Followers

റോബര്‍ട്ട് ഡിക്രൂസ് എന്ന സാധു
ഞങ്ങളുടെ നാട്ടില്‍ പുതുതായി വന്ന സബ്ബ് ഇന്‍സ്പെക്ടര്‍   സര്‍വ്വ ഈശ്വരന്‍ മാരെയും ധ്യാനിച്ചാണ് ആദ്യത്തെ പരാതി സ്വീകരിച്ചത്. 'പ്രിയദര്‍ശന്‍ സിനിമ പോലെ അനായാസേന വിഴുങ്ങാന്‍ പറ്റിയ കേസുകള്‍ തന്നു കാപ്പാത്തണേ എന്റെ മേമുണ്ട  ശിവനെ  എന്ന് ' മനസ്സില്‍ നീട്ടിയൊരു വിളിയങ്ങു വിളിച്ചുകൊണ്ട് പരാതിക്കാരന്‍ വച്ച് നീട്ടിയ   കുറുകെ മടക്കിയ രണ്ടു എ- 4  സൈസ് പേപ്പര്‍  രണ്ടു കണ്ണിലും തൊട്ടു തൊഴുതു വാങ്ങി . അന്നിട്ട്‌ പരാതിക്കാരനോട് കണ്ണുരുട്ടി ക്കൊണ്ട് പറഞ്ഞു." ഞാനോന്നന്വേഷിക്കട്ടെ". ഏമാന്റെ ഉണ്ട  ക്കണ്ണുകള്‍ കണ്ടു ഭയന്ന പരാതിക്കാരന്‍ നിലം തൊടാതെ സ്ഥലം വിട്ടു. നമ്ര ശിരസ്ക്കയായ വധു നോക്കുന്നത് പോലെ ഏമാന്‍ പരാതിയിലേക്ക് ഏറുകണ്ണിട്ടു ഒന്നു നോക്കി. അക്ഷരാര്‍ഥത്തില്‍  ഒരു മൂത്രശങ്ക അപ്പോള്‍  എവിടുന്നോ കടന്നു വന്നു." റോബര്‍ട്ട് ഡിക്രൂസ് " എന്ന പേരുകാരനെയാണ് പ്രതി ചേര്‍ത്ത് പരാതി  നല്‍കിയിരിക്കുന്നത്.  അപ്പോള്‍ പ്രതി മോശക്കാരനല്ല. തീര്‍ച്ചപ്പെടുത്തി. ആന്റോണ്‍ ലാവി, ബാഗ്സേ സൈഗാള്‍, ദാവൂദ് ഇബ്രാഹിം, ഈതല്‍ രേസന്ബര്‍ഗ്ഗ്  എന്നൊക്കെ അധോലോക നായകന്മാരെ ക്കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരാള്‍ കൂടി ' റോബര്‍ട്ട് ഡിക്രൂസ് '.

പണ്ട് ശബരിമലയ്ക്ക് പോകാന്‍ കെട്ടു നിറച്ച നേരത്ത്  നെയ്‌ തേങ്ങയ്ക്കകത്ത്‌ ,നെയ്‌ തികയാതെ വന്നപ്പോള്‍ ഇത്തിരി പാം ഓയില്‍ ഒഴിച്ച് സംഭവം ഉഷാറാക്കി. ഇനി അതിന്റെ ശിക്ഷ ഭഗവാന്‍ ഡിക്രൂസ് ന്റെ രൂപത്തില്‍ തന്നതാണോ എന്ന് ശങ്കിക്കാതിരുന്നില്ല, അതോ മേമുണ്ട ശിവനെ  തൊഴുതു നിന്ന നേരത്ത്  തൊട്ടടുത്ത്‌ കൂടി ഭൂമി കുലുക്കി കടന്നു പോയ കനകാംബാളിനെ ഏറു കണ്ണിട്ടു  നോക്കിയതിന്റെ ശിക്ഷ ഭഗവാന്‍  തന്നതാണോ , എന്തായാലും മരണം ഡിക്രൂസ് -ന്റെ കൈ കൊണ്ട് എന്ന് തീരുമാനിച്ചു. ഇനി അത് എവിടെ വച്ച് എന്ന് മാത്രം അറിഞ്ഞാല്‍ മതി.

