയുന്നില്ല താങ്കളുടെ 'വേദനകള്‍ 'വായിച്ചപ്പോള്‍ .അവസരം വരുമെന്ന പ്രതീക്ഷ തന്നെ ശരണം. വശ്യമായ ഈ അവതരണത്തിലെ 'നേരും നുണയും'ചേറിയെടുക്കാന്‍ എനിക്കാവില്ല ട്ടോ .ഒരു പാട് ആശംസകള്‍ !താങ്കള്‍ക്കു വളരെ വേഗം ലീവ് ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ...

Leave a Reply