എസ്. ഐ . ഏമാന്‍ പരാതി ഒന്ന് ഓടിച്ചു വായിച്ചു. വധ ശ്രമമാണ്. ഡിക്രൂസ് പരാതിക്കാരനെ തൊഴിച്ചുകൊല്ലുമെന്ന്  ഭീഷണി പ്പെടുത്തി എന്നാണു എഴുതിയിരിക്കുന്നത്. എന്തിനു തൊഴിക്കണം, പേര് കേട്ടാല്‍ തന്നെ ജീവന്‍ പോകുമല്ലോ  എന്നു രണ്ടാം വട്ടം മൂത്രശങ്ക യ്ക്ക് പോകുന്നതിനു മുമ്പ് ഏമാന്‍ മനസാ സ്മരിച്ചു. എന്തായാലും നേരിടാതെ വയ്യ.  രണ്ടു ദിവസം നോക്കാം ,ചിലപ്പോള്‍ ഡിക്രൂസ് പരാതിക്കാരനെ കൊല്ലുകയോ,  മറിച്ചോ, അത്ഭുതങ്ങള്‍ എന്തെങ്കിലും നടക്കുന്നോ  എന്നു നിരീക്ഷിക്കാം . അതിനു ശേഷം മതി ഒരു 'എടുത്തു ചാട്ടം'.  ഇത് കലികാലം ആണെന്നും , അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കില്ലെന്നും  ഏമാന് മനസ്സിലായത്‌, പരാതിക്കാരന്‍ പോലീസ് സ്റ്റേ ഷനില്‍ വന്നു  ,കേസ്  മുകളിലേക്ക് വിടും എന്നു ഭീക്ഷണി മുഴക്കിയപ്പോഴാണ്.ഒടുവില്‍ , വരാനുള്ളത് വഴീല്‍ തങ്ങില്ല എന്ന പോസ്സി റ്റീവ്  ചിന്തയുടെ ബലത്തില്‍ ഏമാന്‍ റോബര്‍ട്ട് ഡി ക്രൂസിന്റെ മട തേടിയിറങ്ങി. കൂട്ടാവുന്നത്ര  പോലീസുകാരെയും കുത്തി നിറച്ചു ഒരു പോലീസ് ജീപ്പ്  ഞങ്ങളുടെ വിഹാര കേന്ദ്രമായ ഒരു കൊച്ചു ജംഗ്ഷനില്‍ വന്നു നിന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി പട്ടാളം ചാടിയിറങ്ങിയത് പോലെ ഏമാനും സംഘവും ഇറങ്ങി.
"ഇക്കൂട്ടത്തില്‍ ആരാടാ  ഡിക്രൂസ് " ..............??? 
ഏമാന്‍ ഗര്‍ജിച്ചു.
ഞങ്ങള്‍ എല്ലാവരും എഴുന്നേറ്റു തൊഴുകൈകളോടെ നിന്നു . ആരും ഉരിയാടിയില്ല.  അദ്ദേഹം ഞങ്ങളുടെ ഓരോരുത്തരുടെയും മുമ്പില്‍ വന്നു പെരുവിരലില്‍ കുത്തി നിന്നുകൊണ്ട് ,എന്നോട് ചോദിച്ചു.
'നീയാണോടാ ഡിക്രൂസ് ..........?
'അല്ല.
പിന്നെ നീയാരാ ........?
എന്റെ പേര് കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍ എന്നാണു. പേടിച്ചു വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. 
നിനക്കാരാടാ ഇത്രേം നീളമുള്ള പേരിട്ടത്...............?
കഥ എഴുതാന്‍ വേണ്ടി ഞാന്‍ തന്നെ ഇട്ട പേരാണ് സാര്‍.
ഓഹോ ... അപ്പോള്‍ നീ കഥയെഴുതും അല്ലെഡാ ..... ഞാനിപ്പോ ഡിക്രൂസ് നെ ഇടിച്ചു തവിട് പൊടിയാക്കാന്‍ പോകയാണ്. ഇതെങ്ങാനും നീ എഴുതി പിടിപ്പിച്ചാല്‍ നിന്റെ എല്ലൂരി ഞാന്‍ പാമ്പന്‍ പാലത്തിനു കൈവരി കെട്ടും --- കേട്ടോടാ ....?
ഓ .......
"ഡിക്രൂസ് ഇപ്പോള്‍ എവിടെയുണ്ട്. ........?
ഏമാന്‍ നാട്ടുകാരോട് ചോദിച്ചു.
അതാണ്‌ സാര്‍ അയാളുടെ വീട്. നാട്ടുകാര്‍ അടുത്തുള്ള ഒരു വീട്ടിലേക്കു ചൂണ്ടി.
'എടൊ, താന്‍ പോയി അവനോടു ഞാന്‍ വിളിക്കുന്നൂന്നു പറ. ഏമാന്‍ ഒരു പോലീസുകാരനോട്‌ പറഞ്ഞു .
പോലീസുകാരന്‍ ബൂമറാങ്ങ് പോലെ മടങ്ങി വന്നു .
സാര്‍, അവനു വരാന്‍ പറ്റില്ലെന്ന് പറഞ്ഞു.
ആഹ , എന്നാല്‍ ഞാന്‍ നേരിട്ട് പോകാം . ഏമാന്‍ ശരം വിട്ടത് പോലെ ഡിക്രൂസ് ന്റെ വീട്ടിലേക്കു കയറി ചെന്നു.
നീയാണ ല്ലേടാ   റോബര്‍ട്ട് ഡിക്രൂസ് .................?
അല്ല സാര്‍ , ഞാന്‍ അത്താത്തനാണ് .
അത്താത്തനോ ...?  അപ്പോള്‍ പിന്നെ  റോബര്‍ട്ട് ഡിക്രൂസ് ആരാണ് .....?
അത് ഇങ്ങേര്‍ക്ക് പള്ളീല്‍ ഇട്ട പേരാണ് സാര്‍.
അയാളുടെ ഭാര്യ നിലവിളിയോടെ ഏമാന്റെ മുമ്പില്‍ അവതരിപ്പിച്ചു. അയാള്‍ക്ക്‌ എഴുന്നേല്‍ക്കാന്‍
പറ്റില്ല സാര്‍. രണ്ടു കാലും തളര്‍വാതം വന്നു തളര്‍ന്നു പോയതാണ്.
ഏമാന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.റോബര്‍ട്ട് ഡിക്രൂസ് എന്ന സാധുവിന്റെ മുമ്പില്‍ കൂപ്പു കൈകളോടെ നിന്നിട്ട് ഏമാന്‍ പറഞ്ഞു . കലികാലമല്ലേ , കണ്ണുകളെ പോലും വിശ്വസിക്കാന്‍ പറ്റില്ല .


This entry was posted in by Kattil Abdul Nissar. Bookmark the permalink.

9 thoughts on “റോബര്‍ട്ട് ഡിക്രൂസ് എന്ന സാധു”

  1. ഇക്കാ ഇത് കലക്കി കേട്ടോ? ഞാന്‍ ഇപ്പോള്‍ ഇതാ ആരാ ആളു എന്ന്
    അറിയാന്‍ ആകാംഷയോടെ വരികയായിരുന്നു.പക്ഷെ ഒന്നും നടന്നില്ല.
    എന്തായാലും നല്ലൊരു നര്‍മം ആശംസകള്‍ .............

  2. ഒരു പാവം റോബര്‍ട്ട് ഡിക്രൂസും അതിലും പാവം ഒരു എസ്.ഐ യും.നെയ്ത്തേങ്ങക്കകത്ത് പാം ഓയില്‍ ഒഴിച്ചതും കനകാംബാളിനെ ഏറുകണ്ണിട്ടു നോക്കിയതുമോര്‍ത്തുള്ള അയാളുടെ വിഹ്വലതകള്‍ ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്നു... നല്ല രചന... ആസ്വാദ്യകരമായ വായന....

  3. നല്ല സൃഷ്ടി...മടുപ്പു തോന്നാത്ത രീതിയിൽ നർമ്മ ഭാവനയോടെ വിളമ്പിത്തന്നു...ന്നാലും ഫാവം ഡിക്രൂ‍ൂസ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ് :)

  4. uppachi ,nannayirikkunnu...ashamsakal......happy newyear........wth lve nd pray vinumol..

Leave a Reply